Global block

bissplus@gmail.com

Global Menu

നാലര വര്‍ഷം കൊണ്ട്‌ വ്യവസായരംഗത്ത്‌ അതുല്യനേട്ടങ്ങളുമായി ഇടതുസര്‍ക്കാര്‍

അനുഭവം സാക്ഷി....വ്യവസായം ഈസി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഇനി അധികം ദിവസമില്ല. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്‌ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല. സാധാരണക്കാരും സംരംഭകരും കര്‍ഷകരും പരമ്പരാഗതമേഖലകളിലെ തൊഴിലാളികളുമെല്ലാം നിലവിലെ സര്‍ക്കാര്‍ തങ്ങള്‍ക്കായി എന്തുചെയ്‌തു എന്ന്‌ പരിശോധിക്കുന്നു. വികസനകാര്യത്തില്‍ പ്രത്യേകിച്ചും വ്യവസായ-വാണിജ്യമേഖലയില്‍ പിണറായി സര്‍ക്കാരിനോളം ദീര്‍ഘവീക്ഷണത്തോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാരില്ല എന്നതാണ്‌ സംരംഭകമേഖലയിലെ പ്രമുഖരുടെ പക്ഷം. കേരളം ഇത്രത്തോളം സംരംഭക സൗഹൃദപരമായ മറ്റൊരു കാലമില്ല.നാലുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ ഏതാണ്ട്‌ അറുപതിനായിരത്തില്‍ പരം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ (എംഎസ്‌എംഇ). ആ ഇനത്തില്‍ തന്നെ ഏതാണ്ട്‌ 5800 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടായി. ഏതാണ്ട്‌ രണ്ടരലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാനായി.പരമ്പരാഗത-കാര്‍ഷിക ഉത്‌പാദനമേഖലകളുടെയും സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും കാലോചിതമായ വൈവിധ്യവത്‌ക്കരണത്തിലൂടെയും ആധുനികവത്‌ക്കരണത്തിലൂടെയുമാണ്‌ ഇടതുസര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്‌. ജനപക്ഷത്തു നിന്നുളള വികസന പ്രവര്‍ത്തനങ്ങള്‍ പിണറായി സര്‍ക്കാരിനെ വേറിട്ടുനിര്‍ത്തുമ്പോള്‍ വ്യവസായ മേഖലയിലെ ദീര്‍ഘവീക്ഷണത്തോടെയും വിട്ടുവീഴ്‌ചയില്ലാതെയുമുളള സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ വ്യവസായവകുപ്പിന്‌ പൊന്‍തൂവലുകള്‍ ചാര്‍ത്തുന്നു. കൊവിഡ്‌ മഹാമാരി കാലത്തും സംസ്ഥാനത്തിന്റെ കൈത്താങ്ങായത്‌ വകുപ്പിന്റെ സമയോചിതമായ ഇടപെടലുകളാണ്‌. ഏത്‌ പ്രതിസന്ധിഘട്ടത്തിലും സംസ്ഥാനത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്‌തമാക്കുന്ന രീതിയിലുളള പ്രവര്‍ത്തനമാണ്‌ വ്യവസായവകുപ്പ്‌ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ നടക്കുന്നത്‌. ഫലമോ ഈസ്‌ ഓഫ്‌ ഡൂയിംഗ്‌ ബിസിനസിലും വ്യവസായ സാധ്യതാ കാര്യങ്ങളിലും ഗുജറാത്തിനൊപ്പം കിടപിടിക്കുന്നതാണ്‌ കേരളത്തിന്റെ സ്ഥാനം.

തകര്‍ന്നടിഞ്ഞുകിടന്ന കെഎംഎല്‍, മലബാര്‍ സിമന്റ്‌്‌സ്‌ തുടങ്ങിയവ ഉള്‍പ്പെടെയുളള പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി, സ്‌പിന്നിംഗ്‌ മില്ലുകളെ വൈവിധ്യവത്‌ക്കരണത്തിലൂടെ കൈപിടിച്ചുയര്‍ത്തി, പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ ഭാഗമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഭൂമിയില്‍ കൃഷിയും ഇറച്ചിക്കോഴി വളര്‍ത്തലും ഉള്‍പ്പെടെ നടപ്പാക്കി, സ്‌ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി ഇങ്ങനെ ഇ.പി.ജയരാജന്‍ എന്ന അമരക്കാരന്‌ കീഴില്‍ വ്യവസായവകുപ്പിന്റെ നേട്ടങ്ങള്‍ എണ്ണമറ്റതാണ്‌. എന്തിനും പ്രചോദനവും പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പമുണ്ടെന്ന്‌ അദ്ദേഹം പറയുന്നു.

കൊവിഡ്‌ മൂലമുണ്ടായ മാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ 100 ദിന പരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്‌ പിന്നാലെ രണ്ടാംഘട്ടം നടപ്പാക്കാനൊരുങ്ങുകയാണ്‌. രണ്ടാംഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5,700 കോടി രൂപയുടെ 5,526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ഉദ്‌ഘാടനം ചെയ്യും. 4,300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കും. രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക്‌ തൊഴില്‍ നല്‍കാനാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി ബാധ്യത തീര്‍ത്ത്‌ 146 കോടി രൂപ മുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കും. പാലക്കാട്‌ പ്രതിരോധ പാര്‍ക്ക്‌ അടക്കം ഒമ്പത്‌ വ്യവസായ പദ്ധതികളുടെ ഉദ്‌ഘാടനം മാര്‍ച്ച്‌ 31ന്‌ മുമ്പ്‌ നടത്തും. അവയവദാന ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്ക്‌ സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാര്‍ക്കറ്റു വില വരുന്ന 5 ഇനം മരുന്നുകള്‍ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്നു വിലയ്‌ക്ക്‌ കെഎസ്‌ഡിപിയില്‍ ഉത്‌പാദനം ആരംഭിക്കും. കുടുംബശ്രീ സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ എന്റര്‍പ്രണര്‍ഷിപ്പ്‌ പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും. കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്‌ഘാടനം ഫെബ്രുവരിയില്‍ നടക്കും...ഇത്തരത്തില്‍ അവസാന ലാപ്പിലും വികസനപാതയില്‍ അതിവേഗം മുന്നേറുകയാണ്‌ ഇടതുസര്‍ക്കാരും വ്യവസായവകുപ്പും....വ്യവസായ വകുപ്പ്‌ മന്ത്രി ഇ.പി.ജയരാജനുമായി ബിസിനസ്‌ പ്ലസ്‌ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌....

