Global block

bissplus@gmail.com

Global Menu

യുറേക്ക ഫോര്‍ബ്‌സിനെ വിൽക്കാനൊരുങ്ങി ബിസിനസ് വമ്പന്മാർ

 

ഇന്ത്യയിലെ ബിസിനസ് വമ്പന്മാരില്‍ മുന്‍നിരയിലുളള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും വിജയകരമായ ബിസിനസുകളിലൊന്നും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ രംഗത്ത് ഇന്ത്യയില്‍ ഏറ്റവും വലിയ ഉപഭോക്തൃനിരയുളളതുമായ യൂറേക്ക ഫോര്‍ബ്‌സിനെ വില്‍ക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ പുതിയ ലിസ്റ്റഡ് കമ്പനിയായ സ്റ്റെര്‍ലിങ് & വില്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയാണ് ലാഭത്തില്‍ കുതിക്കുന്ന യുറേക്ക ഫോര്‍ബ്‌സിനെ വില്‍ക്കാനുളള സാഹചര്യത്തിലേക്കെത്തിച്ചത്. സ്റ്റെര്‍ലിങ് & വില്‍സണിന്റെ ഓഹരിയുടമകള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.യുറേക്ക ഫോര്‍ബ്‌സിവെ വിറ്റ് പ്രശ്‌നത്തില്‍ നിന്ന് കരകയറാനാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ നീക്കം. അതിനുളള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനര്‍ സെഗ്മെന്റുകളില്‍ വിപണിയില്‍ ഒന്നാമതാണ് യുറേക്ക ഫോര്‍ബ്‌സ്, 1767 -ല്‍ സ്‌കോട്ടലന്റുകാരനായ ജോണ്‍ ഫോര്‍ബ്‌സ് സ്ഥാപിച്ചതും പിന്നീട് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുമായ ഫോര്‍ബ്‌സ് & കമ്പനിയുടെ സബ്‌സിഡിയറി കമ്പനിയാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് യുറേക്ക ഫോര്‍ബ്‌സിന്റെ വാട്ടര്‍പ്യൂരിഫയറായ അക്വാഗാര്‍ഡ് ബ്രാന്‍ഡാണ്. ഇന്ത്യയിലെ ഹൈ ക്വാളിറ്റി അസെറ്റ് കമ്പനിയായ യുറേക്ക ഫോര്‍ബ്‌സിന്റെ വിതരണശൃംഖലയും വില്‍പനാനന്തര സേവനവും പ്രശസ്തമാണ്. ഏഷ്യയില്‍ ഏറ്റവും വലിയ ഡയറക്ട് സെയില്‍സ് ടാസ്‌ക്‌ഫോഴ്‌സുളള കമ്പനിയാണിത്. ഇന്ത്യയില്‍ 1500 നഗരങ്ങളിലും പട്ടണങ്ങളിലും  ലോകത്താകമാനം 53 രാജ്യങ്ങളിലുമായി യുറേക്ക ഫോര്‍ബ്‌സിന്റെ വിപണി വിശാലമാണ്. 200 കോടി ഉപഭോക്താക്കളുമുണ്ട്.  2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3000 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം.

ഇതില്‍ പകുതിയും വാട്ടര്‍ പ്യൂരിഫയര്‍ സെഗ്മെന്‍്‌റിന്റെ സംഭാവനയാണ്. വാക്വം ക്ലീനര്‍, എയര്‍ പ്യൂരിഫയര്‍, സെക്യൂരിറ്റി സൊല്യൂഷന്‍സ് തുട്ങ്ങി മറ്റ് സെഗ്മെന്റുകളില്‍ നിന്നാണ് ബാക്കി വരുമാനം.

അങ്ങനെയുളള യുറേക്ക ഫോര്‍ബ്‌സിനെ വിറ്റേക്കുമെന്ന സൂചന നവംബര്‍ മൂ്ന്നാംവാരത്തിന്റെ തുടക്കത്തിലാണ് കമ്പനി അധികൃതര്‍ നല്‍കിയത്. 
മാതൃകമ്പനിയായ ഫോര്‍ബ്‌സ് & കമ്പനി അധികൃതരാണ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതു സംബന്ധിച്ച സന്ദേശം കൈമാറിയത്. അതിനു മുമ്പായി നവംബര്‍ 14ന് സ്റ്റെര്‍ലിംഗ് & വിത്സണ്‍ സോളാറിന്റെ പ്രൊമോട്ടര്‍മാര്‍ 2,341 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നും സാമ്പത്തികപ്രതിസന്ധിയിലാണെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. തുടര്‍ന്ന് കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. എന്നാല്‍ തിരിച്ചടവ് വൈകുന്നുവെന്നതു കൊണ്ട് വാക്കുപാലിക്കില്ല എന്ന് അര്‍ത്ഥമില്ലെന്നും പ്രൊമോട്ടര്‍മാര്‍ കമ്പനിയുടെ വായ്പാ തിരിച്ചടവ് കരാറിനൊപ്പം നില്‍ക്കണമെന്നും  ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഷപൂര്‍ മിസ്ത്രി  പ്രതികരിച്ചു.

