Global block

bissplus@gmail.com

Global Menu

2019ത്തിന്റെ രണ്ടാം പകുതിയിൽ കൂപ്പുകുത്തി മലയാള സിനിമ

അവിചാരിതങ്ങളാല്‍ സമ്പന്നമായ മേഖലയാണ് സിനിമ. അതായത് പ്രതീക്ഷിക്കാത്ത വിജയങ്ങളും അപ്രതീക്ഷിത പരാജയങ്ങളും ഈ രംഗത്ത് സ്വാഭാവികമാണ്. അത്തരത്തില്‍ മലയാള സിനിമയ്ക്ക് അപ്രതീക്ഷിത ജയപരാജയങ്ങളാല്‍ സമ്പന്നമായ വര്‍ഷമായിരുന്നു  2019. പ്രദര്‍ശനത്തിനെത്തിയ സിനിമകളുടെ എണ്ണം വളരെ കൂടുതലും തിയേറ്ററുകളില്‍ വിജയഗാഥ തീര്‍ത്തവ വിരലിലെണ്ണാവുന്നതുമായിരുന്നു. പ്രതീക്ഷിച്ച പല സിനിമകളും തിയേറ്ററില്‍ ഓളമുണ്ടാക്കിയില്ല. എന്നാല്‍ വലിയ താരപരിവേഷമില്ലാത്ത ചെറുസിനിമകള്‍ വന്‍ വിജയം കൊയ്യുകയും ചെയ്തു.  192 സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്തതില്‍ 24 എണ്ണത്തിനു മാത്രമാണു മുടക്കുമുതല്‍ തിരിച്ചു കിട്ടിയത്.  800 കോടിയിലേറെ  നിക്ഷേപിച്ചിടത്ത്  550 കോടിയിലേറെ നഷ്ടമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളുടെ ലാഭനഷ്ടക്കണക്കുകള്‍ കൂടാതെയാണിത്. 2018നേക്കാള്‍ 40 സിനിമകളാണ് കൂടുതലായി പോയവര്‍ഷം തിയേറ്ററുകളിലെത്തിയത്.

മുടക്കുമുതല്‍ തിരിച്ചുപിടിച്ച 23 പടങ്ങളില്‍ എട്ടെണ്ണം മാത്രമാണ് തിയറ്ററില്‍ നേട്ടം കൊയ്തത്.  ബാക്കിയുള്ളവ സാറ്റലൈറ്റ്,ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് പിടിച്ചുനിന്നത്.  വിജയ് സൂപ്പറും പൗര്‍ണമിയും.  കുമ്പളങ്ങി നൈറ്റ്‌സ്.  ലൂസിഫര്‍.  ഉയരെ. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മധുരരാജ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കെട്ട്യോളാണെന്റെ മാലാഖ, മാമാങ്കം തുടങ്ങിയ സിനിമകളാണ് തിയേറ്ററില്‍ ഹിറ്റായത്.  

അള്ള് രാമചന്ദ്രന്‍,അഡാറ് ലൗ, ജൂണ്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍, മേരാ നാം ഷാജി, അതിരന്‍, ഒരു യമണ്ടന്‍ പ്രണയകഥ,ഇഷ്‌ക്ക്, വൈറസ്, ഉണ്ട, പതിനെട്ടാംപടി, പൊറിഞ്ചു മറിയം ജോസ് ,ലൗ ആക്ഷന്‍ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്‌സ് ഡേ, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളാണ് സാറ്റലൈറ്റ്,ഡിജിറ്റല്‍ റൈറ്റ്‌സിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചവ.

192 സിനിമകളില്‍ 10 കോടിയിലേറെ മുതല്‍മുടക്ക് നടത്തിയത് 12 സിനിമകള്‍ക്കാണ്. ഇതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ നിര്‍മ്മാണച്ചെലവ് 56 കോടിയാണ്. മലയാളത്തിലാദ്യമായി 200 കോടി ക്ലബ്ബില്‍ ഇടംനേടിയ ലൂസിഫറിന്റെ ബജറ്റ് 36 കോടിയും ദിലീപ ചിത്രം ജാക്ക് ഡാനിയേലിന്റെ മുടക്കുമുതല്‍ 16 കോടിയുമാണ്. അതായത് ഈ മൂന്ന് താരചിത്രങ്ങള്‍ക്കുമായി മാത്രം 100 കോടിയിലേറെയാണ് മുടക്കു) കൂടി മാത്രം 100 കോടിയിലേറെ മുതല്‍ മുടക്കുണ്ട്. ശരാശരി 5 കോടി മുതല്‍മുടക്കുള്ള 40 പടങ്ങളും ശരാശരി 2 കോടി മുടക്കുള്ള എണ്‍പതോളം ചിത്രങ്ങളുമാണ് 2019-ല്‍ വെളളിത്തിരയിലെത്തിയത്.

