Global block

bissplus@gmail.com

Global Menu

ടെക്‌നോക്രാറ്റ്‌സില്‍ സേവനം പ്രകാശവേഗത്തിൽ

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക്‌നോക്രാറ്റ്‌സ് അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആദര്‍ശസൂക്തം 'സേവനം പ്രകാശവേഗത്തില്‍’ എന്നാണ്. അത് കേവലം പരസ്യവാചകത്തിലൊതുങ്ങുന്നില്ല എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. ബ്ലൂസ്റ്റാര്‍ എയര്‍കണ്ടീഷണറുകളുടെയും റഫ്രിജറേറ്റിംഗ് പ്രോഡക്ടുകളുടെയും തിരുവനന്തപുരത്തെ ആദ്യത്തെയും ഏറ്റവും വലുതുമായ എക്സ്ക്ലുസീവ് ഡീലറാണ് ടെക്‌നോക്രാറ്റ്‌സ് അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്. 1990-ല്‍ നന്ദകുമാര്‍ എന്ന മുന്‍ പ്രതിരോധ ശാസ്ത്രജ്ഞന്‍ തുടങ്ങിവച്ച ഈ സംരംഭത്തെ ഇന്ന് വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി ലക്ഷ്മി നന്ദകുമാറാണ്. നന്ദകുമാറിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തിനുശേഷമാണ് ലക്ഷ്മി നന്ദകുമാര്‍ ടെക്‌നോക്രാറ്റ്‌സിന്റെ അമരത്തേക്കെത്തുന്നത്. ബ്ലൂസ്റ്റാറിന്റെ തെന്നിന്ത്യയിലെ ആദ്യ വനിതാ ഡീലറാണ് ലക്ഷ്മി. പ്രതിസന്ധികളില്‍ തളരുകയല്ല ധൈര്യമായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്ന് ലക്ഷ്മി നന്ദകുമാര്‍ പറയുന്നു.  തടസ്സങ്ങളെ സധൈര്യം നേരിട്ട് വിജയസ്‌മേരമണിഞ്ഞ ലക്ഷ്മി നന്ദകുമാറുമായുളള  അഭിമുഖത്തില്‍ നിന്ന്......

ടെക്‌നോക്രാറ്റ്‌സിന്റെ തുടക്കം വിശദീകരിക്കാമോ?

1990 ജനുവരി ഒന്നിനാണ് ടെക്‌നോക്രാറ്റ്‌സിന്റെ തുടക്കം. ഭര്‍ത്താവ് നന്ദകുമാര്‍ ആണ് കമ്പനി തുടങ്ങിയത്. അദ്ദേഹം നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫിക് ലബോറട്ടറിയില്‍(ങഛചഗ)  സയന്റിസ്റ്റായിരുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പാസ്‌സായി ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് അദ്ദേഹം എന്‍പിഒഎല്ലില്‍ ജോയിന്‍ ചെയ്തത്. ആ ജോലി രാജിവച്ചാണ് ബിസിനസ്‌സിലെത്തിയത്. ആദ്യം ഒരു പൊപ്രെറ്ററി കണ്‍സേണ്‍ ആയാണ് കമ്പനി തുടങ്ങിയത്. 1998-ലാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കിയത്. ബിസിനസിലേക്കെത്തിയതുമുതല്‍ അദ്ദേഹത്തിന് സര്‍വ്വപിന്തുണയുമായി ഒപ്പം നിന്ന മോഹനെയും സുനിലിനെയും ബിസിനസ് പങ്കാളികളാക്കി. ഓരോ വിഭാഗവും ഓരോരുത്തരുടെ കീഴിലാക്കി ബിസിനസ്‌സ്്  സിസ്റ്റമാറ്റിക് ആക്കി. 2004-ല്‍ അദ്ദേഹത്തിന്റെ അനുജന്‍ ഗോപീകൃഷ്ണനെ കൂടി ബിസിനസ്‌സില്‍ പങ്കാളിയാക്കി. 

ബ്ലൂസ്റ്റാറുമായുളള ഡീല്‍?

1990 മുതലാണ് ബ്ലൂസ്റ്റാറുമായി അസോസിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിനുമുമ്പ് അദ്ദേഹം ചെറിയ രീതിയില്‍ ബിസിനസ് ചെയ്തിരുന്നു. പക്ഷേ, ബ്ലൂസ്റ്റാറിന്റെ ഡീലര്‍ഷിപ്പ് എടുത്ത ശേഷം മറ്റൊരു കമ്പനിയുടെയും പ്രൊഡക്ട് എടുത്തിട്ടില്ല. 

