Global block

bissplus@gmail.com

Global Menu

ബി.എസ്.4 : ഡെഡ്്‌ലൈന്‍ നീട്ടില്ല

ന്യൂഡല്‍ഹി ഭാരത് സ്റ്റേജ്4 (ബിഎസ4) വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കുന്നതിനുള്ള അവസാന തീയതി ഈ വര്‍ഷം മാര്‍ച്ച് 31 തന്നെ. തീയതി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2018 ഒക്ടോബറിലാണ് കോടതി അവസാന തീയതി നിശ്ചയിച്ചു വിധി പുറപ്പെടുവിച്ചത്. വാഹനമലിനീകരണത്തോത് നിയന്ത്രിക്കുന്നതിനുള്ള നിബന്ധനകളാണ് ഭാരത് സ്റ്റേജ് ചട്ടങ്ങളിലൂടെ സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. 2017 ഏപ്രിലിലാണ് ഭാരത് സ്റ്റേജ്4 നിലവില്‍ വന്നത്. ഇതിനു ശേഷം സ്റ്റേജ്5 ഉണ്ടാകില്ലെന്നും നേരിട്ട് സ്റ്റേജ്6ലേക്കു കടക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഭാരത് സ്റ്റേജ്4 നിലവാരത്തിലുള്ള വാഹനങ്ങള്‍ ഒട്ടേറെ ഇനിയും വില്‍ക്കാനുണ്ടെന്നും അവസാന തീയതിക്കകം ഇവ വില്‍ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്‌സ് ആണ് കോടതിയെ സമീപിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനു ശേഷം ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കരുതായിരുന്നെന്നും കോടതി പറഞ്ഞു. ഇത് ദയാഹര്‍ജി പോലെ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും കോടതി തളളുകയായിരുന്നു.

Post your comments