Global block

bissplus@gmail.com

Global Menu

ഫിറ്റ്‌നെസിന്റെ പുതുപാഠങ്ങളുമായി സെലിബ്രിറ്റി ഫിറ്റ്‌നെസ്‌ ഗുരു ജിന്റോ

കോവിഡ്‌ കാലം മലയാളിക്ക്‌ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ നിരവധിയാണ്‌. ശുചിത്വശീലങ്ങളെ മാത്രമല്ല മലയാളിയുടെ ആരോഗ്യ, ഫിറ്റ്‌നെസ്‌ ചിന്തകളെയും കോവിഡ്‌ തിരുത്തിയെഴുതി. തിരക്കിട്ട ജീവിതപ്പാച്ചിലിനിടയില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമത്തിന്റെ പ്രാധാന്യം അമ്പേ വിസ്‌മരിച്ചുളള ജീവിതരീതിയുമായി മുന്നോട്ടുപോയ മലയാളിക്ക്‌ കോവിഡ്‌ മഹാമാരിക്കാലം പുനര്‍ചിന്തനത്തിന്‌ വഴിയൊരുക്കി. കണ്ടാല്‍ ആരോഗ്യവാന്മാരെന്ന്‌ തോന്നുമെങ്കിലും ഒരു അണുബാധയെ പിടിച്ചുകെട്ടാനുളള ഫിറ്റ്‌നെസ്‌ പോലും തങ്ങള്‍ക്കില്ലെന്ന്‌ പലരും തിരിച്ചറിഞ്ഞു. അവിടെയാണ്‌ ഫിറ്റ്‌നെസ്‌ ട്രെയിനിംഗ്‌ സെന്ററുകളുടെ പ്രാധാന്യം. എത്ര തിരക്കിലും ശരീരവും മനസ്സും കരുത്തുറ്റതാക്കി നിലനിര്‍ത്താന്‍ കൃത്യമായ പരിശീലനം കൂടിയേ തീരു. അക്കാര്യത്തില്‍ മലയാളിക്ക്‌ പുതുപാഠങ്ങള്‍ പകര്‍ന്നുനല്‍കുകയാണ്‌ എറണാകുളം കാലടി സ്വദേശിയായ സെലിബ്രിറ്റി ഫിറ്റ്‌നെസ്‌ ഗുരു ജിന്റോ.ഏതര്‍ത്ഥത്തില്‍ നോക്കിയാലും സെലിബ്രിറ്റിയാണ്‌ ജിന്റോ. അതെ സിനിമാതാരങ്ങളും കലാകാരന്മാരും കായികതാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ്‌ പരിശീലകന്‍ എന്ന നിലയിലും നിരവധി സിനിമകളിലെ അഭിനേതാവ്‌ എന്ന നിലയിലും... ചെറുപ്പത്തില്‍ തന്നെ ആയോധന കലകളിലും ഫിറ്റ്‌നെസ്‌ പരിശീലനത്തിലും അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ജിന്റോ 20 വര്‍ഷം മുമ്പാണ്‌ മലയാളിയുടെ മനസ്സും ശരീരവും ഫിറ്റ്‌ ആക്കാന്‍ ജിന്റോ ബോഡി ക്രാഫ്‌റ്റ്‌ എന്ന സ്ഥാപനം തുടങ്ങുന്നത്‌. കാലടിയില്‍ ചെറിയ തോതില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന്‌ എട്ട്‌ ശാഖകളുമായി പടര്‍ന്നുപന്തലിച്ചു. ഒമ്പതാമത്തെയും തിരുവനന്തപുരത്തെ രണ്ടാമത്തെയും ശാഖ ഉടന്‍ ആരംഭക്കാനിരിക്കെ തന്റെ വിജയഗാഥയും ഫിറ്റ്‌നെസ്‌ വിജയമന്ത്രങ്ങളും ബിസിനസ്‌ പ്ലസ്‌ വായനക്കാര്‍ക്കായി പങ്കിടുകയാണ്‌....

