Global block

bissplus@gmail.com

Global Menu

കിട്ടാക്കടം കൂടിയേക്കാം: ആർബിഐ

നേരിയ തോതിൽ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) വർധിക്കാൻ സാധ്യതയെന്ന് ആർബിഐ റിപ്പോർട്ട്. 2020 സെപ്റ്റംബറോടെ ഇത് 9.9 ശതമാനത്തിലെത്തും. ഈ വർഷം സെപ്റ്റംബറിലെ കണക്കുപ്രകാരം 9.3 ശതമാനമാണ്. 2019 മാർച്ചിലും ഇതേ നിലവാരമായിരുന്നു. സാമ്പത്തിക രംഗത്തെ മാറ്റങ്ങളും വായ്പാ വിതരണം വർധിക്കാത്തതുമാണ് കാരണങ്ങളായി പറയുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ജിഎൻപിഎ 2020 സെപ്റ്റംബറിൽ 13.2 ശതമാനമാകും. നിലവിൽ 12.7% .സ്വകാര്യ ബാങ്കുകളുടെ ജിഎൻപിഎ 3.9 ശതമാനത്തിൽനിന്ന് 4.2 ശതമാനത്തിലെത്തും. വിദേശ ബാങ്കുകളുടേത് 2.9 ൽനിന്ന് 3.1 ശതമാനമാകും. 24 ബാങ്കുകളുടെ ജിഎൻപിഎ 5% താഴെ തുടരുമ്പോൾ 4 എണ്ണത്തിന്റേത് 20% ൽ കൂടുതലാണ്. മൊത്തം വായ്പയായി വിതരണം ചെയ്തതിൽ വൻകിട വായ്പാ ഉപയോക്താക്കൾ 51.8 ശതമാനമാണ്. ജിഎൻപിഎയിൽ ഇവരുടെ വിഹിതം 79.3 ശതമാനവും.
സാമ്പത്തിക വളർച്ചയ്ക്ക് ഏറ്റ തിരിച്ചടി വായ്പാ വിതരണ രംഗത്തും പ്രതിഫലിക്കുമെന്ന് ഐസിആർഎ (ഇക്ര). വായ്പാ വളർച്ച 58 വർഷത്തെ താഴ്ന്ന നിലവാരമായ 6.5 – 7 ശതമാനത്തിൽ എത്തുമെന്നാണ് ഇക്രയുടെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം 13.3% വളർച്ച നേടിയിരുന്നു.
നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ വായ്പാ വിതരണത്തിൽ 80,000 കോടിയുടെ വർധന മാത്രമാണ് ഉണ്ടായത്. മുൻ വർഷം 5.4 ലക്ഷം കോടിയുടെ വളർച്ചയാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യം, മൂലധനത്തിന്റെ കുറവ്, വായ്പാ വിതരണത്തിൽ റിസ്ക് ഏറ്റെടുക്കാനുള്ള മടി എന്നിവയാണ് വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ഇക്ര പറയുന്നു.

Post your comments