Global block

bissplus@gmail.com

Global Menu

ലോകത്തെ ഞെട്ടിച്ച് ഇലോൺ മസ്‌ക്; ലോക കോടിശ്വര പട്ടികയിൽ രണ്ടാമത്

ടെസ് ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്‌ക് ബില്‍ ഗേറ്റ്‌സിനെയും മറികടന്നു. ഇതോടെ ലോക കോടീശ്വര പട്ടികയില്‍ 49കാരനായ മസ്‌ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ മറികടന്ന് എലോണ്‍ മസ്‌ക് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ഏറെ ദിവസങ്ങള്‍ക്ക് മുമ്പല്ലായിരുന്നു. എന്നാലിപ്പോള്‍ അതും കടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മസ്‌ക്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് എലോണ്‍ മസ്‌ക് ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത്. ഏറെ കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബില്‍ ഗേറ്റ്‌സ് 2017 മുതല്‍ സ്വന്തമാക്കി വച്ചിരുന്ന സ്ഥാനമാണിത്. എന്തായാലും 49 കാരനായ എലോണ്‍ മസ്‌കിന്റെ ജീവിതത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്നാണിത്.128 ബില്യണ്‍ ഡോളര്‍ ആണ് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം എലോണ്‍ മസ്‌കിന്‍രെ ആസ്തി മൂല്യം. ഇതേ ആസ്തി മൂല്യം തന്നെയാണ് ബില്‍ ഗേറ്റ്‌സിനും കാണിച്ചിരിക്കുന്നത് എങ്കിലും നേരിയ വ്യത്യാസത്തില്‍ മസ്‌ക് ആണ് മുന്നില്‍.

ഒരുപക്ഷേ, ലോക സമ്പന്നരുടെ പട്ടികയില്‍ തന്നെ ഇത്തരമൊരു നേട്ടം ആദ്യമായിട്ടായിരിക്കും. കഴിഞ്ഞ വര്‍ഷം, ഈ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ എലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ ഉണ്ടായ വര്‍ദ്ധന 100 ബില്യണ്‍ ഡോളറിന്റേതാണ്. ഒന്നാം സ്ഥാനത്തുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ 67 ബില്യണ്‍ ആസ്തിമൂല്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വൈദ്യുതി കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകന്‍ ആണ് എലോണ്‍ മസ്‌ക്. ടെസ്ലയുടെ ഓഹരി മൂല്യത്തില്‍ ഉണ്ടായ വന്‍ കുതിപ്പാണ് ഇപ്പോള്‍ മസ്‌കിനെ സമ്പത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നത്. ടെസ്ലയുടെ വിപണി മൂല്യം 500 ബില്യണ്‍ ഡോളറിനോട് അടുക്കുകയാണിപ്പോള്‍. 2020 ജനുവരിയില്‍ എവിടെയായിരുന്നു എലോണ്‍ മസ്‌ക് എന്ന് കൂടി ഒന്ന് പരിശോധിക്കേണ്ടതാണ്. ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് പ്രകാരം മുപ്പതിയഞ്ചാം സ്ഥാനത്തായിരുന്നു അദ്ദേഹം. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള ഈ കാലഘട്ടത്തില്‍ ആസ്തി മൂല്യത്തില്‍ മൊത്തമുണ്ടായ വര്‍ദ്ധന 100.3 ബില്യണ്‍ ഡോളര്‍ ആണ്.

ഏറെക്കാലം ലോക സമ്പന്നരില്‍ ഒന്നാം സ്ഥാനത്തായിരുന്നു മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ആമസോണിന്റെ വരവോടെയാണ് 2017 ല്‍ ബില്‍ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബില്‍ ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തിനും താഴെ പോയിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ എലോണ്‍ മസ്‌കിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും സംഭവ ബഹുലമായ ദിനങ്ങള്‍ ആണ്. അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത് ഈ സമയത്താണ്. അദ്ദേഹത്തിന്റെ റോക്കറ്റ് കമ്പനി നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശത്തെത്തിച്ചു, പിന്നെ അദ്ദേഹത്തിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല എസ് ആന്റ്പി 500 ഇന്‍ഡക്‌സില്‍ ഉള്‍പ്പെട്ടു, അതിന് ശേഷം മാർക്ക് സക്കർബർഗിനെ മറികടന്ന് ലോക സന്പന്നരുടെ പട്ടികയിൽ മൂന്നാമതെത്തി. ഇപ്പോഴിതാ, ബിൽ ഗേറ്റ്സിനെ വെട്ടിച്ച് രണ്ടാം സ്ഥാനത്തും എത്തിയിരിക്കുന്നു.

എന്തായാലും സന്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്തിന് ഇപ്പോഴും അർഹൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെ. 2017 ന് ശേഷം ഒരിക്കൽ മാത്രമേ ആ പദവി ബെസോസിന് നഷ്ടമായിട്ടുള്ളു. നിലവിൽ 182 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ഇത് 200 ബില്യൺ ഡോളർ വരെ അടുത്തിടെ മറികടന്നിരുന്നു.

Post your comments