Global block

bissplus@gmail.com

Global Menu

വിരല്‍ത്തുമ്പിലെ വിനോദം സഹസ്രകോടികളുടെ വ്യവസായം

വീഡിയോ ഗെയിമുകള്‍ കാലാകാലങ്ങളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തകാലത്തായി അവയുടെ നല്ല വശങ്ങളേക്കാള്‍ ചീത്തവശങ്ങളാണ് വാര്‍ത്തകളില്‍ ഇടംനേടുന്നത് എന്നതും ശ്രദ്ധേയമാണ്. ബ്ലൂവെയില്‍, മോമോ തുടങ്ങിയ ആളെക്കൊല്ലി ഗെയിമുകളെ കുറിച്ചുളള വാര്‍ത്തകള്‍  മലയാളിയെയും പരിഭ്രാന്തിയിലാഴ്ത്തി. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ വാര്‍ത്തയായത് പ്രമുഖ ഗെയിം പബ്ജിയാണ്. കഴിഞ്ഞമാസമാണ് (2019 മേയ്) പബ്ജിയെ ചൈനയില്‍ നിരോധിച്ചത്. ഏഴു കോടിയോളം കളിക്കാരുള്ള പബ്ജിയില്‍ ചൈനീസ് കമ്പനിയായ ടെന്‍സെന്റിനു വന്‍ നിക്ഷേപമാണുളളത്.  യുവാക്കളെ വഴിതെറ്റിക്കുന്നു എന്ന കാരണത്താലാണ് പബ്ജിക്ക് ചൈനീസ് ഭരണകൂടം അനുമതി നിഷേധിച്ചത്. ഇന്ത്യയിലെ ചില നഗരങ്ങളടക്കം, ലോകത്തു പലയിടത്തും പബ്ജിക്ക് വിലക്കുണ്ട്. പബ്ജിക്ക് പകരം ടെന്‍സെന്റ് ചൈനയില്‍ ദേശസ്‌നേഹം ചൊരിയുന്ന ''എലൈറ്റ് ഫോഴ്‌സ് ഫോര്‍ പീസ്'' എന്ന പുതിയ ഗെയിം അവതരിപ്പിച്ചു കഴിഞ്ഞു. അതങ്ങനെ തന്നെയേ വരൂ. കാരണം സഹസ്രകോടികളുടെ മാര്‍ക്കറ്റാണ് വീഡിയോഗെയിം ഇന്‍ഡസ്ട്രി. ലോകമെമ്പാടും വീഡിയോ ഗെയിമുകള്‍ക്ക് ആരാധകരുണ്ട്. കുട്ടികള്‍ മാത്രമല്ല മുതര്‍ന്നവരും ഈ നവയുഗവിനോദത്തിന് അടിമകളാണ്. വിരല്‍ത്തുമ്പിലെ വിനോദത്തിനായി കളിക്കമ്പക്കാര്‍ മണിക്കൂറുകള്‍ ചെലവിടുമ്പോള്‍ ആഗോളതലത്തില്‍ കൂത്തകകള്‍ വാരിക്കൂട്ടുന്നത് സഹസ്രകോടികളാണ്... ഈ ബിസിനസ് മേഖലയുടെ വികാസപരിണാമങ്ങള്‍ ചുവടെ:

