Global block

bissplus@gmail.com

Global Menu

മാലിന്യസംസ്‌കരണം ഭാവി തലമുറയിലേക്ക് എത്തിക്കുന്നതിന് കേരളം മികച്ച മാതൃക: മുഖ്യമന്ത്രി

മാലിന്യ സംസ്‌ക്കരണം മികച്ച രീതിയില്‍ ഭാവി തലമുറയിലേക്കെത്തിക്കാന്‍ സംസ്ഥാനം ഇതിനോടകം തന്നെ മികച്ച മാതൃക തീര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരളം മിഷന്‍ കനകക്കുന്ന് സൂര്യകാന്തിയില്‍ സംഘടിപ്പിച്ച ശുചിത്വ സംഗമം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ശുചിത്വ കാര്യങ്ങളില്‍ ഭാവിതലമുറയുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നമുക്ക് സാധിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്‌ക്കരണവും പ്ലാസ്റ്റിക് ബദല്‍ മാതൃകകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ചെലുത്തുവാനും അവരിലൂടെ മുതിര്‍ന്നവരിലേക്ക് ഇവ എത്തിക്കുന്നതിനും പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ നിലനില്‍ക്കുകയും തുടര്‍ന്നു കൊണ്ടുപോകുന്നതിനും നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് നാടാകെ ശുചിയായിരിക്കുക എന്നതു തന്നെയാണ്. ഉറവിട മാലിന്യ സംസ്‌ക്കരണമാണ് ഇക്കാര്യത്തില്‍ പ്രമുഖമായി എടുക്കേണ്ടത്. ഉറവിട മാലിന്യ സംസ്‌ക്കരണത്തെപറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയശീലങ്ങള്‍ തുടരുകയാണ് പലരും. കൂടുതല്‍ നല്ല നിലയില്‍ ശുചീകരണകാര്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ശുചീകരണമെന്നാല്‍  പരിസരമാകെ പൂര്‍ണമായി വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. എല്ലാ പാഴ് വസ്തുക്കളും ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന ശീലം നമുക്കുണ്ട്. അതിന്റെ ഫലമായി ഒട്ടമിക്ക ജലാശയങ്ങളും മലീമസമായിരുന്നു. ഇവ ശുദ്ധിയാക്കി തുടങ്ങിയതോടെ വെളളത്തിന് അതിന്റെ സ്വാഭാവിക നിറത്തിലേക്കും ശുദ്ധിയിലേക്കും എത്താന്‍ സാധിച്ചു.

നീരുറവകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനം നാട്ടുകാര്‍കൂടെ ഏറ്റെടുത്തതോടെ നദികളും  തോടുകളും കിണറുകളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ നമുക്ക്  ഒരു പരിധിവരെ വീണ്ടെടുക്കാനുമായിട്ടുണ്ട്. തലസ്ഥാനത്തെ പാര്‍വതീ പുത്തനാര്‍ പോലെയുള്ള ജലാശയങ്ങളില്‍ ജലപാതകളുടെ നവീകരണം നടത്തിയും ശുദ്ധമാക്കല്‍ പ്രക്രിയയെ സഹായിച്ചു. ഇവയെല്ലാം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ശുചീകരണത്തിന് ഉറവിട മാലിന്യ സംസ്‌കരണം പോലെ പ്രധാനപ്പെട്ടതാണ് കേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനവും. സ്ഥലപരിമിതിയുളള നഗരപ്രദേശങ്ങളില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉളളില്‍ വിളപ്പില്‍ശാല മാലിന്യസംസ്‌കരണ കേന്ദ്രം പോലെ ചില മോശം മാതൃകകള്‍ കിടക്കുന്നതിനാലാണ് അവര്‍ക്ക് ആശങ്കയുണ്ടാകുന്നത്. ഇക്കാര്യത്തില്‍ നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച പ്ലാന്റുകള്‍ നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഒരു പ്രയാസവും അനുഭവപ്പെടാതെ ആധുനിക മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ അധ്യക്ഷ അഡ്വ: തുളസീഭായിക്ക് നല്‍കിയാണ് മുഖ്യമന്ത്രി ശുചിത്വസംഗമം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ 2020ലെ  ഹരിത അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. മികച്ച കോര്‍പ്പറേഷനായി തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും മികച്ച മുനിസിപ്പാലിറ്റിയായി മലപ്പുറം, പൊന്നാനി മുനിസിപ്പാലിറ്റിയും മികച്ച ബ്ലോക്ക് പഞ്ചായത്തായി തൃശൂര്‍, പഴയന്നൂര്‍ ബ്ലോക്കും മികച്ച ഗ്രാമപഞ്ചായത്തായി കണ്ണൂര്‍, പടിയൂര്‍ ഗ്രാമപഞ്ചായത്തും തെരഞ്ഞെടുക്കപ്പെട്ടു.

