Global block

bissplus@gmail.com

Global Menu

ടികെഎമ്മിന്റെ മുന്നേറ്റം തുടരും: ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ (പ്രസിഡന്റ്, ടികെഎം കോളജ് ട്രസ്റ്റ്)

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യമായിരുന്നു. കടുത്ത ദാരിദ്രത്യത്തിലമര്‍ന്ന രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ സമ്പന്നരോട് സ്‌കൂളുകളും കോളജുകളും മറ്റും സ്ഥാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഈ ആഹ്വാനം ഉള്‍ക്കൊണ്ട് അതിനായി മുന്നിട്ടിറങ്ങിയ ചുരുക്കംചില വ്യക്തികളില്‍ ഒരാളായിരുന്നു എന്റെ പിതാവ് ശ്രീ തങ്ങള്‍ കുഞ്ഞ് മുസലിയാര്‍. തനിക്ക് പ്രാപ്യമാകാതെ പോയ വിദ്യാഭ്യാസം നാടിനും നാട്ടുകാര്‍ക്കും വരുംതലമുറയ്ക്കും ലഭിക്കണം എന്ന ആഗ്രഹമാണ് അദ്ദേഹത്തെ ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ 1956-ല്‍ ടികെഎം എന്‍ജിനീയറിംഗ് കോളജിന് തറക്കല്ലിടുകയും  1958-ല്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. ആദ്യ ബാച്ചില്‍ 120 വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നത്. തുടക്കം മുതല്‍ തന്നെ വളരെ ചിട്ടയായ പ്രവര്‍ത്തനശൈലിയാണ് ഈ സ്ഥാപനത്തിനുണ്ടായിരുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാളും ഉയര്‍ന്ന ശമ്പളം ഇവിടുത്തെ ജീവനക്കാര്‍ക്ക് നല്‍കുന്നതില്‍ തങ്ങള്‍കുഞ്ഞു മുസലിയാര്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. കോളജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ ആയിരുന്ന മേജര്‍ ബി.എച്ച്.മോര്‍ലി തുടക്കകാലത്ത് ഈ സ്ഥാപനം നല്ല രീതിയില്‍ നടത്തുന്നതിന് നല്‍കിയ സംഭാവനകള്‍ വലുതാണ്.
അന്നത്തെ കാലത്ത് കുഗ്രാമമായിരുന്ന ഈ പ്രദേശത്ത് ഇതുപോലൊരു എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ സ്ഥാപകനായ തങ്ങള്‍കുഞ്ഞു മുസലിയാര്‍ കാട്ടിയ ധൈര്യം തീര്‍ച്ചയായും എടുത്തുപറയേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ കാലശേഷം കുടുംബാംഗങ്ങള്‍ ഓരോരുത്തരും ട്രസ്റ്റിന്റെയും സ്ഥാപനങ്ങളുടെയും നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പില്‍ക്കാലത്തെ വളര്‍ച്ചയ്ക്ക് കാരണമായി. 1952-ല്‍ ഞാന്‍ അമേരിക്കയില്‍ പഠനത്തിനായി പോയതിനാല്‍ കോളജിന്റെ പ്രാരംഭഘട്ടത്തില്‍ ഇതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും 1962-ല്‍ നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പങ്കുവഹിക്കാന്‍ സാധിച്ചു. ഉയര്‍ന്ന യോഗ്യതയും കഴിവുമുളള പ്രഗത്ഭരായ അധ്യാപകരേയും ജീവനക്കാരേയും  തിരഞ്ഞെടുക്കുക വഴി മികച്ച നിലവാരത്തിലുളള വിദ്യാഭ്യാസം പകര്‍ന്നുനല്‍കുവാന്‍ മാനേജ്‌മെന്റ് സവിശേഷ ശ്രദ്ധ ചെലുത്തുന്നുവെന്നതാണ് ഈ കോളജിന്റെ വിജയരഹസ്യം. എന്റെ പിതാവും ടികെഎം ട്രസ്റ്റ് സ്ഥാപകനുമായ ശ്രീ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങിവച്ചിടത്തു നിന്നും ഏറെ മുന്നേറുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മുന്നോട്ടുളള ഈ പ്രയാണം വരുംകാലങ്ങളിലും തുടരും. വരുംതലമുറയുടെ കൈകളിലും ടികെഎം ഗ്രൂപ്പ് ഭദ്രമായി മുന്നേറും എന്നത് സന്തോഷം നല്‍കുന്നു. 

 

Post your comments