Global block

bissplus@gmail.com

Global Menu

തത്വമറിഞ്ഞ് ഔഷധം, മനസ്സറിഞ്ഞ് അന്നദാനം! ഡോ.ജെ ഹരീന്ദ്രന്‍ നായര്‍ എന്ന ദീപസ്തംഭം

 

നന്മയുടെ ഹരീന്ദ്രഗിരിയേറി പങ്കജക്‌സതൂരി

 

സമ്യക്പ്രയോഗം സര്‍വ്വേഷാം സിദ്ധിരാഖ്യാതി കര്‍മ്മണാം
 സിദ്ധിരാഖ്യാതി സര്‍വ്വൈശ്ചഗുണൈര്യുക്തം ഭിഷക്തമം.    
വേണ്ടതുപോലെയുള്ള പ്രയോഗം എല്ലാവിധ കര്‍മ്മങ്ങള്‍ക്കും ഫലസിദ്ധിക്കും കീര്‍ത്തിയും ഉണ്ടാക്കും. ആ ഫലസിദ്ധിയും കീര്‍ത്തിയും ഉള്ളവന്‍ സര്‍വ്വഗുണങ്ങളോടും കൂടിയ ഏറ്റവും നല്ല വൈദ്യനായിരിക്കും-എന്ന് സാരം. പങ്കജകസ്തൂരി എന്ന കേരളത്തിന്റെ സ്വന്തം ആയുര്‍വേദഔഷധ ബ്രാന്‍ഡിന്റെ അമരക്കാരനും ജീവകാരുണ്യപ്രവര്‍ത്തകനും പത്മശ്രീ  ജേതാവുമായ ഡോ.ജെ.ഹരീന്ദ്രന്‍ നായരെ കുറിച്ച് പറയുമ്പോള്‍ ഈ വരികള്‍ ഉദ്ധരിക്കാതെ വയ്യ. കാരണം, ഒരു വലിയ ബ്രാന്‍ഡിന്റെ സ്ഥാപകന്‍ എന്നതിലുപരി ലോകത്തുളള സര്‍വ്വ ചരാചരങ്ങളും സുഖസ്വാസ്ഥ്യങ്ങളോടെ വാഴണം എന്നാഗ്രഹിക്കുന്ന അപൂര്‍വ്വം ചില മനുഷ്യസ്നേഹികളിലൊരാളാണ് പത്മശ്രീ ഡോ.ജെ.ഹരീന്ദ്രന്‍ നായര്‍ തനിക്കുളളതില്‍ ഒരു പങ്ക് എല്ലാക്കാലവും രോഗദാരിദ്ര്യ പീഢകളാല്‍ ഉഴലുന്ന സഹജീവികള്‍ക്കായി നീക്കിവയ്ക്കുന്ന, തനിക്ക് ചുറ്റുമുളളവരില്‍ എന്നും നന്മയുടെ നറുവെളിച്ചം ചൊരിയുന്ന ഒരാള്‍. ആയുര്‍വേദചികിത്സാരംഗത്ത് ഒരു കാലഘട്ടത്തില്‍ പിന്നോക്കം പോയ കേരളത്തില്‍ ചികിത്സയിലും ഔഷധത്തിലും വെളളംചേര്‍ക്കാതെ കാലോചിതമായ പരിഷ്‌ക്കാരങ്ങളോടെ ആയുര്‍വേദത്തെ ജനപ്രിയമാക്കിയതില്‍ നിര്‍ണ്ണായകപങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ് ഡോ.ജെ.ഹരീന്ദ്രന്‍നായര്‍. ലളിതവും സമൂഹത്തിനായി സ്വയംസമര്‍പ്പിതവുമായ ഡോ.ജെ.ഹരീന്ദ്രന്‍ നായരുമായി ബിസിനസ് പ്ലസ് ടീം നടത്തിയ അഭിമുഖത്തില്‍ നിന്ന്.....

പങ്കജകസ്തൂരിയുടെ തുടക്കം

1988-ല്‍ 27-ാം വയസ്സിലാണ് തിരുവനന്തപുരം പൂവച്ചലില്‍ ശ്രീ ധന്വന്തരി ആയുര്‍വേദിക്‌സ് എന്ന പേരിലാണ് ആയുര്‍വേദ ഉത്പന്നങ്ങളുടെ നിര്‍മ്മാണയൂണിറ്റ് ആരംഭിച്ചത്. അന്ന് എന്റെ ആയുര്‍വേദിക് പോ്രഡക്ടിന്റെ പേരായിരുന്നു പങ്കജകസ്തൂരി. പങ്കജം എന്റെ അമ്മയാണ്. വരാനിരിക്കുന്ന ഭാര്യയുടെ പേര് പഴയതാണെങ്കില്‍ കസ്തൂരിയെന്ന് മാറ്റാമെന്നായിരുന്നു കരുതിയത്. 1990ലായിരുന്നു വിവാഹം. ഭാര്യയുടെ പേര് ആശയെന്നായിരുന്നു. അത് അത്ര പഴയ പേരല്ലാത്തതുകൊണ്ട് മാറ്റിയില്ല. അപ്പോള്‍ ജനിക്കുന്നത് മകനായാലും മകളായാലും കസ്തൂരി എന്ന് പേരിടാമെന്ന് തീരുമാനിച്ചു. അതിന് പ്രചോദനമായത് സമ്പത്ത് സാറാണ്. അന്ന് സമ്പത്ത് സാറുമായി നല്ല സൗഹൃദമാണ്. ഞാന്‍ തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ലോ കോളജില്‍ എസ്എഫ്‌ഐയില്‍ സജീവമാണ്. ഞാന്‍ അദ്ദേഹത്തിന്റെ അല്പം സീനിയറാണ്. ഞങ്ങള്‍ തമ്മില്‍ അന്നുമുതലേ നല്ല സൗഹൃദമുണ്ട്. സമ്പദ് സാറിന്റെ അനുജന്റെ പേര് കസ്തൂരി എന്നാണ്. അതുകൊണ്ടാണ്  ജനിക്കുന്നത് മകനായാലും മകളായാലും കസ്തൂരി എന്നിടാമെന്ന് തീരുമാനിച്ചത്. ജനിച്ചത് മകളാണ്. 1992-ല്‍. അതിനും നാല് വര്‍ഷത്തിന് മുമ്പേ പേരിട്ടു എന്നു പറയാം.

 

 പങ്കജകസ്തൂരി ഗ്രാന്യൂല്‍സ്. അന്നും ഇന്നും എന്റെ ഏറ്റവും വലിയ ഉത്പന്നം അതാണ്. 1996-ല്‍ സ്ഥാപനത്തിന്റെ പേര് പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റിയിട്ട് പങ്കജകസ്തൂരി ഗ്രാന്യൂല്‍സിന്റെ പേര് പങ്കജകസ്തൂരി ബ്രീത്ത് ഈസി എന്നാക്കി മാറ്റി. പങ്കജകസ്തൂരി ദശമൂലാരിഷ്ടം, പങ്കജകസ്തൂരി ച്യവനപ്രാശം, പങ്കജകസ്തൂരി കസ്തൂരി ഹെര്‍ബല്‍ സോപ്പ് അങ്ങനെ ഒരു അബ്രെല്ലാ ബ്രാന്‍ഡ് എന്ന രീതിയിലേക്ക് മാറി.

