Global block

bissplus@gmail.com

Global Menu

അസെന്‍ഡ്-2020 ജനുവരി 9, 10 തിയതികളില്‍ കൊച്ചിയില്‍ നിക്ഷേപസമാഹരണത്തിന് നൂറിലധികം പദ്ധതികളുമായി കേരളം

 

കേരളത്തിലെ വ്യവസായ നിക്ഷേപം ശക്തിപ്പെടുത്താനും ഉത്കൃഷ്ടമായ സംരംഭകാന്തരീക്ഷം  സൃഷ്ടിക്കാനുമുള്ള ദൃഢനിശ്ചയത്തോടെ നൂറു മികച്ച പദ്ധതികള്‍ അസെന്‍ഡ്- 2020 ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ജനുവരി 9നും 10നും കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വ്യവസായ വകുപ്പ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്.

കുറഞ്ഞത് 60 പദ്ധതികള്‍ വ്യവസായ വകുപ്പും നാല്പതോളം പദ്ധതികള്‍ മറ്റു സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നിക്ഷേപകര്‍ക്കുമുന്നില്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ വരെ നീളുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.

ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്ന (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) സമീപനത്തിന്റെ ഭാഗമായി പുതിയ നയങ്ങള്‍ക്കും  നടപടിക്രമങ്ങള്‍ക്കും   സര്‍ക്കാര്‍  തുടക്കമിടുകയും  വ്യവസായ നയം പുതുക്കുകയും ചെയ്തിരുന്നു. ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പുനപ്പരിശോധിച്ചതും തടസ രഹിതമായ  ആശയവിനിമയം സാധ്യമാക്കുന്ന വിധം നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും   സംരംഭകര്‍ക്കും ഇലക്ട്രോണിക് സംവിധാനങ്ങള്‍ ലഭ്യമാക്കിയതും ഇതിന്റെ ഭാഗമാണ്.

വ്യവസായനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ കേരളം മുമ്പെങ്ങുമില്ലാത്ത തരത്തില്‍  വലിയ മാറ്റത്തിനു സാക്ഷ്യം വഹിക്കുകയാണെന്ന്  വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മികച്ച നിക്ഷേപാനുകൂല അന്തരീക്ഷമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി ലോകബാങ്ക് തയാറാക്കിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. രാജ്യത്തിനകത്തും പുറത്തും നിന്ന് വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്ന മികച്ച കേന്ദ്രമായി കേരളത്തെ മാറ്റന്നതിനുള്ള സുപ്രധാന നാഴികക്കല്ലായി അസെന്‍ഡ്-2020 നെ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം എന്ന് തെളിയിക്കുന്നതിനുള്ള വിശദവും കൃത്യവുമായ പദ്ധതികള്‍ മാത്രമല്ല,  വ്യവസായ സംരംഭങ്ങള്‍ക്ക്  അനുമതി നല്‍കുന്നതില്‍ സമീപകാലത്ത് വരുത്തിയ ഇളവുകളും  അസെന്‍ഡ്-2020 ല്‍ അവതരിപ്പിക്കുമെന്ന് മന്ത്രി  പറഞ്ഞു.

നെടുമ്പാശേരി വിമാനത്താവളവുമായി സാമീപ്യം ലഭിക്കുന്ന തരത്തില്‍ കൊച്ചി മെട്രോ  ആലുവ മുതല്‍ അങ്കമാലി വരെ മെട്രോ റെയില്‍ മൂന്നാം ഘട്ടം, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ്, മാനേജ്‌മെന്റ്, വികസനം  എന്നിവ അസെന്‍ഡിലെ  സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തും.
 
അമ്പലമുകളില്‍ ഫാക്ട് പരിസരത്ത് പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്കു മാത്രമായി പെട്രോ കെമിക്കല്‍ പാര്‍ക്ക്  സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. ഇത് ഓട്ടോമൊബീല്‍, പ്ലാസ്റ്റിക്, ഔഷധം, വസ്ത്രം, ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 150,000 ടണ്‍ ശേഷിയുള്ള പിവിസി ഉല്‍പാദന കേന്ദ്രം, 60,000 ടണ്‍ ശേഷിയുള്ള സൂപ്പര്‍ അബ്‌സോര്‍ബന്റ് പോളിമര്‍ ഉത്പാദന കേന്ദ്രം എന്നിവ പെട്രോകെമിക്കല്‍ മേഖലയിലെ മറ്റു പദ്ധതികളാണ്.

ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ പാര്‍ക്കാണ് മറ്റൊരു സ്വപ്ന പദ്ധതി. കെഎസ്‌ഐഡിസിയെ നോഡല്‍ ഏജന്‍സിയാക്കി ആമ്പല്ലൂരിലെ നൂറേക്കറിലാണ്  ഇത് ആരംഭിക്കുന്നത്. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഉത്പാദനവും സംയോജനവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ 650 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. റോട്ടറി, ഫിക്‌സഡ് വിമാനച്ചിറക്കുകളുടെ നിര്‍മാണമടക്കം ലക്ഷ്യമിടുന്ന കിന്‍ഫ്ര ഡിഫന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ പുതിയ സാധ്യതകളിലേയ്ക്ക് കേരളം ചുവടുവയ്ക്കും. അന്തര്‍വാഹിനികള്‍,   തന്ത്രപ്രധാന വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍,   പ്രതിരോധ മേഖലയിലെ ഐടി സംവിധാനങ്ങള്‍, ബഹിരാകാശ റോബോട്ടിക് വാഹനങ്ങള്‍, ചെറുകിട ഉപഗ്രഹങ്ങള്‍, ആളില്ലാ സംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള  അറ്റകുറ്റപ്പണികളും ഇവിടെ നടക്കും.

കണ്ണൂരില്‍ ഹോട്ടലുകളും കണ്‍വെന്‍ഷന്‍ കേന്ദ്രവും ബഹുനില പാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടുന്ന 434 കോടിയുടെ വിനോദസഞ്ചാര, വ്യാപാര സിറ്റി പദ്ധതിയാണ് നിക്ഷേപം ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന പദ്ധതി. തിരുവനന്തപുരത്ത് ബയോ 360 ജൈവശാസ്ത്ര പാര്‍ക്ക്,  പച്ചക്കറികള്‍, മാംസം, മത്സ്യം, ഔഷധങ്ങള്‍ എന്നിവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് പുതുവൈപ്പിനില്‍ അതിശീത സംഭരണകേന്ദ്രം, സംസ്ഥാനത്ത് എയര്‍ ടാക്‌സി ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്ന എയ്‌റോട്രോപ്പോളിസ് എന്നിവയും നിക്ഷേപകരെ കാത്തിരിക്കുന്നു.

സില്‍വര്‍ ലൈന്‍ എന്ന പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പത്ത് സ്റ്റേഷനുകള്‍ മാത്രമുള്ള അര്‍ധ അതിവേഗ റെയില്‍ ഇടനാഴിയാണ് ഗതാഗത മേഖലയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി. നഗരങ്ങളെ ബന്ധിപ്പിക്കുന്നതും പ്രാദേശിക ഗതാഗതവുമായി സംയോജിപ്പിക്കുന്നതുമായ തരത്തില്‍ വൈറ്റില ഹബിനെ അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിക്കുന്ന രണ്ടാം ഘട്ടവും വിശദാംശങ്ങളടക്കം നിക്ഷേപകര്‍ക്കുമുന്നില്‍ സമര്‍പ്പിക്കും.

 

Post your comments