ഏതൊക്കെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്? 

ബ്ലൂസ്റ്റാറിന്റെ വിവിധ മോഡല്‍ എയര്‍കണ്ടീഷണറുകള്‍, വാട്ടര്‍ കൂളറുകള്‍, ഡീപ് ഫ്രീസര്‍ തുടങ്ങിയ റഫ്രിജറേഷന്‍ പ്രൊഡക്ടുകള്‍ എന്നിവയുടെ എക്‌സ്‌ക്‌ളൂസീവ് ഡീലറാണ് ഞങ്ങള്‍. ബ്ലൂസ്റ്റാര്‍ നിരവധി മോഡല്‍ എയര്‍കണ്ടീഷണറുകളാണ് വര്‍ഷാവര്‍ഷം ഇറക്കുന്നത്. ബ്ലൂസ്റ്റാര്‍ എസികളുടെ ടോപ്പ് മോഡലുകളാണ് ഞങ്ങള്‍ സപൈ്‌ള ചെയ്യുന്നത്. 

ടെക്‌നോക്രാറ്റ്‌സിന്റെ സര്‍വ്വീസിനെ കുറിച്ച് മികച്ച അഭിപ്രായമാണല്ലോ?

കസ്റ്റമറിന് മികച്ച സര്‍വ്വീസ്  നല്‍കണമെന്ന കാര്യത്തില്‍ നന്ദകുമാറിന് വളരെ നിര്‍ബന്ധമായിരുന്നു. അക്കാര്യത്തില്‍ തുടക്കം മുതലേ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കസ്റ്റമറുടെ സംതൃപ്തിയാണ് സ്ഥാപനത്തെ സംബന്ധിച്ച് സുപ്രധാനമെന്ന് അദ്ദേഹം വിശ്വസിക്കുകയും അതിനുവേണ്ടി നിലകൊളളുകയും ചെയ്തു. കസ്റ്റമര്‍ ഒരു കംപ്‌ളയിന്റ് വിളിച്ചുപറഞ്ഞാല്‍ എത്രയും പെട്ടെന്ന് സര്‍വ്വീസ് നല്‍കുക എന്നതാണ് കമ്പനിയുടെ പോളിസി. പരമാവധി മൂന്ന് മണിക്കൂറിനുളളില്‍ സര്‍വ്വീസ് നല്‍കിയിരിക്കും. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഞങ്ങളുടെ ക്‌ളയന്റ് ആയവര്‍ വീണ്ടും ഇവിടെ തന്നെ എത്തുന്നു. 'സര്‍വ്വീസ് @ സ്പീഡ് ഒഫ് ലൈറ്റ്’ (സേവനം പ്രകാശവേഗത്തില്‍) എന്നത് നന്ദകുമാര്‍ വിഭാവനം ചെയ്തതാണ്. അതേ പാതയില്‍ തന്നെയാണ് കമ്പനി ഇപ്പോഴും മുന്നോട്ടുപോകുന്നത്. 

ഇസ്റ്റലേഷനും സര്‍വ്വീസും എങ്ങനെ പ്രശ്‌നമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നു?

ഇസ്റ്റലേഷനും സര്‍വ്വീസിനും പര്‍ച്ചേസിനുമൊക്കെ പ്രത്യേക വിഭാഗങ്ങളുണ്ട്. സര്‍വ്വീസിന്റെ കാര്യമെടുത്താല്‍ സര്‍വ്വീസ്മാനേജര്‍, അദ്ദേഹത്തിന് കീഴില്‍ സര്‍വ്വീസ് സൂപ്പര്‍വൈസര്‍മാര്‍, അവര്‍ക്ക് കീഴില്‍ ടെക്‌നീഷ്യന്‍സ്  ഇന്‍സ്റ്റലേഷനും ഈ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. തിരുവനന്തപുരത്തെ ഓഫീസില്‍ മാത്രം ഏഴ് സൂപ്പര്‍വൈസര്‍മാരുണ്ട്. ഓരോരുത്തരും അവരുടെ ജോലി ശരിയായി ചെയ്യുന്നതിനാല്‍ ഇന്‍സ്റ്റലേഷനും സര്‍വ്വീസും തമ്മില്‍ കൂടിക്കുഴയുന്നില്ല. ആശയക്കുഴപ്പവുമില്ല. വര്‍ക്ക് സുഗമമായി നടക്കുന്നു.

