Global block

bissplus@gmail.com

Global Menu

2020 വാഹനവിപണിക്ക് പ്രതീക്ഷയുടെ വര്‍ഷം ഏപ്രിലോടെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തും

 

 2020 വാഹനവിപണിക്ക് പ്രതീക്ഷയുടെ വര്‍ഷമാകുമെന്ന് വിലയിരുത്തല്‍. രാജ്യത്തെ വാഹന വിപണി അടുത്ത ഏപ്രിലോടെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തുമെന്ന് ടാറ്റ മോട്ടഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗം മേധാവി മായങ്ക് പരീക് പറഞ്ഞു. ജനുവരി മാര്‍ച്ച് പാദത്തില്‍തന്നെ വില്‍പനക്കയറ്റം കണ്ടുതുടങ്ങുമെന്നും പരീക് പറഞ്ഞു. നിലവില്‍ കമ്പനികളില്‍നിന്നു ഷോറൂമുകളിലേക്കുള്ള മൊത്ത വില്‍പന കുറവാണെങ്കിലുംം റീട്ടെയില്‍ വില്‍പന വളരെ ആശാവഹമായ നിലയിലാണ്. 2019 വാഹനവിപണിക്ക്് പൊതുവെ തിരിച്ചടികളുടെ വര്‍ഷമായിരുന്നു. പലതരം  അനിശ്ചിതത്വങ്ങളാണ് വാഹനവിപണിയെ പിടിച്ചുലച്ചത്. വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന പ്രചാരണമാണ് 2019 തുടക്കത്തില്‍ വിപണിക്ക് തിരിച്ചടിയായത്. കാര്‍ ഉടന്‍ വാങ്ങാനിരുന്നവര്‍ പോലും നികുതി കുറയുമെന്ന പ്രതീക്ഷയില്‍ തീരുമാനം മാറ്റി. ബിഎസ്4, ബിഎസ്6 എന്നിവ സംബന്ധിച്ച അനിശ്ചിതത്വവും വാഹനവിപണിയെ ബാധിച്ചു. ബിഎസ്4 ഡീസല്‍ വാഹനങ്ങള്‍ അവയുടെ റജിസ്‌ട്രേഷന്‍ കാലാവധി വരെയും ഉപയോഗിക്കാമെന്ന് സെപ്റ്റംബറില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയതോടെയാണ് ജനങ്ങളുടെ ആശങ്ക മാറിയത്. വായ്പലഭ്യത കുറഞ്ഞതും വിപണിയെ സാരമായി ബാധിച്ചു.  പ്രതീക്ഷയുടെ 2020നെ വരവേറ്റുകൊണ്ട് പോയവര്‍ഷത്തെ ഇന്ത്യന്‍ കാര്‍ വിപണിയിലെ താരങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം....

കിയ സെല്‍റ്റോസ്- എസ് യു വി രാജാവ്

പോയവര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ് യു വിയാണ് കിയ സെല്‍റ്റോസ്.2019കഴിഞ്ഞ ഓഗസ്റ്റ് 22ന് അരങ്ങേറിയ എസ്യുവിയായ സെല്‍റ്റോസിന് 9.69 ലക്ഷം രൂപ മുതലാണു ഷോറൂം വില.  തൊട്ടടുത്ത എതിരാളിയെക്കാള്‍ രണ്ടായിരത്തില്‍ അധികം വാഹനങ്ങളുമായാണ് സെല്‍റ്റോസ് മുന്നേറുന്നത്. ആദ്യ മൂന്നു മാസങ്ങളിലെ വില്‍പന 6236 യൂണിറ്റും 7754 യൂണിറ്റും12845 യൂണിറ്റുമായിരുന്നു. പുറത്തിറങ്ങി നാലുമാസം പൂര്‍ത്തിയപ്പോള്‍ ഇതുവരെ 40000 ല്‍ ആധികം സെല്‍റ്റോസുകള്‍ നിരത്തിലെത്തിയതായി കമ്പനിവൃത്തങ്ങള്‍ പറയുന്നു.  നവംബറില്‍ മാസം മാത്രം 14005 സെല്‍റ്റോസുകളാണ് നിരത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന എസ്യുവിയായി മുന്നേറുകയാണ് കിയ സെല്‍റ്റോസ്. രണ്ടു ട്രിം ലൈനുകളിലാണു സെല്‍റ്റോസ് എത്തുന്നത്. ടെക് ലൈന്‍(എച്ച്ടി ശ്രേണി), സ്‌പോര്‍ട്ടി രീതിയിലുള്ള ജി ടി ലൈന്‍(ജിടി ശ്രേണി). സ്‌പോര്‍ട്ടി പതിപ്പായ ജി ടി യില്‍ പുറംഭാഗത്ത് റെഡ് അക്‌സന്റ്, സവിശേഷ രൂപകല്‍പ്പനയുള്ള അലോയ് വീല്‍, കറുപ്പ് അകത്തളം, കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ് തുടങ്ങിയവയൊക്കെയുണ്ട്. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്ന് എന്‍ജിന്‍ സാധ്യതകളാണു സെല്‍റ്റോസിലുള്ളത്. രണ്ടു പെട്രോളും ഡീസലും.

