Global block

bissplus@gmail.com

Global Menu

മൂക്കറ്റം കടംകേറി ബിആര്‍ ഷെട്ടി; അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

അമ്പതിനായിരം കോടി രൂപയുടെ കടവുമായി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു.  എന്‍എംസി, യുഎഇ എക്‌സ്‌ചെയിഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായ ബിആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും മരവിപ്പിക്കാൻ നിർദേശം. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് നിർദേശം നൽകിയിരിക്കുന്നത്.

ഷെട്ടിക്ക് നിക്ഷേപമുള്ള എല്ലാ ബാങ്കുകളിലെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഷെട്ടിയുമായി ബന്ധപ്പെട്ട എല്ലാ കമ്ബനികളെയും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട് . യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്ററിന് യു.എ.ഇയില്‍ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. കഴിഞ്ഞയാഴ്ച യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ നിര്‍ദേശക്കുറിപ്പിലാണ് ഷെട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറല്‍ അറ്റോര്‍ണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്. ഗള്‍ഫ് ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഇപ്പോള്‍ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങള്‍ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .

ഷെട്ടിയും കുടുംബാംഗങ്ങളും ഇതുവരെ നടത്തിവന്ന പണമിടപാടുകളെ സംബന്ധിച്ചും നിക്ഷേപങ്ങളെ സംബന്ധിച്ചും സെന്‍ട്രല്‍ ബാങ്ക് വിവരങ്ങള്‍ തേടിയിട്ടുണ്ട്. മറ്റ് എക്‌സ്‌ചേഞ്ചുകളെക്കാള്‍ കൂടുതല്‍ നിരക്ക് വാങ്ങിയായിരുന്നു ഷെട്ടി പണമിടപാടുകള്‍ നടത്തിവന്നിരുന്നന്ത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എന്‍.എം.സിക്ക് 8 ബില്ല്യണ്‍ ദര്‍ഹം കടബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്‍.എം.സിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് അബുദാബിയിലെ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് എന്‍.എം.സിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍.എം.സിക്ക് എ.ഡി.സി.ബിയില്‍ ഉള്ളത്.

മഡി വാട്ടേഴ്സ് എന്ന അമേരിക്കന്‍ മാര്‍ക്കറ്റിംഗ് റിസര്‍ച്ച് സ്ഥാപനമാണ് ഷെട്ടിയുടെ സ്ഥാപനത്തിന് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചത്.തുടര്‍ന്ന് എന്‍എംസിയുടെ സ്റ്റോക്ക് വില ഇടിഞ്ഞ് തകര്‍ന്നു. 450 കോടി ഡോളറിന്റെ കടം കമ്പനി ഒളിച്ച് വെച്ചതായുളള വിവരം പുറത്ത് വന്നു.ഇതിന് പിന്നാലെ എന്‍എംസിയുടെ ഡയറക്ടര്‍ ആന്‍ഡ് നോണ്‍ എക്സിക്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഷെട്ടി രാജി വെച്ചു.

ഏതാണ്ട് 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍.എം.സിക്ക് ഉണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.അബുദാബിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് ഗള്‍ഫ് ജീവിതം ആരംഭിച്ച ഷെട്ടി 2015ല്‍ ഫോബ്‌സ് മാഗസിനില്‍ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. 2009ല്‍ ഷെട്ടിക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു.

നാട്ടിലെ കടം തീര്‍ക്കാന്‍ കഷ്ടപ്പെട്ട് ഗള്‍ഫിലെ വമ്പന്‍ വ്യവസായികളുടെ പട്ടികയില്‍ ഇടംനേടി കോടീശ്വരനായി തീര്‍ന്ന വ്യക്തിയാണ് ബിആര്‍ ഷെട്ടി. വലിയ കടബാധ്യതകളില്‍പ്പെട്ട് ബിആര്‍ ഷെട്ടിയുടെ തകര്‍ച്ച ഇപ്പോള്‍ പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.രണ്ടാമൂഴം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബിആര്‍ ഷെട്ടി എന്ന പേര് മലയാളികള്‍ കേട്ട് പരിചയിക്കുന്നത്. ആയിരം കോടിയുടെ സിനിമാ പദ്ധതി വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് രണ്ടാമൂഴം ഉപേക്ഷിക്കുകയും തുടര്‍ന്ന്‌ മഹാഭാരതം സിനിമ ചെയ്യുമെന്നും ബിആര്‍ ഷെട്ടി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

Post your comments