ജിന്റോ ബോഡിക്രാഫ്‌റ്റിന്റെ തുടക്കത്തെ കുറിച്ച്‌ പറയാമോ?
ഇരുപതിലേറെ വര്‍ഷം മുമ്പാണ്‌ ജിന്റോ ബോഡിക്രാഫ്‌റ്റ്‌ എന്ന സ്ഥാപനം തുടങ്ങിയത്‌. സ്വദേശമായ കാലടിയിലായിരുന്നു ആദ്യ സ്ഥാപനം ആരംഭിച്ചത്‌. കേവലം ബോഡിബില്‍ഡിംഗ്‌ എന്നതില്‍ നിന്ന്‌ വ്യത്യസ്‌തമായി ക്ലയന്റിന്റെ ആവശ്യവും പ്രകൃതവും അറിഞ്ഞുളള ശാരീരിക-മാനസിക ഫിറ്റ്‌നെസ്‌ പരിശീലനമാണ്‌ നല്‍കിവരുന്നത്‌. അതുകൊണ്ടുതന്നെ കാലടിയിലെ സ്ഥാപനത്തെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ കൂടുതല്‍ ക്ലയന്റ്‌സെത്തി. അങ്ങനെ എറണാകുളം, കോതമംഗലം,മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഏഴ്‌ സ്ഥാപനങ്ങള്‍ കൂടി തുറന്നു. നിലവില്‍ ജിന്റോ ബോഡിക്രാഫ്‌റ്റിന്‌ എട്ട്‌ ശാഖകളാണുളളത്‌. തിരുവനന്തപുരത്ത്‌ നിലവില്‍ ഒരെണ്ണമേ ഉളളൂ. പുതുതായി ഒന്നുകൂടി തുടങ്ങാന്‍ പ്ലാനുണ്ട്‌.

വളരെ ചെറുപ്പത്തിലേ ഈ രംഗത്തേക്ക്‌ വന്നല്ലോ?
അതെ, ഞാന്‍ പഠിച്ചതൊക്കെ പഞ്ചാബിലാണ്‌. ഒന്‍പത്‌ -പത്ത്‌ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റും കുങ്‌ഫൂ ചാമ്പ്യനുമൊക്കെയായിരുന്നു. അന്നുമുതലേ ക്ലാസെടുക്കുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ദക്ഷിണേന്ത്യന്‍ മെഡല്‍ നേടി. കേരളത്തില്‍ എത്തിയ ശേഷമാണ്‌ ജിം തുടങ്ങുന്നത്‌.

ജിമ്മുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്‌. എന്നാല്‍ ജിന്റോ ബോഡിക്രാഫ്‌റ്റിന്റെ സവിശേഷത എന്താണ്‌?
തികച്ചും ശാസ്‌ത്രീയമായ രീതിയിലുളള ഫിറ്റ്‌നെസ്‌ പരിശീലനമാണ്‌ ഇവിടെ നല്‍കുന്നത്‌. ഫിറ്റ്‌നെസിനായി ഞങ്ങളെ സമീപിക്കുന്നവരുടെ ഉളളില്‍ ഒളിച്ചിരിക്കുന്ന മാതൃകാവ്യക്തിത്വത്തെ പുറത്തുകൊണ്ടുവരാനാണ്‌ പരിശീലനം. ആകാരത്തിലും പ്രകാരത്തിലും അവരെ മാതൃകാപരമായി വാര്‍ത്തെടുക്കുക എന്നതിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. അതിനായി അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും വിദഗ്‌ദ്ധരായ ട്രെയിനര്‍മാരുണ്ട്‌. എത്ര തിരക്കായാലും അപ്പോയ്‌മെന്റിനനുസരിച്ച്‌ എല്ലാ ജിമ്മിലും ഞാന്‍ ഓടിയെത്താറുണ്ട്‌. വേണ്ട നിര്‍ദ്ദേശങ്ങള്‍ വേണ്ട സമയത്തുനല്‍കും. സമഗ്രമായ മേല്‍നോട്ടം വഹിക്കും.

