Global block

bissplus@gmail.com

Global Menu

കർണാടകയിൽ ചുവടുറപ്പിച്ചു ലുലുമാൾ: നിക്ഷേപം 2,200 കോടി

കർണ്ണാടകയിലും ലുലു ഗ്രൂപ്പ് ചുവടുറപ്പിക്കാൻ തയ്യാറായി.ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി. ഭക്ഷ്യസംസ്കരണം, ഷോപ്പിംഗ് മാൾ, എന്നീ മേഖലകളിൽ സംസ്ഥാനത്ത് 2,200 കോടി രൂപ (300 മില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യൂസഫലി ഇത് അറിയിച്ചത്.ബെംഗളൂരുവിലെ രാജാജി നഗറിൽ  നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ലുലു മാൾ ഈ വർഷം ഓഗസ്റ്റോടെ പ്രവർത്തനമാരംഭിക്കുമെന്നു യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.ലുലു ഹൈപ്പർമാർക്കറ്റായിരിക്കും മാളിന്റെ മുഖ്യ ആകർഷണം. ബെംഗളൂരുവിലെ ഷോപ്പിംഗ് മാൾ കൂടാതെ രണ്ട് നക്ഷത്ര ഹോട്ടലുകളും ബംഗളൂരുവിൽ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ട്വൻറി ഫോർട്ടി ഹോൾഡിങ്സ് ആരംഭിക്കുന്നുണ്ട്. ഉത്തര കാനറയിലും ബെംഗളൂരുവിലുമായിട്ടാണ് ലോജിസ്റ്റിക്സ് സെന്റർ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും യൂസഫലി അറിയിച്ചു.നിക്ഷേപർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം നവംബർ 3 മുതൽ 5 വരെ ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തിലേക്കുള്ള ക്ഷണപത്രിക യൂസഫലിക്ക് മുഖ്യമന്ത്രി കൈമാറി.വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ, ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ, പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്ത, ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ട്വന്റി ഫോർട്ടി ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.സാമ്പത്തിക ഫോറത്തിൽ ആരംഭിച്ച കർണ്ണാടക പവിലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആഗോള നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കർണ്ണാടക സർക്കാർ ദാവോസിൽ നടത്തുന്നത്. ലോക് ഹീഡ് മാർട്ടിൻ, വോൾവോ, ദസ്സാൾട്ട്, മിത് സുബിഷി, ഐകിയ, ജനറൽ ഇലക്ട്രിക് തുടങ്ങിയ ആഗോള കമ്പനി മേധാവികളുമായും ബി.എസ്. യെഡിയൂരപ്പയും സംഘവും കൂടിക്കാഴ്ച നടത്തുന്നുണ്ട്.  

 

Post your comments