 

എംപിവി: എര്‍ട്ടിഗ തന്നെ കിംഗ്.. പുത്തന്‍ മോഡല്‍ വില്‍പന ഒരു ലക്ഷം കടന്നു.

വിവിധോദ്ദേശ്യ വാഹന(എംപിവി)മായ എര്‍ട്ടിഗയുടെ ജനപ്രീതിയില്‍ കുറവില്ല. നിലവില്‍ നിരത്തിലുള്ളത് എര്‍ട്ടിഗയുടെ രണ്ടാം തലമുറ മോഡലാണ്. 2018ല്‍ പുറത്തെത്തിയ ഈ മോഡല്‍ 13 മാസത്തിനകം ഒരു ലക്ഷം യൂണിറ്റ് വില്‍പനയാണു നേടിയത്. ആദ്യ തലമുറ എര്‍ട്ടിഗയാവട്ടെ ഏഴു വര്‍ഷം കൊണ്ട് 4,18,128 യൂണിറ്റിന്റെ വില്‍പ്പന കൈവരിച്ചെന്നും കമ്പനി വിശദീകരിക്കുന്നു. 'എര്‍ട്ടിഗ'യുടെ പിന്‍ബലത്തില്‍ എം പി വി വിഭാഗത്തിലെ വിപണി വിഹിതം നേരത്തെയുള്ള 25.3 ശതമാനത്തില്‍ നിന്ന് 50.3% ആയി വര്‍ധിപ്പിക്കാനും മാരുതി സുസുക്കി ഇന്ത്യയ്ക്കായി. നിരത്തിലെത്തി ഇതുവരെ വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. എട്ടു വര്‍ഷം കൊണ്ട്  ഈ നേട്ടം കൈവരിച്ച് രാജ്യത്ത് ഈ വിഭാഗത്തില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലായി എര്‍ട്ടിഗ മാറി. മൂന്നു നിരകളിലായി സുഖകരമായ യാത്ര ഉറപ്പു നല്‍കുന്ന വിവിധോദ്ദേശ്യ വാഹനമെന്നതാണ് എര്‍ട്ടിഗയ്ക്കു തകര്‍പ്പന്‍ വിജയം സമ്മാനിച്ചതെന്നു മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. രാജ്യത്തെ എംപിവി വിഭാഗത്തില്‍ 36% വിപണി വിഹിതത്തോടെ എര്‍ട്ടിഗ ഒന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ വിപണിയിലെത്തി ആദ്യമാസം തന്നെ 9352 യൂണിറ്റ് വിറ്റഴിഞ്ഞു. 2019 നവംബറില്‍ വിറ്റഴിഞ്ഞതാകട്ടെ 7537 കാറുകള്‍. അതായത് എര്‍ട്ടിഗയോടുളള ഇന്ത്യയുടെ പ്രിയത്തിന്  ഇടിവ് വന്നിട്ടില്ല. 7.44 ലക്ഷം മുതല്‍ 10.90 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

എംജി ഹെക്ടര്‍ നാലുമാസം കൊണ്ട് 13,000 കടന്നു

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവിയായ എംജി ഹെക്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി നാലു മാസം കൊണ്ട് വില്‍പന 13,000 കടന്നു. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്. 2019 ജൂണ്‍ നാലു മുതല്‍ തന്നെ എംജി മോട്ടാര്‍ ഇന്ത്യ ഹെക്ടറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ 10000 ബുക്കിംഗാണ് ലഭിച്ചത്. ചെനയിലെ സായ്കിന്റെ ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് മോറിസ് ഗാരിജസ്(എം ജി). ഗുജറാത്തിലെ ഹാലോള്‍ ശാലയില്‍ 2,000 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു കമ്പനി സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ഹെക്ടറിന്റെ ഉത്പാദനത്തിനു തുടക്കമിട്ടത്.

 അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഹെക്ടറിന് എംജി നല്‍കുന്നുണ്ട്.രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഹെക്ടറിന്റെ വരവ്.143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 170 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍, കൂടാതെ ടര്‍ബോ പെട്രോളിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും എം ജി മോട്ടാര്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.  മതിയായ കണക്ടിവിറ്റി സാങ്കേതികവിദ്യാ പിന്‍ബലമുള്ള 10.4 ഇഞ്ച് പോര്‍ട്രെയ്റ്റ് ഓറിയന്റഡ് ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, പനോരമിക് സണ്‍റൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ഇന്ത്യയോടുള്ള തികഞ്ഞ പ്രതിബദ്ധതയോടെയാണ് കമ്പനി കഴിഞ്ഞ ജൂലൈയില്‍ ഈ വിപണിയില്‍ പ്രവേശിച്ചതെന്ന് എം ജി മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ ഗൗരവ് ഗുപ്ത അഭിപ്രായപ്പെട്ടു.അതുകൊണ്ടുതന്നെ 3,000 കോടി രൂപയുടെ കൂടി നിക്ഷേപത്തിനാണ് എം ജി മോട്ടോര്‍ തയാറെടുക്കുന്നതെന്നും ഗുപ്ത അറിയിച്ചു. ഇന്ത്യയില്‍ രണ്ടു വര്‍ഷത്തിനകം നാല് എസ് യു വികള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് എം ജി മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. വൈദ്യുത ഇന്റര്‍നെറ്റ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമടക്കമുള്ള ഈ മോഡലുകളെല്ലാം 2021 ജൂലൈയ്ക്കകം വില്‍പനയ്‌ക്കെത്തുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

 

ഹ്യുണ്ടേയ് വെന്യൂ ആറുമാസത്തിനിടയില്‍ 50,000 കടന്നു

2019 മേയില്‍ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ ഹ്യുണ്ടായ് കണക്ടഡ് ചെറു എസ്യുവിയായ ഹ്യുണ്ടേയ് വെന്യു വിപണിയില്‍ ഡിമാന്‍ഡ് നിലനിര്‍ത്തി മുന്നേറുന്നു. ഗ്ലാബല്‍ എസ്യുവിയായ വെന്യു ഇന്ത്യയിലാണ് ആദ്യം പുറത്തിറങ്ങിയത്. മികച്ച ഇന്റീരിയറാണ് വാഹനത്തിന്. വോഡാഫോണിന്റെ ഇന്‍ബില്‍റ്റ് സിമ്മുമായി എത്തുന്ന വെന്യുവില്‍ ബ്ലൂ ലിങ്ക് ടെക്‌നോളജി പ്രകാരമാണ് കണക്ടിവിറ്റി ഫീച്ചറുകള്‍. മൂന്നു എന്‍ജിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടേയ് വെന്യുവിനുള്ളത്.വില 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം വരെ. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 6.50 ലക്ഷം രൂപയും 7.20 ലക്ഷം രൂപയുമാണ് വില. 1 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ മോഡലിന് 8.21, 9.54, 10.60 എന്നിങ്ങനെയാണ് വില. 1 ലീറ്റര്‍ ഓട്ടമാറ്റിക്കിന് 9.35 ലക്ഷവും 11.10 ലക്ഷവുമാണ് വില. ഡീസല്‍ മോഡലിന് 7.75, 8.45, 9.80, 10,84 ലക്ഷം വരെയാണ് വില. ആറുമാസത്തിനിടയില്‍ 51,257 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2019 മേയ് മുതല്‍ നവംബര്‍ വരെ വിറ്റഴിച്ചത് 60,922 കാറുകളാണ്.  ആദ്യമാസം 7049 കാറുകള്‍ വിറ്റു. നവംബറില്‍ വിറ്റഴിച്ചത് 9665 കാറുകള്‍. അതായത് വെന്യൂവിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്.