ബിസിനസ്‌സിലേക്കെത്തുന്നത്?

2006 ആഗസ്റ്റ് 15ന് ഭര്‍ത്താവ് നന്ദകുമാര്‍ മരിച്ചു. സെപ്തംബര്‍ 7ന് ഞാന്‍ ബിസിനസ്‌സിലേക്കെത്തി. ബിസിനസുമായി  എനിക്ക് യാതൊരു മുന്‍പരിചയവുമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ഇങ്ങനെയൊരു സംരംഭം തുടങ്ങി വിജയകരമാക്കി. അത് ഉപേക്ഷിച്ചുകളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഭര്‍ത്തൃമാതാവ് നിര്‍ബന്ധിച്ചു. അങ്ങനെയാണ് ബിസിനസിലേക്കെത്തിയത് . ജീവനക്കാരുടെ പിന്തുണ ബിസിനസിൽ  വിജയം കൈവരിക്കാന്‍ സഹായിച്ചു. 

ബിസിനസ്‌സില്‍ താല്പര്യമുണ്ടായിരുന്നോ?

ഒരിക്കലുമില്ല. ഞാന്‍ വളര്‍ന്നുവന്ന സാഹചര്യം വ്യത്യസ്തമാണ്. ഞാന്‍ തിരുവനന്തപുരം സ്വദേശിനിയാണ്. പക്ഷേ അച്ഛന്റെ ജോലി സംബന്ധമായി എന്റെ കുട്ടിക്കാലം മുതല്‍ എറണാകുളത്തായിരുന്നു താമസം. എറണാകുളം സെന്റ് തെരേസാസില്‍ നിന്ന് ഞാന്‍ എംഎ ലിറ്ററേച്ചര്‍ പാസായി. അതായിരുന്നു ആകെയുളള കൈമുതല്‍. ബിസിനസ്‌സുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അദ്ദേഹം (നന്ദകുമാര്‍)  ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ പോലും എനിക്കതില്‍ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. അതിലൊന്നും ഇടപെട്ടിരുന്നുമില്ല. മാത്രമല്ല,   ഒരിക്കലും  ഒരു സ്ഥാപനത്തിന് രണ്ടുബോസ് പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗശേഷം യാദൃച്ഛികമായി ഞാന്‍ ബിസിനസ്‌സിലേക്കെത്തി. ഇപ്പോള്‍ മുഴുവന്‍ ചിന്തയും ഇതെക്കുറിച്ചാണ്. അതല്ലാതെ ഒരു ലോകമില്ല. എന്നെ ആശ്രയിച്ചു കുറേ കുടുംബങ്ങളുണ്ട്. അവരുടെ ജീവിതം മെച്ചപ്പെടുത്തണം. സ്ഥാപനം നന്നായി മുന്നോട്ടുകൊണ്ടുപായാലേ അതിനു കഴിയൂ. അതിനായി നിരന്തരം ശ്രമിക്കുന്നു. 

ബിസിനസ്‌സില്‍ കന്നിക്കാരിയെന്ന നിലയില്‍   ബ്ലൂസ്റ്റാറിന്റെ പിന്തുണ ലഭിച്ചോ?
തീര്‍ച്ചയായും.   ബ്ലൂസ്റ്റാറിന്റെ തെന്നിന്ത്യയിലെ ആദ്യ വനിതാ ഡീലറാണ് ഞാന്‍. ബിസിനസിൽ തുടക്കക്കാരിയായ എനിക്ക് കമ്പനി തന്ന പിന്തുണ വളരെ വലുതാണ്. ആദ്യമൊക്കെ കമ്പനിയില്‍ നിന്ന് ആള്‍ക്കാര്‍ വരുമ്പോള്‍ എങ്ങനെ ഡീല്‍ ചെയ്യും എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അവരുടെ പ്രോത്സാഹനം എനിക്ക് കരുത്തുപകര്‍ന്നു. ആദ്യകാലത്ത് എനിക്ക് നേരിടേണ്ടി വന്ന തുടക്കക്കാരിയുടേതായ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ബ്‌ളൂസ്റ്റാര്‍ കമ്പനി ഒപ്പം നിന്നു. ആ പിന്തുണയുടെ ബലത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും കുറവുകള്‍ നികത്തി ബിസിനസിൽ വളരാന്‍ സ്വയം ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. 