ഇപ്പോള്‍ ഞാന്‍ ഫോക്കസ്‌ ചെയ്യുന്നത്‌ ഫിറ്റ്‌ നെസ്‌ ട്രെയിനിംഗിലാണ്‌. കാരണം ബോഡിബില്‍ഡിംഗ്‌ എന്നതില്‍ നിന്ന്‌ ജനങ്ങളുടെ താല്‌പര്യം ഫിറ്റ്‌നെസിലേക്ക്‌ മാറിയിട്ടുണ്ട്‌. ഉദാഹരണമായി പറഞ്ഞാല്‍ തിരുവനന്തപുരത്ത്‌ എന്റെ ജിമ്മിന്റെ പാര്‍ട്‌ണറായ പ്രിയ റെയില്‍വേയില്‍ ടിടിആര്‍ ആണ്‌. കോമണ്‍വെല്‍ത്ത്‌ മെഡല്‍ ജേതാവുമാണ്‌.അവരാണ്‌ മുഖ്യ ലേഡി ട്രെയിനര്‍. ിരുവനന്തപുരത്ത്‌ ഞാന്‍ സ്ഥാപനം തുടങ്ങിയിട്ട്‌ ജനുവരിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയായതേ ഉളളൂ. പക്ഷേ ഇതിനകം തന്നെ വന്‍ വിജയമായി. അതില്‍ പ്രിയയുടെ പങ്ക്‌ വളരെ വലുതാണ്‌.

യോഗ പരിശീലനം നല്‍കുന്നുണ്ടോ?
ഉവ്വ്‌. നിലവില്‍ ബോക്‌സിംഗ്‌ പരിശീലനം ആരംഭിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌.

ഇന്‍ഡോര്‍ പരിശീലനത്തിനു പുറമേ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുളള ഔട്ട്‌ഡോര്‍ ട്രെയിനിംഗും നല്‍കുന്നുണ്ടല്ലോ. അതെക്കുറിച്ച്‌ പറയാമോ?

ബീച്ച്‌റണ്‍ എന്ന പേരില്‍എല്ലാ ഞായറാഴ്‌ചകളിലും അതിരാവിലെ കടല്‍ത്തീരത്തുവച്ചുളള പരിശീലനം നല്‍കിവരുന്നുണ്ട്‌. അതില്‍ ഓരോ ദിവസവും ചേരുന്ന ആള്‍ക്കാരുടെ എണ്ണം കൂടുതലാണ്‌. അതിവേഗം ഫിറ്റ്‌നെസ്‌ നേടിയെടുക്കാന്‍ ഇത്‌ സഹായിക്കും.

ക്ലയന്റ്‌സ്‌ിന്റെ റേഞ്ച്‌?
ക്ലയന്റ്‌്‌സിലേറെയും ഉന്നത ഉദ്യോഗസ്ഥരും അത്‌ലറ്റുകളും സെലിബ്രിറ്റികളുമാണ്‌. അവരുടെ അപ്പോയ്‌മെന്റ്‌ ഡേറ്റനുസരിച്ച്‌ ഒരോയിടത്തും പോയി വേണ്ട ഇന്‍സ്‌ട്രക്ഷന്‍സ്‌ നല്‍കും. തിരുവനന്തപുരത്തുളള ഷൈന്‍ ക്രിക്കറ്റ്‌ അക്കാദമിയിലെ വിദ്യാര്‍ത്ഥികളെല്ലാം ജിന്റോ ബോഡിക്രാഫ്‌റ്റിലാണ്‌ ഫിറ്റ്‌നെസ്‌ ട്രെയിനിംഗിനെത്തുന്നത്‌. മറ്റ്‌ പല സ്ഥാപനങ്ങളിലും പോയി തൃപ്‌തിയാകാതെ ഇവിടെ വരുന്നവരും ഏറെയാണ്‌. ഓരോരുത്തരുടെയും ആവശ്യം അനുസരിച്ചുളള ഫിറ്റ്‌നെസ്‌ പരിശീലനമാണ്‌ നല്‍കുന്നത്‌. കായികതാരങ്ങള്‍ക്ക്‌ അവരുടെ ഇനത്തിനനുസരിച്ചുളള സ്‌പോര്‍ട്‌സ്‌ വര്‍ക്കൗട്ട്‌ നല്‍കും. ഒളിമ്പ്യന്‍ ഒ.പി.ജയ്‌ഷയ്‌ക്കും പരിശീലനം നല്‍കിയിട്ടുണ്ട്‌. ജോലി,പഠനം, പാഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായും നിരവധി പേര്‍ വരുന്നുണ്ട്‌.
ഉദാഹരണായി എറണാകുളത്ത്‌ എന്റെ സ്ഥാപനത്തില്‍ പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടി എയര്‍ഫോഴ്‌സിലെ ജോലിക്കുവേണ്ടിയാണ്‌ വരുന്നത്‌. അവിടെ എല്ലാ പരീക്ഷകളും കഴിഞ്ഞ്‌ അവസാനമാണ്‌ ഫിറ്റ്‌നെസ്‌ ടെസ്റ്റ്‌ നടത്തുക. അതില്‍ ഒൗട്ടായാല്‍ മൊത്തം പോയി. അതുപോലെ തിരുവനന്തപുരത്ത്‌ ഒരു ചെറിയ പെണ്‍കുട്ടി വരുന്നുണ്ട്‌. ആര്‍മി സ്‌കൂളില്‍ പ്ലസ്‌ ടു അഡ്‌മിഷന്‍ കി്‌ട്ടാനാണ്‌ ആ കുട്ടി ഫിറ്റ്‌നെസ്‌ ട്രെയിനിംഗിനെത്തുന്നത്‌. കാരണം അവിടെ ആകെ 25 പേര്‍ക്കേ പ്രവേശനം നല്‍കൂ. ഫിറ്റ്‌നെസിന്‌ മുന്‍തൂക്കം നല്‍കിയാണ്‌ പ്രവേശനം. അതൊക്കെ കേട്ട്‌ ഞാന്‍ തന്നെ ഞെട്ടിപ്പോയി. അത്രയ്‌ക്ക്‌ ഡെഡിക്കേറ്റഡാണ്‌ പുതിയ തലമുറ. എന്റെ ക്ലയന്റ്‌സില്‍ കൂടുതലും ഡോക്ടര്‍മാരാണ്‌.

