Global block

bissplus@gmail.com

Global Menu

സമ്പത്തിന്റെ ഡല്‍ഹി നിയമനം: സര്‍ക്കാരിന്റേത് നിര്‍ണ്ണായകവും സുപ്രധാനവുമായ കാല്‍വെയ്പ് ഡോ.കെ.എന്‍.ഹരിലാല്‍, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം.

യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥതലത്തിനുമപ്പുറം രാഷ്ട്രീയനേതൃത്വത്തിന്റേതായ ഇത്തരമൊരു സംവിധാനം ഡല്‍ഹിയില്‍ വേണമെന്നത് കുറലേക്കാലമായി കേരളസര്‍ക്കാരിന്റെ പരിഗണനയിലുളള കാര്യമാണ്. ഇത് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഉണ്ട്. ഡല്‍ഹിയില്‍ പണ്ട് കാലം മുതല്‍ക്കേ നാട്ടുരാജ്യങ്ങള്‍ക്ക് റസിഡന്‍സി സംവിധാനം ഉണ്ടായിരുന്നു. തിരുവിതാംകൂറിനും കൊച്ചിക്കും ഒക്കെ ഇത്തരത്തില്‍ റസിഡന്‍സി സംവിധാനം ഉണ്ടായിരുന്നു. അങ്ങനെയാണ് ഡല്‍ഹിയില്‍ തിരുവിതാംകൂര്‍ ഹൗസൊക്കെ വരുന്നത്.  പ്രധാനവ്യക്തികള്‍ തന്നെ ഇത്തരത്തില്‍ ലെയ്‌സണ്‍ ഓഫീസര്‍മാരായി ഡല്‍ഹിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വളരെയധികം ഫണ്ടുകള്‍ വരാനുണ്ട്. ഇതു സംബന്ധമായ നടപടികള്‍ക്ക് ത്വരിതമായും സമയബന്ധിതമായും സംസ്ഥാനത്തിന് അനുകൂലമായ രീതിയില്‍ തീരുമാനമെടുപ്പിക്കുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും മറ്റ് കേന്ദ്രപദ്ധതികളുടെ കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും ഒക്കെ  സമയബന്ധിതവും കൃത്യവുമായ ഇടപെടല്‍ ആവശ്യമാണ്. കേരളത്തിനെ സംബന്ധിച്ച് അത് പലപ്പോഴും  കഴിഞ്ഞിരുന്നില്ല. കാരണം സിവില്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥന്മാരാണ് പലപ്പോഴും അവിടെ നിയോഗിക്കപ്പെടുക. കേരളത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ് അവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണര്‍ പോസ്റ്റ് നല്‍കുന്നത്. സംസ്ഥാനത്തുനിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യതലസ്ഥാനം സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്കും ഓഫീസര്‍മാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക എന്ന ചുമതലയാണ് പ്രധാനമായും ഈ ഉദ്യോഗസ്ഥര്‍ ചെയ്തുപോന്നിരുന്നത്. മറ്റു കാര്യങ്ങളും ചെയ്തിട്ടുണ്ട് ഇല്ലെന്നല്ല. എന്നാല്‍ സംസ്ഥാനത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ അല്ലെങ്കില്‍ വളരെ പ്രയോജനപ്രദമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം നേടിയെടുക്കാന്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് നിരന്തരം കൃത്യമായ ഇടപെടലിലൂടെ കാര്യങ്ങള്‍ ചെയ്യുന്ന രീതി നമുക്കുണ്ടായിരുന്നില്ല. ഇത്തരത്തില്‍ പല കാര്യങ്ങളിലും നാം കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നില്ല എന്ന രീതിയില്‍ ആവര്‍ത്തിച്ച് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതിനല്ലേ എംപിമാരെന്നും അവരുളളപ്പോള്‍ എന്തിനാണ് ഇത്തരമൊരു പദവിയെന്നുമുളള വിമര്‍ശനം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.  എന്നാല്‍ എംപിമാരുടെ ജോലി വളരെ വ്യത്യസ്തമാണ്. അവര്‍ കൂടുതലും അവരവരുടെ മണ്ഡലത്തിന്റെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അതല്ലാതെ സംസ്ഥാനത്തിന്റെ മൊത്തത്തിലുളള താല്പര്യം സംരക്ഷിക്കുന്ന രീതിയില്‍, അതായത് നിക്ഷേപം ആകര്‍ഷിക്കല്‍, കിട്ടാനുളള പണം, തര്‍ക്കപരിഹാരം എന്നീ കാര്യങ്ങളില്‍ അതതിന്റെ പ്രാധാന്യമനുസരിച്ച് കാര്യങ്ങള്‍ നീ്ക്കുക എന്നത് നാം ചെയ്തിരുന്നില്ല. 