ഒരു കമ്പ്യൂട്ടിംഗ് ഡിവൈസില്‍ കളിക്കാവുന്ന ഇലക്‌ട്രോണിക് ഗെയിമുകളെയാണ് വീഡിയോ ഗെയിം എന്നു പറയുന്നത്. മൈക്രൊപ്രൊസസറുകളുടേയും, മൈക്രോകമ്പ്യൂട്ടറുകളുടേയും വികാസവും തത്ഫലമായി പഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ജനകീയമായതുമാണ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. 1952 -ല്‍ പുറത്തിറങ്ങിയ ടിക്-ടാക്-ടോ ആണ് ആദ്യ കമ്പ്യൂട്ടര്‍ ഗെയിം.  രണ്ടാമത്തെ ഗെയിം നിര്‍മ്മിക്കപ്പെട്ടത് 1961 -ലായിരുന്നു, എംഐടി വിദ്യാര്‍ത്ഥികളായ മാര്‍ട്ടിന്‍ ഗ്രാറ്റെസ്,  വെയ്ന്‍ വിറ്റാനെന്‍, സ്റ്റീവ് റസല്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പെയിസ്‌വാര്‍ എന്ന ഗെയിം നിര്‍മ്മിച്ചു. ആദ്യ തലമുറ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ കളിക്കാര്‍ കമ്പ്യൂട്ടറുമായി സംവദിച്ചത് കമാന്‍ഡുകള്‍ നല്‍കിക്കൊണ്ടായിരുന്നു. കീബോര്‍ഡിലൂടെയാണ് അവര്‍ കമാന്‍ഡുകള്‍ നല്‍കിയത്. 1970 കളോടെ കമ്പ്യൂട്ടര്‍ ഗെയിമുകളുടെ കമ്പോളസാധ്യതകള്‍ കമ്പനികള്‍ തിരിച്ചറിഞ്ഞു. അതോടെ കൂടുതല്‍ ഗെയിമുകള്‍ വികസിപ്പിക്കപ്പെട്ടു. 1976 -ല്‍ വില്‍ക്രൗത്തര്‍ ആദ്യകാല ടെക്‌സ്‌സ്റ്റ് അഡ്വെഞ്ചര്‍, അഡ്വെഞ്ചര്‍ പിഡിപി-11 മിനികമ്പ്യൂട്ടറിനുവേണ്ടി വികസിപ്പിച്ചെടുത്തു.  1977  -ല്‍ ഡോണ്‍ വുഡ്‌സ് അതിനെ വിപുലീകരിച്ചു. 1977 ആയതോടെ അഡ്വെഞ്ചര്‍ പോലുലള്ള ഗെയിമുകള്‍ എല്ലാ പേഴ്‌സണല്‍ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കും വിധം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വളര്‍ന്നു. ഇക്കാലത്ത് ഗ്രാഫിക്‌സ് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ പ്രധാന ഭാഗമായിതീര്‍ന്നു. അതിനു ശേഷം ടെക്സ്റ്റ് കമാന്‍ഡുകള്‍ക്കൊപ്പം അടിസ്ഥാന ഗ്രാഫിക്‌സുകളും ചേര്‍ത്തുതുടങ്ങി. എസ്എസ്‌ഐ ഗോള്‍ഡ് ബോക്‌സ് ഗെയിമുകളായ പൂള്‍ ഓഫ് റേഡിയന്‍സ്, ബാര്‍ഡ്‌സ് ടെയില്‍ എന്നിവ ഇതിന് ഉദാഹരണമായെടുക്കാം. 1970 മുതല്‍ 1980  കാലഘട്ടത്തില്‍ ഹോബിസ്റ്റ് ഗ്രൂപ്പുകള്‍ വഴിയും, ഗെയിമിംഗ് മാഗസിനുകള്‍ വഴിയും ഗെയിനുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. ക്രിയേറ്റീവ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടര്‍ ഗെയിമിംഗ് വേള്‍ഡ് എന്നി മാഗസിനുകള്‍ ഉദാഹരണം. ഈ മാഗസിനുകള്‍ ഗെയിമില്‍ അടിച്ചുകൊടുക്കാവുന്ന ഗെയിം കമാന്‍ഡുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാര്‍ക്ക് തങ്ങളുടേതായ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കാനും മത്സരങ്ങളിലേക്ക് നല്‍കാനും അവ പ്രചോദനമായി. മൈക്രോചെസ്സ് ആയിരുന്നു ആദ്യമായി പൊതുവായി വില്‍ക്കപ്പെട്ട മൈക്ക്രോകമ്പ്യൂട്ടറുകള്‍ക്കുള്ള ഗെയിം. 1977 ലായിരുന്നു ആദ്യവില്പന. മൈക്രോചെസ്‌സ് ഏകദേശം 50,000 കോപ്പികള്‍ വിറ്റു.