എന്തായാലും യുറേക്ക ഫോര്‍ബ്‌സ് എന്ന തങ്ങളുടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ മേഖലയിലെ ഫ്‌ളാഗ്ഷിപ്പിനെ വില്‍ക്കാനുളള പ്രാരംഭ നടപടികളുമായി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മുന്നോട്ടുപോകുകയാണെന്നാണ് വിവരം. പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചു. കാര്‍ലൈല്‍, അപാക്‌സ് പാര്‍ട്‌നേഴ്‌സ്, ടേമാസെക്, ടിപിജി, അഡ്വന്റ് ഇന്റര്‍നാഷണല്‍, ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ്‌സ് എന്നിങ്ങനെ വമ്പന്‍ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളുടെ താല്പര്യം ആരായാനുളള നടപടികളും ആരംഭിച്ചതായാണ് വിവരം.

ഒന്നര ശതകത്തിലേറെയായി കൃത്യമായി പറഞ്ഞാല്‍ 154 വര്‍ഷമായി വിത്യസ്ത മേഖലകളില്‍ വിജയം കൊയ്ത് മുന്നോട്ടുകുതിക്കുന്ന ബിസിനസ് കുടുംബമാണ് ഷര്‍പോന്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷര്‍പോന്‍ജി പല്ലോന്‍ജി ഗ്രൂപ്പ് കൈവയ്ക്കാത്ത ബിസിനസ് മേഖലകള്‍ വിരളമാണ്. എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ തുടങ്ങി, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌സ്റ്റൈല്‍സ്, ഷിപ്പിംഗ്, പബ്ലിക്കേഷന്‍സ്, ബയോടെക്‌നോളജി, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എന്‍ജിനീയേര്‍ഡ് ഗുഡ്‌സ്, ് ഹോം അപ്ലയന്‍സസ് എന്നിങ്ങനെ വിശാലമായ ബിസിനസ് സാമ്രാജ്യം.

1865-ല്‍ ഷപൂര്‍ജി പല്ലോന്‍ജി മിസ്ത്രിയാണ് ലിറ്റില്‍വുഡ് പല്ലോന്‍ജി എന്ന പേരില്‍ പാര്‍ട്‌നര്‍ഷിപ്പ് കമ്പനി തുടങ്ങിയത്. കണ്‍സ്ട്രക്ഷന്‍ രംഗത്തായിരുന്നു ആദ്യ കാല്‍വയ്പ്. ഗിര്‍ഗാവ് ചൗപത്തിയിലെ നടപ്പാത നിര്‍മ്മിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് മലബാര്‍ ഹില്ലിലെ ജലസംഭരണി നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഒരു നൂറ്റാണ്ട് മുംബൈയിലേക്ക് ആവശ്യമായ ജലം വിതരണം ചെയ്തത് ഈ ജലസംഭരണിയില്‍ നിന്നാണ്. ഇതിനിടെ പാര്‍ട്‌നര്‍ഷിപ്പ് വിട്ടു. പിന്നീട് മുംബൈയിലെ ബ്രബേണ്‍ സ്റ്റേഡിയവും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നിര്‍മ്മിച്ചു.  മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിച്ചതും ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ്. 1.6 കോടി രൂപയ്ക്കാണ് ഈ പ്രോജക്ട് പൂര്‍ത്തിയാക്കിയത്. 21 മാസം കൊണ്ട് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ബോംബെ ഗവര്‍ണര്‍ കമ്പനിയെ അഭിനന്ദിക്കുകയും ചെയ്തു. ഡല്‍ഹിയിലെ ബരാഖംബ ഭൂഗര്‍ഭ സ്റ്റേഷന്‍, ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം എന്നിവ നിര്‍മ്മിച്ചും പല്ലോന്‍ജി ഗ്രൂപ്പാണ്. 2010-ല്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുളള കെട്ടിടമായ മുംബൈയിലെ ദി ഇംപീരിയല്‍ നിര്‍മ്മിച്ചതും ഇവര്‍ തന്നെ. ദുബായിലെ ജുമേറിയ ലേക്ക് ടവറുകള്‍, മൗറീഷ്യസിലെ എബാന്‍ സൈബര്‍ സിറ്റി തുടങ്ങി അന്താരാഷ്ട്രതലത്തില്‍ ശ്ര്‌ദ്ധേയമായ നിരവധി പ്രോജക്ടുകള്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് യാഥാര്‍ത്ഥ്യമാക്കി. 2012-ല്‍ ഗുജറാത്തില്‍ ഒരു ആഴക്കടല്‍ തുറമുഖം, ഐടി പാര്‍ക്ക്, ജലവൈദ്യുതി, റോഡ് നിര്‍മ്മാണം എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന് ഷപൂര്‍ മിസ്ത്രി പ്രഖ്യാപിച്ചു. കൂടാതെ പശ്ചിമബംഗാളിലെ ദരിദ്രര്‍ക്കുവേണ്ടി രാത്രി അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനുളള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.