ശുചിത്വ സംഗമം 2020

 മാലിന്യ സംസ്‌കരണ രംഗത്തും ബദല്‍ ഉത്പന്ന പ്രചാരണത്തിലും മികച്ച ചുവടുവെയ്പ്

 ഡോ. ടി.എന്‍.സീമ (എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍, ഹരിതകേരളം മിഷന്‍)

 

കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പിനായി അക്ഷീണം പ്രവര്‍ത്തിക്കുകയാണ് ഹരിതകേരളം മിഷന്‍. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്ത് നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളും അവതരിപ്പിക്കുന്നതിനായാണ് ശുചിത്വ സംഗമം 2020 സംഘടിപ്പിച്ചത്. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങള്‍ പഠിക്കുക, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രവര്‍ത്തനാനുഭവം പങ്കിടുക, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രീതിയില്‍ ഇതുവരെ കൈവരിച്ച നേട്ടം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരിക, നിലവിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ രംഗത്തെ പരിമിതികള്‍ മനസ്സിലാക്കുകയും പരിഹരിക്കാനുള്ള കൂട്ടായ്മകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ശുചിത്വ സംഗമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സംസ്ഥാനത്ത് ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ആശയ രൂപീകരണവും കര്‍മ്മ പരിപാടിയും ശുചിത്വ സംഗമത്തില്‍ തയ്യാറാവുകയാണ്. ഇത്തരത്തില്‍ ശുചിത്വ സംഗമം 2020  കേരളത്തിലെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പായി മാറി.

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരമുളള വസ്തുക്കളുടേയും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള ഉപാധികളുടേയും പ്രദര്‍ശന വിപണന മേളയും ഇതോടൊപ്പം സംഘടിപ്പിച്ചു. വലിയ തോതില്‍ മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രദര്‍ശന വിപണന മേള നടന്നത്. മേള കാണാന്‍ എത്തിയവരുടെ എണ്ണം, ബദല്‍ ഉത്പന്നങ്ങളെക്കുറിച്ച് അറിയാനും അന്വേഷിക്കാനും അവര്‍ കാണിച്ച താല്പര്യം എന്നിവ ശ്രദ്ധേയമായി. 120 സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായിരുന്നത്. ബദല്‍ ഉത്പന്ന നിര്‍മ്മാണ പരിശീലനവും മേളയുടെ ഭാഗമായി നടന്നു.  ഇറ്റലി, ജര്‍മനി, ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മേള കാണാന്‍ എത്തിയ വിദേശികള്‍, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളോടും ശാസ്ത്രീയ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളോടും മലയാളികള്‍ കാണിക്കുന്ന താല്‍പ്പര്യത്തെ പ്രകീര്‍ത്തിച്ച് ശുചിത്വ സംഗമ നഗരിയിലെ സന്ദര്‍ശക ഡയറിയില്‍ കുറിപ്പ് എഴുതി.

 

ശുചിത്വ മാലിന്യ സംസ്‌കരണം, ജലസുരക്ഷ, കൃഷി വ്യാപനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടി. ഇത് മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ദ്ധിത വീര്യമാണ് നല്‍കുന്നത്. ബഹു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും മിഷന് നല്‍കി വരുന്ന പിന്തുണയും പ്രവര്‍ത്തനങ്ങളിലെ പൊതുജനപങ്കാളിത്തവും കേരളത്തിന്റെ ഹരിത സമൃദ്ധി വീണ്ടെടുക്കാനായുള്ള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ്.