1980കള്‍ ആര്‍ക്കേഡ് ഗെയിമുകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. രണ്ടാം തലമുറ വീഡിയോ ഗെയിം കണ്‍സോളുകള്‍ പോലെ ഹോം കമ്പ്യൂട്ടര്‍ ഗെയിം കമ്പനികളും ആര്‍ക്കേഡ് ഗെയിമുകളുടെ വില്‍പ്പനയില്‍ വിജയം കരസ്ഥമാക്കി. അട്ടാരി 400  ആയിരുന്നു  1982 കളിലെ ടോപ്പ് സെല്ലിംഗ് ഗെയിമുകളില്‍ ഒന്ന്. ഫ്രോഗര്‍ , സെന്റിപ്പേഡ് എന്നിവയുടെ പോര്‍ട്ട് ആയിരുന്നു ഈ അട്ടാരി 400. 

1990കള്‍ മുതലിങ്ങോട്ട് വീഡിയോ ഗെയിമിങ്ങുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയില്‍ വന്‍കുതിച്ചുചാട്ടമാണുണ്ടായത്. ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്ന സങ്കേതങ്ങളാണ് വീഡിയോ ഗെയിമുകളില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കളിക്കമ്പക്കാരും ഗെയിമിങ്ങ് പ്ലാറ്റ്‌ഫോമുകളും മാറി. തുടക്കത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ഗെയിമുകള്‍ നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇന്ന് എല്ലാ പ്രായത്തിലുളളവരും ടാര്‍ജറ്റ് ഗ്രൂപ്പിലുണ്ട്. ആദ്യകാലത്ത് കമ്പ്യൂട്ടര്‍ ഗെയിംസ്, കണ്‍സോള്‍ ഗെയിംസ് എന്നിങ്ങനെ രണ്ടുതരം വീഡിയോ ഗെയിമുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മൊബൈല്‍ ഗെയിമിങ്ങിലേക്കും ഓണ്‍ലൈന്‍ ഗെയിമിങ്ങിലേക്കും വളര്‍ന്നിരിക്കുന്നു. ഒരു കാലത്ത് ഗെയിമിംഗ് എന്നത് കമ്പ്യൂട്ടറിലും പ്ലേസ്റ്റേഷനിലും മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ മൊബൈല്‍ ഗെയിമിംഗ് എന്നത് യാഥാര്‍ത്ഥ്യമായി . മികച്ച പ്രോസസറിന്റെയും ഗ്രാഫിക്‌സുകളുടെയും സഹായത്തോടെ മൊബൈല്‍ ഗെയിമിംഗ് വളരെ മികച്ചതായി മാറി. സമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഓണ്‍ലൈന്‍ ഗെയിമിങ്ങും വ്യാപിച്ചു. ഇന്ന് വീഡിയോ ഗെയിം എന്നത് വിനോദവ്യവസായ കുത്തകളുടെ ഇഷ്ടമേഖലയാണ്. മൊബൈലാണ് കളിക്കാരുടെ പ്രിയ പ്ലാറ്റ്‌ഫോം. അതുകൊണ്ടുതന്നെ ഗെയിമുകള്‍ക്കുളള സ്‌പെഷ്യല്‍ ഫീച്ചറുകളോടെയാണ് പല മൊബൈല്‍ കമ്പനികളും തങ്ങളുടെ ഗാഡ്ജറ്റ്‌സ് ഇറക്കുന്നത്. ഇപ്പോള്‍ മൊത്തം വീഡിയോ ഗെയിം മാര്‍ക്കറ്റിന്റെ 42% മൊബൈല്‍ഗെയിമിംഗ് ആണ്. 2020 ആകുമ്പോഴേക്കും ആഗോളമാര്‍ക്കറ്റിന്റെ പകുതിയിലേറെ (51%) മൊബൈല്‍ ഗെയിമിംഗ് സ്വന്തമാക്കും എന്ന് പഠനങ്ങള്‍ പറയുന്നു. 