പ്രമുഖരില്‍ എടുത്തു പറയാവുന്നവര്‍
അയ്യോ, അങ്ങനെ പേരെടുത്തു പറയാന്‍ ബുദ്ധിമുട്ടാണ്‌. കാരണം നിരവധി പേര്‍ ഫിറ്റ്‌നസിനും മേക്കോവറിനുമായി വരുന്നുണ്ട്‌. ഒരാളുടെ പേരു പറയുകയും മറ്റൊരാളുടെ പേര്‌ പറയാതിരിക്കുകയും ചെയ്‌താല്‍ പ്രശ്‌നമാകും. സിനിമകളിലെ മേക്കോവറിനായി നിരവധി പേര്‍ വരുന്നുണ്ട്‌. ഏറ്റവും
വും ഒടുവില്‍ ചെയ്‌തത്‌ യുവനടന്‍ ഷൈന്‍ നിഗമിന്റെ മേക്കോവറാണ്‌. വെയില്‍ എന്ന ചിത്രത്തില്‍ പ്ലസ്‌ടു, 24 വയസ്സ്‌, 30 വയസ്സ്‌ എന്നിങ്ങനെ മൂന്ന്‌ മേക്കോവറുകളിലാണ്‌ ഷൈന്‍ എത്തുന്നത്‌. അതിനുവേണ്ടിയാണ്‌ എന്നെ സമീപിച്ചത്‌. സിനിമാരംഗത്തു നിന്ന്‌ മാത്രം നടിമാരും നടന്മാരും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ക്ലയന്റ്‌സായുണ്ട്‌. പൊലീസിലെയും മറ്റും ഉന്നത ഉദ്യോഗസ്ഥരും നിരവധിയുണ്ട്‌. പേര്‌ വെളിപ്പെടുത്താന്‍ കഴിയില്ല.