ബിസിനസ് ഗ്രൂപ്പ് സ്ഥാപകനായ ഷപൂര്‍ജി പല്ലോന്‍ജി മിസ്ത്രിയുടെ പൗത്രനായ പല്ലോന്‍ജി മിസ്്ത്രിയായിരുന്നു 2012 വരെ കമ്പനിയുടെ ചെയര്‍മാന്‍. 2012-ല്‍ അദ്ദേഹം മകനായ ഷപൂര്‍ മിസ്ത്രിക്ക് ബാറ്റണ്‍ കൈമാറി. ഒക്ടോബറില്‍ ഫോബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം ഷപൂര്‍ മിസ്ത്രിക്കാണ്.

ഷപൂര്‍ മിസ്ത്രിയുടെ മകന്‍ സൈറസ് മിസ്്ത്രി 2012 മധ്യം മുതല്‍ 2016 ഒക്ടോബര്‍ വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു.ഏറ്റെടുക്കലുകള്‍
1936-ല്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് എഫ്.ഇ.ദിന്‍ഷാ & കോ. എന്ന ഹൈ പ്രൊഫൈല്‍ ധനകാര്യ സ്ഥാപനത്തെഏറ്റെടുത്തു.  ടാറ്റ സണ്‍സില്‍ 12.5% ഓഹരിയുണ്ടായിരുന്ന സ്ഥാപനമാണ് എഫ്.ഇ.ദിന്‍ഷാ & കോ. ഏറ്റെടുക്കലോടെ ഈ ഓഹരികള്‍ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് സ്വന്തമായി. 2001-02ല്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഫോര്‍ബ്‌സ് ഗോകാക്കിനെ ഏറ്റെടുത്തു. പവന്‍കുമാര്‍ സന്‍വര്‍മാള്‍ ഗ്രൂപ്പുമായി ഇഞ്ചോടിഞ്ച് പൊരുതിയായിരുന്നു ഈ ഏറ്റെടുക്കല്‍. ഏറ്റെടുക്കല്‍ വേളയില്‍ തന്നെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഫോര്‍ബ്‌സ് ഗോകാക്ക് നിലവില്‍ അത് ഫോര്‍ബ്‌സ് ആന്‍ഡ് കമ്പനി എന്നാണ് അറിയപ്പെടുന്നത്.

എന്‍ജിനീയറിംഗ് മികവിലൂടെ ബിസിനസ് മേഖലയില്‍ ചുവടുറപ്പിക്കുകയും പിന്നീട് വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്ത കുടുംബമാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. അന്നുമുതല്‍ ഇന്നുവരെയും തങ്ങളുടെ മുഖ്യമേഖല അതുതന്നെയാണെന്ന് അമരക്കാര്‍ പറയുന്നു. സ്മാര്‍ട്ട് എന്‍ജിനീയറിംഗിലൂടെ ഭൂമിയെ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ ജീവയോഗ്യവുമായ ഗ്രഹമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും.

ആറ് മുഖ്യബിസിനസ് മേഖലകളിലും അഞ്ച് ഇതരമേഖലകളിലുമായി 13 കമ്പനികള്‍ സ്വന്തമായുളള ബിസിനസ് ശൃംഖലയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്. ഈ പതിമൂന്ന് കമ്പനികളിലുമായി 40 രാജ്യങ്ങളില്‍ നിന്നുളള 60,000 പേര്‍ ജീവനക്കാരായുണ്ട്. 60 രാജ്യങ്ങളിലായി കമ്പനിയുടെ ക്‌ളയന്‍്‌റ് ശൃംഖല വ്യാപിച്ചു കിടക്കുന്നു.  സുശക്തമായ മാനേജ്‌മെന്റ്ിനൊപ്പം ആത്മാര്‍പ്പണമുളള ജീവനക്കാരും കൂടി ചേരുമ്പോഴാണ് ബിസിനസിന് വ്യാപ്തിയും കരുത്തുമേറുകയെന്ന് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ഷപൂര്‍ മിസ്ത്രി പറയുന്നു.

