Global block

bissplus@gmail.com

Global Menu

മണലാരണ്യത്തിൽ വിജയ ഗാഥ രചിച്ച വ്യവസായി: സുരേഷ് സി പിള്ള

 

മണലാരണ്യത്തില്‍ വിജയഗാഥ രചിച്ച മലയാളികള്‍ ഏറെയാണ്. എന്നാല്‍, ഗള്‍ഫിന്റെ നട്ടെല്ലായ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ബിസിനസ് ആരംഭിച്ച് വിജയംവരിച്ചവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അത്തരത്തില്‍ അപൂര്‍വ്വമായ വിജയഗാഥ തീര്‍ത്ത, ഇപ്പോഴും വിജയ ചക്രവാളങ്ങള്‍ കീഴടക്കി മുന്നേറുന്ന പ്രവാസി മലയാളി ബിസിനസുകാരനാണ് സുരേഷ്.സി.പിളള. മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരന്‍. ആലപ്പുഴ വളളിക്കുന്നത്തുനിന്ന് കുവൈറ്റോളം നീണ്ട...അവിടെ നിന്ന് അബുദാബിയിലേക്കും ഇതര നാടുകളിലേക്കും വ്യാപിക്കുന്ന ബിസിനസ് യാത്ര...... ബിസിനസിനോടുളള ഇഷ്ടത്തിനൊപ്പം കഴിവും പ്രതിബദ്ധതയുമാണ് തന്നിലെ ബിസിനസുകാരനെ പാകപ്പെടുത്തിയതെന്ന് അദ്ദേഹം പറയുന്നു. തന്റെ ബിസിനസ് ജീവിതത്തെ കുറിച്ച് സുരേഷ്.സി.പിളള ബിസിനസ് പ്‌ളസിനു നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ നിന്ന്.....

സുരേഷ്.സി.പിളള എന്ന വ്യക്തിയുടെ കരിയറിന്റെ തുടക്കം എങ്ങനെയാണ്?

    എന്‍ജിനീയറായാണ് കരിയര്‍ ആരംഭിക്കുന്നത്. എന്‍ജിനീയറിംഗ് കഴിഞ്ഞിട്ട് ഇന്ത്യയില്‍ ഒന്നു രണ്ടു കമ്പനികളില്‍ ജോലി നോക്കി. പ്രധാനമായും ഓയില്‍ ആന്‍ഡ് ഗ്യാസ് ഫീല്‍ഡിലാണ് ജോലി ചെയ്തത്. അതിനുശേഷം കുവൈറ്റിലെത്തി. ഇന്‍സ്‌പെക്ഷന്‍ എന്ഡജിനീയറായിട്ടാണ്  കുവൈറ്റിലെത്തിയത്. ഒന്നു രണ്ടു വര്‍ഷം ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയറായി തന്നെ ജോലി ചെയ്തു. അതിനു ശേഷം ഓയില്‍ ആന്‍ഡ് ഗ്യാസ് ഫീല്‍ഡിലെ കോര്‍ ഏരിയയിലേക്ക് മാറി. ആ മേഖലയിലും അഞ്ചുവര്‍ഷത്തിലേറെ ജോലി ചെയ്തു. അതിനുശേഷമാണ്  സ്വന്തമായി ബിസിനസ് ആരംഭിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വ്വീസ് കമ്പനിയായിട്ടാണ് മാര്‍ക്ക് ഗ്രൂപ്പിന്റെ തുടക്കം. ആദ്യം ഇരുപതോളം തൊഴിലാളികളാണുണ്ടായിരുന്നത്. ഇന്ന് 2000 ജീവനക്കാരുണ്ട്.

എന്തുകൊണ്ട് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖല തിരഞ്ഞെടുത്തു?