കൊവിഡ്‌കേരളത്തിന്റെ വ്യവസായ-വാണിജ്യമേഖലയ്‌ക്കുണ്ടാക്കിയ തിരിച്ചടികളെ പറ്റി പറയാമോ?
യഥാര്‍ത്ഥത്തില്‍ കൊവിഡ്‌ ഒരു അസാധാരണ സാഹചര്യത്തിലാണ്‌ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. സമസ്‌തമേഖലകളിലും അതിന്റെ വ്യത്യസ്‌തമായ തലങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും സര്‍വ്വമേഖലകളിലും പ്രശ്‌നങ്ങളുണ്ടായി. ഈ രോഗത്തെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അതിന്‌ വാക്‌സിനൊന്നും ലഭ്യമല്ലായിരുന്നു. ആകെ ചെയ്യാനാകുന്നത്‌ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ്‌. മാസ്‌ക്‌ ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, പരിസരശുചീകരണം നടത്തുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത്‌ ഒഴിവാക്കുക അങ്ങനെ വൈറസ്‌ വ്യാപനം തടയുക മാത്രമേ വഴിയുളളു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വ്യവസായസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ലോക്‌ഡൗണ്‍ വന്നതോടെ വ്യവസായമേഖല പൂര്‍ണ്ണമായും സ്‌തംഭിച്ചു. കേരളത്തിന്റെ വ്യവസായ മേഖലയില്‍ ജോലിചെയ്‌തിരുന്ന ഏകദേശം 15ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്ക്‌ അവരുടെ വാസസ്ഥലങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടി വന്നു. ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയില്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ സാമൂഹിക അടുക്കളകള്‍ ആരംഭിച്ചു. അതുവഴി അതിഥി തൊഴിലാളികള്‍ക്കെല്ലാം ഭക്ഷണം നല്‍കി അവരെ പ്രതിസന്ധിഘട്ടത്തില്‍ സംരക്ഷിച്ചു.തിരിച്ചു നാട്ടിലേക്ക്‌ മടങ്ങാന്‍ ട്രെയിനൊന്നും ഇല്ലാത്ത അവസ്ഥയില്‍ അവരെ സംരക്ഷിച്ചു. ട്രെയിനൊക്കെ ഓടിത്തുടങ്ങിയപ്പോള്‍ മടങ്ങാന്‍ താല്‌പര്യം പ്രകടിപ്പിച്ചവര്‍ക്ക്‌ സുരക്ഷിതമായി നാട്ടിലെത്താനുളള നടപടികളും സ്വീകരിച്ചു.

അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്‌ മടങ്ങിയതോടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉളള വ്യവാസായസ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ മതിയായ തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയുണ്ടായി.കോവിഡനന്തരം ഉത്‌പാദനമേഖല സ്‌തംഭിച്ചു. കച്ചവടസ്ഥാപനങ്ങള്‍ അടച്ചു. പരമ്പരാഗത വ്യവസായ മേഖല പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്‌. കൊവിഡിനെ തുടര്‍ന്ന്‌ ടൂറിസ്‌റ്റുകളുടെ വരവ്‌ നിലച്ചു. വിദേശവിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. അതോടെ ആ മേഖലയും വന്‍തിരിച്ചടി നേരിട്ടു.മാത്രമല്ല പരമ്പരാഗത വ്യവസായങ്ങള്‍ കൂടുതലും തദ്ദേശീയമായി നടക്കുന്നത്‌ ആഘോഷങ്ങളെയും മേളകളയെും മറ്റും ആശ്രയിച്ചാണ്‌. റിബേറ്റ്‌ സെയില്‍ ആണ്‌ കൂടുതലും നടക്കുന്നത്‌. കൊവിഡ്‌ കാലത്ത്‌ ഇതൊന്നും സാധ്യമല്ല. ഇത്തരത്തില്‍ വ്യവസായമില്ല, തൊഴിലാളികളുടെ കയ്യില്‍ കാശില്ല, ജോലിയില്ല, വ്യാപാരമില്ല.

കയറ്റുമതിയെയും കൊവിഡ്‌ തകര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന ട്രിവാന്‍ഡ്രം സ്‌പിന്നിംഗ്‌ മില്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ്‌ സ്‌പിന്നിംഗ്‌ മില്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ നൂല്‍ ശ്രീലങ്ക.ചൈന തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്‌തിരുന്നു. അതൊക്കെ കൊവിഡിനെ തുടര്‍ന്ന്‌ നിലച്ചു. വ്യവസായങ്ങള്‍ക്കു വേണ്ട അസംസ്‌കൃത വസ്‌തുക്കളുടെ ഇറക്കുമതി നിലച്ചു. നേരത്തെ തന്നെ കേരളത്തില്‍ കൈത്തറിമേഖല പിടിച്ചുനിന്നത്‌ സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യൂണിഫോം നല്‍കുന്ന പദ്ധതി ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിയതിലൂടെയാണ്‌. അതൊന്നും നമുക്ക്‌ ഉടനെ തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയാണുളളത്‌.

ഈ പ്രതിസന്ധിഘട്ടത്തെ നേരിടാന്‍ എന്തൊക്കെ ചെയ്‌തു?