ആയുര്‍വേദ ഉത്പന്ന നിര്‍മ്മാണരംഗത്തേക്ക് വരാനുളള താല്പര്യം
പ്രത്യേകിച്ച് താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിവാഹത്തിന് മുമ്പാണ് ഉളള ജോലിയും കളഞ്ഞിട്ട് പോന്നത്. അപ്പോള്‍ മുന്നോട്ടുളള പോക്ക് എങ്ങനെ എന്നു ചിന്തിച്ചു. ഇന്നത്തെ പോലെ ആയുര്‍വേദത്തിന് വലിയ സ്വീകാര്യതയുളള കാലമൊന്നുമല്ല. വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചു. എന്നിട്ടും പിടിച്ചുനിന്നു. കേരളത്തില്‍ ആയുര്‍വേദത്തിന്റെ അടിത്തറയെന്ന് പറയുന്നത് കോട്ടയ്ക്കല്‍ പോലുളള പ്രസ്ഥാനങ്ങളാണ്. കോട്ടയ്ക്കല്‍ ഒരു വലിയ ദീപസ്തംഭമായി നിന്ന് വഴികാട്ടി. ആ വെളിച്ചത്തില്‍ വഴിനടന്ന് വളര്‍ന്നുവന്നവരാണ് ഞങ്ങളെ പോലുളളവര്‍ എന്ന് ഞാന്‍ പറയും. കോട്ടയ്ക്കല്‍ എന്ന ബ്രാന്‍ഡിന് നൂറു ശാഖകളുണ്ടെങ്കില്‍ ഓരോ ശാഖയിലൂടെയും നൂറുപേര്‍ക്ക് ബോധവത്ക്കരണം കൂടി നല്‍കുകയാണ്. എല്ലാരംഗത്തും ഒരു മുന്‍ഗാമി (പയനീര്‍) ആവശ്യമാണ്. പങ്കജകസ്തൂരി എന്ന പ്രസ്ഥാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല എന്ന വലിയ പ്രസ്ഥാനം നല്‍കിയ തണലാണ്. ഇനി  കേരളത്തില്‍ എത്ര ആയുര്‍വേദിക് സ്ഥാപനങ്ങള്‍ വന്നാലും അവരെല്ലാം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയോട് കടപ്പെട്ടിരിക്കുന്നു.

 

 ആയുര്‍വേദത്തിന് സെലക്ടീവ് ആയിട്ടുളള കസ്റ്റമേഴ്‌സ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ബ്രീത്ത് ഈസി പോലുളള പങ്കജക്‌സൂരി ഉത്പന്നങ്ങള്‍ ഇത്രയധികം പ്രചാരം നേടുന്നത്. അതെപ്പറ്റി പറയാമോ?

ആയുര്‍വേദക്കാര്‍ക്ക് പൊതുവെ കണ്‍വെന്‍ഷണല്‍ രീതിയില്‍ നിന്നു മാറാന്‍ ്പ്രയാസമാണ്. എന്നാല്‍ പ്രതിദിനം കണ്‍വെന്‍ഷണല്‍ രീതികളില്‍ നിന്ന് കാലോചിതമായി മാറുന്നയാളാണ് ഞാന്‍. എനിക്കു തോന്നുന്നത് ഗ്രാന്യൂള്‍ രൂപത്തില്‍ കേരളത്തില്‍ ആദ്യമായി ഒരു ആയുര്‍വേദ ഔഷധം ഇറക്കുന്നത് ഞാനാണെന്നാണ്. ഉപയോഗിക്കാന്‍ എളുപ്പമുളള രൂപത്തില്‍ നല്‍കിയപ്പോള്‍ അതിന് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങനെ പരമ്പരാഗതരീതിയില്‍ നിന്ന് ആധുനികകാലത്തിന് അനുയോജ്യമായ യൂസര്‍ഫ്രണ്ട്‌ലിയായ രീതിയിലേക്ക് മാറുന്നുവെന്നതാണ് പങ്കജകസ്തൂരിയുടെ പ്രത്യേകത. കേരളത്തിലാദ്യം ആയുര്‍വേദഉത്പന്നത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ച കമ്പനിയും പങ്കജകസ്തൂരിയാണ്. ആയുര്‍വേദത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ ആധുനികവത്ക്കരണം സാധ്യമാക്കി. ആദ്യം മുതല്‍ തന്നെ വ്യത്യസ്തമായ ശൈലി സ്വീകരിച്ചു.

 

ആയുര്‍വേദ ഉത്പന്നനിര്‍മ്മാണത്തില്‍ യന്ത്രവത്ക്കരണം കൊണ്ടുവരുന്നതില്‍ താങ്കള്‍ എന്നും മുന്നിലാണല്ലോ

ശരിയാണ്. ഏത് മേഖലയിലായാലും നാം കാലോചിതമായി മാറണം. ജനങ്ങള്‍ക്ക് ആയുര്‍വേദത്തോട് എന്നും പ്രതിപത്തിയും വിശ്വാസവുമുണ്ട്. പണ്ട് കാലത്ത് എണ്ണകളും മറ്റും സേവിക്കാന്‍ കൊടുക്കുമായിരുന്നു. എന്നാല്‍ മാറിയ കാലത്ത് അതിന്റെ പഥ്യക്രമങ്ങളും മറ്റും പലര്‍ക്കും സ്വീകാര്യമല്ല. അതുകൊണ്ടുതന്നെ പല സേവ്യങ്ങളും ഗുളിക രൂപത്തിലാക്കി നല്‍കാന്‍ തുടങ്ങി. അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പമാണ്. ആയുര്‍വേദഉത്പന്നനിര്‍മ്മാണ രംഗത്ത് പല പുതിയ യന്ത്രങ്ങളും കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചത് ഞാനാണ്. പ്രയോഗിച്ചത് എന്നുപറയാന്‍ കാരണം. ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ച് വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളില്‍ ആയുര്‍വേദരംഗത്തിന് അനുയോജ്യമായവ കണ്ടെത്തി ഉപയോഗിച്ചത് ഞാനാണ്. ആയിരം ലിറ്റര്‍ കഷായം 6-8 മണിക്കൂര്‍ കൊണ്ട് 45 ഡിഗ്രിയില്‍ താഴെ ഊഷ്മാവില്‍ 20 കിലോ ചൂര്‍ണ്ണമാക്കി മാറ്റും. അതിന് ഉപയോഗിക്കുന്ന യന്ത്രസംവിധാനം എന്നു പറയുന്നത് പെയിന്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നതാണ്. ബോംബെയില്‍ പോയി അതു കണ്ട് പ്രവര്‍ത്തനങ്ങള്‍ പഠിച്ച് പിന്നീട് അത്തരത്തില്‍ ഒരെണ്ണം ഇവിടെയെത്തിച്ച് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ രംഗത്തുളള മറ്റുളളവരോട് ഞാന്‍ പറയുന്നുണ്ട് ഇവിടെ വന്ന് ഇതു കണ്ട ശേഷം അതുപോലെ ഒരെണ്ണം സെറ്റ് ചെയ്യാന്‍. കേരളത്തിലെ രണ്ട് പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളോട് ഞാന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