നിലവില്‍ എത്ര ഓഫീസുകളുണ്ട്?

തിരുവനന്തപുരം പളളിയടക്കമുക്കിലാണ് മെയിന്‍ ഓഫീസ്. അവിടെ ഒരു ഷോറൂമും ഉണ്ട്. ടെക്‌നോപാര്‍ക്ക് സമുച്ചയത്തിനുളളിലും ഞങ്ങള്‍ക്ക് ഒരു ഓഫീസ് ഉണ്ട്. ആറ്റിങ്ങല്‍, കൊല്ലം എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. 

എത്ര പേരാണ് ടെക്‌നോക്രാറ്റ്‌സില്‍ ജോലി ചെയ്യുന്നത്?

എല്ലാ ഓഫീസുകളിലുമായി 80 സ്ഥിരം സ്റ്റാഫുകളുണ്ട്. പിന്നെ കുറച്ച്  കോണ്‍ട്രാക്ട് സ്റ്റാഫും ട്രെയിനികളുമെല്ലാം കൂടി ആകെ നൂറോളം ജീവനക്കാരാണ് നിലവില്‍ ടെക്‌നോക്രാറ്റ്‌സിലുളളത്. 

കമ്പനി ചെയ്ത വമ്പന്‍ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

2001-2002ല്‍ പ്രോജക്ട്‌സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡിവിഷന്‍ രൂപീകരിക്കുകയും ആദ്യം നബാര്‍ഡ് പ്രോജക്ട് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. നബാര്‍ഡ് ഇപ്പോഴും ഞങ്ങളുടെ എഎംസി കസ്റ്റമര്‍ (ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്) ആണ്. ഒരു പ്രോജക്ട് കിട്ടിയാല്‍ അതിന്റെ എസ്റ്റിമേഷന്‍, ഡിസൈന്‍ തുടങ്ങി കമ്മിഷനിംഗ് വരെയുളള കാര്യങ്ങള്‍ സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡിവിഷന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഇതിലേക്കായി ഒരു മാനേജരും സെയില്‍സ് എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരുമുണ്ട്. ഓരോ ഘട്ടത്തിലും അതിന്റെ നിലവാരം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നബാര്‍ഡ് പ്രോജക്ടിന് ശേഷം ടെക്‌നോപാര്‍ക്കിലും തിരുവനന്തപുരം നഗരത്തിലുമായി നിരവധി പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. അതില്‍ ഐ.ടി കമ്പനികളും ആശുപത്രികളും ഓഡിറ്റോറിയങ്ങളും സിനിമാതിയേറ്ററുകളും  ഹോട്ടലുകളും ഉള്‍പ്പെടുന്നു.

മറ്റ് ഉത്പന്നങ്ങളുടെ വിപണനത്തിലേക്ക് കടക്കുമോ?

ഒരിക്കലുമില്ല. കാരണം, ബിസിനസ് എനിക്ക് മുന്‍പരിചയമുളള മേഖലയല്ല. ഭര്‍ത്താവ് തുടങ്ങിവച്ച് വിജയകരമാക്കിയ സംരംഭം അദ്ദേഹം തെളിയിച്ചു തന്ന പാതയിലൂടെ വിജയകരമായി തന്നെ മുന്നോട്ടുകൊണ്ടുപോകുകയാണ്. അവസാന കാലത്ത് ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ഓരോ വിഭാഗവും ഓരോരുത്തരുടെ കൈയില്‍ ഭദ്രമാക്കി ഒരു കമാന്‍ഡിംഗ് കം കറക്ടിംഗ് പവറായാണ് കമ്പനിയെ നയിച്ചത്. ആ ജോലിയാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. എന്തുചെയ്യണമെന്ന് അദ്ദേഹം വ്യക്തമായി തെളിയിച്ചുതന്നിരുന്നു. പിന്നെ ഒരുപാട് വെട്ടിപ്പിടിക്കുക എന്നത് അദ്ദേഹത്തിന്റെ നയമായിരുന്നില്ല. ഉളളത് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരുന്നു നയം. അതുതന്നെയാണ് ഇപ്പോഴും നടപ്പിലാക്കുന്നത്. പരിചയമില്ലാത്ത മേഖലകളിലേക്കിറങ്ങാനില്ല. 