നേട്ടങ്ങള്‍ അംഗീകാരങ്ങള്‍?
നിരവധി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച്‌ യൂണിവേഴ്‌സിറ്റി,ഇന്റര്‍യൂണിവേഴ്‌സിറ്റി, നാഷണല്‍ ലെവലുകളില്‍ ധാരാളം മെഡലുകള്‍ക്ക്‌ അര്‍ഹരാക്കിയിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ ഉദ്യോഗങ്ങളും നേടിയെടുത്തിട്ടുണ്ട്‌. 450 ലേറെ പേര്‍ക്ക്‌ ഗള്‍ഫില്‍ ജോലി നേടിക്കൊടുത്തിട്ടുണ്ട്‌. ്‌ ഒരു ലക്ഷം രൂപയില്‍ കുറയാത്ത മാസശമ്പളം അവര്‍ വാങ്ങുന്നുണ്ട്‌. എന്റെ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എംബസിയില്‍ അറ്റസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ അതിന്‌ വാലിഡിറ്റിയുണ്ട്‌. രണ്ടുവര്‍ഷം മുമ്പ്‌ ബോംബെയില്‍ വച്ചുനടന്ന ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡിംഗ്‌ ഡയമണ്ട്‌ കപ്പ്‌ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടി. കേരള ബോഡിബില്‍ഡേഴ്‌സ്‌ അസോസിയേഷനില്‍ വര്‍ഷങ്ങളായി വിവിധ പദവികള്‍ അലങ്കരിച്ചുവരുന്നു. എംജി സര്‍വ്വകലാശാലയില്‍ ബോഡി ബില്‍ഡിംഗ്‌ പരിശീലകനായിരുന്നു. നെഹ്‌റു ട്രോഫി വളളംകളിയില്‍ പങ്കെടുത്ത ഒരു ടീമിന്റെ പരിശീലകനായിരുന്നു. മിക്കവാറും എല്ലാ ചാനലുകളിലും പ്രോഗ്രാമുകള്‍ ചെയ്‌തിട്ടുണ്ട്‌. സീ കേരളത്തിലാണ്‌ ഏറ്റവും ഒടുവില്‍ ചെയ്‌തത്‌. കാലടി ആദി ശങ്കര എന്‍ജിനീയറിംഗ്‌ കോളജിലെ ഫിസിക്കല്‍ ട്രെയിനറാണ്‌.

അഭിനയരംഗത്തേക്ക്‌?

ചെറുപ്പം മുതലേ സിനിമ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന സിനിമയിലാണ്‌ ആദ്യമായി അഭിനയിച്ചത്‌. ഏകദേശം ഇരുപത്‌ വര്‍ഷം മുമ്പാണത്‌. പിന്നീട്‌ പ്രൊഫഷനില്‍ ശ്രദ്ധിച്ചു. അതിനുശേഷം ഗോദ എന്ന സിനിമയിലാണ്‌ ശ്രദ്ധേയമായ വേഷം ചെയ്യുന്നത്‌. അതില്‍ രഞ്‌ജിപണിക്കരുമൊത്തുളള രംഗത്തില്‍ അഭിനയിച്ചു. തുടര്‍ന്ന്‌ പഞ്ചവര്‍ണതത്ത, ജാക്ക്‌ഡാനിയല്‍ തുടങ്ങിയ ചിത്രങ്ങള്‍ ചെയ്‌തു. നിലവില്‍ സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ഉടുമ്പ്‌ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നു. കെ.ജെ.ഫിലിപ്പിന്റെ സ്വപ്‌നസുന്ദരി എന്ന ചിത്രത്തില്‍ നായകനായും പ്രതിനായകനായും അഭിനയിച്ചുവരുന്നു. തമിഴ്‌സിനിമകളില്‍ എഡിറ്റിംഗ്‌ മികവു തെളിയിച്ച ഗ്രെയ്‌സണ്‍ ആണ്‌ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിര്‍വ്വഹിക്കുന്നത്‌. രജിത്‌കുമാറാണ്‌ എന്റെ അച്ഛന്റെ വേഷം ചെയ്യുന്നത്‌. ഡോ.ഷിനു ശ്യാമളന്‍ ആണ്‌ എന്റെ നായികയായി വരുന്നത്‌. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.ഐഡിയ സ്‌റ്റാര്‍സിംഗര്‍ ഫെയിം ഇമ്രാന്‍ ഖാന്‍ ചിത്രത്തിനുവേണ്ടി പാടിയിട്ടുണ്ട്‌്‌. മൂന്നാറില്‍ പറക്കാട്ട്‌ ജ്വല്ലേഴ്‌സിന്റെ റിസോര്‍ട്ടിലാണ്‌ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്‌. പറക്കാട്ട്‌ പ്രകാശേട്ടന്‍ റൂമടക്കം എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്‌തുതന്നു.അത്‌ നന്ദിയോടെ സ്‌മരിക്കുന്നു. അദ്ദേഹത്തിന്റെ മകന്‌ വീട്ടില്‍ പോയാണ്‌ ഞാന്‍ ട്രെയിനിംഗ്‌ നല്‍കുന്നത്‌.പ്രകാശേട്ടനുമായി വളരെക്കാലമായുളള അടുപ്പമാണ്‌. കേരളത്തില്‍ ആദ്യമായി ഒരു വനിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