ഇത്തരത്തില്‍ അസാധാരണമായ പ്രതിസന്ധിഘട്ടത്തില്‍ കേരള സര്‍ക്കാര്‍ വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റുകള്‍ ജനങ്ങള്‍ക്ക്‌ വളരെ സഹായകരമായി. കൊവിഡ്‌ ഒരു ദീര്‍ഘകാല പ്രതിസന്ധിയാണെന്നു കണ്ടപ്പോള്‍ പതുക്കെ ലോക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങി. അതിന്റെ ഭാഗമായി അടഞ്ഞു കിടന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനുളള നടപടികളെടുത്തു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കൊവിഡ്‌ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്‌ മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്തി. മാത്രമല്ല, ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ കൈയില്‍ കാശില്ലാത്ത അവസ്ഥയും സംജാതമായി. മറ്റൊരു കാര്യം കൊവിഡ്‌ കാലത്ത്‌ ചില ഉത്‌പന്നങ്ങള്‍ക്ക്‌ മാര്‍ക്കറ്റിലെത്താന്‍ കഴിയാത്ത അവസ്ഥ വന്നു. എന്നാല്‍ പുതിയ ചില ഉത്‌പന്നങ്ങള്‍ ധാരാളമായി വിറ്റഴിഞ്ഞു. ഉദാഹരണമായി മാസ്‌ക്‌. അത്‌ കേരളത്തിനകത്തും പുറത്തും വിപണിയുണ്ടായി.അതുപോലെ ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‌ഡിപി വന്‍തോതില്‍ സാനിറ്റൈസര്‍ ഉത്‌പാദിപ്പിച്ച്‌ വിപണിയിലെത്തിച്ചു. അതുപോലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയും സാനിറ്റൈസര്‍ ഉത്‌പാദിപ്പിച്ചു. ടെക്‌സ്റ്റൈല്‍ കോര്‍പറേഷനും മാസ്‌ക്‌ ഉത്‌പാദിച്ചു വിപണിയിലെത്തിച്ചു.

കൊവിഡ്‌കാലത്ത്‌ ആശുപത്രികളില്‍ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി കെഎംഎംഎല്‍ ഓക്‌സിജന്‍ പ്‌ളാന്റ്‌ സ്ഥാപിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ്‌ കാലത്ത്‌ അടിയന്തരമായി പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌, കാസര്‍ഗോഡ്‌, എറണാകുളം ജില്ലകളിലെ ആശുപത്രികളിലും ഇവിടെ നിന്ന്‌ ഓക്‌സിജനെത്തിച്ചു. നിലവില്‍ മെഡിക്കല്‍ കോര്‍പറേഷനും ഓക്‌സിജന്‍ സ്‌പ്ലൈ ചെയ്യുന്നുണ്ട്‌.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക്‌ വെന്റിലേറ്റര്‍ വേണം. കെല്‍ട്രോണ്‍ അത്‌ ഉത്‌പാദിപ്പിക്കാന്‍ ആരംഭിച്ചു.ഇപ്പോള്‍ കെല്‍ട്രോണാണ്‌ വെന്റിലേറ്റര്‍ പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്‌. അതുപോലെ കെല്‍ തുടങ്ങി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കോവിഡ്‌കാലത്ത്‌ അനിവാര്യമായതെന്തും ഉത്‌പാദിപ്പിക്കുക എന്ന പുതിയ കാഴ്‌ചപ്പാടുണ്ടായി. അത്‌ ഗുണകരമായി.

കൊവിഡ്‌കാലത്ത്‌ വ്യവസായ വകുപ്പും കൃഷിയെ ഗൗരവമായി സമീപിച്ചല്ലോ?
കേരളം ഭക്ഷ്യഉത്‌പാദനകമ്മി നേരിടുന്ന ഒരു സംസ്ഥാനമാണ്‌. കുറേ നാളായുളള നമ്മുടെ ശീലം കാരണം നാം ഒരു ഉപഭോക്തൃസംസ്ഥാനമായി മാറി. കൈയില്‍ കാശുണ്ട്‌. അതുകൊണ്ട്‌ ഒന്നും കൃഷിചെയ്യില്ല, വാങ്ങി ഉപയോഗിക്കും. ഈ ശീലം കാരണം കാര്‍ഷികോത്‌പാദന രംഗത്ത്‌ നാം വളരെ പിന്നോക്കം പോയി. ധാന്യങ്ങള്‍,പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ നമുക്കാവശ്യമായത്‌ ഉത്‌പാദിപ്പിക്കാനായാല്‍ ഏതു പ്രതിസന്ധിയിലും സ്വന്തംകാലില്‍ നില്‍ക്കാന്‍ കേരളത്തിന്‌ കഴിയും. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്‌പാദനരംഗത്ത്‌ സ്വയം പര്യാപ്‌തത നേടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ മികച്ച പങ്കാളിത്തമാണ്‌ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ നല്‍കുന്ന്‌ത്‌. കേരളത്തിലെ വ്യവസായവകുപ്പ്‌ മുന്‍കൈയെടുത്ത്‌ വ്യവസായവകുപ്പിന്‌ കീഴിലുളള സ്‌ഥാപനങ്ങളുടെ ഭാഗമായി ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്‌തു.42 സ്ഥാപനങ്ങളിലായി 259.53 ഏക്കര്‍ ഭൂമിയാണ്‌ കൃഷി യോഗ്യമായി ഉള്ളത്‌. ഇതില്‍ 50.325 ഏക്കര്‍ സ്ഥലത്ത്‌ കൃഷി നടക്കുന്നു. ടൈറ്റാനിയം, ആലപ്പുഴ സ്‌പിന്നിംഗ്‌ മില്‍, കണ്ണൂരിലെ കോ-ഓപ്പറേറ്റീവ്‌ സ്‌പിന്നിംഗ്‌ മില്‍, തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും കൃഷി ചെയ്‌തു. ട്രിവാന്‍ഡ്രം സ്‌പിന്നിംഗ്‌ മില്‍ കൃഷിക്ക്‌ പുറമെ കോഴി വളര്‍ത്തലും മറ്റുമുണ്ട്‌. ആദ്യ ഘട്ടത്തില്‍ കൃഷി പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം തുടങ്ങി. അതൊരു നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്‌ സഹായിക്കുന്നതാണ്‌. ഇത്തരത്തില്‍ നമുക്കാവശ്യമുളളവയെല്ലാം ഉത്‌പാദിപ്പിക്കാനുളള കാലോചിതമായി നടപടികള്‍ കൈക്കൊണ്ടു.

