Global block

bissplus@gmail.com

Global Menu

ചെട്ടിയാര്‍ വീഴുമ്പോള്‍...

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം സംഭവബഹുലമായിരുന്നു. കേരളത്തിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മഹാപ്രളയവാര്‍ഷികത്തില്‍ സകലതും തകര്‍ത്തെത്തിയ രണ്ടാം പ്രളയം, ബിജെപിക്ക് സുഷമസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നീ മുന്‍നിര നേതാക്കളുടെ വിയോഗം, കശ്മീരിന് അശാന്തി, വ്യവസായലോകത്തിന് വളര്‍ച്ചാമുരടിപ്പ്, കോണ്‍ഗ്രസിന് ചിദംബരത്തിന്റെ പതനം തുടങ്ങി മൊത്തത്തില്‍ ഒരു നെഗറ്റീവ് തരംഗമായിരുന്നു.

സുഷമ സ്വരാജ് എന്ന ബിജെപിയുടെ സര്‍വ്വസമ്മതയായ, സൗമ്യവും എന്നാല്‍ കരുത്തുറ്റതുമായ വ്യക്തിത്വത്തിന്റെ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകും മുമ്പാണ് മറ്റൊരു മുന്‍നിര നേതാവായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം. ആഗസ്റ്റ് 6-നാണ് ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യവും വാജ്‌പേയി സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യം, ആരോഗ്യ കുടുംബക്ഷേമം, വാര്‍ത്തവിതരണപ്രക്ഷേപം തുടങ്ങിയ വകുപ്പുകള്‍ അലങ്കരിച്ച സുഷമ അന്തരിച്ചത്. ആഗസ്റ്റ് 24ന് ഒന്നാം മോദി സര്‍ക്കാരില്‍ ധനകാര്യ-കമ്പനികാര്യ മന്ത്രിയായിരുന്ന പിന്നീട് പ്രതിരോധ, വാര്‍ത്താവിതരണപ്രക്ഷേപണ വകുപ്പുകളുടെ അധികച്ചുമതലവഹിച്ച, വാജ്‌പേയി സര്‍ക്കാരില്‍ നിയമവകുപ്പും വാര്‍ത്താവിതരണപ്രക്ഷേപണവകുപ്പും കൈകാര്യം ചെയ്തിരുന്ന അരുണ്‍ ജെയ്റ്റ്‌ലി എന്ന അതികായന്‍ ഓര്‍മ്മയായി.

ജയ്റ്റ്‌ലി എന്ന മുന്‍ കേന്ദ്രധനകാര്യമന്ത്രി വിടവാങ്ങിയപ്പോള്‍ മറ്റൊരു മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം എന്ന കോണ്‍ഗ്രസിന്റെ വന്‍മരം അഴിമതിക്കാറ്റില്‍ കടപുഴകിവീണു. രണ്ടുപേരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിയന്ത്രിച്ചവര്‍. ജയ്റ്റ്‌ലി കിംഗ് മേക്കറായിരുന്നു. നരേന്ദ്രമോദിയെ പ്രധാനമന്ത്രിപദത്തില്‍ അരിയിട്ട് വാഴിക്കാന്‍ മുന്‍പന്തിയില്‍ നിന്നയാള്‍.... എല്‍.കെ.അദ്വാനിയുടെ ശിഷ്യന്‍. ഇനി ചിദംബരത്തിലേക്ക് വരാം. ചരിത്രബജറ്റ് അവതരിപ്പിച്ച, സാമ്പത്തികപരിഷ്‌ക്കാരങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നിന്ന് ഇന്ദ്രപസ്ഥത്തിന്റെ ശക്തികേന്ദ്രങ്ങളോളം വളര്‍ന്ന, അധികാരകേന്ദ്രങ്ങളില്‍ പിടിമുറുക്കിയ നാലു തവണ ഇന്ത്യയുടെ ധനകാര്യമന്ത്രിപദവും ഓരോ തവണ ആഭ്യന്തര, പഴ്‌സണല്‍ പബ്‌ളിക്ഗ്രീവന്‍സസ് വകുപ്പുകളും കൈകാര്യം ചെയ്ത തമിഴ്‌നാട്ടുകാരന്‍.