സിനിമയോ, ബോഡിക്രാഫ്‌റ്റ്‌ പ്രൊഫഷനോ ഏതിനാണ്‌ ഭാവിയില്‍ പ്രാധാന്യം നല്‍കുക?
രണ്ടും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോകണമെന്നാണ്‌ ആഗ്രഹം. ആദ്യകാലത്ത്‌ എനിക്ക്‌ സ്ഥാപനത്തില്‍ പൂര്‍ണ്ണമായ ശ്രദ്ധ കൊടുത്തേ മതിയാകുമായിരുന്നുളളു. അതിനാല്‍ ആദ്യ സിനിമയ്‌ക്ക്‌ ശേഷം സിനിമ എന്ന ഇഷ്ടത്തിന്‌ ഇടവേള നല്‍കി. ഇപ്പോള്‍ എനിക്ക്‌ എവിടെ നിന്നും എന്റെ സ്ഥാപനങ്ങള്‍ മാനേജ്‌ ചെയ്യാം. എട്ട്‌ ജിമ്മുകളിലും മാനേജര്‍മാരുണ്ട്‌. സിസിടിവി ക്യാമറകളുമുണ്ട്‌. ഈ എട്ടു സ്ഥാപനങ്ങളിലെയും ക്യാമറകള്‍ ക്രോസ്‌ ചെക്ക്‌ ചെയ്യാന്‍ മറ്റൊരു മാനേജരുമുണ്ട്‌. അതുകൊണ്ടാണ്‌ അവസരം വന്നപ്പോള്‍ സിനിമ എന്ന ഇഷ്ടത്തിന്‌ വീണ്ടും സ്‌പെയ്‌സ്‌ കൊടുത്തത്‌. ഒരു കലാകാരനെന്ന നിലയില്‍ കൂടി എന്തെങ്കിലും ആകണമെന്ന്‌ ആഗ്രഹമുണ്ട്‌.

ലോക്‌ഡൗണ്‍ കാലം എങ്ങനെ തരണം ചെയ്‌തു?
നേരിട്ടുളള ട്രെയിനിംഗ്‌ ബുദ്ധിമുട്ടായിരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഫിറ്റ്‌നെസ്‌ പരിശീലനം നല്‍കി. പിന്നെ കെട്ടിടഉടമകള്‍ ആ പ്രതിസന്ധിഘട്ടത്തില്‍ ഉദാരമനസ്‌കതയോടെ സഹകരിച്ചു. വാടക വാങ്ങിയില്ലെന്നു തന്നെ പറയാം. പിന്നീട്‌ വാടക പകുതിയാക്കി തന്നു. ഇപ്പോഴും പകുതി വാടക വാങ്ങുന്നവരുണ്ട്‌.

ജിമ്മുകളെയെല്ലാം പ്രതിനിധീകരിച്ച്‌ സര്‍ക്കാരില്‍ നിന്നു ലഭിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ഒരു ആവശ്യമെന്താണ്‌?

കേരള പൊലീസില്‍ കായികതാരങ്ങളെ റിക്രൂട്ട്‌ ചെയ്യുന്നുണ്ട്‌. ഇന്ന്‌ കേരള പൊലീസില്‍ അത്യാവശ്യം ബോഡിബില്‍ഡര്‍മാരുണ്ട്‌. അവര്‍ ദേശീയതലത്തിലും മറ്റും ജേതാക്കളാവുന്നുണ്ട്‌. ബോഡിബില്‍ഡേഴ്‌സിനെ കൂടി കേരള പൊലീസിലേക്ക്‌ റിക്രൂട്ട്‌ ചെയ്യണമെന്ന ആവശ്യമാണ്‌ സര്‍ക്കാരിന്‌ മുന്നില്‍ വയ്‌ക്കാനുളളത്‌. അപ്പോള്‍ ഇത്തരം മത്സരങ്ങള്‍ക്കായി നല്ലൊരു ബോഡിബില്‍ഡിംഗ്‌ ടീമിനെ സെറ്റ്‌ ചെയ്യാനാകും. മറ്റുളള കായികഇനങ്ങളെ പോലെ ബോഡിബില്‍ഡിംഗിനെയും പരിഗണിച്ചാല്‍ ഈ രംഗത്തെ കുറച്ചുപേര്‍ക്ക്‌ തൊഴില്‍ ലഭിക്കും.