200 കോടി ക്ലബ്ബില്‍ ലൂസിഫര്‍ അജയ്യനായി ലാലേട്ടന്‍
നടന്‍ പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ആണ് 2019-ലെ ആദ്യത്തെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രം.  മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണിത്. പ്രളയം തുടങ്ങി നിരവധി തിരിച്ചടികളാല്‍ നട്ടംതിരിഞ്ഞ മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് ലൂസിഫര്‍ നല്‍കിയ ഉണര്‍വ്വ് വളരെ വലുതാണ്. പല തിയേറ്ററുകള്‍ ഉടമകളും കറന്റ് ബില്ലുകള്‍ അടച്ചതും താല്‍ക്കാലിക ബാധ്യതകള്‍ തീര്‍ത്തതുമൊക്കെ ലൂസിഫര്‍ ഉണ്ടാക്കിയ ലാഭം കൊണ്ടാണ്. മോഹന്‍ലാല്‍ എന്ന നടന്റെ താരപ്രതിച്ഛായ തികച്ചും വ്യത്യസ്തമായ രീതിയില്‍ പരീക്ഷിച്ചു വിജയിച്ച ചിത്രമാണ് ലൂസിഫര്‍. ഏറെക്കാലത്തിനുശേഷം താരത്തിന്റെ ലുക്കും ഡയലോഗും എന്തിന് വാഹനം പോലും ആരാധകരെ ത്രസിപ്പിച്ച ചിത്രം. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നതിനുപരി സമകാലികപ്രാധാന്യമുളള പ്രമേയം കൂടി ചര്‍ച്ചാവിഷയമായ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, വിവേക് ഒബ്‌റോയി എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമായി.

മാമാങ്കം
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രമായ മാമാങ്കം റിലീസ് ചെയ്ത് എട്ടാം ദിനം  നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 2019-ല്‍ നൂറുകോടി നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. ഏപ്രിലില്‍ പുറത്തിറങ്ങിയ മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. എം.പത്മകുമാര്‍ ചരിത്രസംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലും ബോക്സോഫീസില്‍ ചിത്രം വന്‍ കുതിപ്പ് നടത്തുകയാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. ചിത്രത്തിന്റെ ആഗോള കലക്ഷന്‍ നാലു ദിവസം കൊണ്ട് 60 കോടി പിന്നിട്ടിതും വലിയ വാര്‍ത്തയായി. ആദ്യദിനം ചിത്രം ് 23 കോടി രൂപയാണ് വാരിക്കുട്ടിയതെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു.

ആദ്യന്തം ആസിഫലി
ആസിഫ് അലി നായകനായ ജിസ് ജോയ് ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയുമായിരുന്നു 2019ലെ ആദ്യ ബോക്‌സോഫീസ് ഹിറ്റ്. നാല് കോടി മുതല്‍ മുടക്കിയ ചിത്രം 21 കോടി കളക്ഷന്‍ നേടി. നവാഗതനായ നിസാം ബഷീര്‍ ആസിഫലിയെ നായകനാക്കി ഒരുക്കിയകെട്യോളാണെന്റെ മാലാഖയാണ് അവസാനത്തെ തിയേറ്റര്‍ ഹിറ്റ്. ആദ്യവാരം 6.90 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.  

  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
തണ്ണീര്‍മത്തന്‍ ദിനങ്ങളാണ് പോയവര്‍ഷം ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സിനിമ. രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കില്‍ 50 കോടി കളക്ഷന്‍ നേടി. ഗിരീഷ്.ഡിയാണ് സംവിധാനം. വിനീത് ശ്രീനിവാസന്‍, അനശ്വര രാജന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു തോമസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൗമാരപ്രണയത്തിന്റെ പ്ശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ്
മധു.സി.നാരായണന്റെ കോമഡി ഡ്രാമ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ ഹിറ്റായെന്ന് മാത്രമല്ല വന്‍ ജനപ്രീതിയും നേടി. യുവാക്കളുടെ പ്രിയചിത്രമായി മാറിയ കുമ്പളങ്ങി നൈറ്റ്‌സ് കുമ്പളങ്ങിയുടെ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്കൃതജീവിതങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. അവതരണം രസകരമാണ്. ഫഹദ് ഫാസില്‍ നെഗറ്റീവ് റോളിലെത്തിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, തുടങ്ങി എല്ലാ നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 6.5കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 39 കോടിയാണ്.