ജൂഹി ഹില്‍ പ്രോജക്ട് 2014- റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഹില്‍ പ്രോജക്ട്, കരാപന്‍ അര്‍മാഡ സ്റ്റെര്‍ലിങ് 2016- ലോകത്തിലെ ആദ്യ സള്‍ഫര്‍ എഫ്പിഎസ്ഒ, അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോജക്ട് 2015 , ടോപ് ടൗണ്‍ ടെക്‌നോളജി 2016 , ലോകത്തിലെ ആറാമത്തെ സോളാര്‍ ഇപിസി കോണ്‍ട്രാക്ടര്‍-2017 എന്നിവ നാഴികക്കല്ലായ പ്രോജക്ടുകള്‍ ആണ്

സിനിമയിലും  ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഒരു കൈ നോക്കിയിട്ടുണ്ട്. 19605-ല്‍ പുറത്തിറങ്ങിയ മുഗള്‍-ഇ-അസം എന്ന ബോളിവുഡ് ഹിറ്റ് നിര്‍മ്മിച്ചത് ഷപൂര്‍ജി പല്ലോന്‍ജിയുടെ സ്‌റ്റെര്‍ലിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനാണ്. 1.5 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഈ സിനിമയായിരുന്നു അക്കാലത്തെ  ഏറ്റവും ബിഗ് ബജറ്റ് ചിത്രം. വര്‍ഷങ്ങളോളം ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. നാല് ദശാബ്ദത്തിന് ശേഷം ഈ സിനിമയുടെ ഡിജിറ്റല്‍ പതിപ്പൊരുക്കുന്നതിനായി കമ്പനി 5 കോടി ചെലവഴിച്ചു. 2004 നവംബര്‍ 12ന് മുഗള്‍-ഇ-അസമിന്റെ ഡിജിറ്റല്‍ പതിപ്പ് തിയേറ്ററുകളിലെത്തി. ഈ സിനിമയുടെ കളര്‍ പതിപ്പ് പുറത്തിറക്കുക എന്ന തന്റെ മുത്തശ്ശന്റെ (സ്ഥാപകനായ ഷപൂര്‍ജി പല്ലോന്‍ജി) ആഗ്രഹം സഫലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പല്ലോന്‍ജി മിസ്ത്രി ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയത്.

ഒരു ബിസിനസ് സാമ്രാജ്യത്തിലെ രാജകുമാരന്‍ മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ നായകസ്ഥാനത്തെത്തുക. അത്തരത്തില്‍ ഒരു അപൂര്‍വ്വ ഭാഗ്യത്തിനുടമയായ വ്യക്തിയാണ് സൈറസ് മിസ്ത്രി. സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റാ ട്രസ്റ്റും കഴിഞ്ഞാല്‍ ടാറ്റാ സണ്‍സിലെ ഏറ്റവും വലിയ ഓഹരി ഉടമയായ ഷപുര്‍ മിസ്ത്രിയുടെ ഇളയമകനാണ് ഇന്ത്യയില്‍ ജനിച്ച് അയര്‍ലന്‍ഡ് പൗരത്വം നേടിയ സൈറസ് മിസ്ത്രി. 2006 മുതല്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേഹം.
രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റയുമായി മുംബൈയിലെ പല്ലോന്‍ജി കുടുംബത്തിന്റെ ബന്ധത്തിന് എട്ടു പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഹോള്ഡിങ് കമ്പനിയായ ടാറ്റാ സണ്‍സില്‍ 17.5 ശതമാനം ഓഹരികള്‍ ഷപൂര്ജി പല്ലോന്‍ജി മിസ്ത്രി വാങ്ങിയതോടെയാണ് ആ ബന്ധം തുടങ്ങുന്നത്. 1936-ലായിരുന്നു അത്.
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍് എന്നിവയ്ക്ക് വേണ്ടി ഒട്ടേറെ ഫാക്ടറികള് പല്ലോന്‍്ജി കുടുംബം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍്, അന്ന് ടാറ്റയുടെ കൈയില്‍ പണമില്ലാത്തതിനാല്‍ പകരം ഓഹരികള്‍ നല്കുകയായിരുന്നു. അതോടെ, ഷപൂര്‍ജി പല്ലോന്‍ജി ടാറ്റാ സണ്‍സിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയായി മിസ്ത്രി. നിലവിലെ ഓഹരി പങ്കാളിത്തം 18 ശതമാനമാണ്.  രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് 2012-ല്‍ സൈറസ് മിസ്ത്രി ഏത്തിയതും ഈ ഓഹരി പങ്കാളിത്തത്തിന്റെ ബലത്തിലാണ്. എന്നാല്‍, നഷ്ടത്തിലായ ടാറ്റാ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ പൂട്ടി ലാഭകരമായവ മാത്രം നടത്താനുളള സൈറസിന്റെ തീരുമാനം ഡയറക്ടര്‍ ബോര്‍ഡിന് അംഗീകരിക്കാനായില്ല. തുടര്‍ന്ന് 2016-ല്‍ സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി.

 

Post your comments