2018-ല്‍ വീഡിയോ ഗെയിം ഇന്‍ഡസ്ട്രി ആഗോളവിപണിയില്‍ വാരിക്കൂട്ടിയത് 131 ബില്യണ്‍ (13100 കോടി) ഡോളറാണ്, ഇത് 2025 ആകുമ്പോഴേക്കും 300 ബില്യണ്‍ (30000 കോടി) ഡോളറായി ഉയരുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആ കുതിപ്പിന് പ്രധാന കാരണം മൊബൈല്‍ ഗെയിമിങ്ങിലുണ്ടാകുന്ന കുതിച്ചുചാട്ടമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2017-ലെ കണക്കുകള്‍ പ്രകാരം ലോകത്തെമ്പാടുമായി 2.21 ബില്യണ്‍ (221 കോടി പേരാണ് വീഡിയോഗെയിം കളിക്കാരാണുളളത്. ഇത് 2021ആകുമ്പോഴേക്കും 2.73 ബില്യണ്‍ (273കോടി) ആയി ഉയരുമെന്നാണ് വിലയിരുത്തല്‍. 2017ലെ ഏറ്റവും വലിയ ഗെയിമിങ്ങ് മാര്‍ക്കറ്റ് ഏഷ്യാപസഫിക് ആയിരുന്നു. 51.2 ബില്യണ്‍ ഡോളറാണ് ഇവിടെ നിന്ന് ഗെയിം കമ്പനികള്‍ വാരിക്കൂട്ടിയത്. ക്ലൗഡ് ഗെയിമിംഗ് ഒരു ആഗോളപ്രതിഭാസമായി പരിണമിക്കുകയാണെന്നും ക്ലൗഡ്  സാങ്കേതികവിദ്യയിലുണ്ടാകുന്ന പുരോഗതിയും 5ജിയുടെ വികാസവും ലേറ്റസന്‍സി (കമ്പ്യൂട്ടറില്‍ അഥവാ മൊബൈലില്‍ ഒരു ഡാറ്റക്ക് വേണ്ടി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞാല്‍ അതു ലഭിക്കുന്നതുവരെയുള്ള സമയം) ബാന്‍ഡ്‌വിത്ത്, പരിമിതികള്‍ ഇല്ലാതാക്കുമെന്നും ഇത് കൂടുതല്‍ മാത്സര്യമുളള ഒരു വിപണി സൃഷ്ടിക്കുമെന്നും ഗ്ലോബല്‍ ഡേറ്റയുടെ ടെക്‌നോളജി തീമാറ്റിക് റിസര്‍ച്ച് പ്രിന്‍സിപ്പല്‍ അനലിസ്റ്റായ എഡ് തോമസ് പറയുന്നു. 

കളിക്കമ്പോളത്തിലെ താരങ്ങള്‍ 

ചൈനീസ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ ടെന്‍സെന്റാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന വീഡിയോ ഗെയിം പബ്ലിഷര്‍ കമ്പനി. ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം (2017) 18.1 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഈ രംഗത്തുനിന്നുളള വരുമാനം. രണ്ടാം സ്ഥാനത്ത് അമേരിക്ക ആസ്ഥാനമായുളള സോണി ഇന്ററാക്റ്റീവ് എന്റര്‍ടെയ്ന്‍മെന്റാണ്. 10.54 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വരുമാനം. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ യഥാക്രമം  യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ (8.3 ബില്യണ്‍ ഡോളര്‍) മൈക്രോസോഫ്റ്റ് സ്റ്റുഡിയോസ് (7.06 ബില്യണ്‍ ഡോളര്‍) ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് (6.5 ബില്യണ്‍ ഡോളര്‍) എന്നിവയാണുളളത്.ഗൂഗിളും (7) ജാപ്പനീസ് കമ്പനിയായ നിന്റെന്‍ഡോയും (9) ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. 