കേന്ദ്രത്തിലെ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാനത്ത് ബന്ധപ്പെട്ടവരെ അറിയിക്കുക, അവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സാധ്യതകളെ കുറിച്ച് വിവരം നല്‍കുക, സംസ്ഥാമനത്തെ ബന്ധപ്പെട്ട വിഭാഗത്തെ കേന്ദ്ര അതോറിറ്റികളുമായി ബന്ധപ്പെടുത്തുക എന്ന രീതിയിലുളള ഒരു ഏകോപനം കേരളത്തെ സംബന്ധിച്ച് ഉണ്ടായിരുന്നില്ല. അത് സംസ്ഥാനത്തിന് വളരെ ദോഷം ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ഇങ്ങനെ ദോഷം ചെയ്യുന്നുവെന്നുളളത് പല ചര്‍ച്ചകളിലും  പലരും ഉന്നയിച്ചിട്ടുമുണ്ട്. ആ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. എംപിമാര്‍ കൂടുതല്‍ സമയവും അവരുടെ മണ്ഡലങ്ങളിലാണുണ്ടാവുക. ഈ സാഹചര്യത്തില്‍ ജനകീയപ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അഥവാ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ സമയബന്ധിതമായും അതിേേന്റതായ ഗൗരവത്തോടെയും അറിയിക്കുന്നതിനും മറ്റും കഴിവുറ്റ ഒരു വ്യക്തിയുടെ ശൂന്യത കേരളത്തെ സംബന്ധിച്ച് രാജ്യതലസ്ഥാനത്തുണ്ടായിരുന്നു. ആ ശൂന്യത നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വളരെ സ്വാഗതാര്‍ഹമായിട്ടുളള കാര്യമാണ്. അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം അതിനായി ഒരു രാഷ്ട്രീയ നേതാവിനെ തന്നെ നിയോഗിക്കേണ്ടതുണ്ടോ എന്നതാണ്. അതുസംബന്ധിച്ച് പറയുകയാണെങ്കില്‍ കേന്ദ്രമന്ത്രിമാരുമായും സെക്രട്ടറി തലത്തിലുളള ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും ആശയവിനിമയം നടത്തുന്നതിന് കഴിവുറ്റ പരിചയസമ്പന്നനായ ഒരു രാഷ്ട്രീയ നേതാവിന് വളരെ സാധ്യതകളുണ്ട്. പാര്‍ലമെന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, കേന്ദ്രസെക്രട്ടറിയേറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, കേന്ദ്രമന്ത്രിമാരുടെ ഓഫീസിന്റെ പ്രവര്‍ത്തനസംവിധാനം തുടങ്ങിയവയൊക്കെ ദീര്‍ഘനാളത്തെ അനുഭവസമ്പത്തിലൂടെ മാത്രമേ അറിയാനാവൂ. 15 വര്‍ഷക്കാലം എംപിയായിരുന്ന സമ്പത്തിനെ പോലെ കഴിവുറ്റ ഒരു വ്യക്തിക്ക് ഡല്‍ഹിയിലെ ഭരണസംവിധാനത്തിന്റെ ഗതിവിഗതികള്‍ അറിയാം. വളരെ കാലം രാജ്യതലസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിച്ച ഒരാളാണ് അദ്ദേഹം. മാത്രമല്ല, വികസനപ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി ഏകോപിപ്പിച്ച് സ്വന്തം മണ്ഡലത്തില്‍ മികവുറ്റ രീതിയില്‍ നടപ്പിലാക്കിയ പാര്‍ലമെന്‍്‌റംഗവുമാണ്. അതൊന്നും ആരും നിഷേധിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും രാഷ്ട്രീയനേതാവ് എന്ന നിലയിലുളള മികച്ച പ്രതിച്ഛായയും ഇത്തരമൊരു പദവിയില്‍ നിയമിക്കപ്പെടാനുളള യോഗ്യതകളാണ്. അതല്ലാതെ മത്സരപരീക്ഷയെഴുതി വിജയിച്ച ഒരാളെ നിയമിക്കാനുളള ഒരു തസ്തികയല്ല ഇത്. അതുകൊണ്ടുതന്നെ സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി ആയി നിയമിച്ചതുമായി ബന്ധപ്പെട്ട് സുപ്രധാനവും നിര്‍ണ്ണായകവും ആയിട്ടുളള ഒരു കാല്‍വയ്പ്പാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. യഥാര്‍ത്ഥത്തില്‍ ഈ നടപടിയെ നാം സ്വാഗതംചെയ്യുകയാണ് വേണ്ടത്. സംസ്ഥാനത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