എയര്‍ കണ്ടീഷണര്‍ വിപണിയുടെ ഭാവിയെന്താണ്?

എയര്‍ കണ്ടീഷണര്‍ വിപണി ഓരോ വര്‍ഷം കഴിയുന്തോറും വളരുകയാണ്. പണ്ട് ഇത് ഒരു സീസണല്‍ ബിസിനസ്‌സായിരുന്നു. ഇപ്പോള്‍ എല്ലാ സീസണിലും ആവശ്യക്കാരുണ്ട്. മുമ്പൊക്കെ ഒരു കമേഴ്‌സ്യല്‍ തലം കേന്ദ്രീകരിച്ചായിരുന്നു എസി വിപണി. ഇപ്പോള്‍ അത് റസിഡഷ്യല്‍ ഏരിയയിലേക്കു കൂടി വ്യാപിച്ചു. എസിയില്ലാത്ത വീടുകളില്ലെന്ന സ്ഥിതിയായി. വീടു വയ്ക്കുമ്പോള്‍ തന്നെ എസിക്ക് കൂടിയുളള പ്രൊവിഷന്‍ ഇട്ടാണ് ചെയ്യുന്നത്. 

ജീവനക്കാരുടെ പിന്തുണയെ എങ്ങനെ വിലയിരുത്തുന്നു?

ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന  ജീവനക്കാരാണ് ടെക്‌നോക്രാറ്റ്‌സിന്റെ കരുത്ത്. കമ്പനിക്ക്  നിരവധി സ്ഥിരം സ്റ്റാഫ് ഉണ്ട്. അക്കൂട്ടത്തില്‍ 25 വര്‍ഷത്തിലേറെയായി കമ്പനിയില്‍ തുടരുന്ന നിരവധി ജീവനക്കാരുണ്ട്. അവരെല്ലാം ഞങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. 

നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയല്ലോ?

ഉവ്വ്. അദ്ദേഹം (നന്ദകുമാര്‍) ഉണ്ടായിരുന്നപ്പോള്‍ സര്‍വ്വീസ് കാറ്റഗറിയില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. ഇപ്പോഴും ലഭിക്കുന്നു. 2011 മുതല്‍ പ്രോഡക്ട് സെല്ലിംഗ് കാറ്റഗറിയിലും അംഗീകാരങ്ങള്‍ ലഭിച്ചുവരുന്നു. ബ്‌ളൂസ്റ്റാറിന്റെ സില്‍വര്‍, ഗോള്‍ഡ് കാറ്റഗറിയിലുളള നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ടെക്‌നോക്രാറ്റ്‌സിനെ തേടിയെത്തിക്കഴിഞ്ഞു.  

ബിസിനസില്‍ സ്ത്രീയെന്ന വ്യത്യാസമുണ്ടോ?

സ്ത്രീയെന്ന നിലയില്‍ ബിസിനസിൽ  എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മള്‍ സ്വയം പിന്നോട്ടുപോകാതിരുന്നാല്‍ മതി. ബിസിനസ്‌സില്‍ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. കഴിവുണ്ടോ മുന്നേറാം. 

മറ്റ് സ്ത്രീകളോട്  പറയാനുളളത്?

പെട്ടെന്ന് ആണ്‍തുണ നഷ്ടപ്പെട്ട്...അത് അച്ഛനാകാം സഹോദരനാകാം ഭര്‍ത്താവാകാം...ജീവിതത്തില്‍ ആകസ്മികമായ ഒരു ശൂന്യത അനുഭവിക്കുന്ന സ്ത്രീകളോട് എനിക്ക് പറയാനുളളത് ധൈര്യമായി മുന്നോട്ടുപോകൂ എന്നാണ്. ഇനിയെന്ത്? എന്ന് ഒരു വേള പകച്ചുനിന്ന എനിക്ക് ഇവിടെവരെ എത്താന്‍ കഴിഞ്ഞെങ്കില്‍ മറ്റുളളവര്‍ക്ക് അതിലുമെത്രയോ ഉയരത്തിലെത്താന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ബിസിനസോ ജോലിയോ എന്തായാലും നമ്മുടെ മനസ്‌സാന്നിധ്യമാണ് വലുത്. അതുണ്ടെങ്കില്‍ നമുക്ക് ജീവിതത്തെ നേരിടാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. നമ്മുടെ ഉളളില്‍ ഒരു ശക്തിയുണ്ട്. അതിനെ ഉണര്‍ത്തുകയാണ് വേണ്ടത്. പ്രതിസന്ധികളില്‍ തളരുന്നതിന് പകരം കരുത്താര്‍ജ്ജിക്കുകയാണ് ഓരോ സ്ത്രീയും ചെയ്യേണ്ടത്. 