മികച്ച ലുക്കില്‍ ഇന്ത്യന്‍ വിപണി കീഴടക്കി റെനോ ട്രൈബര്‍
ക്വിഡിനെപ്പോലെ തന്നെ മികച്ച ലുക്കുമായി ഇന്ത്യന്‍ വിപണിയില്‍ മുന്നേറുകയാണ് റെനോ ട്രൈബര്‍.ആര്‍എക്സ്ഇ, ആര്‍എക്സ്എല്‍, ആര്‍എക്സ്ടി, ആര്‍എക്സ്ഇസഡ് എന്നിങ്ങനെ നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത് 4.95 ലക്ഷം രൂപയിലാണ്. ആര്‍എക്‌സ്ഇ വകഭേദത്തിന് 4.95 ലക്ഷം രൂപയും ആര്‍എക്‌സ്എല്‍ വകഭേദത്തിന് 5.49 ലക്ഷം രൂപയും ആര്‍എക്‌സ്ടി വകഭേദത്തിന് 5.99 ലക്ഷം രൂപയും ആര്‍എക്‌സ്ഇസഡ് വകഭേദത്തിന് 6.49 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില. ഇന്ത്യയ്ക്കായി ഡിസൈന്‍ ചെയ്ത വാഹനമെന്ന പ്രത്യേകതയും ഇതിനുണ്ട്. വ്യത്യസ്ത സീറ്റ് കോണ്‍ഫിഗറേഷനില്‍ എത്തുന്ന ട്രൈബര്‍ ഈസിഫിക്‌സ് സീറ്റുകളുമായി എത്തുന്ന ആദ്യവാഹനം കൂടിയാണ് റെനോയുടെ ട്രൈബര്‍. 2019 ആഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ കാര്‍ രണ്ടുമാസത്തിനുളളില്‍ 10000 യൂണിറ്റ് വിറ്റഴിഞ്ഞു. നവംബര്‍ വരെ വിറ്റഴിച്ചത് 18,511 കാറുകള്‍. നവംബറില്‍ മാത്രം 6071 കാറുകളാണ് വിറ്റത്.

 

വീണ്ടും റെക്കോര്‍ഡ്: മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ചത് 2 കോടി കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എല്‍) 2019 ഡിസംബര്‍ വരെ ഇന്ത്യയില്‍ വിറ്റഴിച്ചത്  2 കോടി കാറുകള്‍. രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് എംഎസ്‌ഐഎല്‍. 1983 ഡിസംബറില്‍ 'മാരുതി 800' എന്ന ചെറുകാറുമായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ മാരുതി സുസുക്കി 37ാം വര്‍ഷത്തിലാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഉല്‍പാദനം ആരംഭിച്ച് 29 വര്‍ഷം കൊണ്ടാണ് മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പന ആദ്യ കോടി പിന്നിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള ഒരു കോടി യൂണിറ്റ് വില്‍പന കൈവരിക്കാന്‍ കമ്പനിക്കു വേണ്ടിവന്നതു വെറും എട്ടു വര്‍ഷം മാത്രമാണെന്നത് ശ്രദ്ധേയമാണ്.  ഇതില്‍തന്നെ അവസാനത്തെ 50 ലക്ഷം യൂണിറ്റ് വില്‍പ്പന കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നേടിയതാണെന്നും എം എസ് ഐ എല്‍ അവകാശപ്പെടുന്നു. ചരിത്ര നേട്ടം സ്വന്തമായതില്‍ അതീവ സന്തുഷ്ടരാണെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു. മാരുതി സുസുക്കിക്കു മാത്രമല്ല സപ്ലയര്‍മാരെയും ഡീലര്‍മാരെയും സംബന്ധിച്ചിടത്തോളവും ഇതു മികച്ച നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ച ഉപയോക്താക്കളോടും മികച്ച പിന്തുണ നല്‍കിയ സര്‍ക്കാരിനോടും  ദീര്‍ഘകാലമായി പങ്കാളിത്തം തുടരുന്നവരോടുമുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

എം എസ് ഐ എല്‍ വളര്‍ച്ചയുടെ നാള്‍വഴികള്‍
 
  1983-ല്‍ മാരുതി 800 എന്ന ചെറുകാറുമായി ഇന്ത്യന്‍ വിപണിയിലേക്ക്
  1994  95 ല്‍ 10 ലക്ഷം
  2005  06ല്‍ 50 ലക്ഷം
 2011  12ല്‍ ഒരു കോടി
 2016  17ല്‍ 1.50 കോടി
 2019  20ല്‍ 2 കോടി

 

Post your comments