ഉത്പന്നങ്ങള്‍

പങ്കജകസ്തൂരിക്ക് നാനൂറോളം ഉത്പന്നങ്ങളുണ്ട്. നാല് വിഭാഗങ്ങളായാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ആദ്യത്തേത് ഒടിസി അഥവാ ഓവര്‍ ദി കൗണ്ടര്‍ ഒരു വലിയ വിഭാഗത്തെ ലക്ഷ്യമിട്ടുളളതാണ്. ബ്രീത്ത് ഈസി, ഓര്‍ത്തോ ഹെര്‍ബ് മൈഗ്രേന്‍ ഓയില്‍ എന്നിങ്ങനെ. ഇതാണ് ഞങ്ങളുടെ പ്രധാന വരുമാനം. ഞങ്ങള്‍ പരസ്യം കൊടുക്കുന്നു ജനങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുന്നു. ഇതിന് നിരവധികടമ്പകളുണ്ട് .ഉദാഹരണത്തിന് ഡിഎംആര്‍ഒഎ ( ) നിയമപ്രകാരം 56 രോഗങ്ങള്‍ക്ക് പരസ്യം കൊടുക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നമാണ്. എന്നാല്‍, ആ നിയമത്തിനുളളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ പരസ്യം കൊടുക്കുന്നുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് വകുപ്പ് കൊണ്ടുവന്ന പുതിയ നിയമപ്രകാരം ആയുര്‍വേദ- സിദ്ധ- യുനാനി ഡ്രഗ്‌സ് കണ്‍ട്രോള്‍ അഥോറിറ്റിയുടെ പ്രീ അപ്രൂവലോട് കൂടി പരസ്യം നല്‍കാം.

രണ്ടാമത്തേത് ക്ലാസിക്കല്‍. എന്നുവച്ചാല്‍ ക്ലാസിക്കല്‍  ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുയുളള ഔഷധങ്ങള്‍. ച്യവനപ്രാശം, ദശമൂലാരിഷ്ടം, അഗസത്യരസായനം തുടങ്ങിയവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. പങ്കജകസ്തൂരിയുടെ ച്യവനപ്രാശവും ഡാബറിന്റെ ച്യവനപ്രാശവും കോട്ടയ്ക്കലിന്റെ ച്യവനപ്രാശവും എല്ലാം ഒറ്റയോഗമാണ്. മൂന്നാമത്തെ വിഭാഗം എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്് ) ആണ്. അതായത് കസ്ൂതരി ഹെര്‍ബല്‍ സോപ്പ് തുടങ്ങിയവ. ഒടിസി  ക്ലാസിക്കല്‍ ഉത്പന്നങ്ങള്‍ ഔഷധമാണ്. എന്നാല്‍ എഫ്എംസിജി കണ്‍സ്യൂമര്‍ ഡിവിഷനാണ്. അതായത് രോഗമില്ലാത്തവര്‍ക്കും പതിവായി ഉപയോഗിക്കാവുന്നവയാണ് ഈ വിഭാഗത്തിലെ ഉത്പന്നങ്ങള്‍.  നാലാമത്തെ വിഭാഗം എത്തിക്കല്‍ വിഭാഗമാണ്. ഈ വിഭാഗത്തിലെ ഉത്പന്നങ്ങള്‍ ആദ്യം ഡോക്ടര്‍മാരെ പരിചയപ്പെടുത്തുന്നു. അവരുടെ നിര്‍ദ്ദേശപ്രകാരം രോഗി വിപണിയില്‍ നിന്ന് വാങ്ങുന്നു. ഇങ്ങനെ നാലുവിഭാഗങ്ങളിലായി നാനൂറോളം ഉത്പന്നങ്ങള്‍ പങ്കജകസ്തൂരി പുറത്തിറക്കുന്നു.

ഏതാണ്ട് 18 ഒടിസി ഉത്പന്നങ്ങളും  എത്തിക്കല്‍ വിഭാഗത്തില്‍ അമ്പതോളം ഉത്പന്നങ്ങളും ഉണ്ട്. ബ്രീത്ത് ഈസി, ഓര്‍ത്തോഹെര്‍ബ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ 13 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്്. ഇതില്‍ മലേഷ്യയില്‍ ഔഷധമെന്ന നിലയില്‍ തന്നെയാണ് പോകുന്നത്. മിക്കവാറും രാജ്യങ്ങളില്‍ മലയാളികള്‍ പറഞ്ഞറിഞ്ഞ് മറ്റുളളവരും പങ്കജകസ്തൂരി ഉത്പന്നങ്ങള്‍ വാങ്ങുകയാണ്. രോഗം മാറിയവരുടെ സാക്ഷ്യമാണല്ലോ ഏറ്റവും വലിയ പരസ്യം. യുഎഇയില്‍ ഇപ്പോള്‍ ഫുഡ് സപ്‌ളിമെന്റ് എന്ന രീതിയിലാണ് കയറ്റി അയയ്ക്കുന്നത്. ഉടനെ ജനുവരിയോടെ ഔഷധമെന്ന നിലയില്‍ കയറ്റുമതി ചെയ്യാനാകും. അതിനുളള കടമ്പകള്‍ പൂര്‍ത്തിയാക്കി വരികയാണ്.

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങള്‍?

്ഏറ്റവും കൂടുതല്‍ ചെലവുളളത് ഓര്‍ത്തോഹെര്‍ബ്ബിനും ബ്രീത്ത് ഈസിക്കുമാണ്. രണ്ടും വില്‍പനയില്‍ ഒരുപോലെ നില്‍ക്കുന്നു. ബ്രീത്ത് ഈസി ഞങ്ങളുടെ ആദ്യ ഉത്പന്നമാണ്. അതുതന്നെയാണ് ഞങ്ങളുടെ പ്രസ്റ്റീജ് ഉത്പന്നവും. ഏറ്റവും കൂടുതല്‍ ആള്‍ക്കാള്‍ ഉപയോഗിക്കുന്ന ഉത്പന്നവും ബ്രീത്ത് ഈസിയാണ്. റേയ്ഞ്ച് കൂടുതലുളള...അതായത് ചുമ, തുമ്മല്‍, മൂക്കൊലിപ്പ്്, ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായ ഔഷധം കൂടിയാണ് ബ്രീത്ത് ഈസി.

