Global block

bissplus@gmail.com

Global Menu

കേരളബാങ്ക് സ്വപ്‌നമല്ല.....സ്വപ്‌നസാഫല്യം

 

കേരള കോ-  ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 നവംബര്‍ 30ന്  തീയതി  പ്രാബല്യത്തില്‍ വന്നു.  ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നതിലെ തടസങ്ങള്‍ നീങ്ങിയത്.സഹകരണബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളടക്കം നല്‍കിയ 21 ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.  ഇതോടെയാണ് ബാങ്കുകളുടെ ലയനവും ബന്ധപ്പെട്ട നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. മലപ്പുറം ഒഴികെ 13 ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ഇനി ഉണ്ടാകില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെയും മലപ്പുറം ഒഴികെ ഉള്ള ജില്ല സഹകരണ ബാങ്കിന്റെയും പ്രവര്‍ത്തനത്തിനായ് ഇടക്കാല ഭരണ സമിതിയെ നിയോഗിച്ചു. ജില്ല സംസ്ഥാന സഹകരണ ബാങ്കുകളുടെ റിസീവര്‍ ഭരണം നീക്കുകയും ചെയ്തു. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ നേതൃത്വത്തിലാണ് ഇടക്കാല ഭരണസമിതി. ധന-റിസോഴ്‌സ് സെക്രട്ടറി സഞ്ജീവ് കൗശിക്, ഐ.എ.എസ്, കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ റാണി ജോര്‍ജ്ജ് ഐ.എ.എസ് എന്നിവരാണ് ഇടക്കാല ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍. ഇടക്കാല ഭരണസമിതി അടിയന്തിരമായി യോഗം ചേര്‍ന്ന് കേരള ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളില്‍ നാളിതുവരെ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം വരാത്ത രീതിയിലാകും കേരള ബാങ്കിന്റെ പ്രവര്‍ത്തനം. ഇടക്കാല ഭരണസമിതിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമാണ്. എന്നാല്‍, ബാങ്കുകളുടെ നിയമപരമായ ലയനം പൂര്‍ത്തീകരിച്ചതിനുശേഷം, ആവശ്യമായ ബൈലോ ഭേദഗതികള്‍ നടത്തി എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുകയും ജനാധിപത്യ ഭരണസമിതിയെ ബാങ്കിന്റെ അധികാരമേല്‍പ്പിക്കുകയും ചെയ്യും.പ്രാഥമിക സഹകരണ സംഘങ്ങളുടെയും സൊസൈറ്റികളുടെയും ലീഡ് ബാങ്ക് ഇനി മുതല്‍ കേരള ബാങ്കായിരിക്കും.