ആരോഗ്യപരിരക്ഷയ്‌ക്ക്‌ വളരെ പ്രധാന്യമുളെളാരു കാലഘട്ടമാണിത്‌. സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ പല കാര്യങ്ങളും കൊണ്ടുവരുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഫിറ്റ്‌നെസ്‌ പരിശീലനത്തിനായി 50% തുക സര്‍ക്കാര്‍ നല്‍കുന്ന ഒരു സംവിധാനമുണ്ടായാല്‍ അത്‌ ജിമ്മുകള്‍ക്കും ഒപ്പം സമൂഹത്തിനും ഗുണംചെയ്യുമല്ലോ?

അത്‌ വളരെ നല്ല ഒരു പോയിന്റാണ്‌. കാരണം സര്‍ക്കാര്‍ ജീവനക്കാരിലധികവും ഇരുന്നാണ്‌ ജോലി ചെയ്യുന്നത്‌. അങ്ങനെ ദീര്‍ഘനേരം ഇരുന്നു ജോലിചെയ്യുന്നവര്‍ ആരോഗ്യപരമായി അണ്‍ഫിറ്റാവും. ഇന്നത്തെ കാലത്ത്‌ മരണങ്ങളിലധികവും രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദയവാള്‍വുകളിലെ ബ്ലോക്ക്‌ തുടങ്ങിയ കാരണങ്ങളാലാണ്‌. ഇതൊക്കെ ആരോഗ്യകരമല്ലാത്ത ജീവിതരീതിയുടെ സൃഷ്ടിയാണ്‌. ഫിറ്റ്‌നെസ്‌ ട്രെയിനിംഗ്‌ ശരിയായ രീതിയില്‍ ചെയ്‌താല്‍ ഈ ജീവിതശൈലീ രോഗങ്ങളും ആകസ്‌മിക മരണങ്ങളും ഒരു പരിധിവരെ ഒഴിവാക്കാം. ജോലിയും വീട്ടിലെ തിരക്കുകളും കഴിഞ്ഞ്‌ ഫിറ്റ്‌നെസിനായി സമയം മാറ്റിവയ്‌ക്കാന്‍ പലരും താല്‌പര്യം കാണിക്കുന്നില്ല. സര്‍ക്കാരോ, ജീവനക്കാരുടെ സംഘടനകളോ അതിനായി മുന്‍കൈയെടുത്താല്‍ അത്‌ ആരോഗ്യമുളള ഒരു സമൂഹത്തെയും നാടിനെയും സൃഷ്ടിക്കും.കോവിഡ്‌ പോലുളള മഹാമാരികള്‍ സൃഷ്ടിക്കുന്ന റിസ്‌ക്‌ ഫാക്ടര്‍ കുറയ്‌ക്കാനാകും.ഗുണമേന്മയുളള സ്ഥാപനങ്ങള്‍ കണ്ടെത്തി ചെയ്യണമെന്നു മാത്രം.

പ്രോട്ടീന്‍ സപ്ലിമെന്റ്‌സിനെ പറ്റി പറയാമോ?
എല്ലാ മനുഷ്യര്‍ക്കും എല്ലാ പ്രായത്തിലും നിശ്ചിത അളവ്‌ പ്രോട്ടീന്‍ ലഭിക്കേണ്ടതുണ്ട്‌. എല്ലാവര്‍ക്കും എന്നും ചിക്കനും മുട്ടയുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനായെന്നു വരില്ല. അവിടെയാണ്‌ പ്രോട്ടീന്‍ സപ്ലിമെന്റുകളുടെ പ്രസക്തി. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ ഇവിടെ ഫസ്റ്റ്‌ ക്വാളിറ്റി പ്രോട്ടീന്‍ കിട്ടാനില്ല എന്നതാണ്‌ സത്യം. പ്രോട്ടീന്‍ എന്നല്ല ഒരു സാധനവും ഇവിടെ ഫസ്റ്റ്‌ ക്വാളിറ്റി കിട്ടാറില്ല. ഫസ്റ്റ്‌്‌ ക്വാളിറ്റി ഉത്‌പന്നങ്ങളെല്ലാം യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്‌ പോവുക. സെക്കന്‍ഡ്‌ ക്വാളിറ്റി ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുും തേര്‍ഡ്‌ ക്വാളിറ്റി ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഫോര്‍ത്ത്‌ ക്വാളിറ്റി ഓണ്‍ലൈനിലും ലഭ്യമാകുന്നു. അതുകൊണ്ട്‌ ഇവിടെ നിന്ന്‌ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ വാങ്ങാതിരിക്കുന്നതാണ്‌ നന്ന്‌.