ഓാര്‍ത്തോഹെര്‍ബ് സന്ധിവേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയ വേദനകള്‍ക്കുളള ഔഷധമാണ്. 2009-ലാണ് ഓര്‍ത്തോഹെര്‍ബ് വിപണിയിലെത്തിയത്. 2014 വരെ എത്തിക്കല്‍ വിഭാഗത്തിലായിരുന്നു ഇതിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനസരിച്ച് രോഗികള്‍ വാങ്ങുകയായിരുന്നു രീതി. അങ്ങനെ വന്നപ്പോള്‍ വരവിനേക്കാള്‍ ചെലവ് അധികമായി വന്നു. അങ്ങനെയാണ് ഒടിസി ഉത്പന്നമാക്കാന്‍ തീരുമാനിച്ചത്. 2015 മുതല്‍ ചെറിയ രീതിയില്‍ പരസ്യം നല്‍കാന്‍ ആരംഭിച്ചു. ഈ നാലുവര്‍ഷം കൊണ്ട് ജനങ്ങള്‍ ഓര്‍ത്തോഹെര്‍ബ്ബിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിലവില്‍ കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, ആ്ര്രന്ധപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഏത് കുഗ്രാമത്തിലും ഓര്‍ത്തോഹെര്‍ബും ബ്രീത്ത് ഈസിയും ലഭ്യമാണ്. അത്തരത്തില്‍ തെന്നിന്ത്യമുഴുവനും മഹാരാഷ്ട്രയിലും സാന്നിധ്യമറിയിക്കാനായി. കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ സ്വീകാര്യതയാണ് ഈ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതുവരെ ആരുടെ ഭാഗത്തുനിന്നും പരാതികളുണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ഒരു ആയുര്‍വേദഉത്പന്നം ഓര്‍ത്തോഹെര്‍ബാണെന്ന് ഞാന്‍ കരുതുന്നു. അത്തരത്തില്‍ ജനകീയവത്ക്കരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.കുറ്റമറ്റ രീതിയിലാണ് ഓരോ ഉത്പന്നവും ഉണ്ടാക്കുന്നത്. നൂറുശതമാനം വിശ്വസിക്കാം.

പഥ്യമുണ്ടോ?

പഥ്യമില്ല. ഞാന്‍ അതിന് എതിരാണ്. ആയുര്‍വേദം പറയുന്നത്
വിനാപി ഭേഷ ജൈര്‍ വ്യാധി
 പഥ്യാദേവ നിവര്‍ത്തതേ
നതു പഥ്യ വിഹീനസ്യ

എന്നാണ്. വിധിക്കപ്പെട്ട ചെറിയ ചികിത്സ കൊണ്ട് രോഗം ഭേദമാകണമെങ്കില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട പഥ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് സാരം. പക്ഷേ, ഇതില്‍ പരാമര്‍ശിക്കുന്ന പഥ്യം കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നതുപോലെ മീന്‍, മുട്ട, മാംസം ഇവ കഴിക്കാനേ പാടില്ല എന്ന രീതിയില്ല. ഈ കണ്‍സെപ്റ്റിനോട് ഞാന്‍ എതിരാണ്. ആഹാരത്തില്‍ ചെറിയ ക്രമീകരണമാണ് പഥ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വാതത്തിന് കഷായം കുടിക്കുന്നതിനൊപ്പം നല്ല മീനും ആട്ടിറച്ചിയും കഴിക്കാന്‍ ഞാന്‍ പറയാറുണ്ട്.  ഇത്തരത്തില്‍ പറയുന്ന കേരളത്തിലെ ഒരേ ഒരു ആയുര്‍വേദ ഡോക്ടര്‍ ഞാനായിരിക്കും.  90%  വാതരോഗികളും് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധാതുക്കള്‍തക്ക് ക്ഷീണമുളളവര്‍ ആയിരിക്കും. രസം, രക്തം, അസ്ഥി, മജ്ജ, മേദസ്സ് തുടങ്ങിയവയാണ് ധാതുക്കള്‍. ഒരു മാസം കഷായത്തിനൊപ്പം ആട്ടിന്‍സൂപ്പുകൂടി കഴിച്ചാല്‍ വാതം പെട്ടെന്ന് കുറയും. അതല്ലാതെ സസ്യേതരഭക്ഷണമില്ലാതെ ആഹാരം കഴിക്കാനാവാത്തവരോട് മീനും മുട്ടയും മാംസവും തൊടാനേ പാടില്ലെന്നു പറഞ്ഞാല്‍ അവര്‍ ആഹാരം തീരേ കുറച്ചു കഴിക്കുകയും ക്ഷീണം അധികരിച്ച് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യും.

ആമവാതരോഗിയാണെങ്കില്‍ ചൂടുളളതുമാത്രമേ കഴിക്കാവൂ, എണ്ണ പുരട്ടാന്‍ പാടില്ല എന്നൊക്കെ പഥ്യമാണ്. പക്ഷേ, സാധാരണ ഒരു രോഗിക്ക്് അത്തരത്തില്‍ പഥ്യം ആവശ്യമില്ല. അസാദ്മ്യമാകുന്നതിനെ സാദ്മ്യമാക്കുകയാണ് ചികിത്സയിലൂടെ വേണ്ടത്.ഗോതമ്പ്,പാല് തുടങ്ങിയവയോട് അലര്‍ജിയുളള ധാരാളം പേര്‍ എന്റെ അടുത്ത് ചികിത്സയ്ക്കായി വരാറുണ്ട്. അവരോട് ഔഷധത്തിനൊപ്പം അല്പാല്പം ഈ ഭക്ഷണവും കഴിച്ച് അതിനെ സാദ്മ്യമാക്കാനാണ് (ശീലിക്കാനാണ്)ഞാന്‍ പറയുക. പാല്‍ കുടിക്കുന്നത് അലര്‍ജിയായവര്‍ക്ക് പത്ത് മുഴുവന്‍ കുരുമുളകിട്ട് തിളപ്പിച്ച പാല്‍ ആ കുരുമുളകോടുകൂടി കുടിക്കുവാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്.

ബിസിനസും സേവനവും രണ്ടു മേഖലയാണല്ലോ. എങ്ങനെ വേര്‍തിരിച്ചു കാണുന്നു?

