Global block

bissplus@gmail.com

Global Menu

20 ലക്ഷം കോടിയുടെ പാക്കേജിൽ എന്തെല്ലാം?

സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ അഭിയാൻ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പദ്ധതിയുടെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. ഏഴു മേഖലകളിലായി പതിനഞ്ചു നടപടികളാണ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.  
∙ എംഎസ്എംഇക്ക് മൂന്നു ലക്ഷം കോടി രൂപ വായ്പ

ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭകളുടെ (എംഎസ്എംഇ) നിർവചനം ഇനി ഇങ്ങനെ....

നാമമാത്ര: ഒരു കോടി വരെ നിക്ഷേപവും 5 കോടി വരെ വിറ്റുവരവും 
ചെറുകിട സംരംഭം: 10  കോടി വരെ നിക്ഷേപവും 50  കോടി വരെ വിറ്റുവരവും
ഇടത്തരം: 20  കോടി വരെ നിക്ഷേപവും 100  കോടി വരെ വിറ്റുവരവും

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്(മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് – എംഎസ്എംഇ) മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ഇതിലൊന്ന്. ഈ വായ്പയുടെ കാലാവധി നാലു വർഷമായിരിക്കും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. ഈട് ആവശ്യമില്ല. ഒക്ടോബർ 31 വരെ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം സംരംഭകർക്ക് ഇതിന്റെ ഗുണം ലഭിക്കും. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയവും നൽകും. ഇതോടൊപ്പം പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി നൽകും. 

∙ എംഎസ്എംഇ നിർവചനത്തിൽ മാറ്റം

പ്രതിവർഷം അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനം സൂക്ഷ്മ (മൈക്രോ) വിഭാഗത്തിലും അഞ്ചു കോടി  മുതൽ 75 കോടി രൂപവരെയുള്ളവ ചെറുകിട (സ്മോൾ) വിഭാഗത്തിലും 75 കോടി മുതൽ 250 കോടിവരെയുള്ളവ ഇടത്തരം (മീഡിയം) വിഭാഗത്തിലും ഉൾപ്പെടുത്തി വന്ന രീതിക്കു മാറ്റം വരുത്തുന്നതായും ധനമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായാണ് ഈ തീരുമാനം.

പ്ലാന്റ്, മെഷിനറി, മറ്റുപകരണങ്ങൾ എന്നിവയ്ക്ക് ചെലവാക്കിയ തുക അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ ഈ വിഭാഗങ്ങളെ വേർതിരിച്ചിരുന്നതെങ്കിൽ അതിൽ നിന്ന് മാറി നിക്ഷേപവും വാർഷിക വരുമാനവും എന്ന മാനദണ്ഡമായിരിക്കും എംഎസ്എംഇകൾക്ക് ബാധകം. ഇതുപ്രകാരം ഒരു കോടി രൂപ വരെ നിക്ഷേപവും അ‍ഞ്ചു കോടി രൂപ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ സൂക്ഷ്മവിഭാഗത്തിലും 10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾ ഇനി മുതൽ ഇടത്തരം വിഭാഗത്തിലും ഉൾപ്പെടും. ഉത്പാദനം, സേവനം എന്നിങ്ങനെ വ്യത്യസ്തമായി എംഎസ്എംഇകളെ കണക്കാക്കിയ രീതിക്കും മാറ്റം വരുത്തി. ഇനി മുതൽ ഉത്പാദനം, സേവനം എന്നീ രണ്ടു വിഭാഗങ്ങളെയും ഒന്നായിട്ടാകും കണക്കാക്കുക.

∙ ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 % കുറച്ചു 

വ്യക്തിയുടെ വരുമാനത്തിൽ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകൾ 25 ശതമാനം കുറച്ചു. 2021 മാർച്ച് 31 വരെ ഇതിനു പ്രാബല്യമുണ്ടാകും. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പുതിയ നിരക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. വാടക പലിശ, ഫീസുകൾ, കമ്മീഷൻ തുടങ്ങിയവയിലാണ് ടിഡിഎസ് ഈടാക്കുന്നത്. നികുതിദായകർക്ക് ഇതിലൂടെ 50,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31 നും ഒക്ടോബർ 31 നും സമർപ്പിക്കേണ്ട നികുതി റിട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി. ടാക്സ് ഓഡിറ്റിന് ഒക്ടോബർ 31  വരെ സാവകാശം നൽകി.

മറ്റു പ്രധാനപ്രഖ്യാപനങ്ങൾ 
∙ 72.22 ലക്ഷം ജീവനക്കാരുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം കൂടി കേന്ദ്രസർക്കാർ അടയ്ക്കും. 15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.
∙ 2020 മാർച്ച് 25 നോ അതിനു മുൻപോ കാലാവധി അവസാനിക്കേണ്ടിയിരുന്ന എല്ലാ റജിസ്റ്റേഡ് പദ്ധതികളുടെയും റജിസ്ട്രേഷനും പൂർത്തികരണ കാലാവധിയും ആറു മാസം നീട്ടി നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഭവന നിർമാണ മന്ത്രാലയം നിർദേശം നൽകും. 
∙ ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് ധനലഭ്യത ഉറപ്പാക്കാൻ 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീം. ∙സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ ഇനി അനുവദിക്കില്ല. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മേക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനും ഇതു സഹായിക്കും. 
∙ വൈദ്യുതി കമ്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക.  
∙ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരന്റി സ്കീം. 
∙ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം.
∙ 41 കോടി പേർക്ക് ഇതുവരെ 52,606 കോടി രൂപ നൽകി. 
∙ പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി. 
∙ തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം. വായ്പാ രൂപത്തിലാകും ഈ മൂലധനം ലഭ്യമാക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും ഇതിനായി അപേക്ഷിക്കാം. 
∙ സർക്കാർ കരാറുകൾ ആറു മാസം നീട്ടി നൽകും. റെയിൽവേ, റോഡ് ഗതാഗത മന്ത്രാലയം, പിഡബ്ല്യൂഡി തുടങ്ങിയ ഏജൻസികൾക്കാണ് ഇത് ബാധകം. ഭാഗികമായി പൂർത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്റി റിലീസ് ചെയ്യും. 

Post your comments