വീഡിയോ ഗെയിം നിര്‍മ്മാണരംഗത്ത് ചരിത്രനേട്ടവുമായി മലയാളി

വീഡിയോ ഗെയിം നിര്‍മ്മാണം മലയാളിക്കും അപ്രാപ്യമല്ലെന്ന് കാസര്‍കോഡു സ്വദേശിയായ സൈനുദ്ദീന്‍ ഫഹദ് തെളിയിച്ചു. 2017-ല്‍ ജപ്പാനില്‍ വെച്ച് നടന്ന അന്താരാഷ്ട്ര വീഡിയോ ഗെയിം ബിറ്റ് സമ്മിറ്റില്‍ 2017 ലെ മികച്ച വീഡിയോ ഗെയിമായി തിരഞ്ഞെടുക്കപ്പെട്ടത് സൈനുദ്ദീന്‍ ഫഹദിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അസുരയെന്ന ഗെയിമാണ്. ബിസിനസുകാരുടെ കുടുംബത്തില്‍ നിന്ന് വേറിട്ട വഴി തിരഞ്ഞെടുത്ത് വിജയം കൊയ്യുകയാണ് ഈ യുവാവ്.  

ബിസിനസുകാരനായ അബ്ദുള്‍ റഹ്മാന്‍ ഫിറോസിന്റെയും ഫൗസിയയുടെയും മകനായ സൈനുദ്ദീന്‍ ഫഹദ്  മുംബൈയിലാണ് പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍ പഠനശേഷം ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദത്തിന് ചേര്‍ന്നു. എന്നാല്‍ അധികം വൈകാതെ പഠനം ഉപേക്ഷിച്ചു. ഇതിനിടെ ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ കാലിന്റെ ലിഗെമന്റ് പൊട്ടി മൂന്നുമാസം വിശ്രമിക്കേണ്ടിവന്നു. ഇതായിരുന്നു ഫഹദിന്റെ ജീവിതം ഗെയിമിംഗ് ലോകത്തേക്ക് വഴിതിരിച്ചുവിട്ടത്. മുമ്പും കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുമായിരുന്നെങ്കിലും ഇതൊരു ലഹരിയായി മാറുന്നത് ഈ നിര്‍ബന്ധിതവിശ്രമകാലത്താണ്. തുടര്‍ന്ന് സ്വന്തമായി കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നിര്‍മിക്കണമെന്ന ആഗ്രഹം കലശലായി. വീട്ടുകാര്‍ ഫഹദിന്റെ ഇഷ്ടത്തിനൊപ്പം നിന്നു. മുംബൈയിലെ പ്രശസ്തമായ 'മായ അക്കാദമി ഓഫ് അഡ്വാന്‍സ്ഡ് സിനിമാറ്റിക്‌സ് (മാക്)' എന്ന സ്ഥാപനത്തില്‍ രണ്ടരവര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ കോഴ്‌സിന് ചേര്‍ന്നു. പഠനശേഷം 19 -ാം വയസില്‍ ഹൈദരാബാദില്‍ ഗെയിം ശാസ്ത്ര എന്ന കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. പിന്നീട് സിനിമാനിര്‍മാണ കമ്പനിയായ മൂവിംഗ് പിക്‌ചേഴ്‌സ് കമ്പനിയുടെ ബംഗളുരുവിലെ ഓഫീസില്‍ ആനിമേഷന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കവേ സൂപ്പര്‍മാന്‍ മാന്‍ ഓഫ് സ്റ്റീല്‍ എന്ന ഹോളിവുഡ് സിനിമയ്ക്കുവേണ്ടി ത്രീഡി ആനിമേഷന്‍ ജോലി ചെയ്തു. എന്നാല്‍ വൈകാതെ ആ ജോലിയും ഉപേക്ഷിച്ചു. സിനിമയല്ല, കമ്പ്യൂട്ടര്‍ ഗെയിം ആണ് തന്റെ മേഖലയെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. 

