Global block

bissplus@gmail.com

Global Menu

നിക്ഷേപകർക്ക് ഇനി കാര്യങ്ങൾ എളുപ്പമായി....10 കോടി വരെ ഇനി കാര്യങ്ങള്‍ ഈസിയായി മുന്നേറും

 

   ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന പേരില്‍ വ്യവസായം തുടങ്ങാനുളള കാര്യങ്ങള്‍ സംസ്ഥാനത്ത് ലളിത സുന്ദരമാക്കാനുളള സര്‍ക്കാരിന്റെ പരിപാടി വന്നിട്ട് കാലമൊട്ടായെങ്കിലും അതിന്റെ ഗുണം സംരംഭകരിലേക്ക് എത്തിയില്ലെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. ഫലമോ നിക്ഷേപസൗഹൃദപരമല്ല എന്ന പഴി കേരളത്തിനു മേല്‍ മായാതെ തന്നെ കിടന്നു. ഇപ്പോഴിതാ ആ പഴി കുറച്ചൊക്കെ നീക്കി സംസ്ഥാനത്തിന്റെ നിക്ഷേപസൗഹൃദാന്തരീക്ഷം മികവുറ്റതാക്കാനുളള സ്വാഗതാര്‍ഹമായ ഒരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നു. സംരംഭകന്റെ സാക്ഷ്യപത്രം മാത്രം അടിസ്ഥാനമാക്കി സംസ്ഥാനത്തു 10 കോടി രൂപ വരെ മുതല്‍മുടക്കുള്ള വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കുന്ന കേരള സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍ നവംബറില്‍ നിയമസഭ പാസാക്കി. വിവിധ ലൈസന്‍സുകള്‍ക്കായി കാത്തുനില്‍ക്കാതെ അപേക്ഷിച്ചയുടന്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി സഭ പാസാക്കി. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്ലാണ് നിയമസഭ പാസാക്കിയത്. കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ പി.ജയരാജനാണ് ബില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്ന പുതിയ നിയമപ്രകാരം മൂന്നു വര്‍ഷം വരെ പത്തുകോടി രൂപവരെ മുതല്‍മുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാന്‍ ലൈസന്‍സുകള്‍ ആവശ്യമില്ല.3 വര്‍ഷത്തിനുശേഷം 6 മാസത്തിനകം എല്ലാ ലൈസന്‍സുകളും നേടിയാല്‍ മതി.

     സംരംഭകര്‍ ചെയ്യേണ്ടത്

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തി ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കണം. ഏകജാലക ക്‌ളിയറന്‍സ് ബോര്‍ഡ് ആക്ട് പ്രകാരം കേരളത്തില്‍ നിലവിലുള്ള ജില്ലാ ബോര്‍ഡ് ആണ് ഇതിന്റെ നോഡല്‍ ഏജന്‍സി. ഈ ബോര്‍ഡ് മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന്റെ അധ്യക്ഷന്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും ആണ്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാറ്റഗറി അനുസരിച്ച് 'റെഡ്' വിഭാഗത്തില്‍ വരാത്ത സംരംഭങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളു. 'വൈറ്റ്', 'ഗ്രീന്‍', 'ഓറഞ്ച്', 'റെഡ്' ഇങ്ങനെ മലിനീകരണത്തിന്റെ തോത് അനുസരിച്ച് സംരംഭങ്ങളെ തരംതിരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പൂര്‍ണമായ ഒരു അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ ജില്ലാ ബോര്‍ഡ് ഒരു 'കൈപ്പറ്റ് രസീത്' നിശ്ചിത ഫോറത്തില്‍ നല്‍കും. ഈ രസീത് ലഭിച്ച് പിറ്റേദിവസം തന്നെ സംരംഭം തുടങ്ങാം. ഇതിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. കാലാവധി അവസാനിച്ചാല്‍ ആറു മാസത്തിനുള്ളില്‍ നിയമപരമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും ക്‌ളിയറന്‍സുകളും എടുത്തിരിക്കണം. സാക്ഷ്യപത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. 10 കോടിയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അതായത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് മാത്രം. നോഡല്‍ ഏജന്‍സിയുടെ തീരുമാനം മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍, സംസ്ഥാന ഏകജാലക ക്‌ളിയറന്‍സ് ബോര്‍ഡ് മുമ്പാകെ 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.