വ്യവസായഭദ്രതാ പാക്കേജിന്‌ വന്‍ സ്വീകാര്യത ലഭിച്ചല്ലോ?മറ്റൊരു സംസ്ഥാനവും ഇത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചതായി കാണുന്നില്ല.

വ്യവസായ ഭദ്രതാ പാക്കേജിന്റെ ഭാഗമായി 3433 കോടി രൂപ വ്യവസായങ്ങളെ സംരക്ഷിക്കാനായി ചെലവിട്ടു. നാലുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ ഏതാണ്ട്‌ അറുപതിനായിരത്തില്‍ പരം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ (എംഎസ്‌എംഇ). ആ ഇനത്തില്‍ തന്നെ ഏതാണ്ട്‌ 5800 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടായി. ഏതാണ്ട്‌ രണ്ടരലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ കൊടുക്കാനായി. നിലവില്‍ ആകെ ഒന്നര ലക്ഷത്തോളം വരുന്ന എംഎസ്‌എംഇ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചവരും മടങ്ങിയെത്തിയ പ്രവാസികളുമൊക്കെ ഇത്തരത്തില്‍ സ്വന്തംനിലയില്‍ ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ട്‌. അവര്‍ക്കൊക്കെ ചില ഘട്ടങ്ങളില്‍ സാമ്പത്തികമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അപ്പോള്‍ ബാങ്കുകളെ സമീപിച്ചാല്‍ വലിയ പലിശയും മറ്റുമാണ്‌. അപ്പോള്‍ അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയുടെ ഭാഗമായി രൂപംകൊണ്ടതാണ്‌ ഇന്‍ഡസ്‌ട്രിയല്‍ മൈക്രോ ഫിനാന്‍സ്‌ സ്‌കീം. അതില്‍ എല്ലാ എംഎസ്‌എംഇ യൂണിറ്റ്‌ മാനേജ്‌മെന്റിനെയും അംഗങ്ങളാക്കി. ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേകം പ്രത്യേകം യൂണിറ്റുകളായാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. വ്യവസായങ്ങള്‍ സാമ്പത്തികപ്രശ്‌നം കാരണം പൂട്ടിപ്പോകാതിരിക്കാനും സാമ്പത്തിക പ്രശ്‌നം കാരണം പൂട്ടിപ്പോയ സംരംഭങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുമുളള സഹായമാണ്‌ ഇതുവഴി നല്‍കുക.

പരമ്പരാഗത സ്‌പിന്നിംഗ്‌-കൈത്തറി-ഖാദി മേഖലകള്‍ക്കായി വളരെയേറെ കാര്യങ്ങള്‍ ചെയ്‌തല്ലോ?
പരമ്പരാഗതമേഖലയെ കാലോചിതമായ ആധുനികവത്‌കരണത്തിലൂടെയും വൈവിധ്യവത്‌ക്കരണത്തിലൂടെയും കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്‌. അതിനുവേണ്ടതെല്ലാം ഈ സര്‍ക്കാര്‍ ചെയ്‌തുവരുന്നു. കേരളത്തില്‍ ഏതാണ്ട്‌ പതിനേഴോളം സ്‌പിന്നിംഗ്‌ മില്ലുകളുണ്ട്‌. ഈ സ്‌പിന്നിംഗ്‌ മില്ലുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നം എന്നു പറയുന്നത്‌ പരുത്തി വിലക്കുറഞ്ഞു ലഭിക്കുന്ന സമയത്ത്‌ (പരുത്തി സീസണില്‍) ബള്‍ക്കായി വാങ്ങി സൂക്ഷിക്കാന്‍ അവര്‍ക്ക്‌ കാശുണ്ടാവില്ല എന്നതാണ്‌. അതുകൊണ്ട്‌ കുറേശ്ശെ കുറേശ്ശെ വാങ്ങും. സീസണല്ലാത്ത സമയത്ത്‌ പരുത്തിക്ക്‌ വില വര്‍ദ്ധിക്കും, അതുവാങ്ങി നൂലുണ്ടാക്കുമ്പോള്‍ നൂലിനും വില കൂട്ടാതെ തരമില്ല. ആ നൂല്‍ വിപണിയിലെത്തുമ്പോള്‍ പ്രശ്‌നമാകും. ഈ പ്രശ്‌നത്തിന്‌ പരിഹാരമെന്ന നിലയില്‍ ഒരു കോട്ടണ്‍ ബാങ്ക്‌ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതായത്‌ പരുത്തി വില കുറഞ്ഞു കിട്ടുന്ന സമയത്ത്‌ ബള്‍ക്കായി വാങ്ങി സ്റ്റോക്ക്‌ ചെയ്‌ത്‌ ഈ പതിനേഴ്‌ സ്‌പിന്നിംഗ്‌ മില്ലുകള്‍ക്കും ആവശ്യത്തിനനുസരിച്ച്‌ സപ്ലൈ ചെയ്യുവാനാണ്‌ പദ്ധതി. കൂടാതെ സ്‌പിന്നിംഗ്‌ മില്ലുകളുടെ ആധുനികവത്‌ക്കരണത്തിനും പദ്ധതിയിട്ടുകഴിഞ്ഞു. കേവലം നൂല്‍ ഉത്‌പാദനം എന്നതില്‍ നിന്ന്‌ മാറി തുണിയും ആ തുണി ഉപയോഗിച്ചുളള വസ്‌ത്രങ്ങളും നിര്‍മ്മിക്കുന്ന യൂണിറ്റുകളാക്കി സ്‌പിന്നിംഗ്‌ മില്ലുകളെ വളര്‍ത്തിയെടുക്കാനാണ്‌ പദ്ധതി. ബെഡ്‌ഷീറ്റ്‌, ഷര്‍ട്ട്‌ തുടങ്ങിയ വസ്‌ത്രങ്ങള്‍ ഉത്‌പാദിപ്പിച്ച്‌ ഡോര്‍ ടു ഡോര്‍ സെയില്‍സിനുളള ആളുകളെയും നിയോഗിക്കാനാണ്‌ പദ്ധതി.എല്ലാ സ്‌പിന്നിംഗ്‌ മില്ലുകളോടും ഒരു ഗാര്‍മെന്റ്‌ യൂണിറ്റ്‌ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കാരണം കോവിഡിനെ തുടര്‍ന്ന്‌ ധാരാളം സ്‌ത്രീകള്‍ തൊഴില്‍രഹിതരായി. സ്‌പിന്നിംഗ്‌ മില്ലുകളോട്‌ അനുബന്ധിച്ച്‌ ഗാര്‍മെന്റ്‌ യൂണിറ്റുകള്‍ ആരംഭിക്കുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ തൊഴില്‍ ലഭിക്കും. അപ്പോള്‍ അവര്‍ക്ക്‌ ഒരു വരുമാനമായി. ഒരു സ്‌പിന്നിംഗ്‌ മില്ലില്‍ 100 പേര്‍ക്ക്‌ എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ 1700 പേര്‍ക്ക്‌ ജോലി നല്‍കുന്ന പദ്ധതിയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