പിന്നീട് സുഹൃത്ത് ചെന്നൈ സ്വദേശി നീരജ് കുമാറിനൊപ്പം ഒരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മാണ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ നല്‍കിയ ആറുലക്ഷം രൂപ മൂലധനമാക്കി ഹൈദരാബാദ് ആസ്ഥാനമാക്കി ഓര്‍ഗി ഹെഡ് സ്റ്റുഡിയോ എന്ന കമ്പനി ആരംഭിച്ചു. ചെറിയ ഗ്രാഫിക്‌സ്, ത്രീഡി ജോലികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു തുടക്കം. ലോകവിപണി തന്നെ ലക്ഷ്യമിട്ട് ഒരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മിക്കാന്‍ ഇരുവരും തീരുമാനിച്ചു. ക്രിക്കറ്റും ബോളിവുഡുമാണ് പൊതുവേ ഇന്ത്യന്‍ ഗെയിമുകളുടെ വിഷയങ്ങള്‍. ഇത് രണ്ടിനോടും ഇവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. നൂറുശതമാനം ഒരു ഇന്ത്യന്‍ ഗെയിം. അതായിരുന്നു സ്വപ്നം. ഇന്ത്യന്‍ പുരാണങ്ങളും മിത്തുകളും വിഷയമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അസുര എന്ന ഗെയിം പിറവിയെടുക്കുന്നത്. 

മൂന്നുവര്‍ഷം കൊണ്ടു ചെയ്ത ഈ ഗെയിമിന്റെ നിര്‍മാണത്തിന് അരക്കോടിയോളം രൂപ ചെലവായെങ്കിലും കഠിനാധ്വാനം വെറുതെയായല്ല. ഗെയിം പെട്ടെന്ന് തന്നെ ഹിറ്റായി. മുടക്കുമുതല്‍ രണ്ടാഴ്ച കൊണ്ടുതന്നെ തിരിച്ചുപിടിച്ചു. ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന അഞ്ചാമത്തെ ബിറ്റ് സമ്മിറ്റില്‍ മികച്ച കമ്പ്യൂട്ടര്‍ ഗെയിം ആയി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ ഗെയിം ഓഫ് ദി ഇയര്‍ ആയും യുഎസ്, തായ്‌വാന്‍ എന്നിവിടങ്ങളില്‍ മികച്ച ഗെയിമിനായുള്ള മത്സരത്തില്‍ നോമിനേഷനും ലഭിച്ചു. 

ഇപ്പോള്‍ പുതിയ ഗെയിമിന്റെ പണിപ്പുരയിലാണ് സൈനുദ്ദീനും കൂട്ടരും. വിദേശമാര്‍ക്കറ്റ് ലക്ഷ്യമിട്ടാണ് ഗെയിമുകള്‍ നിര്‍മിക്കുന്നത്. ചൈനയും യുഎസും യൂറോപ്യന്‍ രാജ്യങ്ങളുമാണ് പ്രധാന മാര്‍ക്കറ്റ്. 

ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഗെയിം വിപണി വേണ്ടത്ര വികസിച്ചിട്ടില്ലെന്ന് സൈനുദ്ദീന്‍  ഫഹദ് പറയുന്നു. ഇന്ത്യയില്‍ 2017ല്‍ ആകെ ഒരുലക്ഷം പ്ലേ സ്റ്റേഷനുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത് ആകെ ജനസംഖ്യയുടെ 0.1 ശതമാനം പോലും വരുന്നില്ല. അടുത്തകാലത്തായി രാജ്യത്ത് വീഡിയോ ഗെയിമുകളോടുളള സമീപനത്തില്‍ മാറ്റം വന്നുതുടങ്ങിയതായും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഗെയിം വ്യവസായത്തിന്റെ ഭാവി ശോഭനമാണെന്നും സൈനുദ്ദീന്‍ ഫഹദ് പറയുന്നു. 