മുമ്പ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ ആയിരുന്നു കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെട്ടിരുന്നത്. എന്നാല്‍ എസ്ബിറ്റി ഉള്‍പ്പെടെയുളള സ്‌റ്റേറ്റ് ബാങ്കുകളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയുമായി ലയിപ്പിച്ചതോടെ കേരളത്തിന് സ്വന്തം ബാങ്ക് എന്ന വികാരം നഷ്്ടമായി. കാരണം സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരുന്നത് എസ്ബിടി ആയിരുന്നു. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് എസ്ബിടിയില്‍ നിന്ന് വായ്പകള്‍ യഥേഷ്ടം നല്‍കിയിരുന്നു. എന്നാല്‍ എസ്ബിയില്‍ നിന്ന്  കേരളത്തിന്  പരിഗണന ലഭിക്കുമെന്ന സംശയം ഉണ്ടായി. ഈ ആശങ്കയില്‍ നിന്നാണ്  കേരള ബാങ്ക് എന്ന ആശയത്തിന്റെ ഉദയം. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കേരള ബാങ്ക് എന്ന കേരളത്തിന്റെ സ്വന്തം ബാങ്ക് രൂപീകരിക്കുന്നത്.  കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച് പഠനം നടത്താന്‍ ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കായി ടാസ്‌ക് ഫോഴ്സിനെ നിയമിച്ചു. ഇവരുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്.  ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ വായ്പാ പ്രോഡക്ടുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഏകീകരിച്ചു. ബാങ്കുകളുടെ സിഎ ഓഡിറ്റ്, മെഗ്രേഷന്‍ ഓഡിറ്റ്, ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് എന്നിവ പൂര്‍ത്തീകരിച്ചു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനും കമ്മിഷനെ നിയമിച്ചു. സംസ്ഥാന സഹകരണ ബാങ്കിന് ഏകദേശം 7000 കോടി രൂപയും ജില്ലാബാങ്കുകളില്‍ 47047 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. 65000 കോടി (650 ബില്ല്യണ്‍) രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു വാണിജ്യ  ബാങ്കായി തന്നെയാണ് കേരള ബാങ്കിനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 804 ബ്രാഞ്ചുകളുടെ ലയനമാണ് പൂര്‍ത്തികരിക്കേണ്ടത്. ഇതിനായി റിസര്‍വ്വ് ബാങ്കിന്റെ പച്ചക്കൊടി ലഭിച്ചതോടെ സര്‍ക്കാര്‍ ഒരു വലിയ കടമ്പ കടന്നു.  എന്നാല്‍ സോഫ്റ്റ്വെയര്‍ ഏകീകരണം അടക്കമുള്ള കടമ്പകള്‍ കടന്നുവേണം കേരള ബാങ്ക് ജനങ്ങളിലെത്താന്‍. ഇതിന്ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരും.

കേരള ബാങ്ക് എന്ന കേരള കോ-  ഓപ്പറേറ്റീവ് ബാങ്കിന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.  സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ റീജനല്‍ ഓഫിസുകള്‍ ഉണ്ടാവും. ബാങ്ക് ഭരണം നിയന്ത്രിക്കാന്‍ തിരുവനന്തപുരത്തു കേന്ദ്രഭരണസമിതിയുമുണ്ടാകും.   ജില്ലാ സഹകരണബാങ്കുകളുടെ 805ഉം സംസ്ഥാന ബാങ്കിന്റെ 20 ഉം ശാഖകള്‍ കേരള ബാങ്കിന്റേതാകും. ശാഖകളില്‍ പലതും റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ചു ഭാവിയില്‍ പൂട്ടിപ്പോകാനും സാധ്യതയുണ്ട്. 1640 പ്രാഥമിക സഹകരണ ബാങ്കുകളായിരിക്കും കേരള ബാങ്കിന്റെ ടച്ച്‌പോയിന്റുകള്‍.

നേട്ടങ്ങളും കോട്ടങ്ങളും

നബാര്‍ഡില്‍ നിന്നു കൂടുതല്‍ വായ്പ ലഭിക്കുന്നതിനാല്‍ നിലവില്‍ നല്‍കുന്ന വായ്പകളുടെ പലിശ നിരക്കു കുറയും. നിലവില്‍ 13 ശതമാനം വരെയുള്ള ഭവന വായ്പ പലിശ ജില്ലാ ബാങ്ക് ഇല്ലാതാകുന്നതോടെ മറ്റു ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ പോലെ 9 %ത്തിലേക്കു കുറയാം.

 
 നിലവില്‍ വിവിധ ജില്ലാ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളില്‍ അതതു ജില്ലകളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്  വ്യത്യാസമുണ്ടായിരുന്നു. ജില്ലാ ബാങ്കുകളുടെ ഭരണസമിതികള്‍ക്കു ഓരോ ജില്ലയ്ക്കും അനുയോജ്യമായ പ്രൊജക്ടുകള്‍ തയാറാക്കുകയും പലിശ നിരക്ക് നിശ്ചയിക്കുകയും ചെയ്യാമായിരുന്നു. കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഏകീകൃത സേവനങ്ങളായി മാറും. സംസ്ഥാനമൊട്ടാകെ ഒരേ വായ്പ, നിക്ഷേപ പലിശ നിരക്കായിരിക്കും. പിന്നാക്ക ജില്ലയ്ക്കും മുന്നാക്ക ജില്ലയ്ക്കുമൊക്കെ ഒരേ പലിശനിരക്കായിരിക്കും.