കോൺഗ്രസ്,അഴിമതി, ചിദംബരം 

കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പടവലങ്ങ പോലുളള വളര്‍ച്ചയുടെ കാരണങ്ങള്‍ തേടിയാല്‍ രണ്ട് കാര്യങ്ങള്‍ പ്രകടമായി വരും.

1. 1977-ലെ അടിയന്തരാവസ്ഥ
2.അഴിമതിക്കാരായ നേതാക്കള്‍

1977-ലെ അടിയന്തരാവസ്ഥ സംഭവിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ജനസംഘമോ പിന്നീട് ബിജെപിയോ ഈ രീതിയില്‍ വളര്‍ന്നുവരുമായിരുന്നില്ല എന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നതില്‍ കഴമ്പില്ലാതെയില്ല.

രണ്ടാമത്തേത് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്നുവെന്നതാണ്. കേന്ദ്രനേതാക്കളും സംസ്ഥാനമന്ത്രിമാരുമെല്ലാം അധികാരം കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം മന്ത്രിപദം ധനസമ്പാദനത്തിനുളള വഴിയാക്കി മാറ്റുന്നു. ബൊഫോഴ്‌സ് മുതല്‍ 2ജി വരെ കോണ്‍ഗ്രസ് ഭരണകാലത്താണ് ഉണ്ടായത്. ഹര്‍ഷദ്‌മേത്ത ഉള്‍പ്പെട്ട ഓഹരി കുംഭകോണം ആരും മറന്നുകാണാനിടയില്ല. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ അഴിമതിക്കാരായ നേതാക്കളില്‍ വച്ച് ഏറ്റവും അധികം ആരോപണം നേരിട്ടയാളാണ് ഒരു പക്ഷേ പി.ചിദംബരം എന്ന പളനിയപ്പന്‍ ചിദംബരം. ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ചിദംബരം ഉള്‍പ്പെട്ടത് യാദൃച്ഛികമല്ല.  തീയില്ലാതെ പുകയുണ്ടാവില്ല തന്നെ. ധനമന്ത്രി ആയിരുന്ന കാലത്ത് ചിദംബരം ധനസമാഹരണം നടത്താന്‍ പുറപ്പെട്ട കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അധികം പ്രചാരത്തിലില്ലാത്ത ഒരു കഥ പറയാം. പത്ത് വര്‍ഷം മുമ്പ് ഒരു ഉന്നത ബാങ്ക് മേധാവി രഹസ്യമായ പറഞ്ഞ കഥയാണിത്. ഇന്ത്യയിലെ ഒരു പ്രമുഖ ബാങ്കിന്റെ ലോഗോ മാറ്റാന്‍ ഒരു ഏജന്‍സിയെ ബാങ്ക് നിയമിച്ചു. അന്നത്തെ ധനമന്ത്രി ചിദംബരത്തിന്റെ ബന്ധുക്കള്‍ ഇടപെട്ട് 100 കോടി ഇടപാട് നടത്തിയത്രേ. ഇത് വലിയ വിവാദമൊന്നും ആയില്ല. എന്നാല്‍ പിന്നീട് 2ജി, എയല്‍സെല്‍ മാക്‌സിസ്, ഐഎന്‍എക്‌സ് മീഡിയ തുടങ്ങി നിരവധി അഴിമതി ആരോപണങ്ങള്‍ പിന്നീട് ചിദംബരത്തിനെതിരെ ഉയര്‍ന്നു.

