Global block

bissplus@gmail.com

Global Menu

അദാനിക്ക് ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തുമുണ്ട് പിടി.....

വിഴിഞ്ഞം രാജ്യാന്തര തുറമുഖനിർമാണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നതിനിടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ശ്രീലങ്കയിലെ കൊളംബോ, മ്യാൻമറിലെ യാങ്കൂൺ, ബംഗ്ലദേശിലെ ചിറ്റഗോങ് തുറമുഖങ്ങളിൽ നിക്ഷേപത്തിനൊരുങ്ങുന്നു. വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വികസിപ്പിക്കാനും മറ്റു തുറമുഖങ്ങളിലെ ടെർമിനലുകൾ ഏറ്റെടുത്തു ഫീഡർ പോയിന്റുകളാക്കാനുമാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

നിലവിൽ ഇന്ത്യയിലേക്കുള്ള വമ്പൻ ചരക്കു കപ്പലുകളിൽ (മദർ ഷിപ്) മുക്കാൽ പങ്കും എത്തുന്നത് കൊളംബോ തുറമുഖത്താണ്. അവിടെ നിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്കു ഫീഡർ വെസലുകൾ വഴിയാണു ചരക്ക് എത്തിക്കുന്നത്. ഇതുമൂലം ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ വരുമാനം ഭൂരിഭാഗവും ലഭിക്കുന്നത് ശ്രീലങ്കയ്ക്കാണ്. ഇന്ത്യയിലേക്കു ചരക്കെത്തിക്കാൻ അധികച്ചെലവും വരുന്നു. വിഴിഞ്ഞം തുറമുഖം തുറക്കുന്നതോടെ ഇന്ത്യയിലേക്കുള്ള മദർഷിപ്പുകളെല്ലാം ഇവിടെയെത്തുമെന്നാണ് കണക്കുകൂട്ടൽ. 

കൊളംബോയിലെ ഈസ്റ്റ് ടെർമിനൽ വികസനത്തിനാണ് ഇന്ത്യ–ശ്രീലങ്ക സർക്കാരുകൾ ധാരണയിലെത്തിയിരിക്കുന്നത്. നേരത്തേ ചൈനീസ് കമ്പനികൾക്കു തുറമുഖവികസനത്തിനു കരാർ നൽകിയിരുന്നെങ്കിലും പിന്നീടു സ്തംഭിക്കുകയായിരുന്നു. ഇത് ഏറ്റെടുത്തു വികസിപ്പിക്കാനാണ് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഒരുങ്ങുന്നത്. ഇതിന്റെ നിയന്ത്രണം ലഭിക്കുന്നതോടെ വിഴിഞ്ഞം തുറമുഖവുമായി ഏകോപിപ്പിച്ച് കൂടുതൽ ചരക്കുകപ്പലുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. 

ഈ വർഷം ഡിസംബറിൽ വിഴിഞ്ഞം തുറമുഖനിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്നു പണി മുടങ്ങിയതിനാൽ സമയം നീട്ടി നൽകണമെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം പകുതിയോടെ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Post your comments