മറ്റ്‌ പദ്ധതികള്‍?
അവശ്യ മരുന്നുകള്‍ കേരളത്തില്‍ തന്നെ ഉത്‌പാദിപ്പിക്കാനുളള പദ്ധതിയും ആരംഭിച്ചു. കെഎസ്‌ഡിപിക്ക്‌്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. 2017-18 ല്‍ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റ്‌ സ്ഥാപിച്ചു. 2018-19 ല്‍ നോ ബീറ്റാലാക്ടം മരുന്ന്‌ നിര്‌മ്മാണ പ്ലാന്റ്‌ കമ്മീഷന്‍ ചെയ്‌തു. പാരസെറ്റമോള്‍ മാത്രം നിര്‍മ്മിച്ചിരുന്ന സ്ഥാപനം ആന്റിബയോട്ടിക്‌സ്‌, ഇന്‍ജക്ഷന്‍ മരുുകള്‍, അവയവമാറ്റ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്കു ള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ പതിനഞ്ചോളം മരുന്നുകള്‍ നിര്‍മ്മിക്കുന്നു. കാന്‍സര്‍ മരുന്ന്‌ ഉടന്‍ പുറത്തിറക്കും.അങ്ങനെ വരുമ്പോള്‍ അവശ്യമരുന്നുകള്‍ ജനങ്ങള്‍ക്ക്‌ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കാനാവും. കാരണം മെഡിക്കല്‍ വിപണിയിലാണ്‌ ഇന്ന്‌ വന്‍ പകല്‍കൊളള നടക്കുന്നത്‌. ചെറിയ ഉത്‌പാദനചെലവേ ഉണ്ടാകുന്നുളളുവെങ്കിലും പല മരുന്നുകളും വന്‍ കുത്തകകള്‍ അമിതവിലയ്‌ക്കാണ്‌ വില്‍ക്കുന്നത്‌.

പിന്നെ ഫ്രൂട്ട്‌സ്‌ കാനിംഗ്‌ യൂണിറ്റുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്‌. വയനാട്ടില്‍ ഐടി പാര്‍ക്ക്‌ ആരംഭിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌. നെല്ലുകുത്തി അരിയാക്കുന്നതിനുളള രണ്ട്‌ റൈസ്‌ മില്ലുകള്‍ കുട്ടനാട്ടിലും പാലക്കാടും ആരംഭിക്കാനും പദ്ധതിയുണ്ട്‌. അതുപോലെ കേരളത്തിലെ ക്ഷയിച്ചുപോയ തടിവ്യവസായത്തെ കൈപിടിച്ചുയര്‍ത്തുന്നതിനായി എംഎസ്‌എംഇ യുണിറ്റുകളുടെ ഭാഗമായി കേന്ദ്രസഹായത്തോടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണം ആരംഭിക്കാനും പദ്ധതിയുണ്ട്‌. ഇതുവഴി ധാരാളം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കും. പരമ്പരാഗത വ്യവസായങ്ങളെ വളര്‍ച്ചയിലേക്ക്‌ നയിക്കാനുളള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി കഴിഞ്ഞു. അതുപോലെ സ്വകാര്യമേഖലയിലെ വ്യവസായങ്ങളെയും കൈയയച്ച്‌ പ്രോത്സാഹിപ്പിക്കുന്നു.

പൊതുമേഖലയുടെ സൂവര്‍ണ്ണകാലഘട്ടമായിരുന്നു കഴിഞ്ഞ നാലുവര്‍ഷം അത്‌ വ്യക്തിപരമായി സന്തോഷം നല്‍കുന്ന കാര്യമാണല്ലോ?

