Global block

bissplus@gmail.com

Global Menu

എന്താണ് ബിഎസ്-4, ബിഎസ്-6 ? അറിയേണ്ടതെല്ലാം

അടുത്തകാലത്തായി വാഹനലോകത്ത് കേട്ടുകൊണ്ടിരിക്കുന്ന പതിവ് വാക്കുകളിലൊന്നാണ് ബിഎസ്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളത് മാത്രമായിരിക്കും. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ പ്രഖ്യാപനത്തിനിടെ ഈ വാക്ക് വീണ്ടും കേട്ടു.  2019 മാര്‍ച്ചിനുള്ളില്‍ വാങ്ങുന്ന ബിഎസ് 4 വാഹനങ്ങള്‍ രജിസ്ട്രേഷന്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.  

പലര്‍ക്കും ഇപ്പോഴുമുള്ള സംശയമാവും എന്താണ് ബിഎസ് എന്നും എന്താണ് ബിഎസ് 4, ബിഎസ് 6 എന്നുമൊക്കെ. അതേക്കുറിച്ചൊക്കെ വിശദമായി മനസിലാക്കാം.
രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബിഎസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു. ബി എസ്-3നെ അപേക്ഷിച്ച് ബി എസ് -4 ഗണത്തില്‍പെടുന്ന വാഹനങ്ങളില്‍ മലിനീകരണ നിയന്ത്രണ തോത് കുറവായിരിക്കും. അതായത് ബി എസ്-3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമെ ബി എസ് -4 വാഹനങ്ങള്‍ക്കുണ്ടാവൂ. 

ബിഎസ് 4 ഇന്ധനവും ബിഎസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ സൾഫറിന്റെ അംശമാണ്. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സർ‌ഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബിഎസ്6 അത് 10 പിപിഎം മാത്രമായി ഒതുങ്ങുന്നു. ബിഎസ് 6 ന്റെ വരവോടു കൂടി പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് പുറം തള്ളുന്ന നൈറ്റജൻ ഓക്സൈഡിന്റെ അളവ് പകുതിയിൽ അധികം കുറയും.  ബിഎസ് 6 നിരവാരത്തിൽ ഒരു വാഹനം നിർമിക്കുക എന്നാൽ അതിന്റെ ആദ്യ ഘട്ടം മുതൽ മാറ്റങ്ങൾ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷയ്ക്കും അടക്കം ബിഎസ് 6 നിലവാരത്തിലെത്തിക്കണം.

ബിഎസ് 6 നിലവാരം കൈവരിക്കണമെങ്കിൽ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേയ്ക്ക് ഉയരേണ്ടതുണ്ട്. ബിഎസ് 6 എത്തുന്നതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. ഇതിനായി എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമാണ്.  ബിഎസ് 4 നിലവാരത്തിൽ നിന്നും ബിഎസ് 6 നിലവാരത്തിലെത്താൻ ആദ്യമായി ഇന്ധന നിർമാതാക്കൾ ഏകദേശം 50,000 കോടി രൂപ മുതൽ 80,000 കോടി രൂപ വരെയെങ്കിലും അധിക നിക്ഷേപം നടത്തേണ്ടിവരുമെന്നാണു കരുതുന്നത്.  അതായത് 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ചുരുക്കം.

Post your comments