Global block

bissplus@gmail.com

Global Menu

ജയ്‌ കിസാന്‍....

ദില്ലി ചലോ സമരം രാജ്യതലസ്ഥാനത്ത്‌ കത്തിപ്പടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി കുത്തക കമ്പനികള്‍ക്കുവേണ്ടിയുള്ള വീണാവാദനം തുടരുകയാണ്‌. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ കര്‍ഷകസമരത്തോട്‌ ധാര്‍മ്മികമായി തോറ്റുപോയ പ്രധാനമന്ത്രി കേരളത്തിലെ ഇടതുപക്ഷത്തിനുനേരെയാണ്‌ തിരിഞ്ഞിരിക്കുന്നത്‌. പ്രതിപക്ഷവും പ്രത്യേകിച്ച്‌, ഇടതുപക്ഷ പാര്‍ട്ടികളും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയുമാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. വാസ്‌തവത്തില്‍, പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരുമാണ്‌ രാജ്യത്തെ കോടിക്കണക്കിന്‌ വരുന്ന കര്‍ഷകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതും. കര്‍ഷകപ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തെ പഴിചാരിയായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയത്‌. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇടതുപക്ഷം നടത്തുന്നത്‌ ഇവന്റ്‌ മാനേജ്‌മെന്റാണെന്നും ബംഗാളിലെ കര്‍ഷകര്‍ എന്തുകൊണ്ട്‌ സമരം ചെയ്‌തില്ലയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. വിലകുറഞ്ഞ പ്രസ്‌താവന നടത്തിയതുവഴി നരേന്ദ്ര മോഡി സ്വയം കുത്തക മുതലാളിമാരുടെ ഏജന്റാണ്‌ താന്‍ എന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട്‌ കേരളത്തില്‍ എപിഎംസിയും മണ്ഡിയും നടപ്പാക്കുന്നില്ല എന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം.
അത്‌ വളരെ പ്രസക്തമാണ്‌. ഇതേ ചോദ്യം തന്നെയാണ്‌ കേരളത്തിന്‌ തിരിച്ചും ചോദിക്കാനുള്ളത്‌. എന്തുകൊണ്ടാണ്‌ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ എപിഎംസി ആക്ട്‌ ഇല്ലാത്തത്‌ എന്ന്‌ നരേന്ദ്ര മോഡി മനസിരുത്തി ചിന്തിക്കേണ്ടത്‌. 2003ല്‍ മോഡല്‍ എപിഎംസി ആക്ട്‌ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍, ഓരോ സംസ്ഥാനത്തിനും ആ ആക്ട്‌ നടപ്പിലാക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം അന്ന്‌ ഉണ്ടായിരുന്നു. അതിനു കാരണം കൃഷി കണ്‍കറന്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വിഷയം ആയതുകൊണ്ട്‌ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ ഈ നിയമം നടപ്പിലാക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക്‌ അനുവദിച്ചു നല്‍കി എന്നതാണ്‌. കേരളം മാത്രമല്ല, അക്കാലത്ത്‌ മണിപ്പൂര്‍, ബിഹാര്‍, ജമ്മു കശ്‌മീര്‍ തുടങ്ങിയ പല സംസ്ഥാനങ്ങളും എപിഎംസി ആക്ട്‌ നടപ്പാക്കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തിയതിനുശേഷം ആ നിയമം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും അത്‌ നടപ്പിലാക്കണമെന്ന്‌ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട്‌ ആവശ്യപ്പെടുകയുമാണ്‌. ഇത്‌ അങ്ങേയറ്റം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്‌.

കേരളം എപിഎംസി ആക്ട്‌ വേണ്ട എന്ന്‌ തീരുമാനിച്ചതിന്‌ പല കാരണങ്ങളുണ്ട്‌. ആക്ടിന്റെ പരിധിയില്‍ വരുന്ന മിനിമം സപ്പോര്‍ട്ട്‌ പ്രൈസുമായി ബന്ധപ്പെട്ട കാര്‍ഷിക വിളകളുടെ വിപണനം നടത്തുന്ന മാര്‍ക്കറ്റുകള്‍ അഥവാ മണ്ഡികള്‍ കേരളത്തില്‍ അനിവാര്യമായും ആവശ്യമുണ്ടായിരുന്നില്ല. അതിനുകാരണം, നെല്ലും കൊപ്രയും മാത്രമാണ്‌ കേന്ദ്രത്തിന്റെ മിനിമം സപ്പോര്‍ട്ട്‌ പ്രൈസ്‌ അനുസരിച്ച്‌ കേന്ദ്രം സംഭരിക്കുന്ന കാര്‍ഷികവിളകളില്‍ ഉള്‍പ്പെട്ടിരുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഈ രണ്ട്‌ കാര്‍ഷികവിഭവങ്ങളും സംഭരിക്കുന്നതിന്‌ കേരളത്തില്‍ പ്രാദേശികമായി താഴെത്തട്ടു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ട്‌. കേരളത്തിലെ പതിനാല്‌ ജില്ലകളിലും നെല്ല്‌ സംഭരിക്കുന്നതിന്‌ സുശക്തമായ സംവിധാനങ്ങളാണ്‌ ഉള്ളത്‌. കേരളത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ വഴി നെല്ല്‌ സംഭരിച്ചുപോരുന്നു എന്ന്‌ മാത്രമല്ല, നെല്ലിന്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മിനിമം സപ്പോര്‍ട്ട്‌ പ്രൈസ്‌ പ്രകാരമുള്ള സംഭരണവില രൂപയാണ്‌. ആ വിലയ്‌ക്ക്‌ പുറമേ സംസ്ഥാന സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്‌ ആയി കിലോഗ്രാമിന്‌ 9.23 രൂപ അധികം നല്‍കി കിലോഗ്രാമിന്‌ 27.48 രൂപയ്‌ക്ക്‌ കൃഷിയിടത്തില്‍ നിന്നുതന്നെ നേരിട്ട്‌ നെല്ല്‌ സംഭരിക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. ഇത്‌ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സംഭരണവിലയാണ്‌. പഴങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ സംഭരിക്കുന്നതിനും വില്‌പന നടത്തുന്നതിനും എപിഎംസി നിയമമില്ലാതെ തന്നെ കൃഷി വകുപ്പിന്റെ കീഴില്‍ മാത്രം 1883 സംഭരണവിപണന കാര്‍ഷിക ചന്തകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്‌.