എനിക്ക്‌ മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണത്‌. കേരള ഓട്ടോമൊബൈല്‍സിന്റെ കാര്യം തന്നെ എടുത്താല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാര്‍ക്ക്‌ ശമ്പളമോ, പിഎഫ്‌ -ഇഎസ്‌ഐ ആനുകൂല്യങ്ങളോ ഇല്ലാതെ സ്‌തംഭിച്ച അവസ്ഥയായിരുന്നു. സര്‍ക്കാരിന്റെ പുനരുദ്ധാരണ നടപടികളിലൂടെ സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ചുകെഎഎല്‍ നിര്‍മ്മിച്ച കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്‌ ഓട്ടോ നീം ജി കേരളയുടെ സംസ്ഥാനത്തെ പത്താമത്തെ ഷോറൂം കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി ഇ-ഓട്ടോയുടെ റോഡ്‌ ഷോ നടന്നു.വ്യാവസായികാടിസ്ഥാനത്തില്‍ നീംജിയുടെ നിര്‍മ്മാണം ആരംഭിച്ചു. കണ്ണൂരില്‍ ഡിമാന്‍ഡ്‌ കൂടുകയാണെങ്കില്‍ അവിടെത്തന്നെ ഒരു നിര്‍മ്മാണയൂണിറ്റ്‌ തുടങ്ങാനും പദ്ധതിയുണ്ട്‌. മറ്റൊരു ഉദാഹരണം മലബാര്‍ സിമന്റ്‌സ്‌ ആണ്‌. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആ സ്ഥാപനം തകര്‍ന്നടിഞ്ഞ അവസ്ഥയിലായിരുന്നു. ഞെട്ടിപ്പിക്കുന്ന കഥകളാണ്‌ അതിനെകകുറിച്ച്‌ പ്രചരിച്ചത്‌. ആ സ്ഥാപനത്തെ പൂട്ടിക്കാനുളള ശ്രമങ്ങളും സജീവമായിരുന്നു. മറ്റ്‌ സിമന്റ്‌ കമ്പനികളുടെ ആള്‍ക്കാര്‍ മലബാര്‍ സിമന്റ്‌സ്‌ില്‍ ജോലിക്ക്‌ കയറി അവിടത്തെ ഉത്‌പാദനത്തെ തകര്‍ത്തു. അത്തരം പ്രവര്‍ത്തനങ്ങളെയൊക്കെ ശുദ്ധീകരിച്ച്‌ സ്ഥാപനത്തെ ഇടതുസര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തി. മികച്ച ഒരു എംഡിയെയാണ്‌ നമുക്ക്‌ കിട്ടിയത്‌. ഇപ്പോള്‍ മലബാര്‍ സിമന്റ്‌സ്‌ ആറുകോടി പ്രവര്‍ത്തനലാഭമുളള സ്ഥാപനമാണ്‌. കെഎസ്‌ഡിപി, ട്രാവന്‍കൂര്‍ സിമന്റ്‌സ്‌, കെഎംഎംഎല്‍, ടിസിസി ഇവയെല്ലാം പ്രവര്‍ത്തനലാഭം കൈവരിച്ചു കഴിഞ്ഞു. എല്ലാം അടച്ചുപൂട്ടേണ്ട അവസ്ഥയിലായ സ്ഥാപനങ്ങളാണെന്നോര്‍ക്കണം. ഇടതുസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലാണ്‌ ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഓരോ സ്ഥാപനത്തിനും പ്രത്യേകമായ പരിഗണനയും ശ്രദ്ധയും നല്‍കി. മുന്‍കാലങ്ങളില്‍ എന്തെങ്കിലും ഒരു സംരംഭം കൊണ്ടുവരുമ്പോള്‍ അതിന്‌ തടസ്സമായത്‌ അഴിമതിയാണ്‌. അത്‌ ഈ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു.തൊഴില്‍ മേഖലയിലായാലും ടെസ്റ്റ്‌ നടത്തി മെറിറ്റിനനുസരിച്ചാണ്‌ നിയമനം. മറ്റ്‌ സ്വാധീനങ്ങളൊന്നുമില്ല.

കൊവിഡിനെ മാറ്റിനിര്‍ത്തിയാല്‍ രണ്ട്‌ പതിറ്റാണ്ടിനിടയിലെ മികച്ച വ്യാവസായിക അന്തരീക്ഷമാണ്‌ കേരളത്തില്‍ നിലവിലുളളത്‌ അത്‌ പ്രയോജനപ്പെടുത്തിക്കൂടെ?

പ്രയോജനപ്പെടുത്താന്‍ തന്നെയാണ്‌ തീരുമാനം. അതിന്റെ ഭാഗമായാണ്‌ വാണിജ്യമിഷന്‍ രൂപീകരിച്ചത്‌. ഇന്‍ഡസ്‌ട്രീസ്‌ ആന്‍ഡ്‌ കൊമേഴ്‌സ്‌ എന്നാണ്‌ പറയാറുളളതെങ്കിലും കേരളത്തില്‍ വാണിജ്യം ഇല്ല. ആ കുറവ്‌ പരിഹരിക്കാനാണ്‌ വാണിജ്യമിഷന്‍ രൂപീകരിച്ചത്‌. അതായത്‌ കേരളത്തിലെ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ അസംസ്‌കൃതവസ്‌തുക്കള്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും അവ വിലപേശി വാങ്ങുക, അതുപോലെ കേരളത്തിന്റെ ഉത്‌പന്നങ്ങള്‍ക്ക്‌ ഡിമാന്‍ഡുളള രാജ്യാന്തരവിപണികള്‍ കണ്ടെത്തി അവിടങ്ങളിലെത്തിക്കാനും വേണ്ട നടപടികള്‍ എടുക്കുക. ഇളങ്കോവനാണ്‌ അതിന്റെ ചെയര്‍മാന്‍. നിലവില്‍ വാണിജ്യമിഷന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്‌. ഇതിനായി കേരള ഇ മാര്‍ക്കറ്റിംഗ്‌ പോര്‍ട്ടല്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചുകഴിഞ്ഞു. നേരത്തെ തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ജിക്കല്‍ ഗ്ലൗസ്‌ നിര്‍മ്മാണയൂണിറ്റ്‌ ആരംഭിച്ചിരുന്നു. കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലയിലെ മുഴുവന്‍ റബ്ബര്‍ കര്‍ഷകരില്‍ നിന്നും റബ്ബര്‍ ശേഖരിച്ച്‌ ഗ്ലൗസ്‌ നിര്‍മ്മിച്ചു. അക്കാലത്ത്‌ മോശമല്ലാത്ത വിപണിയുണ്ടായിരുന്നു. എന്നാല്‍ കൊവിഡനന്തരം വലിയ മാര്‍ക്കറ്റായി. അപ്പോള്‍ അതിനായി ഒരു കമ്പനി രൂപീകരിക്കാനുളള നടപടികള്‍ ആരംഭിച്ചു. ജയിംസ്‌ മാത്യു എംഎല്‍എയാണ്‌ അതിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌. ഇന്‍കെല്‍, കെഎസ്‌ഐഡിസി, കിന്‍ഫ്ര,റബ്ബര്‍ കര്‍ഷകര്‍, റബ്ബര്‍ബോര്‍ഡ്‌ തുടങ്ങിയവരെല്ലാം ചേര്‍ന്നാണ്‌ കമ്പനി രൂപീകരിക്കുക. കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്‌. ആറുമാസത്തിനുളളില്‍ പ്രവര്‍ത്തനം ആരംഭിക്കാനാവും. ഇരുനൂറോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാവും.