 ആറു നിയമങ്ങളില്‍ ഭേദഗതി

ആറുനിയമങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവന്നത്. ഭേദഗതി ചെയ്ത നിയമങ്ങള്‍ ചുവടെ:

 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്

 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്

 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്ട്

 2013ലെ കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്ട്

 1955ലെ ട്രവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്

 1939ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്

 
ബില്ലിന്റെ നേട്ടങ്ങള്‍

അനുമതിക്കായി കാത്തുനില്‍ക്കാതെ സംരംഭം തുടങ്ങാം

അനുമതികള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട

നിക്ഷേപം 10 കോടി വരെയാകാം

മൂന്നുവര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ട

മൂന്നുവര്‍ഷക്കാലം പരിശോധനകളും ഉണ്ടാവില്ല

വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാനും തടസമില്ല.

   ആശങ്ക വേണ്ട

   ലൈസന്‍സ് ഇല്ലാതെ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതിയോ? കേരളം കുട്ടിച്ചോറാക്കുമോ? കോര്‍പറേറ്റുകള്‍ മണ്ണും ജലവും വായുവും ഉപയോഗ്യശൂന്യമാക്കുമോ എന്നൊക്കെയുളള സംശയങ്ങള്‍ ഇതോടനുബന്ധിച്ച് ഉയരുക സാധാരണമാണ്. വിമര്‍ശിക്കാന്‍ ഒരുമ്പെടും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

 

1.  10 കോടി രൂപയില്‍ താഴെ നിക്ഷേപം വരുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ മാത്രമാണ് ഈ നിയമം അനുസരിച്ച് തുടങ്ങാന്‍ കഴിയുന്നത്. ആയതിനാല്‍ കൂറ്റന്‍ വ്യവസായങ്ങള്‍ വരുമെന്ന് ആശങ്കപ്പെടേണ്ടതില്ല.

 

2.  പരിസ്ഥിതി മലിനീകരണം രൂക്ഷമാകുമോ എന്നും ഭയക്കേണ്ടതില്ല. 'റെഡ് കാറ്റഗറി' സംരംഭങ്ങളെ ഇതിന്റെ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു എന്നതിനാല്‍, അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഓയില്‍ റിഫൈനറി, മൈനിങ് (പാറമടകള്‍ക്ക് ബാധകം) ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്റ്റിലറി തുടങ്ങിയ സംരംഭങ്ങള്‍ പോലും 'റെഡ്' കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്.

 

3.  നെല്‍വയലുകള്‍ നികത്തി കെട്ടിടം പണിയാന്‍ പറ്റില്ല. തണ്ണീര്‍ത്തട സംരക്ഷണ നിയമം മറികടക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമങ്ങള്‍ക്കും വിധേയമായതിനാല്‍, തീരദേശ-പരിസ്ഥിതിലോല പ്രദേശങ്ങള്‍ എന്നിവയെയും പുതിയ നിയമം സ്പര്‍ശിക്കുന്നില്ല.

 

4.  നിയമങ്ങള്‍ അനുസരിക്കാതെ സ്ഥാപനം തുടങ്ങാന്‍ ആരുംതന്നെ തയ്യാറാകില്ല. കാരണം, മൂന്ന് വര്‍ഷത്തിനു ശേഷം, ആറ് മാസത്തിനുള്ളില്‍ നിയമപ്രകാരമുള്ള എല്ലാ ലൈസന്‍സുകളും സമ്പാദിച്ചിരിക്കണം.

 

5.  നികുതി വെട്ടിച്ച് വ്യവസായം നടത്താനും സാധിക്കില്ല. ജി.എസ്.ടി., ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍, ഗുണമേന്മാ സര്‍ട്ടിഫിക്കറ്റകുളായ ഐ.എസ്.ഐ., അഗ്മാര്‍ക്ക്, ട്രേഡ്മാര്‍ക്ക്, അളവ്-തൂക്ക നിയമങ്ങള്‍ തുടങ്ങിയവ അനുസരിക്കാന്‍ സംരംഭകര്‍ ബാധ്യസ്ഥരായിരിക്കും. ഇത്തരം കാര്യങ്ങളില്‍ നിയമം ബാധകമാകുന്നതല്ല.

 
   കാലവിളംബം കൂടാതെ സംരംഭം തുടങ്ങാന്‍ കഴിയുന്നുവെന്നതാണ് പുതിയ നിയമത്തിന്റെ കാതല്‍.കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ കുറിച്ച്  പലതരത്തിലുള്ള ആക്ഷേപങ്ങളും ഉണ്ട്. എന്നാല്‍ അതൊഴിവാക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നത് കാണാതെ പോകരുത്. നൂലാമാലകളും തലനാരിഴ കീറിയുളള പരിശോധനകളുമാണ് പലപ്പോഴും സര്‍ക്കാരിന്റെ ജനക്ഷേമ,വ്യാപാരിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്.  സ്റ്റാര്ട്ടപ്പ് മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായ രംഗത്തും ദീര്‍ഘവീക്ഷണത്തോടെയുളള പല പരിഷ്‌കരണങ്ങളും നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയവും സ്വാഗതാര്‍ഹവുമാണ് നവംബറില്‍ പാസ്സാക്കിയ ് 'കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കള്‍ ബില്‍' പരിഷ്‌കരണം. കേരളത്തെ നിക്ഷേപകസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.