            വെല്ലുവിളികള്‍?ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയെ പ്രധാനമായും മൂന്നായി തരം തിരിക്കാം. അപ് സ്ട്രീം, മിഡ് സ്ട്രീം, ഡൗണ്‍ സ്ട്രീം. അതില്‍ ഡൗണ്‍ സ്ട്രീമിലാണ് റിഫൈനറി ആക്ടിവിറ്റീസ് വരുന്നത്. ഞാന്‍ ഗുജറാത്തില്‍ ജോലിക്ക് ചേരുമ്പോള്‍ എന്റെ പ്രവര്‍ത്തനമേഖലയെന്ന് പറയുന്നത് ഡൗണ്‍ സ്ട്രീമിലായിരുന്നു. അതായത് റിഫൈനറി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖല. കുവൈറ്റില്‍ എത്തിക്കഴിഞ്ഞ് ആദ്യ വര്‍ഷവും ഞാന്‍ ഇതേ രംഗത്ത് പ്രവര്‍ത്തിച്ചു. അടുത്ത വര്‍ഷം അപ് സ്ട്രീമിലേക്ക് മാറി. അതായത് എണ്ണ കുഴിച്ചെടുക്കുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ഫീല്‍ഡിലെ കോര്‍  മേഖലയിലേക്ക് മാറി. പിന്നീടാണ് സ്വന്തം ബിസിനസിലേക്ക് വരുന്നത്. ഞാന്‍ ബിസിനസിലേക്ക് വരാനുളള കാരണമെന്തെന്നാല്‍, ജോലി നോക്കിയിരുന്ന കമ്പനിയില്‍ ഒരു വൈഡ് സ്‌പെക്ട്രത്തിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. എല്ലാ കാര്യങ്ങളിലും എന്റെ കണ്ണെത്തണം. എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യണം. അങ്ങനെ വന്നപ്പോള്‍ എനിക്കു തന്നെ തോന്നി ഞാന്‍ സ്വന്തമായിട്ട് ചെയ്യുകയാണെങ്കില്‍ കുറച്ചുകൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ പറ്റും. എന്തെങ്കിലും പിഴവു പറ്റിയാല്‍ അതിന് മറ്റാരോടും വിശദീകരണം നല്‍കേണ്ടി വരില്ല. അതുമാത്രമല്ല, എനിക്ക് വ്യക്തമായ ഒരു ബിസിനസ് പാരമ്പര്യവുമുണ്ട്. പിന്നെ കുറച്ചുവര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേഷനും ഈ ബിസിനസിന്റെ സ്വഭാവവും മറ്റു കാര്യങ്ങളുമെല്ലാം വ്യക്തമായി  അറിയാമായിരുന്നു. പിന്നെ സാധാരണ എല്ലാവരും ബിസിനസിലേക്ക് വരുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എനിക്കും നേരിടേണ്ടി വന്നു. പക്ഷേ, അതെല്ലാം ധൈര്യസമേതം നേരിട്ട് ബിസിനസില്‍ ചുവടുറപ്പിച്ചു.

എണ്ണയെ മുഖ്യ വരുമാനമാര്‍ഗ്ഗമായി കാണുന്നത് അതായത് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കാണുന്നതില്‍ നിന്ന് ഗള്‍ഫ് മേഖല മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതായത് ഓയില്‍ എക്കോണമിയുടെ പ്രാധാന്യം കുറയുന്നു. ആ മേഖലയില്‍ മുതല്‍മുടക്കിയ വ്യക്തിയെന്ന നിലയില്‍ ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

എണ്ണ എന്നു പറയുന്നത് ഒരു പരമ്പരാഗത ഇന്ധനം (രീി്‌ലിശേീിമഹ എൗലഹ) ആണ്. ഇപ്പോള്‍ അതിന് ബദലായി പലതും കണ്ടുപിടിക്കപ്പെടുന്നു. എന്നാല്‍,  ഈ ബദല്‍ സംവിധാനങ്ങളൊക്കെ പ്രാബല്യത്തിലാകാന്‍ വര്‍ഷങ്ങളെടുക്കും. മറ്റൊരു കാര്യം, കുവൈറ്റിനെ സംബന്ധിച്ച് ഒരു ബാരല്‍ എണ്ണയുടെ ലിഫ്റ്റിംഗ് കോസ്റ്റ് അതായത് എണ്ണ ഉത്പാദിപ്പിച്ചു പുറത്തുകൊണ്ടുതരുമ്പോഴുളള ചെലവ് വളരെ കുറവാണ്. ബാരലിന് 5-6 ഡോളറാണ് ചെലവ്. അത് മാര്‍ക്കറ്റിലെത്തുമ്പോള്‍ 70-100 ഡോളര്‍ വരെയാണ്. ലാഭമെത്രയെന്ന് ഊഹിക്കാമല്ലോ? ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് വില കുറച്ചു കുറഞ്ഞാലും നേരത്തേ പറഞ്ഞ വെല്ലുവിളികളൊന്നും അത്രപെട്ടെന്ന് കുവൈറ്റ് ഓയില്‍ മോഖലയെ ബാധിക്കാന്‍ പോകുന്നില്ല. മൂന്നാമത്തെ കാര്യം കുവൈറ്റിലെ എണ്ണ, ഗ്യാസ് ശേഖരം വളരെ വലുതാണ്. അടുത്ത 25-50 വര്‍ഷത്തേക്കുളള ശേഖരമുണ്ട്. അതുകൊണ്ടുതന്നെ കുവൈറ്റില്‍ ഞങ്ങള്‍ക്ക് ഉടനെയെങ്ങും വലിയ വെല്ലുവിളികള്‍ ഉണ്ടാകാനിടയില്ല. ഭാവിയില്‍ ആഗോളതലത്തില്‍ ഭീഷണിയുണ്ടായേക്കാം. അതും അത്ര പെട്ടെന്നൊന്നുമുണ്ടാവില്ല.