ഹരിതയാത്ര

ശുചിത്വസംഗമം പ്രതിനിധികളുടെ യാത്ര നീംജി ഓട്ടോയില്‍

കനക്കുന്നില്‍ സംഘടിപ്പിക്കപ്പെട്ട ശുചിത്വ സംഗമം 2020 ല്‍ പങ്കെടുക്കുന്നതിനായി എത്തിയ പ്രതിനിധികളുടെ യാത്രയ്ക്കായി ഹരിതകേരള മിഷന്‍ ഏര്‍പ്പാടാക്കിയത് കേരളത്തിന്റെ സ്വന്തം പരിസ്ഥിതി സൗഹൃദ ഓട്ടോറിക്ഷ യായ നീം ജി ഇലക്ട്രിക് ഓട്ടോയാണ്. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയില്‍ ആദ്യ ദിനം മുതല്‍ക്കു തന്നെ നീം ജി സവാരി നടത്തി. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കനകക്കുന്നിന് പുറത്തെത്തുന്നതിന് സൗജന്യമായാണ് നീം ജി സവാരി ലഭ്യമാക്കിയതെന്നതും ശ്രദ്ധേയം. കേരളത്തിന്റെ സ്വന്തം ഓട്ടോയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ കൗതുകപൂര്‍വ്വമെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്കായും സൗജന്യസവാരി ലഭ്യമാക്കി. പുകയും ശബ്ദമലിനീകരണവുമില്ലാത്ത നീം ജിയിലെ യാത്ര മികച്ച അനുഭവമാണെന്ന് സ്‌കൂള്‍ കുട്ടികളും അധ്യാപകരും മറ്റ് യാത്രക്കാരും സാക്ഷ്യപ്പെടുത്തി. വ്യവസായ വകുപ്പിന് കീഴിലുളള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നീം ജി എന്ന കേരളത്തിലെ ആദ്യ ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയത്. കൂടുതല്‍ ഇ-ഓട്ടോകള്‍ നിരത്തിലിറക്കാനാണ് കെഎഎല്‍ പദ്ധതിയിടുന്നത്.

പ്ലാസ്റ്റിക് ബദല്‍ സംവിധാനങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത് മന്ത്രി തോമസ് ഐസക്

പ്ലാസ്റ്റിക് ബദല്‍ സംവിധാനങ്ങളെയും മാലിന്യ സംസ്‌കരണ സംവിധാനങ്ങളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത് ധനമന്ത്രി ടി.എം.തോമസ് ഐസക്. ഹരിത കേരളം മിഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച ശുച്ത്വസംഗമം 2020യിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനാണ് ധനമന്ത്രി എത്തിയത്. കുടുംബശ്രീ ക്യാന്റീനില്‍ നിന്നുളള ചേമ്പ് പുഴുങ്ങിയതും മുളക് ചമ്മന്തിയും കഴിച്ച മന്ത്രിയുടെ മുഖത്ത് ഗൃഹാതുരത്വത്തിന്റെ നിറവ്. ഓരോ സ്റ്റാളും സന്ദര്‍ശിച്ച മന്ത്രി ഓരോ ഉത്പന്നങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞതോടെ സ്റ്റാളിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും ആവേശമായി. ഓരോ ഉത്പന്നങ്ങളുടെയും നിര്‍മ്മാണരീതിയെ കുറിച്ചും പ്രയോജനത്തെ കുറിച്ചും അവര്‍ മന്ത്രിയോട് വിശദീകരിച്ചു. ചിരട്ട കൊണ്ടുളള കരകൗശല വസ്തുക്കള്‍, പാഴ്തുണികള്‍ കൊണ്ടുളള സഞ്ചികള്‍, ബാഗുകള്‍, പഴ്‌സുകള്‍ തുടങ്ങിയവ മന്ത്രികൗതുകത്തോടെ നോക്കിക്കാണുകയും അവയെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു. പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുമായി മേളയിലെത്തിയ സ്വകാര്യസംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും മന്ത്രി അഭിനന്ദിച്ചു. പ്രകൃതിക്ക് ദോഷം വരുത്താത്ത നൂതന ആശയങ്ങള്‍ക്ക് എന്നും കേരളത്തില്‍ ഇടമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കയര്‍ഫെഡ്, ബാംബു കോര്‍പറേഷന്‍, വിവിധ ജില്ലകളിലെ കുടുംബശ്രീ മിഷനുകള്‍, തിരുവനന്തപുരം നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. ശുചിത്വമിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്ലാസ്റ്റിക് സ്ട്രാ വേണ്ടേ വേണ്ട

