Global block

bissplus@gmail.com

Global Menu

റെക്കോര്‍ഡുകളുടെ ദിനം !, ചരിത്ര നേട്ടം സ്വന്തമാക്കി സെന്‍സെക്സ്, നിഫ്റ്റിക്ക് റെക്കോര്‍ഡ് 'കപ്പിനും ചുണ്ടിനും' ഇടയില്‍ നഷ്ടമായി

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന വ്യാപാര നേട്ടം കൈവരിച്ചു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് മുതല്‍ അതിയായ ആവേശത്തിലായിരുന്നു ഇന്ത്യന്‍ ഓഹരി വിപണികള്‍. ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 340 പോയിന്‍റ് ഉയര്‍ന്ന് 40,392 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി. 

ഇതോടെ ഈ വര്‍ഷം ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 40,312 പോയിന്‍റ് നേട്ടം പഴങ്കഥയായി. സമാനമായി വന്‍ വ്യാപാര നേട്ടമാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും റിപ്പോര്‍ട്ട് ചെയ്തത്. നിഫ്റ്റി ഇന്ന് 11,954 പോയിന്‍റിലേക്ക് വരെ ഒരു ഘട്ടത്തില്‍ മുന്നേറി. എന്നാല്‍, നിഫ്റ്റിക്ക് എക്കാലത്തെയും ഉയര്‍ന്ന 12,103 രേഖ മറികടക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍, അവസാന മണിക്കൂറുകളില്‍ വിപണി അല്‍പ്പം താഴേക്ക് നീങ്ങി. സെന്‍സെക്സ് വ്യാപാരം അവസാനിക്കുമ്പോള്‍ 77 പോയിന്‍റ് ഉയര്‍ന്ന് 40,129 എത്തി. ബിഎസ്ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലോസിംഗ് രേഖയാണിത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയില്‍ വ്യാപാരം 11,881 ല്‍ അവസാനിച്ചു. നേട്ടം 0.28 ശതമാനമായിരുന്നു. 

ചില മുൻ‌നിര കമ്പനികളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് വരുമാനമുണ്ടായതും ഇക്വിറ്റികളിൽ നികുതി പുനർവിന്യസിക്കാമെന്ന പ്രതീക്ഷയും ഇന്ത്യൻ വിപണികളിലെ വികാരം ഉയർത്തിയതാണ് ഈ വന്‍ നേട്ടത്തിന് കാരണം. ഇതിനൊപ്പം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശാ നിരക്കുകള്‍ വെട്ടിക്കുറച്ചതും കേന്ദ്ര സര്‍ക്കാരിന്‍റെ നികുതി പരിഷ്കരണ നടപടികളും പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയതും ഓഹരി വിപണിയുടെ കുതിപ്പിന് കാരണമായി. 

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശാ നിരക്കുകളില്‍ 25 ബേസിസ് പോയിന്‍റുകളുടെ കുറവാണ് വരുത്തിയത്. ചില മാർക്കറ്റ് ഹെവിവെയ്റ്റുകളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ഉണ്ടായി. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത്, തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ എന്നിവ റാലിയുടെ ഇപ്പോഴത്തെ ഘട്ടത്തില്‍ ഉത്തേജകമാണെന്ന് ഐഐഎഫ്എൽ സെക്യൂരിറ്റീസ് ഡയറക്ടർ സഞ്ജീവ് ഭാസിൻ പറയുന്നു.

Post your comments