കുടുംബം?

നന്ദകുമാറിന്റെ പിതാവ് പരേതനായ ആര്‍.സി.നായര്‍. അമ്മ മായാകുമാരി റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്നു. എന്റെ പിതാവ് പരേതനായ ടി.ആര്‍.പുരുഷോത്തമന്‍ നായര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചയാളാണ്. അമ്മ അംബികാദേവി വീട്ടമ്മയാണ്. എനിക്കും നന്ദകുമാറിനും ഒരു മകളാണ്. ഗായത്രി.എന്‍.നായര്‍. ഇപ്പോള്‍ മാറനല്ലൂര്‍ ക്രൈസ്റ്റ്‌നഗര്‍ കോളജില്‍ ഡിഗ്രി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ചെയ്യുന്നു. ബിസിനസിലെ അടുത്ത തലമുറയെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. മകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഐ ഓള്‍വേയ്‌സ് വെല്‍കം ഹെര്‍. 

ഭാവിപദ്ധതികളെന്തൊക്കെയാണ്?

എല്ലാ സൗകര്യങ്ങളുമുളള ഒരു നല്ല ഹെഡ് ഓഫീസ് പണിയണമെന്നാണ് ആഗ്രഹം. പളളിയടക്കമുക്കിലെ ഹെഡ്ഓഫീസ് പ്രവര്‍ത്തിക്കുന്നത് സ്വന്തം ബില്‍ഡിംഗിലാണ്. എന്നാല്‍ സൗകര്യങ്ങള്‍ പരിമിതമാണ്. തൊട്ടടുത്തുളള ഷോറൂം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  ഇപ്പോള്‍ ഹെഡ്ഓഫീസിരിക്കുന്ന സ്ഥലത്ത് ഒരു നല്ല കെട്ടിടം പണിയണം. 

നന്ദകുമാര്‍ എന്ന ദീര്‍ഘദര്‍ശി

ദീര്‍ഘദര്‍ശിയായിരുന്നു ടെക്‌നോക്രാറ്റ്‌സ്  സ്ഥാപകന്‍ നന്ദകുമാര്‍. കമ്പനിയുടെ തുടക്കം മുതല്‍ ഓരോ കാര്യവും മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. സര്‍വ്വീസ് സംബന്ധിച്ച ആശയങ്ങളിലായാലും ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ടായാലും അത് പ്രകടമായിരുന്നു. ആന്വല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട് (എഎംസി), 24ണ്‍7 സര്‍വ്വീസ് തുടങ്ങിയവ വര്‍ഷങ്ങള്‍ക്കുമുമ്പേ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഓരോ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴും കണക്കുകള്‍ പരിശോധിച്ച് അടുത്ത വര്‍ഷം അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തിപ്പോന്നു. തനിക്കു ശേഷവും കമ്പനി സുഗമമായി പ്രവര്‍ത്തിക്കണമെന്ന ചിന്തയില്‍ നന്ദകുമാര്‍ എല്ലാം ചിട്ടപ്പെടുത്തിയിരുന്നു- സുനില്‍കുമാര്‍ പറയുന്നു. കസ്റ്റമറുടെ തൃപ്തിയായിരുന്നു അദ്ദേഹത്തിന് വലുതെന്ന് മാനേജര്‍ അനില്‍ കുമാര്‍ പറയുന്നു. ലക്ഷ്മി നന്ദകുമാറും അക്കാര്യം സ്ഥിരീകരിക്കുന്നു. അദ്ദേഹം തെളിച്ചുതന്ന പാതയിലൂടെ മുന്നോട്ടുപോകാനുളള മനക്കരുത്ത് മാത്രമേ തനിക്ക് മൂലധനമായി വേണ്ടിവന്നുളളുവെന്ന് ടെക്‌നോക്രാറ്റ്‌സിന്റെ അമരക്കാരി പറയുമ്പോള്‍ തനിക്ക് ശേഷം പ്രളയമെന്നു ചിന്തിക്കുന്നവരുടെ ലോകത്ത് വേറിട്ട് ചിന്തിച്ചു പ്രവര്‍ത്തിച്ച ഒരു മനുഷ്യന്റെ ദീര്‍ഘവീക്ഷണം പ്രശംസാര്‍ഹമാണ്. 