പ്ലാസ്റ്റിക് നിരോധനം വന്ന സാഹചര്യത്തില്‍ ഇത്തിരി ജ്യൂസ് വലിച്ചുകുടിക്കണമെന്നു വച്ചാല്‍ എന്താ ചെയ്യുക? അതിനുമുണ്ട്  സുഹൃത്തേ ഒരു അടിപൊളി പ്രകൃതി സൗഹൃദ ബദല്‍. നല്ല നാടന്‍ തെങ്ങോല കൊണ്ടുണ്ടാക്കിയ സ്‌ട്രോ. പ്ലാസ്റ്റിക് സ്‌ട്രോയൊന്നും ഇതിന്റെ ഏഴയലത്തു വരില്ല. ശുചിത്വസംഗമം 2020യുടെ ഭാഗമായി നടന്ന പ്രദര്‍ശന വിണപന മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ തെങ്ങോല സ്‌ട്രോ. ബംഗലുരു കേന്ദ്രമാക്കിയുളള സ്റ്റാര്‍ട്ട് അപ് കമ്പനിയായ എവലോ ജ്യ ആണ് പ്രകൃതി സൗഹൃദ സ്ട്രാ പുറത്തിറക്കിയത്. ബംഗളുരുവിലെ ചെറുതും വലുതുമായ മിക്ക കടകളിലും ഈ സ്ട്രാ വിതരണത്തിനെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കേരളത്തില്‍ ഈ ഉത്പന്നം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് എവലോ ജ്യ ഓപ്പറേറ്റിംഗ് മാനോജര്‍ ജോഷി ജോണ്‍ പറഞ്ഞു. ബംഗളുരു മലയാളികളായ സജി, ജോഷി ജോണ്‍, ഡേവിഡ്, ജോഷി, ലിയോ, സന്ദീപ് എന്നിവരാണ് ഓല സ്ട്രായ്ക്കു പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍.

പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് ബദലായ മറ്റൊരു സ്ട്രാ  കോട്ടയം എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും കണ്ടുപിടിച്ചു. പോത എന്ന പുല്ലിന്റെ തണ്ട് കൊണ്ടുണ്ടാക്കിയ സ്ട്രാ പ്ലാസ്റ്റിക് സ്ട്രായ്ക്ക് പകരമായി ഉപയോഗിക്കാം. നാട്ടിന്‍പുറത്തെ പാടത്തും വരമ്പുകളിലും കാണുന്ന പോത എന്ന പുല്‍വര്‍ഗ്ഗത്തില്‍ പെട്ട സസ്യത്തിന്റെ തണ്ട് മുറിച്ചെടുത്ത് അകത്തെ മാര്‍ദ്ദവമുളള ഭാഗം കുത്തി പുറത്തുകളഞ്ഞ് കുഴലുപോലെയാക്കും. പിന്നീടിത് വൃത്തിയാക്കി ഉപയോഗിക്കാം. എറണാകുളം സ്വദേശി ഷിജോ ജോയ് ആണ് ആശയം മുന്നോട്ടുവച്ചത്. ഇത് കൂട്ടുകാരായ അഭിജിത്ത്, അജിത്ത് എന്നിവര്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. എം എസ് സി എണ്‍വയണ്‍മെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണിവര്‍.