ഉയരെ
മനു അശോകന്‍ ഒരുക്കിയ ചിത്രം നടി പാര്‍വ്വതിയുടെ കരിയറില്‍ മറ്റൊരു പൊന്‍തൂവലായി. ആസിഡ് ആക്രമഇരയുടെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ആസിഫലിയുടെ നെഗറ്റീവ് വേഷവും ടൊവീനോയുടെ വേഷവും ശ്രദ്ധേയമായി. 5.5 കോടി മുടക്കുമുതലില്‍ ഒരുക്കിയ ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ 23.77 കോടി രൂപയാണ്.

 മധുരരാജ
2010ലെ മമ്മൂട്ടി-പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മമ്മൂട്ടിക്കൊപ്പം തമിഴ് യുവതാരം ജയ് പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ അനുശ്രീ, ,ഷംന കാസിം, നെടുമുടി വേണു, സലിംകുമാര്‍, വിജയരാഘവന്‍ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്കാ മാസ് ചിത്രമായ മധുരരാജയുടെ ബജറ്റ് 27 കോടിയാണ്. ചിത്രം 50 കോടി ബോക്‌സോഫീസ് കളക്ഷന്‍ നേടി.

ഉണ്ട
2019ലെ മറ്റൊരു മമ്മൂട്ടി ഹിറ്റാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട. നക്‌സല്‍ ഭീഷണിയുളള മേഖലയില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളപൊലീസ് ബറ്റാലിയന്റെ കഥ പറയുന്ന ചിത്രം സ്വാഭാവികാഭിനയം കൊണ്ട് മികച്ചുനില്‍ക്കുന്നു. മമ്മൂട്ടി എന്ന താരത്തെയല്ല അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയ ചിത്രമാണ് ഉണ്ട. 7 കോടി മുതല്‍മുടക്കിയ ചിത്രം 26 കോടി കളക്ഷന്‍ നേടി.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
നവാഗതനായ രതീഷ് ബാലകൃഷ്മന്‍ പൊതുവാള്‍ ഒരുക്കിയ ചിത്രമാണ് ആന്‍ഡോ്രയ്ഡ് കുഞ്ഞപ്പന്‍. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. 3 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 8.10 കോടി കളക്ടുചെയ്തു.

ലൗ ആക്ഷന്‍ ഡ്രാമ
തന്റേതായ ശൈലിയില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. തികച്ചും സാധാരണമായ ഒരു പ്രണയകഥ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വ്യത്യസ്തമായി അവതരിപ്പിച്ച ചിത്രം 2019ലെ പ്രണയഹിറ്റുകളില്‍ മുന്നിലാണ്. നിവിന്‍ പോളി, നയന്‍താര, അജുവര്‍ഗ്ഗീസ് എന്നിവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 9 കോടി ബജറ്റിലൊരുക്കിയ ചിത്രം 29 കോടി കളക്ഷന്‍ നേടി.

ബ്രദേഴ്‌സ് ഡേ
കലാഭന്‍ ഷാജോണിന്റെ പ്രഥമ സംവിധാനസംരംഭമായ ബ്രദേഴ്‌സ് ഡേ 2019ലെ ഹിറ്റ്ചാര്‍ട്ടിലിടം നേടി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ തമിഴ്‌നടന്‍ പ്രസന്നയാണ് വില്ലന്‍. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 7 കോടി ബജറ്റിലൊരിക്കിയ ചിത്രം 11 കോടി കളക്ടുചെയ്തു.

ഹെലന്‍
മാത്തുക്കുട്ടി സേവ്യല്‍ അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ഹെലന്‍. 2019 നവംബര്‍ 15ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രമേയത്താലും അവതരണത്താലും ശ്രദ്ധേയമായി. ചിത്രം ഡിസംബര്‍ രണ്ടാംവാരം വരെ 7 കോടി കളക്ഷന്‍ നേടി.

ഡ്രൈവിംഗ് ലൈസന്‍സ് പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ (ജീന്‍ പോള്‍ ലാല്‍) ഒരുക്കിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സൂപ്പര്‍താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ചിത്രം ഡിസംബര്‍ 20നാണ് റിലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുളളില്‍ 5 കോടി കളക്ഷന്‍ നേടി.