മറ്റു വാണിജ്യ ബാങ്കുകള്‍ ലാഭത്തിനുവേണ്ടി ചെയ്യുന്ന അമിതമായ സര്‍വീസ് ഫീസുകളും രഹസ്യ വ്യവസ്ഥകളിലൂടെയുള്ള പണം പിഴിയലും മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതിയും  കേരള ബാങ്കില്‍ ഉണ്ടാകില്ല. സേവനങ്ങളില്‍ നല്ലൊരു പങ്കും സൗജന്യമായിരിക്കും.

സഹകരണബാങ്കുകള്‍ പൊതുവെ ഡിജിറ്റല്‍ സേവനങ്ങളില്‍ പിന്നാക്കമാണ്. ഓണ്‍ലൈന്‍ ബാങ്കിങ് സേവനം നല്‍കുന്ന ഒന്നോ രണ്ടോ ജില്ലാ സഹകരണ ബാങ്കുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കേരളബാങ്ക് വരുന്നതോടെ ഓണ്‍ലൈന്‍ ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, തുടങ്ങിയ പുതുതലമുറ ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലാ ശാഖകളിലും എത്തും. സംസ്ഥാനത്തിനു പുറത്തും ശാഖകളും എടിഎമ്മുകളും തുറക്കുംളള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു കൂടുതല്‍ സാങ്കേതിക മികവുള്ള സേവനങ്ങള്‍ നാട്ടിന്‍പുറത്തെത്തിക്കാന്‍ കഴിയു
സര്‍ക്കാരിന്റെ പണം ഇടപാടുകളും സബ്‌സിഡികളും എല്ലാം കേരള ബാങ്ക് വഴിയാക്കുന്നതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബാങ്കായി കേരള ബാങ്ക് മാറും. സംസ്ഥാനത്തിന്റെ വന്‍കിട പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ വിദേശ ബാങ്കുകളെ ആശ്രയിക്കേണ്ടിവരില്ല. ക്ഷേമ പെന്‍ഷനുകളുടെ വിതരണവും ട്രഷറി ഇടപാടുകളും സുഗമമാകും.
കേരള ബാങ്ക് വരുന്നതോടെ കേരളത്തിലെ സഹകരണ മേഖല പൂര്‍ണമായും റിസര്‍വ് ബാങ്കിന്റ നിയന്ത്രണത്തിലാകും. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അനുഭവിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാകും.
വായ്പ പലിശ നിരക്ക് കുറയുന്നതോടെ നിക്ഷേപ പലിശയും കുറയുന്നത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും. നിലവില്‍ സഹകരണ മേഖലയ്ക്ക് ആദായനികുതിയില്‍ ഇളവുള്ളതിനാല്‍ നിക്ഷേപകര്‍ക്കു ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ കേരള ബാങ്കിലൂടെ റിസര്‍വ് ബാങ്ക് നിയന്ത്രണം വരുന്നതോടെ വ്യക്തിഗത നിക്ഷേപകരും സംഘങ്ങളും ആദായനികുതി നല്‍കേണ്ടി വരും.
54 ലക്ഷം ഇടപാടുകാരാണു ഇന്നു ജില്ലാ സഹകരണബാങ്കുകളിലുളളത്.  സഹകരണ ബാങ്കുകളുടെ ആദായനികുതി ഇളവാണ് ഇവരില്‍ പകുതിപ്പേരെയും ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നത്. ജില്ലാ ബാങ്കുകള്‍ ഇല്ലാതാകുകയും റിസര്‍വ് ബാങ്ക് നിയന്ത്രണം വരുകയും ചെയ്യുന്നതോടെ ഈ ഇടപാടുകാര്‍ മറ്റു ബാങ്കുകളിലേക്കു തിരിയാനുളള സാധ്യതയേറെയാണ്.