ഒന്നല്ല നൂറ് പ്ലാസ്റ്റിക് ബദല്‍ മാര്‍ഗ്ഗങ്ങളുമായി ശുചിത്വസംഗമം 2020

പ്ലാസ്റ്റിക് പാടില്ലെന്നു പറയുമ്പോള്‍ പകരം മാര്‍ഗ്ഗമെന്തെന്ന് തല പുകയ്ക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വൈവിധ്യമാര്‍ന്ന നൂറ് പ്ലാസ്റ്റിക് ബദല്‍ മാര്‍ഗ്ഗങ്ങളാണ് ശുചിത്വസംഗമം 2020 ന്റെ ഭാഗമായി നടന്ന പ്രദര്‍ശന വിപണനമേളയില്‍ കണ്ടത്. പാഴ് തുണി കൊണ്ടുളള സഞ്ചികള്‍, തുണി ബാഗുകള്‍, പേപ്പര്‍ പേനകള്‍, പേപ്പര്‍ ക്യാരി ബാഗുകള്‍, വാഴനാരും ചണവും കൊണ്ടുളള ബാഗുകളും ചെരിപ്പുകളും....അങ്ങനെയങ്ങനെ ഒട്ടനവധി നിത്യോപയോഗ പ്ലാസ്റ്റിക് ബദലുകള്‍. പ്ലാസ്റ്റിക് വസ്തുക്കള്‍ക്കു പകരമുളള ഉത്പന്നങ്ങളും വീടുകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുന്ന വിധവും മേളയിലെത്തിയവരെ ബോധ്യപ്പെടുത്തി. പുനരുപയോഗിക്കാവുന്ന നോട്ട്ബുക്കുകള്‍, പേന, പെന്‍സില്‍, പേപ്പര്‍, മുള കൊണ്ടുളള ടൂത്ത് ബ്രഷുകള്‍, കോംപാക്ട് പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീനുകള്‍, ഇന്റര്‍ലോക്കിംഗ് ടൈലുകള്‍, സാനിട്ടറി നാപ്കിന്‍ ഇന്‍സിനേറ്ററുകള്‍, മാജിക് പഴ്‌സുകള്‍, ഇല സ്റ്റീല്‍ മുതലായവ കൊണ്ടുളള സ്ട്രാകള്‍, മെത്ത തുടങ്ങി അഞ്ഞൂറിലേറെ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

കൗതുകത്തോടെ ആ കുട്ടിക്കൂട്ടം

കനകക്കുന്നിലെ വ്യത്യസ്തമായ പ്രദര്‍ശന-വിപണനമേളയെ കുറിച്ചറിഞ്ഞആണ് ശാസ്താംകോട്ട മനോവികാസ് സ്‌പെഷ്യല്‍ സ്‌കൂളിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും അധ്യാപകരും എത്തിയത്. സ്‌കൂളില്‍ പേപ്പര്‍ബാഗ് നിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, പാവക്കുട്ടികളുടെ നിര്‍മ്മാണം ഇവ നടക്കുന്നുണ്ട്. ഇവയ്ക്ക് ആവശ്യക്കാരേറെയുമാണ്. കൂടുതല്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളും അവയുടെ നിര്‍മ്മാണവും മറ്റും കുട്ടികളെ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് കനകക്കുന്നിലെ മേള കാണാനായി അവരെ കൊണ്ടുവന്നത്. അവിടെ തങ്ങളെ കാത്തിരുന്ന കരവിരുതുകള്‍ അവര്‍കൗതുകത്തോടെയും ജിജ്ഞാസയോടെയും നോക്കിക്കണ്ടു.  ഓലത്തൊപ്പിയും ഊ്ത്തുമെല്ലാം സമ്മാനമായി ലഭിച്ചപ്പോള്‍ ആ കുട്ടിക്കൂട്ടത്തിന് സന്തോഷമടക്കാനായില്ല. ഒപ്പം ഇതെല്ലാം ഉണ്ടാക്കാന്‍ തങ്ങളെയും പഠിപ്പിക്കുമോ എന്ന് അവര്‍ തിരക്കി. അധ്യാപകര്‍ സ്‌നേഹത്തോടെ അവര്‍ക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു.  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഈ കുഞ്ഞുങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.അമ്പിളിയും സംസ്ഥാന ഭിന്നശേഷി നോഡല്‍ ഏജന്‍സി ചെയര്‍മാന്‍ ഡി.ജേക്കബും പറഞ്ഞു.

