Global block

bissplus@gmail.com

Global Menu

കോവിഡ് ലോക്ക്ഡൗണ്‍; ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്ന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചു. മറ്റ് ലീഡിംഗ് ഇ-കൊമേഴ്സ് പോര്‍ട്ടലുകളായ ആമസോണ്‍, സ്നാപ്ഡീല്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്സ് എന്നിവയ്ക്കും സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ആമസോണും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി മാത്രമേ നടത്തുന്നുള്ളു. ഉടന്‍ തന്നെ താല്‍ക്കാലികമായി ഇവരുടെ സേവനവും നിര്‍ത്തിവയ്ക്കപ്പെടും.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്താണ് തങ്ങള്‍ താല്‍ക്കാലികമായി സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കുന്നതെന്നും ഫ്‌ളിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.

24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്കൊപ്പം ചരക്ക് നീക്കത്തിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളുടെ ബിസിനസ്സ് നടത്തുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു.

ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഇ-കൊമേഴ്സ് വിതരണക്കാരെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സപ്ലൈ-ചെയിന്‍ ശൃംഖലയിലുള്ള തകര്‍ച്ചയാണ് എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളേയും താല്‍ക്കാലികമായി സേവനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ പോലെ ജീവനക്കാരുടേയും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് സേവനങ്ങള്‍ കോവിഡ് ഭീഷണി മാറും വരെ നിര്‍ത്തി വെയ്ക്കുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.

Post your comments