പുരുഷന്മാര്‍ക്കൊപ്പം ഇപ്പോള്‍ വനിതകളും ഫിറ്റ്‌നെസ്‌ ട്രെയിനിംഗിനെത്തുന്നുണ്ടല്ലോ അതെപ്പറ്റി പറയാമോ?

അതായത്‌ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായി കുറേ കഴിയുമ്പോള്‍ മിക്കവര്‍ക്കും ആര്‍ത്തവം ക്രമംതെറ്റുന്നു. അതെ തുടര്‍ന്ന്‌ അവരുടെ ശരീരഭാരം കൂടാന്‍ തുടങ്ങും. പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ ഡിസീസിന്‌ (പിസിഒഡി) വഴിമാറും. അതോടെ ഡോക്ടറെ സമീപിക്കും. ആര്‍ത്തവം റെഗുലറാക്കാനായി ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകളിലേറെയും സ്‌റ്റിറോയ്‌ഡുകളാണ്‌. ഇത്‌ ഉപയോഗിക്കുന്നതിലൂടെ ശരീരഭാരം വീണ്ടും വര്‍ദ്ധിക്കും. പിന്നീട്‌ തടികുറയ്‌ക്കാനുളള മരുന്ന്‌ കഴിക്കും. മിക്കവാറും പേര്‍ക്ക്‌ പൈല്‍സ്‌ എന്ന അസുഖമാണ്‌ സമ്മാനമായി കിട്ടുക. ഇത്തരത്തില്‍ രോഗങ്ങള്‍ കൂടെയെത്തുന്ന പെണ്‍കുട്ടികള്‍ക്ക്‌ വിവാഹശേഷം ഗര്‍ഭധാരണത്തിലും മറ്റും പ്രശ്‌നങ്ങളുണ്ടാവും. അപ്പോള്‍ പെണ്‍കുട്ടികളുടെ ആരോഗ്യപരിപാലനം വളരെ ചെറുപ്പത്തിലേ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കാത്തതിനാലാണ്‌ പ്രസവാനന്തരം മിക്ക സ്‌ത്രീകളും അമിതവണ്ണവും കുടവയറുമൊക്കെയായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്‌.

പെണ്‍കുട്ടികള്‍ എത്ര വയസ്സുമുതല്‍ ഫിറ്റ്‌നെസ്‌ ട്രെയിനിംഗ്‌ തുടങ്ങണം?

കേരളത്തിലെ കാര്യം പറയുകയാണെങ്കില്‍ 13 വയസ്സുമുതലെങ്കിലും പെണ്‍കുട്ടികള്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കണം. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ അതിനും എത്രയോ മുമ്പേ പെണ്‍കുട്ടികള്‍ ഫിറ്റ്‌നെസ്‌ പരിശീലനം ആരംഭിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷവും സത്രീകള്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കണം.


ഏതര്‍ത്ഥത്തില്‍ നോക്കിയാലും സെലിബ്രിറ്റിയാണ്‌ ജിന്റോ. അതെ സിനിമാതാരങ്ങളും കലാകാരന്മാരും കായികതാരങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സെലിബ്രിറ്റികളുടെ ഫിറ്റ്‌നെസ്‌ പരിശീലകന്‍ എന്ന നിലയിലും നിരവധി സിനിമകളിലെ അഭിനേതാവ്‌ എന്ന നിലയിലും...

പട്ടം എല്‍ഐസി ഓഫീസിന്‌ നേരെ എതിരെയാണ്‌ ജിന്റോ ബോഡിക്രാഫ്‌റ്റിന്റെ തിരുവനന്തപുരം ശാഖ സ്ഥിതിചെയ്യുന്നത്‌. പാലാരിവട്ടത്ത്‌ ഹോളിഡേ ഹോട്ടലിന്‌ സമീപം പുതിയറോഡില്‍ തൈയ്‌ക്കാവ്‌ ജംങ്‌ഷനില്‍, ആലുവ സീമാസിന്റെ നേരെ എതിരെ. എല്ലായിടത്തും ഫിറ്റ്‌നെസ്‌ ഗുരു ജിന്റോയുടെ സേവനത്തിനായി തിരക്കോടു തിരക്കാണ്‌.

Post your comments