 

ഒരാള്‍ക്ക് കൊടുക്കുന്ന ശമ്പളം, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതും സങ്കടപ്പെടുന്നതും. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണവും മറ്റും കുറച്ചിട്ടുണ്ട്. മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം ഏതെല്ലാം നിലയില്‍ നോക്കിയാലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് വളരെ കുറവാണ്. ആ കണക്കുകളൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍  പദവി കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങള്‍ വളരെ വലുതാണ്.  ഇതുപോലെ ഒരാള്‍ അവിടെയുണ്ടാകുമ്പോള്‍ സംസ്ഥാനത്തിന് കേന്ദ്രപദ്ധതികള്‍ അനുവദിക്കലില്‍ തുടങ്ങി അതിന്റെ കൃത്യമായ നടത്തിപ്പില്‍ വരെ പ്രയോജനം ചെയ്യും. മാത്രമല്ല, സംസ്ഥാനത്തിനെ സംബന്ധിച്ച് ഉത്തരവാദിത്തമുളള ഒരാള്‍ ഡല്‍ഹിയില്‍ സ്ഥിരമായുണ്ട്. എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അദ്ദേഹത്തോടു ചോദിക്കാം. ഉദാഹരണമായി ഗള്‍ഫിലെ മലയാളി തൊഴിലാളി പ്രശ്‌നം പോലെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ട എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കേരളത്തിലുളള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും കൃത്യമായ ഇടപെടലുകള്‍ സമയബന്ധിതമായി നടത്താനും പരിമിതികളുണ്ടാകുന്ന അവസരങ്ങളില്‍ ഇതുപോലെ ഡല്‍ഹിയില്‍ ദീര്‍ഘനാളത്തെ പരിചയസമ്പത്തുളള രാഷ്ട്രീയവൃത്തങ്ങളില്‍ സുപരിചിതനായ ഒരാളുടെ സേവനം വളരെ ഗുണം ചെയ്യും.  കാര്യങ്ങള്‍ പെട്ടെന്ന് നീക്കാന്‍ കഴിയും. മറ്റ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ലെയ്‌സണ്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. അവര്‍ അതുകൊണ്ടുളള മെച്ചവും ഉണ്ടാക്കുന്നുണ്ട്.
ഇത്തരത്തില്‍ സംസ്ഥാനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനായി ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹം എന്തോ പ്രത്യേക ആനുകൂല്യം അനുഭവിക്കുകയാണെന്ന രീതിയില്‍ കാണുന്ന പ്രവണത തികച്ചും നിരുത്സാഹപ്പെടുത്തേണ്ടതാണ്. എംപിയോ, എംല്‍എയോ  മന്ത്രിയോ ആകുന്നത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാനാണെന്ന മട്ടിലാണ് പൊതുവെ നോക്കിക്കാണുന്നത്. അത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഇന്ന് അഡ്വ.എ.സമ്പത്തിന്റെ ലെയ്‌സണ്‍ ഓഫീസര്‍ പദവിയെ കണ്ണടച്ചു വിമര്‍ശിക്കുന്നവര്‍ തന്നെ നാളെ അതിന്റെ പ്രയോജനങ്ങളെ കുറിച്ചെഴുതും. അടുത്ത സര്‍ക്കാര്‍ ഈ പദവിയില്‍ ഒരാളെ നിയമിക്കുമ്പോള്‍ അത് കഴിവുളള വ്യക്തിയാണോ എന്ന കാര്യവും ചര്‍ച്ചയാകും. തീര്‍ച്ചയായും ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി ചെയ്ത് ജനങ്ങളുടെയും മാധ്യമവിമര്‍ശകരുടെയുമെല്ലാം നല്ല അഭിപ്രായം നേടിയെടുക്കാന്‍ കഴിവുളള വ്യക്തിയാണ് ശ്രീ സമ്പത്ത്. എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ നിയമനത്തെ നോക്കിക്കാണുന്നത്. 

Post your comments