റിസര്‍വ് ബാങ്കിന്റെ പ്രധാന നിബന്ധന കിട്ടാക്കടം നിശ്ചിത പരിധിക്കുള്ളില്‍ നിര്‍ത്തണം എന്നാണ്. ഇതിനു വേണ്ടിയാണ് റബ്‌കോയുടെ 307 കോടു രൂപ സര്‍ക്കാര്‍ ഏറ്റെടുത്തത്. റബ്‌കോയ്ക്കു പുറമേ ഒട്ടേറെ സംഘങ്ങള്‍ ഇത്തരത്തില്‍ സംസ്ഥാന സഹകരണ ബാങ്കിനു പണം തിരിച്ചു നല്‍കാനുള്ളവരാണ്. അവര്‍ക്കു വേണ്ടിയും നാളെ ഇതേ പേരില്‍ സാധാരണക്കാരന്റെ നികുതിപ്പണം സര്‍ക്കാര്‍ വകമാറ്റിയേക്കാം.
കെഎസ്ആര്‍ടിസി പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, പ്രളയദുരിതാശ്വാസം എന്നിങ്ങനെ സര്‍ക്കാര്‍ പലപ്പോഴും സഹകരണ ബാങ്കുകളിലെ പണം നിര്‍ബന്ധപൂര്‍വം വാങ്ങാറുണ്ട്. ഈ കയ്യിട്ടുവാരലുകള്‍ക്കു പുറമേ കിഫ്ബിയുടെ അധിക ഭാരം കൂടി കേരള ബാങ്ക് ചുമക്കേണ്ടി വരും.
കേരളബാങ്ക് രൂപീകരിക്കുന്നതിനായി ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ പോകുന്ന, തിരുവനന്തപുരത്തെ സംസ്ഥാന സഹകരണ ബാങ്ക് മാറി വരുന്ന സര്‍ക്കാരുകളുടെ താല്പര്യത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തിലുള്ള ജില്ലാ ബാങ്കുകള്‍ കൂടി ചേരുന്നതോടെ നഷ്ടം വര്‍ദ്ധിക്കുന്നതിന് സാധ്യത ഏറെയാണ്.
കേരള ബാങ്കിന്റെ ഭരണസമിതിയില്‍ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ക്കാണു കൂടുതല്‍ പ്രാധാന്യം. നിലവിലെ സംഘങ്ങളില്‍ 65 ശതമാനവും സിപിഎമ്മിന്റെ കൈവശമാണ്. ഇവര്‍ക്കു പുറമേ സര്‍ക്കാര്‍ നാമനര്‍ദേശം ചെയ്യുന്ന വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമുണ്ടാകും. ഇവിടെയും തങ്ങള്‍ക്ക് താല്പര്യമുളളവരെ നിയമിക്കാം.
കേരള ബാങ്ക് നിലവില്‍ വന്നു 2 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമേ പ്രവാസി നിക്ഷേപത്തിന് ആര്‍ബിഐയുടെ അനുമതി ലഭിക്കുകയുള്ളൂ. സംസ്ഥാന സഹകരണ ബാങ്കിനു നേരത്തേ ഈ അനുമതി ലഭിച്ചതാണ്. അവര്‍ 2 വര്‍ഷം അത് ഉപയോഗിക്കാത്തതിനാല്‍ ആര്‍ബിഐ അനുമതി പിന്‍വലിച്ചു. ആര്‍ബിഐ അംഗീകാരത്തോടെ കോഴിക്കോട്, ഇടുക്കി ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവാസി നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കേരള ബാങ്കിലേക്കു ലയിക്കുന്നതോടെ ഈ ബാങ്കുകളുടെയെല്ലാം ലൈസന്‍സ് റദ്ദാകും.

Post your comments