വിജയങ്ങളുടെ ആദ്യപകുതി
മികച്ചതും തിയേറ്ററുകളില്‍ വിജയം കൊയ്തതുമായ സിനിമകളായിരുന്നു 2019ന്റെ ആദ്യപകുതി. ജനുവരി മുതല്‍ ജൂണ്‍ വരെ  തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍ പലതും ക്രാഫ്റ്റിലും പ്രകടനത്തിലും മികച്ചുനിന്നു. 93 സിനിമകളാണ്  ജൂണ്‍ വരെ പുറത്തിറങ്ങിയത്. ജനുവരി ആദ്യവാരം ഇറങ്ങിയ തന്‍സീര്‍ മുഹമ്മദിന്റെ ജനാധിപനും, രാജീവ് നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ് 2019 ലെ ഓപ്പണിങ് സിനിമകള്‍. രണ്ടും തിയേറ്ററില്‍ ചലനമുണ്ടാക്കിയില്ല. ജനുവരി 11 ന് റിലീസ് ചെയ്ത  വിജയ് സൂപ്പറും പൗര്‍ണമിയും ആണ്  ആദ്യ ഹിറ്റ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്തു. തുടര്‍ന്നെത്തിയ ഹനീഫ് അദേനിയുടെ നിവിന്‍ പോളി ചിത്രം മിഖായേലും, അരുണ്‍ഗോപിയുടെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും ആദ്യ ദിവസങ്ങളില്‍ തീയേറ്ററില്‍ ചലനമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയില്ല.

മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, വിവേകിന്റെ അതിരന്‍, മനു അശോകന്റെ ഉയരെ, അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക്, ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പന്‍, അഷ്റഫ് ഹംസയുടെ തമാശ, ആഷിക് അബുവിന്റെ വൈറസ്, ഖാലിദ് റഹ്മാന്റെ ഉണ്ട എന്നീ ചിത്രങ്ങളാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ വിജയചിത്രങ്ങള്‍. പൃഥ്വിരാജിന്റെ ലൂസിഫര്‍, വൈശാഖിന്റെ മധുരരാജ എന്നീ ചിത്രങ്ങള്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു. ശ്യാം പുഷ്‌ക്കരന്‍ തിരക്കഥയെഴുതിയ ഫഹദ്ഫാസില്‍, ഷെയ്ന്‍ നിഗം ചിത്രം കുമ്പളങ്ങി നൈറ്റ്സ് പ്രമേയത്തിലും തീയറ്റര്‍ കളക്ഷനിലും ജനപ്രീതിയിലും മുന്നിട്ടുനിന്നു.മഹരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കിയ സജി പാലമേലിന്റെ നാന്‍ പെറ്റ മകനും ശ്രദ്ധനേടി.ലൂസിഫര്‍, മധുരരാജ, കുമ്പളങ്ങി നൈറ്റ്സ്, ഒരു യമണ്ടന്‍ പ്രേമകഥ, വൈറസ്, ഉണ്ട, ഉയരെ, കോടതി സമക്ഷം ബാലന്‍ വക്കീല്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അതിരന്‍ എന്നീ സിനിമകളാണ് ആദ്യപകുതിയില്‍ കളക്ഷനില്‍ താരങ്ങളായത്.

ബോക്‌സ്
യൂത്ത് സ്റ്റാര്‍ ടൊവീനോ
പോയവര്‍ഷത്തെ യൂത്ത് സ്റ്റാര്‍  ടൊവിനോ തോമസാണ്. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ കഥാപാത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. 2019ല്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നായകനടനും ടൊവിനോയാണ്. ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് സ ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക, കല്‍ക്കി തുടങ്ങിയ ചിത്രങ്ങള്‍ ടൊവീനോയുടെ താരമൂല്യം ഉയര്‍ത്തി.
ബോക്‌സ്
മഞ്ജു മുന്നോട്ട്
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ ജൈത്രയാത്ര തുടരുകയാണ്. ലൂസിഫറിലെ പ്രിയദര്‍ശിനിയും പ്രതി പൂവന്‍ കോഴിയിലെ കഥാപാത്രവും മഞ്ജുവിനെ മലയാളത്തിന്റെ പ്രിയ അഭിനേത്രിയായി നിലനിര്‍ത്തുന്നു.

ബോക്‌സ്
ഉയരങ്ങളില്‍ പാര്‍വ്വതി
ഉയരെ, വൈറസ് ചിത്രങ്ങളിലൂടെ പാര്‍വ്വതിയാണ് ശ്രദ്ധനേടിയ അഭിനേത്രി. നായികാകേന്ദ്രീകൃതമായ ഉയരെ പാര്‍വ്വതിയുടെ കരിയറിലെത്തന്നെ മികച്ച സിനിമകളിലൊന്നാണ്. വൈറസിലെ കഥാപാത്രവും മികച്ചുനില്‍ക്കുന്നു.