ശുചിത്വസംഗമം ആശയസംഗമം

നമ്മുടെ ചുറ്റുവട്ടത്ത് മറഞ്ഞുകിടക്കുന്ന ബിസിനസ് ആശയങ്ങളെ പരിചയപ്പെടുത്താനുളള വേദി കൂടിയാണ് ശുചിത്വസംഗമം പോലെയുളള പരിപാടികള്‍. പ്രദര്‍ശന-വിപണനമേളകളിലൂടെ സന്ദര്‍ശകര്‍ക്ക് വീട്ടിലിരുന്ന് കുടുംബാംഗങ്ങളോടെ സഹായത്തോടെ ചെയ്യാവുന്നതും മികച്ച വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നതുമായ നിരവധി ബിസിനസ് ആശയങ്ങള്‍ ലഭിക്കുന്നു. പുല്ലില്‍ നിന്നുളള സ്ട്രാ, ചിരട്ട തവി,ചക്ക, ഇലുമ്പി പുളി തുടങ്ങി നാം പാഴാക്കി കളയുന്ന കായ്കനികള്‍ ഉപയോഗിച്ചുളള നാടന്‍ വിഭവങ്ങള്‍ എന്നിങ്ങനെ ചുറ്റുവട്ടത്തുളളതെന്തും അധികവരുമാനത്തിനുളള ഉപാധിയാക്കി മാറ്റുന്നതിനുളള ആശയം ഇത്തരം മേളകളില്‍ നിന്ന് ലഭിക്കുന്നു. പരിശീലനം ആവശ്യമായവയ്ക്ക് സ്‌പോട്ട് പരിശീലനമോ അതല്ലെങ്കില്‍ ലഭ്യമായ സ്ഥാപനങ്ങളെ കുറിച്ചുളള വിവരമോ ഇവിടങ്ങളില്‍ നിന്നു ലഭിക്കും. ശുചിത്വ സംഗമം പോലുളള പരിപാടികള്‍ നല്ല നാളെക്കായുളള കൂടിച്ചേരലുകളാണെന്ന കാര്യത്തില്‍ സംശയമില്ല.