 

ബിസിനസ് വ്യാപനം?

മാര്‍ക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്  നിലവില്‍ കുവൈറ്റില്‍ മൂന്ന് കമ്പനികളാണുളളത്. മൂന്നും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലാണെങ്കിലും പ്രൊഫൈലും പ്രവര്‍ത്തനമേഖലയും വ്യത്യസ്തമാണ്. കുവൈറ്റില്‍ ഞങ്ങള്‍ എണ്ണ, പാചകവാതക ഫീല്‍ഡില്‍ ഉത്പാദനം, പ്രോസസിംഗ്, അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ (ഫെസിലിറ്റീസ് കണ്‍സ്ട്രക്ഷന്‍) മേഖലകളിലാണ് സജീവമായിട്ടുളളത്. ഫെസിലിറ്റീസ് കണ്‍സ്ട്രക്ഷനെന്നു പറഞ്ഞാല്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങി എല്ലാ കാര്യങ്ങളും ഞങ്ങളാണ് ചെയ്യുന്നത്. മാത്രമല്ല മാര്‍ക്ക് ഗ്രൂപ്പിന് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ബഹുരാഷ്ട്രകമ്പനികളുമായി ഹൈ ലെവല്‍ ടെക്‌നൊളജിക്കല്‍ പാര്‍ട്‌നര്‍ഷിപ്പുമുണ്ട്. കുവൈറ്റിനു പുറമേ അബുദാബിയില്‍ ഒരു കമ്പനി തുടങ്ങാനുളള എല്ലാ നടപടികളും പൂര്‍ത്തിയായി. ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇന്ത്യയില്‍ മാര്‍ക്ക് പെട്രോളിയം എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  പക്ഷേ , പ്രൊജക്ടുകളൊന്നും എടുത്തു തുടങ്ങിയിട്ടില്ല. മാര്‍ക്ക് ഗ്രൂപ്പിന്റെ ആസ്ഥാനം കുവൈറ്റ് തന്നെയാണ്.

കേരളത്തില്‍?

   കേരളത്തില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ നിലവില്‍ പ്രോജക്ടുകളൊന്നും തുടങ്ങിയിട്ടില്ല. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി മാര്‍ക്ക് ഗ്രൂപ്പ് ശ്രമിച്ചിരുന്നു. അത് ലഭിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കമ്പനി സാന്നിധ്യമറിയിക്കുമായിരുന്നു. കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ചെറിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ട്. ഒരു സ്‌കൂള്‍ ഏറ്റെടുക്കാനാണ് ശ്രമം. ഡല്‍ഹി പബ്‌ളിക് സ്‌കൂളുമായി അതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബിസിനസ് പാരമ്പര്യം?

  തീര്‍ച്ചയായും ആകസ്മികമായി ബിസിനസിലേക്ക് വന്ന ഒരാളല്ല ഞാന്‍. അത് എന്റെ രക്തത്തിലുണ്ടായിരുന്നു. എന്റെ പിതാവ് ഒരു ബിസിനസുകാരനാണ്. വെറുതെ ബിസിനസ് നടത്തിയിട്ട് കാര്യമില്ല. അതിനെ കുറിച്ച് പഠിക്കണം. അനുഭവസമ്പത്തും പ്രധാനമാണ്. ഞാന്‍ അതാണ് ചെയ്തത്. ആദ്യം ആ മേഖലയില്‍ ജോലി ചെയ്ത് അതിനെ കുറിച്ച് മനസ്സിലാക്കി. ആ അനുഭവസമ്പത്തിന്റെ ബലത്തില്‍ വളരെ ആസൂത്രിതമായി ബിസിനസ് തുടങ്ങി. അതുകൊണ്ടു തന്നെ അത് നല്ല നിലയില്‍ പോകുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഗുണമേന്മയും പ്രതിബദ്ധതയും അവശ്യ യോഗ്യതകളാണ്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഈ മേഖലയില്‍ തുടരുക സാധ്യമേയല്ല. അതുപോലെ  പ്രതിബദ്ധതയില്ലാത്ത വ്യക്തി ഈ ബിസിനസില്‍ നിന്ന് പുറന്തളളപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.