ഞാന്‍ ഒരിക്കലും അതിനെ രണ്ടായി കാണുന്നില്ല എന്നതാണ് സത്യം. പങ്കജകസ്തൂരി എന്ത് നേടിയിട്ടുണ്ടെങ്കിലും അത് സമൂഹത്തിന്റെ സംഭാവനയാണ്. ആയുര്‍വേദ ഡോക്ടര്‍ എന്ന മേല്‍വിലാസത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിയ ഒരാളാണ് ഞാന്‍. ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കണമെന്നൊന്നും തുടക്കത്തില്‍ ഞാന്‍ ചിന്തിച്ചിട്ടേയില്ല. കാലാന്തരത്തില്‍ ഞാന്‍ ബ്രീത്ത് ഈസി തുടങ്ങിയ ഉത്പന്നങ്ങളുമായി സമൂഹത്തിലേക്കിറങ്ങി. അവര്‍ എന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇന്നുളളതെല്ലാം അത്തരത്തില്‍ സമൂഹത്തിന്റെ സംഭാവനയാണ്. അതുകൊണ്ടുതന്നെ പ്രതിമാസം എട്ടുലക്ഷം രൂപയോളം ഞാന്‍ സമൂഹത്തിനായി മാറ്റിവയ്ക്കുന്നു. പങ്കജകസ്തൂരി എന്ന പ്രസ്ഥാനമുളളിടത്തോളം കാലം പാഥേയം, പകല്‍വീട്, സൗജന്യചികിത്സ, പെന്‍ഷന്‍, വിവാഹധനസഹായം, വിദ്യാഭ്യാസസഹായം തുടങ്ങി പാവങ്ങള്‍ക്കുവേണ്ടിയുളള എല്ലാ സഹായവും ഉണ്ടാകും.

സ്ഥാപനങ്ങള്‍, ജീവനക്കാര്‍?

മുഖ്യമായും രണ്ട്് സ്ഥാപനങ്ങളാണുളളത് പങ്കകസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പൂവച്ചല്‍, പങ്കജകസ്തൂരി ഹെര്‍ബല്‍.ഫൗണ്ടേഷന്‍. ഫൗണ്ടേഷന് കീഴിലാണ് കോളജൊക്കെ വരുന്നത്. 2002 ആഗസ്റ്റിലാണ് പങ്കജകസ്തൂരി മള്‍്ട്ടി സെപ്ഷ്യാലിറ്റി ആശുത്രി വരുന്നത്. പിന്നീടുളളത് പങ്കജകസ്തൂരി ലൈഫ് എന്ന ട്രീറ്റ്‌മെന്റ് സെന്റ്‌റാണ്്. ആദ്യ നിരവധി സ്ഥലങ്ങളിലുണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തും പൂവച്ചലും മാത്രമാണുളളത്. 950ല്‍ പരം ജീവനക്കാരാണ് പങ്കജകസ്തൂരി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സതേടിയെത്തുന്നത് ആര്‍ത്രൈറ്റിസിനാണ്. കെറോണറി ആര്‍ട്ടറി ഡിസീസ് ഞങ്ങള്‍ ബൈപ്പാസില്ലാതെ മാറ്റുന്നുണ്ട്. എന്റെ മകളുടെ പിജി തീസീസ് തന്നെ റെവന്യു കാര്‍ഡിയോളജിയാണ്. മൂന്നുവെസലുകളില്‍ ബ്ലോക്കുണ്ടായാല്‍ പോലും അലിയിച്ചുകളയുന്നതാണ് പങ്കജകസ്തൂരിയുടെ ചികിത്സാരീതി. അത് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

 

ആയുര്‍വേദ ടൂറിസത്തെ കുറിച്ച് എന്താണ് അഭിപ്രായം?

ആയുര്‍വേദ ഡോക്ടര്‍മാരെല്ലാം പൊതുവെ ആയുര്‍വേദത്തെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു. എന്നാല്‍ ഞാന്‍ അതിനെ വളരെ നല്ലൊരു കാര്യമായി കാണുന്നു.ഹെല്‍ത്ത് ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ കേരളത്തിലേക്ക് വരികയും ആയുര്‍വേദ ചികിത്സ കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഒരു ദിവസം ആയുര്‍വേദ ചികിത്സ ചെയ്തിട്ട് പിറ്റേന്ന് കടലില്‍ കുളിക്കുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. മറിച്ച് 7 ദിവസം, 14 ദിവസം, 21 ദിവസം എന്നിങ്ങനെ വിധിപ്രകാരം ചികിത്സ ചെയ്യുക. അതിനുശേഷമോ അതിനുമുമ്പോ സമുദ്രസ്‌നാനത്തിനോ കാഴ്്ചകള്‍ ആസ്വദിക്കുവാനോ പോകുക. ഇപ്പോള്‍ കേരളത്തിലെ പല മോഡേണ്‍ ആശുപത്രികളും നിലനില്‍ക്കുന്നത് ഇ്ത്തരത്തില്‍ വിദേശികള്‍ ചികിത്സയ്ക്കുവരുന്നതുകൊണ്ടാണ്. ആ സാധ്യത ആയുര്‍വേദരംഗത്തുളളവര്‍ക്കും ഉപയോഗിക്കാം. പങ്കജകസ്തൂരിയിലും വിദേശികള്‍ ചികിത്സയ്്‌ക്കെത്തുന്നുണ്ട്. ചികിത്സകഴിഞ്ഞ് പോകുന്നവര്‍ പിന്നീട് നാലഞ്ചുപേരെയും കൊണ്ടാണ് വരുന്നത്. അത്തരത്തില്‍ മികച്ച റിസള്‍ട്ടാണ് ഇവിടത്തെ ചികിത്സയിലൂടെ ലഭിക്കുന്നത്്. അതുകൊണ്ട് ടൂറിസത്തിന്റെ ഭാഗമായിട്ടാണെങ്കിലും ആയുര്‍വേദചികത്സയ്ക്കായി ആളുകള്‍ കേരളത്തിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണല്ലോ
സാമ്പത്തിക പ്രതിസന്ധി എന്നൊന്നില്ല. കുറച്ചൊരു ലിക്വിഡിറ്റി പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങള്‍ എല്ലാക്കാലവും നിലനില്‍ക്കുന്നതല്ല. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ സാധാരണമാണ്. അതിനെയൊക്കെ നേരിടുക...മുന്നോട്ടുപോകുക. മനുഷ്യന്റെ കാര്യം തന്നെയെടുക്കാം ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദയുണ്ടാകും പിറ്റേന്ന് നടുവേദനയാകും. എന്നാല്‍ വൈകുന്നേരമാകുമ്പോള്‍ അത് പൊയ്‌പോകും. അതിനെയൊന്നും രോഗമെന്ന് പറയാനാവില്ലല്ലോ?