മറ്റൊരു പ്രധാനപ്പെട്ട കാര്യം കേരളത്തിലെ കൊപ്ര സംഭരണമാണ്‌. കേരളത്തില്‍ നാളികേരം കൊപ്രയാക്കി വില്‌പന നടത്തുന്ന സമ്പ്രദായം തുലോം കുറവാണ്‌. അതിനുപകരം, പച്ചത്തേങ്ങ സംഭരണമാണ്‌ നടന്നുവരുന്നത്‌.

രാജ്യത്തെ ഒമ്പതു കോടി കര്‍ഷകര്‍ക്ക്‌ 18,000 കോടി രൂപ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി കൊടുക്കുന്നതായി കൊട്ടിഘോഷിക്കുന്നുണ്ട്‌. പ്രതിവര്‍ഷം ആറായിരം രൂപ വീതമാണ്‌ ഇങ്ങനെ കൊടുക്കുന്നതെന്ന്‌ പറയുന്നു. എന്നാല്‍, ആയിരത്തി അഞ്ഞൂറ്‌ രൂപ വീതം 60 വയസ്‌ കഴിഞ്ഞ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പെന്‍ഷനായി എല്ലാ മാസവും നല്‍കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. പ്രതിവര്‍ഷം ആറായിരം രൂപ വീതം കേന്ദ്രം നല്‍കുമ്പോള്‍ പ്രതിവര്‍ഷം 18,000 രൂപ വീതമാണ്‌ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ പെന്‍ഷന്‍ നല്‍കുന്നത്‌. കര്‍ഷക ക്ഷേമബോര്‍ഡ്‌ പ്രാബല്യത്തില്‍ വന്നതോടുകൂടി എല്ലാ കര്‍ഷകര്‍ക്കും 60 വയസ്‌ പൂര്‍ത്തീകരിക്കുമ്പോള്‍ ചുരുങ്ങിയത്‌ 3000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി ഇതിനകം തന്നെ കേരളം ആരംഭിച്ചുകഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളൊന്നും തന്നെ കേരളത്തെ ബാധിക്കുന്നവയല്ല എന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനകള്‍ പച്ചക്കള്ളമാണ്‌. എപിഎംസി ആക്ട്‌ മാത്രമല്ല, കരാര്‍ കൃഷി നിയമവും അവശ്യ സാധന നിയമവും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന നിയമങ്ങളാണ്‌.ആത്യന്തികമായി അവ മൂന്നും കുത്തക ഭീമന്മാരായ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്നതിന്‌ മാത്രം തിരക്കിട്ട്‌ തയ്യാറാക്കിയ നിയമങ്ങളാണ്‌. കേരളത്തിന്റെ പ്രധാന നാണ്യവിളകളായ റബ്ബര്‍, സുഗന്ധവ്യഞ്‌ജന വിളകള്‍, കാപ്പി, തേയില മുതലായവയുടെ വിപണി കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക്‌ വരുന്നതോടെ ഈ മേഖലയിലെ കര്‍ഷകര്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരും. കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടത്തെ അധികാരത്തിലെത്തിച്ച്‌, ആ ഭരണകൂടത്തിന്‌ ഭരണത്തുടര്‍ച്ചയ്‌ക്ക്‌ അവസരമുണ്ടാക്കി, അവരെക്കൊണ്ടുതന്നെ തങ്ങള്‍ക്ക്‌ അനുകൂലമായ നിയമങ്ങള്‍ ഉണ്ടാക്കി, ഭരണം നടത്തുകയാണ്‌ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍. അത്തരം ആളുകളുടെ ആശ്രിതരായി നില്‍ക്കാതെ രാജ്യത്തെ കര്‍ഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും താല്‍പശര്യങ്ങളെ സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യവും കാഴ്‌ചപ്പാടുമാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ഉണ്ടാകേണ്ടത്‌. സമരം നടത്തുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നതുപോലെ കേന്ദ്രം കൊണ്ടുവന്ന മൂന്ന്‌ കരിനിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കുന്നതാണ്‌ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച്‌ ഇനി കരണീയമായ മാര്‍ഗം. അതിനുപകരം വ്യാജപ്രചരണങ്ങള്‍ നടത്തിയും കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനവികാരത്തെ തോല്‍പ്പിക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കരുത്‌. കാരണം ഇത്‌ ഇന്ത്യന്‍ ജനതയുടെ ജീവന്മരണ പ്രശ്‌നമാണ്‌.
 

Post your comments