ചിദംബരത്തെ മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസുകാര്‍ പോലും പറഞ്ഞ കാലമുണ്ടായിരുന്നു. 2ജി സ്‌പെക്ട്രം അഴിമതി അന്നത്തെ ടെലികോം മന്ത്രി എ.രാജയുടെ തലയില്‍വച്ച് രക്ഷപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയില്ലാതെ അത് സാധ്യമല്ലായിരുന്നു. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്നതിനാല്‍ ചിദംബരത്തെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. അതുകൊണ്ട് ആ കേസില്‍ ചിദംബരം ചെട്ടിയാര്‍ തലയൂരി.

എന്നാല്‍ ആദ്യ മോദി സര്‍ക്കാര്‍ ചിദംബരത്തിന്റെ മകനെ പൂട്ടി. രണ്ടാം മോദി സര്‍ക്കാരില്‍ അമിത്ഷാ ആഭ്യന്തരമന്ത്രിയായപ്പോഴേ ചിദംബരത്തിന്റെ കാര്യം ഏതാണ്ട് തീരുമാനമായിക്കഴിഞ്ഞിരുന്നു. ചെട്ടിയാരെ അഴിയെണ്ണിക്കുമെന്ന് ഷാ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. തന്നെ ജയിലില്‍ അടച്ചതിന് ചെട്ടിയാരോട് ഷായുടെ മധുരപ്രതികാരം. ചിദംബരത്തിന്റെ മടിയില്‍ കനം ഉളളതുകൊണ്ട് മോദിക്കും അമിത്ഷായ്ക്കും കാര്യങ്ങള്‍ എളുപ്പമായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ചിദംബരത്തെ മണിച്ചിത്രത്താഴിട്ട് പൂട്ടി. പണ്ട് നരസിംഹറാവുവും മന്‍മോഹന്‍സിംഗും ഒക്കെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സിബിഐയെ ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. മോദിയും അമിത്ഷായും അതേ രീതിയില്‍ തിരിച്ചടിക്കുന്നുവെന്ന് മാത്രം.

മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ രണ്ടാമനായിരുന്നു പി.ചിദംബരം. എ.കെ.ആന്റണിയെക്കാളും ശിവരാജ് പാട്ടീലിനെക്കാളും സുശീല്‍കുമാര്‍ ഷിണ്ഡെയെക്കാളുമൊക്കെ ശക്തന്‍. മോദി സര്‍ക്കാരില്‍ അമിത്ഷാ എന്ന പോലെയായിരുന്നു 2014 വരെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചിദംബരം. എന്നാല്‍, ചിദംബരത്തിന്റെ കാര്യത്തില്‍ കാലം പലതും കരുതിവച്ചിരുന്നു. തത്ഫലമായി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു ന്യൂനത കുറഞ്ഞ് കിട്ടി എന്ന് ആശ്വസിക്കാം. പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്നാണ് എഎന്‍എക്‌സ് മീഡിയ കേസില്‍ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. ഈ കേസിലാണ് 2018-ല്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അകത്തായത്. ഇപ്പോഴിതാ ചിദംബരവും അഴിക്കുളളിലായി. കപില്‍ സിബലും, മനു അഭിഷേക്‌സിംഗ്‌വിയും ഒപ്പം ചിദംബരത്തിന്റെ അഭിഭാഷകയായ ഭാര്യ നളിനി ചിദംബരവും കൂടിച്ചേര്‍ന്ന് വാദിച്ചാലും അത്രപെട്ടെന്ന് ചെട്ടിയാര്‍ക്ക് തലയൂരാന്‍ മറ്റുമെന്ന് തോന്നുന്നില്ല. ഗാന്ധി കുടുംബം ഒപ്പമുണ്ട് എന്നതാണ് ചിദംബരത്തിന്റെ ഏക ആശ്വാസം. ആര് കൈവിട്ടാലും ഗാന്ധി കുടുംബത്തിന് ചിദംബരത്തെ കൈവിടാനാവില്ല. മോദി റോബര്‍ട്ട് വാധ്‌രയെ തൊടുമോ എന്ന് പ്രിയങ്കയ്ക്കും സോണിയയ്ക്കും ആശങ്കയുണ്ട്. സംഭവവാമി യുഗേ യുഗേ.....

Post your comments