Global block

bissplus@gmail.com

Global Menu

കാലിക്കറ്റ് ചേംബര്‍-ബിസിനസ് പ്‌ളസ് അവാര്‍ഡ്; 100 പേര്‍ക്ക് ധനമുണ്ടായാല്‍ അത് 1000 പേര്‍ക്ക് ഉപകാരമാകണം: ഗവര്‍ണര്‍

കോഴിക്കോട്:  കാലിക്കറ്റ് ചേംബര്‍- ബിസിനസ് പ്‌ളസ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ വച്ച് നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ഏഴ് പ്രമുഖരായ സംരംഭകരെ ആദരിച്ചു. വ്യാപാരത്തിലൂടെ രാജ്യം പുരോഗതി കൈവരിക്കുന്നതിനോടോപ്പം രാജ്യത്തിന്റെ സന്തോഷവും വളരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ബിസിനസില്‍ സാമൂഹിക പ്രതിബദ്ധത ഏറെ  പ്രധാനമാണ്. വ്യാപാരികള്‍ നികുതി പോലുളള ബാധ്യതകളില്‍ മാത്രം ശ്രദ്ധയൂന്നാതെ സാമൂഹികമായ കടമകള്‍ നിറവേറ്റാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഇരുപതാം വാര്‍ഷികാഘോഷവും ചേംബര്‍-ബിസിനസ് പ്‌ളസ് അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ് പേര്‍ക്ക് ധനമുണ്ടായാല്‍ അത് 1000 പേര്‍ക്ക് ഉപകാരത്തിനാവണമെന്ന തത്വത്തിന് അനുസരിച്ച് വ്യാപാരി സമൂഹം പ്രവര്‍ത്തിക്കണം. മലബാര്‍ മേഖലയില്‍ പ്രത്യേകിച്ചും കോഴിക്കോടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചേംബറിന്റെ ഇടപെടലുകള്‍ വളരെ വലുതാണ്. എയര്‍ പോര്‍ട്ട് വികസന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പ്രളയനാന്തര പ്രവര്‍ത്തനങ്ങളില്‍ ഭാവിയെ കരുതുന്ന പദ്ധതികളാണ് കാലിക്കറ്റ് ചേംബര്‍ നാടിനു വേണ്ടി ആവിഷ്‌കരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. എം കെ രാഘവന്‍ എം പി അധ്യക്ഷനായ ചടങ്ങില്‍ ചേംബര്‍ ഭവന്‍ നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.   

ചേംബര്‍-  ബിസിനസ് പ്‌ളസ് അവാര്‍ഡിനര്‍ഹരായ രാജശേഖരന്‍ നായര്‍, ഡോ. സിദ്ധീഖ് അഹമ്മദ്, അര്‍ഷാദ് അബ്ദുള്ള, സുരേഷ് സി പിള്ള, വി കെ അവാറാച്ചന്‍, ഡോ. കെ എം നവാസ്, സിന്ധു പ്രദീപ്.  എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ബിസിനസ് പ്‌ളസ് ചീഫ് എഡിറ്റര്‍ ആര്‍ അശോക് കുമാര്‍, ഡോ. കെ മൊയ്തു,  രാജേഷ് കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി നിലകൊളളുമെന്ന് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍ സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കി. കാലിക്കറ്റ് ചേംബറുമായി ചേര്‍ന്ന് പ്രമുഖ വ്യാപാരികളെ ആദരിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്നും ഇത്തരമൊരു ചടങ്ങിന്റെ ഭാഗമായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ബിസിനസ് പ്‌ളസ് ചീഫ് എഡിറ്റര്‍ ആര്‍ അശോക് കുമാര്‍ പറഞ്ഞു. മലബാറിലെ പ്രമുഖരായ ബിസിനസുകാരും സാമൂഹികസാംസ്‌കാരികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 

 

Post your comments