തുടക്കം മുതല്‍ ആ രണ്ടുപേര്‍

നന്ദകുമാര്‍ ബിസിനസിലേക്കെത്തിയതുമുതല്‍ അദ്ദേഹത്തിന് സര്‍വ്വപിന്തുണയുമായി ഒപ്പം നിന്നവരാണ് മോഹന്‍കുമാറും സുനില്‍ കുമാറും. ടെക്‌നോക്രാറ്റ്‌സ് മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഇവര്‍ കര്‍മ്മനിരതരായി കമ്പനിക്കൊപ്പമുണ്ട്. ഇരുവരും കമ്പനി ഡയറക്ടര്‍മാരാണ്. വളരെ ദീര്‍ഘദര്‍ശിയായിരുന്നു നന്ദകുമാറെന്ന് സുനില്‍കുമാര്‍ പറയുന്നു. “ബിസിനസ്‌സിനോടുളള താല്പര്യം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗം രാജിവച്ച് ഈ രംഗത്തെത്തിയ ആളാണ് നന്ദകുമാര്‍. 1990ലാണ് ബ്‌ളുസ്റ്റാറിന്റെ ഡീലറാകുന്നത്. പിന്നീട് ആ ഡീലര്‍ഷിപ്പില്‍ ഉറച്ചുനിന്നു. തുടക്കം മുതല്‍ ഞാനും മോഹനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 2004-ല്‍ നന്ദകുമാറിന്റെ അനുജന്‍ ഗോപീകൃഷ്ണനേയും ബിസിനസ്‌സില്‍ കൂടെകൂട്ടി. ഓരോ കാര്യവും മുന്‍കൂട്ടി കാണാനുളള കഴിവ് നന്ദകുമാറിനുണ്ടായിരുന്നു. മാത്രമല്ല ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ അദ്ദേഹം ഏറ്റെടുക്കാറുണ്ടായിരുന്നുളളു. നന്ദകുമാര്‍ ഒരു വാക്കുപറഞ്ഞാല്‍ വാക്കാണ് എന്ന കാര്യം ബിസിനസ് സര്‍ക്കിളില്‍ പാട്ടായിരുന്നു. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ജീവനക്കാരോട് അദ്ദേഹം യാതൊരു വിവേചനവും കാട്ടിയിരുന്നില്ല. മാത്രമല്ല, അവരുടെ ക്ഷേമത്തിനായി വേണ്ടതെല്ലാം ചെയ്യുകയും ചെയ്തു. കേവലം 15 ജീവനക്കാര്‍ മാത്രമുളളപ്പോള്‍, ഇഎസ്‌ഐയും പിഎഫും കൊണ്ടുവരാന്‍ 20 സ്റ്റാഫ് വേണമെന്ന നിബന്ധനയുണ്ടായിരുന്നതിനാല്‍ അഡീഷണല്‍ സ്റ്റാഫിനെ നിയമിച്ച് അവ നടപ്പിലാക്കിയ തൊഴിലുടമയാണ് നന്ദകുമാര്‍. അദ്ദേഹം പറഞ്ഞുവച്ച രീതിയില്‍ പ്രവര്‍ത്തിക്കുക എന്ന കടമ മാത്രമാണ് ഞങ്ങള്‍ക്കുളളത്”- സുനില്‍കുമാര്‍ പറഞ്ഞു. 

