Global block

bissplus@gmail.com

Global Menu

രാജ്യത്തെ തൊഴിൽ സാഹചര്യവും സാമ്പത്തികാവസ്ഥയും മോശം; ആർബിഐ സർവേ റിപ്പോർട്ട്

രാജ്യത്ത് തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്‍റെ പ്രതിമാസ കോണ്‍ഫിഡന്‍സ് സര്‍വേ. സെപ്റ്റംബറില്‍ നടത്തിയ സര്‍വേയിലാണ് 52.5 ശതമാനം പേരും രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ വിമര്‍ശിച്ചത്. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേരും രേഖപ്പെടുത്തി. 2012ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്. 

രാജ്യത്തെ മൊത്തം സാമ്പത്തികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് 47.9 പേരും അഭിപ്രായപ്പെട്ടു. മുമ്പ് 2013ലായിരുന്നു രാജ്യത്തെ സാമ്പത്തിക അവസ്ഥയെത്തുറിച്ച് ഇത്രയും ആളുകള്‍ ആശങ്ക അറിയിച്ചത്. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് 38.6 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിലക്കയറ്റം വര്‍ധിക്കുകയാണെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അതേസമയം, വരും വര്‍ഷങ്ങളില്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായേക്കുമെന്ന് 53 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 9.6 ശതമാനം മാത്രമാണ് വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷയില്ലാത്തവര്‍. 

സാമ്പത്തികാവസ്ഥയില്‍ നിരാശ പ്രകടമായതിനെ തുടര്‍ന്ന് ആളുകളുടെ വാങ്ങല്‍ ശേഷിയെ കാര്യമായി ബാധിച്ചു. സര്‍വേയില്‍ പങ്കെടുത്ത 26.7 ശതമാനം പേരും അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് പണം ചെലവഴിക്കാന്‍ താല്‍പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ വാഹന വിപണിയടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലാണ്. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗലൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലക്നൗ, പട്ന, തിരുവനന്തപുരം നഗരങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.

Post your comments