ഇതിനുപുറമെ ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഭാഗമായി വനിതകള്‍ക്ക്‌ ജോലി നല്‍കുന്നതിന്‌ ജില്ലാ അടിസ്ഥാനത്തില്‍ വാള്‍പുട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. വ്യവസായവകുപ്പിന്റെ കീഴിലുളള സൊസൈറ്റികള്‍ വഴി യന്ത്രങ്ങളും അസംസ്‌കൃതവസ്‌തുക്കളും നല്‍കും. കേരളത്തില്‍ മൊത്തം ഉപയോഗിക്കുന്ന സിമന്റിന്റെ പത്തുശതമാനത്തോളമേ നമ്മളിവിടെ ഉത്‌പാദിപ്പിക്കുന്നുളളു. നേരത്തേ അത്‌ കേവലം ഒരു ശതമാനം ആയിരുന്നു.

അതുപോലെ തന്നെ കണ്ണൂര്‍ നാടുകാണിയില്‍ ഒരു ഹൈ ക്വാളിറ്റി ടെക്‌സ്‌റ്റൈല്‍ ഡൈയിംഗ്‌ ആന്‍ഡ്‌ പ്രിന്റിംഗ്‌ കേന്ദ്രം നിര്‍മ്മിക്കാനും തീരുമാനമായി. ആദ്യഘട്ടമെന്ന നിലയില്‍ ഡിജിറ്റല്‍ പ്രിന്റിംഗ്‌ മെഷീന്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കു. അതിനുപറ്റിയ വിദഗ്‌ദ്ധരും മറ്റും ഇവിടെയുണ്ട്‌. അങ്ങനെ കേരളത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുളള നടപടികളുമായി മുന്നോട്ടുപോകുകയാണ്‌ പിണറായി സര്‍ക്കാരും വ്യവസായ വകുപ്പും. ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റിന്റെ ഒരു ഫാക്ടറി വെളളൂര്‍ ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അതുപൂട്ടി. ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ കേരളസര്‍ക്കാര്‍ നടത്തിയെങ്കിലും അനുവദിച്ചില്ല. വനംവകുപ്പിന്റെ 2000 ഏക്കറോളം സ്ഥലം ഇതിന്റെ ഭാഗമായി നല്‍കിയിരുന്നു. ഇടതുസര്‍ക്കാര്‍ വന്ന ശേഷം ആ സ്ഥലം തിരികെ ലഭിക്കുന്നതിന്‌ നിയമപരമായ നീക്കം നടത്തി. നിലവില്‍ അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണയായിട്ടുണ്ട്‌. ആ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം തന്നെ ഏകദേശം 800 ഏക്കറോളം വരും വനം വകുപ്പ്‌ നല്‍കിയ ഭൂമി ഉള്‍പ്പെടെ 2800 ഏക്കറോളം വരും. ഉടനെ തന്നെ സ്ഥലം കേരളത്തിന്‌ സ്വന്തമാകും. അവിടെ നമുക്ക്‌ ഒരു പുതിയ സംരംഭം തുടങ്ങാനാവും. പിന്നെ സംരംഭങ്ങള്‍ തുടങ്ങാന്‍ സ്ഥലം നല്‍കുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. അതായത്‌ 5 കോടി രൂപയ്‌ക്ക്‌ ഒരേക്കര്‍ സ്ഥലം എന്ന രീതിയില്‍ ലീസിന്‌ നല്‍കുന്നു. ആദ്യം നിശ്ചിതശതമാനം തുക ആദ്യ ഗഡുവായി അടയ്‌ക്കണം. പിന്നീട്‌ സംരംഭം തുടങ്ങി പെര്‍മിറ്റൊക്കെ എടുത്ത ശേഷം പലിശ സഹിതം ഗഡുക്കളായി ബാക്കി തുക അടച്ചുതീര്‍ക്കാം. കാഞ്ഞങ്ങാട്‌ നൂറേക്കര്‍ സ്ഥലം ഈ രീതിയില്‍ സംരംഭങ്ങള്‍ക്ക്‌ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്‌.

മഹാമാരി കാലത്ത്‌ വ്യവസായലോകത്തിന്‌ നല്‍കാനുളള സന്ദേശം?
ഉത്‌പാദനരംഗത്ത്‌ സ്‌തംഭനാവസ്ഥയുണ്ടാകാതെ ഈ വിപത്തിനെ മനസ്സിലാക്കി ജാഗ്രതയോടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കുക. ഉത്‌പാദനമേഖല സ്‌തംഭിച്ചാല്‍ ജനങ്ങള്‍ക്ക്‌ തൊഴിലില്ലാതെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ രോഗപ്രതിരോധനടപടികള്‍ വിട്ടുവീഴ്‌ചയില്ലാതെ പാലിക്കുന്നതിനോടൊപ്പം കാര്‍ഷിക-വ്യാവസായിക മേഖലയില്‍ ഉത്‌പാദനവര്‍ദ്ധനവിനുളള, ജനജീവിതം മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സജീവ പങ്കാളിത്തമുണ്ടാകണം. തീര്‍ച്ചയായും നിലവിലെ സാഹചര്യത്തെ മാറ്റിയെടുക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാം. മികച്ച ലക്ഷ്യബോധത്തോടെ നമുക്ക്‌ ഈ കാലം കടന്ന്‌ മുന്നേറാം. ലോകം ആ പാതയിലാണ്‌. സംരംഭകലോകവും ആ ദൗത്യം ഏറ്റെടുക്കണം.