 

വിജയരഹസ്യം

ഏറ്റവും പ്രധാനം ക്വാളിറ്റിയാണ്. മറ്റൊന്ന് വിശ്വാസമാണ്. 470ലേറെ റിയല്‍ടൈം ടെസ്റ്റിമോണിയലുകള്‍ പങ്കജകസ്തൂരിയുടേതായി വന്നിട്ടുണ്ട്. മുട്ടുവേദന മാറി, നടക്കാന്‍ കഴിയുന്നു, നൃത്തം ചെയ്യാന്‍ കഴിയുന്നു എന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. ഇതിലൊന്നു പോലും പരസ്യത്തിനായി വെറുതെ എടുത്തതല്ല. ഇവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നവരാണ് അവരുടെയെല്ലാം ഫോണ്‍ നമ്പരും ഇവിടെയുണ്ട്. ഏത് ഏജന്‍സിക്കും ഇത് പരിശോധിക്കാം. ഉദാഹരണമായി ഒരു സംഭവം പറയാം. ഓര്‍ത്തോഹെര്‍ബ് ഉപയോഗിച്ച് രോഗം മാറിയ പ്രായമായ ഒരാളെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വിളിച്ചു. നിങ്ങള്‍ എന്തിനാ പരസ്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞത് എത്ര കാശ് കിട്ടി എന്നൊക്കെ ചോദിച്ചു. ആ ചോദ്യം അദ്ദേഹത്തിന് രസിച്ചില്ല.  ആദ്യം പങ്കജകസ്തൂരിയില്‍ പോയി നേരിട്ടുകണ്ട് മനസ്സിലാക്കൂ എന്ന്്് മറുപടിയും നല്‍കി. തന്റെ ഫോണ്‍ നമ്പര്‍ വച്ചേ പരസ്യം നല്‍കാവൂ എന്ന് അദ്ദേഹം തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. നാലുദിവസം അദ്ദേഹത്തിന് ഊണുകഴിക്കാന്‍ സമയം ലഭിച്ചില്ല. അത്രയധികം ഫോണ്‍കോളുകളാണ് ചെന്നത്.അത് അദ്ദേഹം ഞങ്ങളെ വിളിച്ചു പറയുകയും ചെയ്തു. ഫോണ്‍ നമ്പര്‍ കൊടുക്കേണ്ടന്ന് പറഞ്ഞല്ലേ എന്ന് ഞാന്‍ ചോദിച്ചു. പക്ഷേ കൊടുത്തതില്‍ ഒരു കുഴപ്പവുമില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അത്രയ്ക്ക്  വിശ്വാസമാണ.് ചിലരൊക്കെ ഞങ്ങള്‍ക്ക് കത്തയയ്ക്കാറുണ്ട്് ഓര്‍ത്തോഹെര്‍ബ് കഴിച്ച് രോഗം മാറി എന്നൊക്കെ  പറഞ്ഞ്. അത്തരം കത്തുകള്‍ വരുമ്പോള്‍ അവരെ പങ്കജക്‌സൂതിര ടീം നേരിട്ടുപോയി കണ്ട് അന്വേഷിക്കും. അത് സത്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുമത്രമേ പരസ്യം ചെയ്യൂ. ടിവിയിലും പത്രത്തിലും മുഖം വരാന്‍ വേണ്ടി ഞങ്ങളെ സമീപിക്കുന്നവരെ ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല.

 

മാര്‍ക്കറ്റിംഗ് ടീം?

എന്റെ അനന്തരവന്‍ അരുണ്‍ വിശാഖ് നായരാണ് സെയില്‍സ്് ആന്‍ഡ് മാര്‍്ക്കറ്റിംഗ് ഡയറക്ടര്‍. ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ കഴിഞ്ഞയാളാണ്. മാര്‍ക്കറ്റിലേക്കിറങ്ങി പഠിച്ച് എംബിഎ പൂര്‍ത്തിയാക്കിയ ആളാണ്. ഞങ്ങള്‍ മാര്‍ക്കറ്റിംഗും സെയില്‍സും രണ്ടുവിഭാഗമായാണ് കൊണ്ടുപോകുന്നത്. മാര്‍ക്കറ്റിംഗാണ് ്പ്രധാനം. ബ്രാ്ന്‍ഡിനെ എല്ലായിടത്തും എത്തിക്കുന്നത് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണ്. മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ മാത്രമല്ല അഡ്മിനിസ്‌ട്രേഷന്റെ പകുതിയും നോക്കുന്നത് അരുണാണ്.

ഹരീന്ദ്രന്‍ നായര്‍ എന്ന വ്യക്തി?

തനിനാടനായി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. പ്രതികരിക്കേണ്ടിടത്ത് അപ്പപ്പോള്‍ പ്രതികരിക്കും. അതിപ്പോള്‍ ആരായാലും പ്രശ്‌നമല്ല. ഒരിക്കല്‍ ഒരു സന്യാസിയോട് ഞാന്‍ എന്റെ ഈ സ്വഭാവത്തെ പറ്റി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അങ്ങനെയല്ലെങ്കില്‍ തന്നെ എന്തിനു കൊള്ളാമെടോ എന്നാണ്്. ഹരീന്ദ്രന്‍ നായരെന്ന വ്യക്തിയുടെ പ്രകൃതമാണത്. തുറന്ന മനസ്സുളളവരായിരിക്കാന്‍ ഞാനെന്റെ മക്കളോടും പറയാറുണ്ട്. പ്രതിസന്ധികളും പ്രശ്‌നങ്ങളും ഇല്ലാത്ത മനുഷ്യരില്ല. പ്രശ്‌നത്തെ പ്രശ്‌നമായി കരുതുമ്പോഴാണ് കുഴപ്പം. ശാന്തമായി ആലോചിച്ചാല്‍ പരിഹാരമാര്‍ഗ്ഗം തീര്‍ച്ചയായും തെളിഞ്ഞുവരും. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെങ്കിലാണ് എനിക്ക് ബുദ്ധിമുട്ട്. ആ രീതിയിലേക്ക് വന്നിട്ടുണ്ട്.

കുടുംബം

ഭാര്യ ആശ (പങ്കജകസ്തൂരി...... ). രണ്ടു മക്കളാണ്.കസ്തൂരിയും കാവേരിയും. രണ്ടുപേരും ആയുര്‍വേദ ഡോക്ടര്‍മാരാണ്. കസ്തൂരി ആരോഗ്യസര്‍വ്വകലാശാലയില്‍ നിന്ന് ഇപ്പോള്‍ മൂന്നാം റാങ്കോടെ എംഡി പാസ്സായി. എന്റെ ജ്യേഷ്ഠന്റെ മകള്‍ എംഡി കഴിഞ്ഞ് ഇവിടെ മെഡിക്കല്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്നു. ചേച്ചിയുടെ മകള്‍ ആയുര്‍വേദത്തിലെ ഇ.എന്‍.ടി, അതായത് ചാലാക്യതന്ത്രമെന്ന് പറയും, പാസ്സായി വിസിറ്റിംഗ് ഫാക്കല്‍റ്റിയായി ഇവിടെ ജോലിചെയ്യുന്നു. അവര്‍ ബാംഗ്‌ളൂരിലാണ് താമസം. കുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ ഒരു ബിസിനസുകാരനും വിജയിക്കാനാവില്ല. എല്ലാ ഞായറാഴ്ചകളും എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ മാറ്റിവച്ചിട്ടുണ്ട്. അന്നേദിവസം എത്ര അത്യാവശ്യമുണ്ടായാലും മുഴുവന്‍ സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

കാവേരിയുടെ പേരില്‍ ഉത്പന്നങ്ങളൊന്നുമില്ലേ? 

ധാരാളമുണ്ട്. കാവേരി ഹെയര്‍ടോണിക്, കാവേരി ഫെയര്‍നെസ് സ്‌ക്രീം ഒരുകാലത്ത് കേരളത്തില്‍ വന്‍ ഹിറ്റായിരുന്നു. ഉടന്‍ ഏതാനും ഉത്പന്നങ്ങള്‍ കൂടി ഇറക്കും.