    

      ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്തിനു തന്നെ മാതൃകയായി തീര്‍ന്ന കേരളം വ്യവസായ, തൊഴില്‍ സൃഷ്ടിക്കല്‍ രംഗത്ത് പിന്നോക്കം പോയതിനു പ്രധാന കാരണം നിയമങ്ങളിലെ കടുംപിടിത്തങ്ങളാണ്. ഇന്ത്യയില്‍ മറ്റ് നിരവധി സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ ലഘൂകരിച്ച് ബഹുദൂരം മുന്നോട്ടു പോയിട്ടും സംസ്ഥാനം പഴയ ചട്ടക്കൂടില്‍ നിന്നു പുറത്തുവന്നില്ല. ഫലമോ മറ്റ് സംസ്ഥാനങ്ങളില്‍ ധാരാളം സംരംഭങ്ങളുണ്ടായി. അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വികസനമുണ്ടായി. അഭ്യസ്തവിദ്യനായ മലയാളി്ക്കാകട്ടെ തൊഴില്‍ തേടി അന്യ സംസ്ഥാനങ്ങളിലേക്ക് അഥവാ രാജ്യങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. പ്രവാസി വരുമാനം കൊണ്ട് വരുംകാലത്ത് സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നിരിക്കെ പുതിയ നിയമം തീര്‍ച്ചയായും വികസനമുന്നോടിയായ സുപ്രധാന ചുവടുവയ്പാണ്. പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തിലുള്ള ഇടത്തരം സംരംഭങ്ങള്‍ക്ക് അപാരമായ സാധ്യതകളുളള സംസ്ഥാനമാണ് കേരളം. അതുപയോഗപ്പെടുത്താന്‍ യുവ, നവ സംരംഭകര്‍ക്ക് പുതിയ നിയമം പ്രേരകശക്തിയായി തീരട്ടെ.

 
    പുതിയ നിയമം കാര്‍ഷിക മേഖലയ്ക്ക് കരുത്ത് പകരും. കൂടുതല്‍ കാര്‍ഷിക വിളകള്‍ മൂല്യവര്‍ദ്ധിതമാക്കാന്‍ സാഹചര്യമുണ്ടാകുന്നതോടെ കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് വില ഉയരുകയും കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്യും.ഗോഡൗണുകളും ഫ്രീസിംഗ് പോയിന്റുകളും ധാരാളമായി തുടങ്ങാന്‍ സൗകര്യം ലഭിക്കും. വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരില്ല- ഇ.പി.ജയരാജന്‍, വ്യവസായവകുപ്പ് മന്ത്രി

    റെഡ് കാറ്റഗറിയില്‍പെട്ട ഓയില്‍ റിഫൈനറി, മൈനിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിസ്റ്റലിറി തുടങ്ങിയ സംരംഭങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.മാത്രമല്ല കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം, കേരള നഗര-ഗ്രാമ ആസൂത്രണ നിയമം (മാസ്റ്റര്‍ പ്‌ളാന്‍ പ്രാബല്യത്തിലുള്ള പ്രദേശങ്ങള്‍), ഏതെങ്കിലും പ്രത്യേകമായ കേന്ദ്ര നിയമങ്ങള്‍ എന്നിവ അനുസരിക്കാന്‍ സംരംഭകര്‍ ബാധ്യസ്ഥരാണ്.  അതിനാല്‍ നെല്‍വയല്‍ നികത്തി കെട്ടിടം പണിയാനാകില്ല. തീരദേശം, പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവയെ നിയമം സ്പര്‍ശിക്കുന്നില്ല. നികുതി വെട്ടിച്ച് വ്യവസായം തുടങ്ങാനാകില്ല. ജിഎസ്ടി, ഭക്ഷ്യസുരക്ഷാ നിയമം, ഗുണമേന്മാ സര്‍ട്ടിഫിക്കറ്റുകള്‍, അളവ് തൂക്ക നിയമങ്ങള്‍ തുടങ്ങിയവ ബാധകമാണ്.

Post your comments