ബോക്‌സ്
തിയേറ്റര്‍ നടത്തിപ്പു കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇരട്ടനികുതിയാണ് കൊടുക്കേണ്ടി വരുന്നത്. സൗഹാര്‍ദ്ദപരമായ ഒരു സമീപനമല്ല സര്‍ക്കാര്‍, തിയേറ്ററുകളോട് സ്വീകരിക്കുന്നത്. തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിലൊക്കെ പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്ക് നികുതിയിളവുണ്ട്. അന്യഭാഷാചിത്രങ്ങള്‍ക്ക് മാത്രമാണ് അവിടെ അധിക നികുതി ഏര്‍പ്പെടുത്തുന്നത്. ഇവിടെ പക്ഷേ അത്തരമൊരു സമീപനമല്ല ഉള്ളത്- എം.സി.ബോബി,  ജനറല്‍ സെക്രട്ടറി, ഫിയോക്

നിരവധി പേര്‍ക്ക് തൊഴില്‍, സര്‍ക്കാരിന് 150 കോടി വരുമാനം
സിനിമകളില്‍ സിംഹഭാഗവും പരാജയപ്പെട്ടെങ്കിലും മലയാളസിനിമ ഇത്തവണ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താങ്ങായി. സിനിമകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നതാണ് കാരണം. ഒരു ശരാശരി സിനിമ തിയേറ്ററിലെത്തുമ്പോള്‍ പോലും അതിന്  പിന്നില്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നിഷ്യന്‍മാരും വിതരണക്കാരും തിയറ്ററുകാരുമെല്ലാം ചേര്‍ന്ന് 110-125 പേരുടെ അധ്വാനമുണ്ട്.  ഇത്തരത്തില്‍ പോയവര്‍ഷം മലയാള സിനിമ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗമായി. ഇതു കൂടാതെ സര്‍ക്കാരിനു  നികുതിയായി 150 കോടിയിലേറെ രൂപ ലഭിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളുടേയും സാങ്കേതികവിദഗ്ധരുടേയും പ്രതിഫലത്തിനും 18% ജിഎസ്ടിയുണ്ട്.

ബോക്‌സ്
 ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെ 23% നികുതി വന്നത് തിയറ്ററുകളില്‍നിന്നു ജനത്തെ അകറ്റി. നേരത്തേ 113 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 130 രൂപയായി. ജനം വീട്ടിലിരുന്ന് ചാനലുകളിലും ആമസോണ്‍ പ്രൈമിലും സിനിമ കാണുന്നതിലേക്കു മാറി. അമിത നികുതി സിനിമാ വ്യവസായത്തെ തകര്‍ക്കും-എം.രഞ്ജിത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

തൊട്ടതെല്ലാം പൊന്നാക്കിയ പൃഥ്വി
ആദ്യ സംവിധാനസംരംഭമായ ലൂസിഫറിന്റെ ചരിത്ര വിജയത്തിനു പുറമെ പൃഥ്വിരാജ് എന്ന നടനും മികച്ച വര്‍ഷമായിരുന്നു 2019. ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, പതിനെട്ടാംപടി തുടങ്ങി എല്ലാ ചിത്രങ്ങളും തിയേറ്ററില്‍ വന്‍ വിജയമായി.

തിയേറ്ററില്‍ തകര്‍ന്നടിഞ്ഞവ
കമലിന്റെ പ്രണയമീനുകളുടെ കടല്‍ സ്വപ്‌നേഷ് .വി.നായരുടെ ടൊവീനോ ചിത്രം എടയ്ക്കാട് ബറ്റാലിയന്‍ 06, എം.എ.നിഷാദിന്റെ ലാല്‍, ആശാശരത് ചിത്രം തെളിവ്, അരുണ്‍കുമാറിന്റെ ആസിഫലി ചിത്രം അണ്ടര്‍വേള്‍ഡ്, ഗീതു മോഹന്‍ദാസിന്റെ നിവിന്‍ പോളി ചിത്രം മൂത്തോന്‍, രഞ്ജിത് ശങ്കറിന്റെ അജു വര്‍ഗീസ് ചിത്രം കമല, കിരണ്‍ പ്രഭാകരന്‍ ഒരുക്കിയ താക്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ തിയേറ്ററില്‍ പച്ചതൊട്ടില്ല. 

Post your comments