 ഈശ്വരവിശ്വാസിയാണോ?

 എന്റെ ഈശ്വരന്‍ അദ്ധ്യാത്മചിന്താലയേശന്‍ എന്നറിയപ്പെടുന്ന ശ്രീ അപ്പുക്കുട്ടന്‍ സ്വാമികളാണ്. ആലയില്‍ സ്വാമി എന്നും അറിയപ്പെടുന്നു. അദ്ദേഹം ഇരുമ്പുപണിക്കാരനാണ് ആണ്. കത്തി രാകിക്കിട്ടുന്ന പണം ഉപയോഗിച്ച് പാവങ്ങള്‍ക്ക് അന്നദാനം നല്‍കുന്ന പുണ്യവാന്‍. (എന്ത് പ്രശ്‌നം വന്നാലും ഞാനിതെടുത്തിടും.)ആയുര്‍വേദത്തില്‍ അദ്ദേഹത്തിന്റെ ജ്ഞാനത്തിനുമുന്നില്‍ ഞാന്‍ ഒന്നുമല്ല. സംഗീതത്തിലും അദ്ദേഹത്തിന് അപാരജ്ഞാനമാണ്.  പിന്നെ, എല്ലാമാസവും ശബരിമലയില്‍ പോകും. ഓരോ തവണ ചെല്ലുമ്പോളും ഞാന്‍ ഭഗവാനോട് പറയും കഴിഞ്ഞ തവണ വന്നതിനേക്കാള്‍ പെര്‍ഫെക്ടായി ഞാന്‍ വന്നിട്ടുണ്ട്. പക്ഷേ എന്റെ കാര്യം അങ്ങ് നോക്കിക്കോണം എന്ന് പറയും.ശബരിമലയില്‍ 18 മല കയറുന്ന ആള്‍ അവിടെ തെങ്ങുനടണം. അതായത്  പതിനെട്ടു  മല കയറുമ്പോഴേ മനുഷ്യനില്‍ നിന്ന് ഞാനെന്ന ഭാവം അകന്നുപോകൂ. അങ്ങനെ അംഹം ബോധം ഇല്ലാതാകുന്നതിന്റെ പ്രതീകമാണ് ആ തെങ്ങ്.

മാതാപിതാക്കള്‍ വളരെ കര്‍ശനമായാണോ വളര്‍ത്തിയത്? ജീവിതത്തിലെ നിഷ്ഠ അത്തരത്തിലാണല്ലോ?

അങ്ങനെയൊന്നുമില്ല, മറ്റുളളവരെ കൊണ്ട് നല്ലത് പറയിപ്പിക്കണം എന്ന് അമ്മ ഞങ്ങളുടെ കുഞ്ഞുനാളിലേ പറയാറുണ്ട്. ചെറുപ്പത്തിലൊക്കെ ഇതുകേട്ട് നീരസം തോന്നിയിട്ട് ഞാന്‍ ചോദിച്ചിട്ടുണ്ട്. ഞങ്ങളെന്താ മറ്റുളളവരെക്കൊണ്ട് മോശം പറയിപ്പിക്കുകയാണോ എന്ന്. പക്ഷേ അമ്മ ഇതെപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുതിര്‍ന്നു കഴിഞ്ഞപ്പോഴാണ് അമ്മ പറയുന്ന നല്ലത് എന്നതിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്ന് മനസ്സിലായത്. അച്ഛന്‍ മദ്യപിക്കാറില്ലായിരുന്നു. ഞാനും മദ്യപിക്കാറില്ല. തോന്നിയിട്ടുമില്ല. ഒരു ചെരിപ്പ് വാങ്ങാന്‍ പോയാലും ആലോചിക്കും എത്ര വിലകൂടിയത് വാങ്ങിയാലും ആറുമാസം. അപ്പോള്‍ പിന്നെ വന്‍ വിലകൊടുത്ത് വാങ്ങേണ്ടതില്ല. മിതമായി നിരക്കിലുളളത് മതി. അമ്മ പറഞ്ഞതില്‍ നിന്ന് വ്യതിചലിക്കാന്‍ ഇപ്പോഴും തോന്നുന്നില്ല എന്നതാണ് സത്യം.

സ്വപ്‌നപദ്ധതി?

2020-ല്‍തുടങ്ങി 2025ഓടെ ഇന്ത്യയിലെമ്പാടും 500 ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്നതാണ് സ്വപ്നം. അതായത് 500 ഡോക്ടര്‍മാരുടെ സേവനം ലഭ്യമായ ക്ലിനിക്കുകള്‍. അകാലനര, മൈഗ്രേന്‍ തുടങ്ങി പരമാവധി 15 രോഗങ്ങള്‍ക്കുളള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ് വിഭാവനം ചെയ്യുന്നത്.എത്ര കാലപ്പഴക്കമുളള മൈഗ്രേനായാലും പങ്കജകസ്തൂരിയില്‍ വന്നാല്‍ 90 ദിവസം കൊണ്ട് മാറ്റും.

ദരിദ്രര്‍ എല്ലായിടത്തുമുണ്ട്. ശതകോടീശ്വരന്മാരുമതേ. എന്നാല്‍ തനിക്കുളളതില്‍ ഒരു പങ്ക് സഹജീവികളുടെ വിശപ്പകറ്റാന്‍ നീക്കിവയ്ക്കുന്ന സമ്പന്നര്‍ വളരെ കുറവാണ്.  സ്വയം എങ്ങനെ വിലയിരുത്തുന്നു?

 

എന്തെങ്കിലും വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കൊരിക്കലും ഉണ്ടായിട്ടില്ല. എന്നാല്‍ കഴിയുന്നത് ഞാന്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്യാന്‍ ശ്രമിക്കുന്നു എന്നുമാത്രം. ദിവസവും രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നു. അത് എന്റെ മാതാപിതാക്കള്‍ പകര്‍ന്നുനല്‍കിയ നന്മയുടെ ഫലമാണെന്നു വിശ്വസിക്കുന്നു. പ്രത്യേകിച്ചും അമ്മ. എപ്പോഴും നല്ലതുചെയ്യണമെന്നും സത്കീര്‍ത്തി നേടണമെന്നും അമ്മ പറയുമായിരുന്നു. ചിട്ടയോടെയാണ് അമ്മ ഞങ്ങള്‍ മൂന്നുമക്കളെയും വളര്‍ത്തിയത്. 1961-ലാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ഏറ്റവും ഇളയ മകനാണ്. ഏറ്റവും മൂത്തത് ചേച്ചിയാണ്.  രണ്ടാമത്തെയാള്‍ ജ്യേഷ്ഠനാണ്. ചേച്ചി പഠിച്ച് കോ-ഓപ്പറേറ്റീവ് ബാങ്കല്‍ ജോലി നേടി. ജ്യേഷ്ഠന്‍ എയര്‍ഫോഴ്്‌സിലും. ഞാന്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രി പാസായ ശേഷം അവിടെ തന്നെ ബിഎസ് സി ബോട്ടണിക്ക് ചേര്‍ന്നെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോള്‍ എനിക്ക് സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പ്രവേശനം ലഭിച്ചു. 1986-ലാണ് സര്‍വ്വീസില്‍ കയറുന്നത്. പൂജപ്പുര റീജിയണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്ില്‍. അന്ന് അവിടെ പിഎസ് സി നിയമനമല്ല. നേരിട്ടുളള നിയമനമായിരുന്നു. ഇപ്പോഴാണ് അത് യുപിഎസ്‌സി വഴിയാക്കിയത്. ഒരു വര്‍ഷവും ഒന്‍പത് മാസവും ഞാന്‍ അവിടെ ജോലി ചെയ്തു. 1987 അവസാനം രാജിവച്ചു.