ടെക്‌നോക്രാറ്റ്‌സ് ഫാമിലി

നന്ദകുമാര്‍ സാറിന്  എംഡിയുടെ ക്യാബിനില്‍ അടച്ചിരിക്കുന്ന ശീലമുണ്ടായിരുന്നില്ല. അദ്ദേഹം എപ്പോഴും ജീവനക്കാര്‍ക്കിടയിലുണ്ടായിരുന്നു- മാനേജര്‍ അനില്‍ പറയുന്നു. “ജോലിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കിലും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എംഡിയെ കാണാം. പിഴവു കണ്ടാല്‍ ശാസിക്കും. പിന്നീട്, അത് മനസ്‌സില്‍വച്ച് പെരുമാറാറില്ല. അതുകൊണ്ടുതന്നെ ട്രെയിനിയായി വരുന്നവര്‍ക്കു പോലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സാറിനോട് നേരിട്ട് പറയാം. അദ്ദേഹത്തിന് നല്ല ഓര്‍മ്മ ശക്തിയായിരുന്നു. ടെക്‌നിക്കലായുളള കാര്യങ്ങളിലും നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ഓരോ വിഭാഗത്തില്‍ നിന്നുമുളള ഫീഡ്ബാക്ക് കര്‍ശനമായി പരിശോധിക്കുകയും പിഴവ് കണ്ടെത്തി തിരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ലക്ഷ്മി മാഡമായാലും തന്റെ സീറ്റില്‍ ഇരിക്കുന്നത്  സന്ദര്‍ശകര്‍ വരുമ്പോഴാണ്. അല്ലാത്തപ്പോള്‍ ജീവനക്കാര്‍ക്കിടയിലാണ്. വര്‍ഷങ്ങളായി ഇവിടെ തുടരുന്ന ജീവനക്കാരാണ് ടെക്‌നോക്രാറ്റ്‌സിന്റെ കരുത്ത്. ഏതെങ്കിലും വര്‍ക്ക് പെന്‍ഡിംഗ് ഉണ്ടെങ്കില്‍ സമയം നോക്കാതെ ജോലി ചെയ്യാന്‍ സീനിയര്‍ ജീവനക്കാര്‍ സദാ സന്നദ്ധരാണ്. കമ്പനി ഒരു കുടുംബമാണ്. മാഡം ഇവിടെ ചാര്‍ജ്ജെടുക്കുമ്പോള്‍ എല്ലാം പുരുഷ ജീവനക്കാരായിരുന്നു. കമ്പനിയുടെ അമരത്തെത്തിയ മാഡത്തിന് സര്‍വ്വപിന്തുണയുമായി ജീവനക്കാര്‍ ഒപ്പം നിന്നു. ടെക്‌നോക്രാറ്റ്‌സ് ഫാമിലി എന്നാണ് ഞങ്ങള്‍ വിശേഷിപ്പിക്കുന്നത്”- അനില്‍ പറയുന്നു.   

ഞാന്‍ ആസ്‌ട്രേലിയ, സിംഗപൂര്‍, തായ്‌ലന്‍ഡ്, റഷ്യ, തുര്‍ക്കി,ഹോങ്കോംഗ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം തുര്‍ക്കിയാണ്. വളരെ പ്രസന്നമായ അന്തരീക്ഷമാണ്. കൈലാസ് യാത്ര ഒരു ആഗ്രഹമാണ്.  മറ്റൊന്ന് കാനഡ സന്ദര്‍ശനമാണ്. എന്റെ സഹോദരി അവിടെയാണ്-ലക്ഷ്മി നന്ദകുമാര്‍.

ടെക്‌നോക്രാറ്റ്‌സിന്റെ അമരക്കാര്‍

മാനേജിംഗ് ഡയറക്ടര്‍ ലക്ഷ്മി നന്ദകുമാര്‍ ഡയറക്ടര്‍മാരായ മോഹന്‍കുമാര്‍, സുനില്‍കുമാര്‍, ഗോപീകൃഷ്ണന്‍ എന്നിവരാണ് ടെക്‌നോക്രാറ്റ്‌സിന്റെ അമരത്തുളളത്.  

ലോകനിലവാരത്തിലുളള സേവനം ഉപഭോക്താവിന് നല്‍കുക എന്ന ഞങ്ങളുടെ പ്രമാണത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഞങ്ങളുടെ ദീര്‍ഘകാലഡീലര്‍മാരിലൊന്നാണ് ടെക്‌നോക്രാറ്റ്‌സ് അപ്ലയന്‍സസ്. ലക്ഷ്മിയും അവരുടെ ടീമും തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. അവര്‍ നിരന്തരം ഉപഭോക്താക്കളുടെ ആവശ്യം അന്വേഷിച്ചറിയുകയും അവരുടെ പ്രതികരണം ആരായുകയും ചെയ്യുന്നു.തത്ഫലമായി മികച്ച ഉപഭോക്തൃസേവനത്തിലൂടെ ടെക്‌നോക്രാറ്റ്‌സിന്റെ മേന്മയുടെ ഗ്രാഫ് പ്രതിദിനം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു-ബി.ത്യാഗരാജന്‍, എംഡി, ബ്ലൂസ്റ്റാര്‍ ലിമിറ്റഡ്. 

Post your comments