 പുത്തന്‍ സംരംഭങ്ങള്‍ വരും

            പ്ലാസ്റ്റിക് നിരോധനത്തിലൂടെ സംസ്ഥാനത്ത് നവസംരംഭകര്‍ക്കും പുതു ബിസിനസ് ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമുളള അവസരം വര്‍ദ്ധിച്ചിരിക്കുകയാണ്. ചിരട്ട, ഓല, കയര്‍, മുള തുടങ്ങി പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുളള സംരംഭങ്ങള്‍ ശരിയായ ആസൂത്രണത്തോടെ നടപ്പിലാക്കിയാല്‍ വന്‍വിജയമാകുമെന്നതില്‍ സംശയമില്ല. നിലവില്‍ വിത്തുപാവ, ചേക്കുട്ടി പാവ, തുണിബാഗ് എന്നിവയ്ക്ക് ഡിമാന്‍ഡേറെയാണ്. അതുപോലെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ കുടുംബശ്രീ വഴിയോ ചെറു കൂട്ടായ്മകള്‍ വഴിയോ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിഞ്ഞാല്‍ അവ വന്‍ വിജയമാകുമെന്ന കാര്യത്തില്‍ സംശയമില്ല. നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കും. 100 ദിനം തൊഴിലുറപ്പ് പദ്ധതി പണി കഴിഞ്ഞാല്‍ വരുമാനമില്ലാതെ വിഷമിക്കുന്ന നിരവധി വനിതകള്‍ ഇപ്പോഴും നമ്മുടെ സംസ്ഥാനത്തിലുണ്ട്. ഇവര്‍ക്ക് പാര്‍ട് ടൈം തൊഴില്‍ നല്‍കാനും ഇത്തരം സംരംഭങ്ങളിലൂടെ കഴിയും. മാത്രമല്ല, സാങ്കേതികവിദ്യാഭ്യാസം നേടിയ യുവതലമുറയില്‍ പെട്ടവരുടെ സഹായത്തോടെ ഇത്തരം ആശയങ്ങള്‍ക്ക് ബിസിനസ് രൂപം നല്‍കാനും വനസങ്കേതങ്ങളുടെ സഹായത്താല്‍ ഉത്പാദനവും അതുവഴി വരുമാനവും കൂട്ടാനും കഴിയും. മികച്ച മാര്‍ക്കറ്റിംഗ് ആശയങ്ങളിലൂടെ ബ്രാന്‍ഡിംഗും സാധ്യമാക്കാനാകും. മാത്രമല്ല, സംസ്ഥാനത്തിന്റെ മാനവവിഭവശേഷിയെ പുതുസങ്കേതങ്ങളുടെ സഹായത്തോടെ നാടിനുഫലപ്രദമായ രീതിയില്‍ വിനിയോഗിക്കാനും  കഴിയും. അതുവഴി കേരളത്തിന്റെ പ്രതീശീര്‍ഷവരുമാനം കൂടുകയും ജീവിതനിലവാരം ഉയരുകയും സംസ്ഥാനം വികസനപാതയില്‍മുന്നേറുകയും ചെയ്യും.

 കയ്യില്‍ക്കരുതാം ഒരു തുണിസഞ്ചി

പ്ലാസ്റ്റിക് കവറുകള്‍ നമുക്ക് വേണ്ട

നോ പ്ലാസ്റ്റിക്; പ്ലാസ്റ്റിക് നിരോധന ഉത്തരവ് പുതുവര്‍ഷദിനം മുതല്‍ പ്രാബല്യത്തില്‍

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് 2020 ജനുവരി ഒന്ന് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും വില്പനയും സൂക്ഷിക്കലും നിയമവിരുദ്ധമാകും. വ്യക്തികള്‍, കമ്പനികള്‍, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കെല്ലാം നിരോധനം ബാധകമാണ്.

 

10,000 രൂപ പിഴ

-------------

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കാം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കാം.

 

നിരോധിച്ചവ

-----------
ക്യാരി ബാഗ് (ഏതു കനത്തിലുള്ളതും)
ടേബിള്‍മാറ്റ്
തെര്‍മോക്കോള്‍/ സ്‌റ്റൈറോഫോം പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍
പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷ്, സ്റ്റിറര്‍ (കപ്പുകളില്‍ ടമ്പ്ളറും ഉള്‍പ്പെടും)
പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, ബാഗ്
പ്ലാസ്റ്റിക് വൂവണ്‍ ബാഗ്
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് തോരണം
പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്
ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
500 മില്ലിക്കു താഴെയുള്ള കുടിവെള്ളക്കുപ്പി
ഗാര്‍ബേജ് ബാഗ്
പിവിസി ഫ്‌ളക്‌സ് സാധനങ്ങള്‍
വില്പന കേന്ദ്രങ്ങളില്‍ പഴങ്ങളും പച്ചക്കറികളും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റ്

 

നിരോധത്തില്‍ നിന്നും ഒഴിവാക്കിയവ

----------------------------------
മുന്‍കുട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍
മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ചശേഷം വില്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക്
കവര്‍ബ്രാന്‍ഡ് ചെയ്ത ഉത്പന്നങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് (കൈകാര്യച്ചെലവ് മുന്‍കൂറായി സര്‍ക്കാരിന് നല്‍കണം),
കയറുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍
ആരോഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍
കംപോസ്റ്റബിള്‍ വിഭാഗത്തില്‍പ്പെടുന്ന പ്ലാസ്റ്റിക്

Post your comments