Global block

bissplus@gmail.com

Global Menu

ക്രിപ്‌റ്റോകറൻസികൾക്ക്‌ പകരം ഡിജിറ്റൽ കറൻസിയുമായി റിസര്‍വ് ബാങ്ക്

ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിപ്‌റ്റോകറന്‍സി നിരോധനം ഉള്‍പ്പടെയുള്ള 20 ബില്ലുകളാണ് പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കാനിരിക്കുന്നത്.  പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഭേദഗതി ബില്‍, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്‍, മൈന്‍സ്  ആന്‍ഡ് മിനറല്‍സ് ഭേദഗതി ബില്‍, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്‌റ്റോ കറന്‍സി  ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ തുടങ്ങിയവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. 

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ കൊണ്ടുവരുന. ബിറ്റ്‌കോയിന് പോലുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പകരം റിസര്‍വ് ബാങ്ക് ആവിഷ്‌കരിക്കുന്ന പുതിയ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനത്തിന് കേന്ദ്രം നിയമാനുമതി നല്‍കും. ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കുമെങ്കിലും ക്രിപ്‌റ്റോകറന്‍സി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഇളവുകള്‍ ഡിജിറ്റല്‍ കറന്‍സി ബില്ലില്‍ ചേര്‍ക്കുമെന്നാണ് വിവരം.

കേന്ദ്രം നിയമിച്ച എസ്‌സി ഗാര്‍ജ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സി ബില്‍ തയ്യാറാക്കുന്നത്. രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്നും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യയില്‍ നിയമപരമായ ചട്ടക്കൂടില്ല. നാള്‍ക്കുനാള്‍ ബിറ്റ്‌കോയിന് മൂല്യം കുതിച്ചുയരുമ്പോള്‍ ബിറ്റ്‌കോയിനിലേക്ക് ആകൃഷ്ടരാവുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. എന്തായാലും നിരോധനം വന്നാല്‍ ബിറ്റ്‌കോയിന്‍, ഇഥര്‍, റിപ്പിള്‍ തുടങ്ങിയ ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാട് ഇന്ത്യയില്‍ നടക്കില്ല.

രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്കോയിനില്‍ നിക്ഷേപമുണ്ടെന്നാണ് സൂചന. രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്. എന്നാല്‍ വൈകാതെ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനും ഈ ഗണത്തിലേക്ക് ഉയരുമെന്നാണ് പ്രശസ്ത ബഹുരാഷ്ട്ര സാമ്പത്തികകാര്യ സ്ഥാപനമായ ജെപിമോര്‍ഗന്‍ വിലയിരുത്തുന്നത്.

സുരക്ഷിത നിക്ഷേപമായി മാറിക്കഴിഞ്ഞാല്‍ ബിറ്റ്കോയിന് 1.46 ലക്ഷം ഡോളര്‍ വരെ വിലനിലവാരം ഉയരാമെന്ന് ഇവര്‍ പറയുന്നു. പോയവര്‍ഷം സ്വര്‍ണ, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ നിക്ഷേപമാര്‍ഗ്ഗമായി തിരഞ്ഞെടുത്തത് ബിറ്റ്കോയിനെയാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ബിറ്റ്കോയിന്‍ അപ്രതീക്ഷിതമായി വളര്‍ച്ച കൈവരിച്ചത്. അതിവേഗം നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹവുമായി ഇപ്പോള്‍ ചില്ലറ നിക്ഷേപകരും ബിറ്റ്കോയിനിലേക്ക് വ്യാപകമായി തിരിയുന്നുണ്ട്. വരുംഭാവിയില്‍ പ്രധാന പണമടയ്ക്കല്‍ മാര്‍ഗമായി ബിറ്റ്കോയിന്‍ മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു.

Post your comments