Global block

bissplus@gmail.com

Global Menu

പ്രമുഖ പ്രവാസി വ്യവസായിയും കേരളത്തിലെ ഏറ്റവും വലിയ വീടിന്‍റെ ഉടമയുമായ ജോയി അറയ്ക്കൽ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അറയ്ക്കല്‍ ജോയി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം നടന്നത്. മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ്  അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. ജോയി  അറയ്ക്കല്‍ ഒരു വര്‍ഷം മുമ്പ് മാനന്തവാടി ടൗണില്‍ നിര്‍മ്മിച്ച ' അറയ്ക്കല്‍ പാലസ' എന്ന വീട് കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നാണെന്ന വിശേഷണം നേടിയതാണ്. ഒരു വര്‍ഷം മുമ്പാണ് 45000 സ്‌ക്വയര്‍ഫീറ്റുള്ള അറക്കല്‍ പാലസ് എന്ന വീട്ടില്‍ താമസം തുടങ്ങിയത്.

വയനാട്ടിലെ കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്‌നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കല്‍ ജോയി. ഗള്‍ഫില്‍ പെട്രോകെമിക്കല്‍ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യുഎഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയില്‍ വ്യാപാരത്തിലായിരുന്നു സജീവം. തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടില്‍ വന്ന് പോയത്. വയനാട്ടിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു ജോയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജോയിയുടെ സഹായമെത്താത്ത മേഖല മാനന്തവാടിയില്‍ കുറവാണ്.

അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അദ്ദേഹം നിരവധി കമ്പനികളില്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി. വയനാട്ടിലെ നിരവധിയായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ജോയി. ഡയാലിസിസ്, ഭവനനിര്‍മാണ പദ്ധതികള്‍ക്കും പിന്തുണ നല്‍കിയിരുന്നു. വന്‍കിട നിക്ഷേപകര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ്കാര്‍ഡ് വിസയും ലഭിച്ചിരുന്നു. 

മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. മരണവിവരമറിഞ്ഞത് മുതല്‍ വള്ളിയൂര്‍ക്കാവി റോഡിലെ അറയ്ക്കല്‍ പാലസിലേക്ക് ജനപ്രതിനിധികളും വ്യവസായ പ്രമുഖരുമടക്കം നാടൊന്നാകെയെത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ആളുകളെ വീടിനകത്തേക്ക് പ്രവേശിപ്പിച്ചത്. സാധാരണക്കാരനായി ജീവിച്ച ജോയി പിന്നീട് ധനികനായെങ്കിലും നല്ലൊരു ശതമാനവും ചിലവഴിച്ചത് പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

അരുണ്‍ അഗ്രോ ഫാംസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ അഗ്രോ വെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി, ഹെഡ്ജ് ഇക്യൂറ്റീസ് ലിമിറ്റഡ്, കോഫീ ഇന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, പെട്രോള്‍ ഇന്നോവ പ്രൈവറ്റ് ലിമിറ്റഡ്, അരുണ്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്റ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ദി ഫ്രിംഗ് ഫോര്‍ഡ് എസ്റ്റേറ്റ്‌സ് എന്നിവയില്‍ പ്രധാന ഓഹരി ഉടമയായിരുന്നു ജോയി അറക്കല്‍. 2009 മുതലാണ് കൂടുതല്‍ കമ്പനികള്‍ തുടങ്ങിയതും നിക്ഷേപം നടത്തിയതും. കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്ന് കഠിനാദ്ധ്വാനം കൊണ്ട് ആഗോള തലത്തില്‍ അറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. സെലിനാണ് ഭാര്യ. മക്കള്‍: അരുണ്‍, ആഷ്‌ലി. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർഥികളാണ്. പുതുശേരി വഞ്ഞോട് അറയ്ക്കല്‍ ഉലഹന്നാന്റെയും പരേതനായ ത്രേസ്യയുടെയും മകനാണ് ജോയി. ചാക്കോ, വര്‍ഗീസ്, മേരി, അന്ന ജോണി എന്നിവരാണ് സഹോദരങ്ങള്‍.

Post your comments