നവീകരണത്തിന്റെ ഭാഗമായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡില്‍ (കെഎംഎംഎല്‍) പുതിയ ഫില്‍ട്ടര്‍ ആന്റ്‌ ഡ്രയര്‍ യൂണിറ്റ്‌ സ്ഥാപിക്കുന്നു. 65 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുത്തന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 5 ടിപിഎച്ച്‌ (ടണ്‍ പെര്‍ അവര്‍) പ്രഷര്‍ ഫില്‍ട്ടര്‍ ആന്റ്‌ സ്‌പിന്‍ ഫ്‌ളാഷ്‌ ഡ്രയര്‍ യൂണിറ്റ്‌ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഉല്‍പ്പാദന ചെലവില്‍ പ്രതിവര്‍ഷം 12 കോടി രൂപയോളം ലാഭമുണ്ടാകും.

കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. 2019 ഓഗസ്റ്റ്‌ 30 വരെ 10 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ്‌ സ്ഥിരപ്പെടുത്തുക. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ്‌ സ്ഥാപനം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌.


അങ്കണവാടി ജീവനക്കാര്‍ക്കായി വിതരണം ചെയ്യാന്‍ യൂണിഫോം സാരികള്‍ ഒരുങ്ങുകയാണ്‌. അങ്കണവാടി ജീവനക്കാര്‍ക്കായുള്ള ഓവര്‍ക്കോട്ടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ വ്യവസായ വകുപ്പിന്‌ കീഴിലുള്ള കേരള സംസ്ഥാന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ സാരികള്‍ ഒരുക്കുന്നത്‌. ആരോഗ്യ വകുപ്പിനു വേണ്ടിയാണ്‌ കെ എസ്‌ ടി സി സാരികള്‍ തയ്യാറാക്കുന്നത്‌. രണ്ട്‌ യൂണിഫോം സാരികള്‍ വീതമാണ്‌ വിതരണം ചെയ്യുക.സംസ്ഥാനത്തെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 അങ്കണവാടി ഹെല്‍പര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. 400 രൂപ വിലയുള്ള കസവ്‌ ജരിക്‌ മാത്രമുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടന്‍ സാരിയുമാണ്‌ വിതരണം ചെയ്യുന്നത്‌. 5.30 കോടി രൂപയാണ്‌ പദ്ധതിക്കായി അനുവദിച്ചത്‌.

വ്യവസായ വകുപ്പിന്റെയും കേരളാ ബ്യൂറോ ഓഫ്‌ ഇന്റസ്‌ട്രിയല്‍ പ്രമോഷന്റെയും (കെ-ബിപ്‌‌) പുതിയ വെബ്‌സൈറ്റുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. വ്യവസായ വകുപ്പിന്റെ www.keralaindustry.org എന്ന വെബ്‌സൈറ്റാണ്‌ പുനര്‍രൂപകല്‍പന ചെയ്‌തത്‌. www.kbip.org എന്നതാണ്‌ കെ-ബിപ്പിന്റെ പുതിയ വെബ്‌സൈറ്റ്‌.

ഉത്‌പാദനമേഖല സ്‌തംഭിച്ചാല്‍ ജനങ്ങള്‍ക്ക്‌ തൊഴിലില്ലാതെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ രോഗപ്രതിരോധനടപടികള്‍ വിട്ടുവീഴ്‌ചയില്ലാതെ പാലിക്കുന്നതിനോടൊപ്പം കാര്‍ഷിക-വ്യാവസായിക മേഖലയില്‍ ഉത്‌പാദനവര്‍ദ്ധനവിനുളള, ജനജീവിതം മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സജീവ പങ്കാളിത്തമുണ്ടാകണം. തീര്‍ച്ചയായും നിലവിലെ സാഹചര്യത്തെ മാറ്റിയെടുക്കാന്‍ കഴിയും

പുതുവര്‍ഷ സന്ദേശം
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത്‌ തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ്‌ പുതിയ വര്‍ഷത്തിലേക്ക്‌ നമ്മള്‍ കടക്കുന്നത്‌. അതിജീവനത്തിന്റെയും കരുതലിന്റെയും വര്‍ഷം കഴിഞ്ഞുപോകുമ്പോള്‍ ലോകത്തിനാകെ മാതൃകതീര്‍ക്കാന്‍ നമുക്കായി. കൊവിഡ്‌ മഹാമാരിക്കെതിരെയുള്ള പോരാട്ടം പുതുവര്‍ഷത്തിലും അവസാനിക്കുന്നില്ല. കരുതല്‍ കൈവിടാതെ 2021നെ സന്തോഷത്തോടെ നമുക്ക്‌ വരവേല്‍ക്കാം. നാട്ടില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഹൃദയംതൊട്ടു എന്നത്‌ ഈ വര്‍ഷത്തെ ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്‌. വിവിധ പദ്ധതികളിലൂടെ വ്യവസായ കായിക യുവജനകാര്യ മേഖലകള്‍ ജനകീയമാക്കാനായി. ജനങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണ കൈമുതലാക്കി മുന്നേറുകയാണ്‌ ഈ സര്‍ക്കാര്‍. പുതുവര്‍ഷത്തിലും നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിച്ച്‌ ചുവടുവെയ്‌ക്കാം. ഏവര്‍ക്കും പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകള്‍.
 

Post your comments