ജീവനക്കാരിലെ മലയാളികള്‍?

മാര്‍ക്ക് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരുണ്ട്.  എങ്കിലും കൂടുതലും ഇന്ത്യാക്കാരാണ്. അതില്‍ തന്നെ കൂടുതലും മലയാളികളാണ്.

വിജയമന്ത്രം?

മാര്‍ക്ക് ഗ്രൂപ്പിന്റെ വിജയമന്ത്രം എന്നു പറയുന്നത് ഗുണമേന്മയും പ്രതിബദ്ധതയുമാണ്. ഇത് രണ്ടിലും അണുവിട വിട്ടുവീഴ്ച ചെയ്യില്ല. ജീവനക്കാരെയെല്ലാം നല്ല പോലെ പരിശീലനം നല്‍കിയാണ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. അതിനായി വൈദഗ്ദ്ധ്യം ലഭിച്ച ഒരു ടീം സുസജ്ജമാണ്. റിസ്‌ക് വളരെ കൂടിയ മേഖലയാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഫീല്‍ഡ്. ചെറിയ പിഴവു പറ്റിയാല്‍ പോലും നഷ്ടം കോടികളാണ്. അത്തരത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ മാര്‍ക്ക് ഗ്രൂപ്പ് ഒരിക്കലും തയ്യാറല്ല.

കേരളത്തിലെ നിക്ഷേപസൗഹൃദാന്തരീക്ഷത്തെ പറ്റി താങ്കളുടെ അഭിപ്രായം?

ദുബായില്‍ വച്ച് ഇപ്പോഴത്തെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലോക കേരള സഭയുമായി ബന്ധപ്പെട്ടും അല്ലാതെയും രണ്ട് നിക്ഷേപക സെക്ഷനുകള്‍ നടന്നിരുന്നു. ഈ രണ്ട് സെക്ഷനുകളിലേക്കും എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഞാന്‍ പങ്കെടുക്കുകയും ചെയ്തു. പ്രവാസി മലയാളികളെ കൊണ്ട് കേരളത്തില്‍ നിക്ഷേപം നടത്തുക എന്നതായിരുന്നു പ്രധാന അജണ്ട. അതില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരായവരുടെ എണ്ണം മറ്റ് മേഖലകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. പിന്നെ, നിക്ഷേപം നടത്താന്‍ ഏക ജാലക ക്‌ളിയറന്‍സ് സംവിധാനം എന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ട്. അതൊക്കെ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതാണ്. കൊച്ചിന്‍ റിഫൈനറിയിലും ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലുമായി ബന്ധപ്പെട്ട കണ്‍സ്ട്രക്ഷന്‍ രംഗത്തും നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയും. വാസ്തവത്തില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ പലര്‍ക്കും ഭയമാണ്. കാരണം, ഇവിടേക്ക് ഒരു നിക്ഷേപകന്‍ വരുമ്പോള്‍ അയാള്‍ ലാഭക്കണ്ണുമായാണ് മുതല്‍മുടക്കുന്നത് എന്ന മട്ടിലാണ് പ്രതികരണം. എന്നാല്‍ ഒരു സംരംഭം വരുമ്പോള്‍ അതിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു, സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന പുരോഗതി...ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. അതാണ് നമ്മുടെ നാടിന്റെ പ്രശ്‌നവും. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി വരുന്നുണ്ട്. മാറിച്ചിന്തിച്ചാല്‍ തീര്‍ച്ചയായും  സ്ംസ്ഥാനത്തിനു തന്നെയാണ് നേട്ടം.  

പുതിയ തലമുറയ്ക്കുളള സന്ദേശം?

ഏത് രംഗത്തേക്ക് വരുമ്പോഴും വ്യക്തമായ വീക്ഷണമുണ്ടാവുക.  ഗുണമേന്മയും പ്രതിബദ്ധതയും ഉറപ്പാക്കുക. ഇത്രയുമായാല്‍ ആര്‍ക്കും വിജയം ഉറപ്പാണ്. നമ്മള്‍ ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തണം. അതാണ് എനിക്ക് പുതുതലമുറയോട് പറയാനുളളത്. 

 

Post your comments