 

പുതിയ തലമുറയ്ക്കുളള സന്ദേശം?

നൂറുശതമാനം സത്യസന്ധരായിരിക്കുക. തുറന്ന മനസ്സുളളവരായിരിക്കുക. അതിനുളള ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഇതാണ് പുതിയ തലമുറയ്ക്കുളള സന്ദേശം. കുറേക്കാലം കുറേപേരെ പറ്റിക്കാം. എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാനാവില്ല.മനസ്സിന്റെ നന്മ കൈവെടിയാതിരിക്കുക.

പുതുവര്‍ഷസന്ദേശം?

കേരളം ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു വര്‍ഷമാണിത്. ഇപ്പോള്‍ തിരികെവരുകയാണ്. നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും ബിസിനസിന് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണാണ് കേരളം. രാഷ്ട്രീയക്കാരും പൊതുജനത്തിന്റെയുമെല്ലാം പിന്തുണയുണ്ട്. അങ്ങോട്ടുപോയി പ്രശ്‌നമുണ്ടാക്കിയില്ലെങ്കില്‍ ബിസിനസിന് പറ്റിയ ഇതുപോലൊരു സ്ഥലം വേറെയില്ല എന്നാണ് എന്റെ അഭിപ്രായം. എല്ലാവരും പറയും കേരളം പ്രശ്‌നമാണ് എന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല.

യോഗമാസാം തു യോ വിദ്യാദ്ദേശകലോപപാദിതം
പുരുഷം പുരുഷം വീക്ഷ്യ സ വിജ്ഞേയോ ഭിഷക്തമ   122
ഓരോരുത്തരെയും നോക്കിയിട്ട് ദേശത്തിന്നും കാലത്തിന്നും അല്‍സരിച്ച വിധത്തില്‍ മരുന്ന് ചേര്‍ത്തുപയോഗിക്കുവാന്‍ ഏതൊരുവന്നറിയുന്നുവോ അവന്‍ ഉത്തമ വൈദ്യനാണെന്നറിയണം എന്ന് സാരം. പത്മശ്രീ ജെ.ഹരീന്ദ്രന്‍ നായര്‍ എന്ന നന്മയുടെ വിളനിലമായ ചികിത്സകനെക്കുറിച്ച് പറയുമ്പോള്‍ ഈ വരികള്‍ അക്ഷരംപ്രതി സത്യമാകുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ബ്രീത്ത് ഈസി എന്ന മരുന്ന് പ്രചാരത്തിലുണ്ട്. ബ്രീത്ത് ഈസി ഇന്ന് നാലുതരത്തിലുണ്ട്. ബ്രീത്ത് ഈസി ഗ്രാന്യൂള്‍സാണ് ഇന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നത്. അതില്‍ കല്‍ക്കണ്ടം ഉള്ളതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പാടില്ല. അവര്‍ക്കായി ബ്രീത്ത് ഈസി ടാബ്ലെറ്റ് ഉണ്ട്.  അടുത്തത് ബ്രീത്ത് ഈസി സിറപ്പ്.  ബ്രീത്ത് ഈസി മിശ്രിതം വിപണിയിലെത്തിയിട്ടില്ല.

 

മുട്ടുവേദന, തോള്‍ വേദന, സന്ധിവേദന (കഴുത്തുവേദന, നടുവേദന, അരക്കെട്ട് വേദന തുടങ്ങിയവ ഉള്‍പ്പടെ) ഇവയൊക്കെ അതിവേഗം ശമിപ്പിക്കാന്‍ ഓര്‍ത്തോ ഹെര്‍ബിനായി. നല്ല രീതിയില്‍ ഗുണകരമായി ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടുകൂടി നിര്‍മ്മിച്ച് മാര്‍ക്കറ്റിലെത്തിക്കുന്ന ഓര്‍ത്തോ ഹെര്‍ബ് ജനങ്ങള്‍ നല്ല രീതിയില്‍ സ്വീകരിച്ചുകഴിഞ്ഞു. ഓര്‍ത്തോ ഹെര്‍ബ് ടാബ്ലെറ്റും, ഓയിലും ഉണ്ട്. കഷായത്തെ പ്രത്യേകം യന്ത്ര സാമഗ്രികളുടെ സഹായത്തോടെ വറ്റിച്ച് പൗഡറാക്കി, ആ പൗഡര്‍ ഗുളികയാക്കി മാറ്റുകയാണ് ചെയ്യുന്നത്. എല്ലാവിധ സന്ധിവാതത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന  ഔഷധക്കൂട്ടാണിത്. ഏലക്ക, ആവണക്ക്, കുറുന്തോട്ടി, ശതാവരി കിഴങ്ങ്, ദേവതാരം തുടങ്ങി ഇരുപതോളം ഔഷധ ഘടകങ്ങളുടെ ചേരുവയാണ് ഓര്‍ത്തോ ഹെര്‍ബ്. ഓര്‍ത്തോ ഹെര്‍ബിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി അതിന്റെ കവറില്‍ നല്‍കിയിട്ടുണ്ട്. നിര്‍മ്മാണരീതിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.  ഒരു ഗ്ലാസ് കഷായത്തില്‍ നിന്ന് ആറ് ഗുളിക എന്ന ക്രമത്തിലാണ് നിര്‍മ്മാണം. അതുകൊണ്ടുതന്നെ രോഗികളോട് ഞങ്ങള്‍ പറയാറുണ്ട് ആറ് ഗുളിക ഒരുമിച്ച് കഴിക്കാന്‍. അതുകൊണ്ട് ഒരു കുഴപ്പവും വരില്ല.

 ഇപ്പോള്‍ കേരളത്തിലെ പല മോഡേണ്‍ ആശുപത്രികളും നിലനില്‍ക്കുന്നത് ഇ്ത്തരത്തില്‍ വിദേശികള്‍ ചികിത്സയ്ക്കുവരുന്നതുകൊണ്ടാണ്. ആ സാധ്യത ആയുര്‍വേദരംഗത്തുളളവര്‍ക്കും ഉപയോഗിക്കാം. 

 

Post your comments