വീഡിയോ ഗെയിം ഗുണവും ദോഷവും

വീഡിയോ ഗെയിമുകളെ കുറിച്ച് അടുത്ത കാലത്തായി നല്ല വാര്‍ത്തകളേക്കാള്‍ മോശം വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോ ഗെയിമുകള്‍ക്ക് ഗുണങ്ങളേറെയാണ്, എന്നാല്‍ അധികമായാല്‍ അമൃതും വിഷമാണെന്ന ചൊല്ല് ഇവിടെയും പ്രസക്തമാണെന്ന് ഓര്‍ക്കണം. വീഡിയോ ഗെയിമുകളുടെ ഗുണദോഷങ്ങള്‍ ചുവടെ:

ബുദ്ധിവികസിപ്പിക്കും ഭാഷാപ്രാവീണ്യം വര്‍ദ്ധിപ്പിക്കും

ശരിയായ രീതിയിലാണെങ്കില്‍ വീഡിയോ ഗെയിം കുട്ടികള്‍ക്ക് പലതുകൊണ്ടും നല്ലതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.  കുട്ടികളുടെ സമ്മര്‍ദം ഇല്ലാതാക്കുന്നതിനും അവര്‍ക്ക് വിഷാദം പിടിപെടാതെ നോക്കുന്നതിനും ബുദ്ധി വികാസത്തിനും അത് സഹായകമാണ്. മാത്രമല്ല,  വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന മികച്ച വിദ്യാര്‍ത്ഥികളാക്കി മാറ്റാനും പുതിയ ഭാഷ പഠിക്കാനും വീഡിയോ ഗെയിമുകള്‍ സഹായിക്കുമെന്ന്  സ്പെയിനിലെ സെന്റ് ലൂയിസ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. പന്ത്രണ്ടാം വയസ്സുമുതല്‍ വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ തുടങ്ങിയ സിമിയോണ്‍ ബ്രെനിയാണ് ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ അദ്ദേഹം, തന്റെ ക്ലാസുകളില്‍ 1997 മുതല്‍ വീഡിയോ ഗെയിമുകളെയും ഉള്‍പ്പെടുത്തിവരുന്നു. ഭാഷ പഠിക്കുന്നതിനും കാര്യങ്ങള്‍ പെട്ടെന്ന് വിദ്യാര്‍ത്ഥിളിലേക്ക് എത്തിക്കുന്നതിനും ഗെയിമുകള്‍ സഹായിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ക്ലാസുകള്‍ ആസ്വാദ്യകരമാക്കാനും അവയ്ക്കാവും. ഫൈനല്‍ ഫാന്റസി, ട്രിവിയന്‍ പര്‍സ്യൂട്ട്. ഹു വാണ്ട്സ് ടു ബീ എ മില്ലണയര്‍, ഹെവി റെയ്ന്‍, റൈസ് ഓഫ് ടൂം റൈഡര്‍ തുടങ്ങിയ ഗെയിമുകളാണ് സിമിയോണ്‍ തന്റെ ക്ലാസ് മുറികളില്‍ ഉപയോഗിച്ചത്. ഗെയിമുകളുടെ പ്രയോഗസാധ്യത മനസ്സിലാക്കിയ അദ്ദേഹം ഇതില്‍ ഗവേഷണം നടത്തുകയായിരുന്നു. ഇന്റസീവ് ഇറ്റാലിയന്‍ ഫോര്‍ ഗെയിമേഴ്സ് എന്ന് പേരിട്ട ക്ലാസ്മുറികളിലൂടെ അദ്ദേഹം നടത്തിയ ഗവേഷണം വിജയകരമായി. ഗെയിം കളിക്കുന്ന  കുട്ടികള്‍ക്ക് കളിക്കാത്തവരേക്കാള്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാനാവുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി. 

വീഡിയോ ഗെയിം കളിച്ച് കോടീശ്വരനായ കൗമാരക്കാരന്‍

വിഡിയോ ഗെയിം കളിച്ചിരിക്കുന്ന കുട്ടികള്‍ രക്ഷിതാക്കളുടെ വഴക്കുകേള്‍ക്കാത്ത ദിനങ്ങള്‍ നമ്മുടെ നാട്ടില്‍ അപൂര്‍വ്വമാണ്. എന്നാല്‍,  വിഡിയോ ഗെയിം കളിച്ച് ഗ്രിഫിന്‍ എന്ന പതിനാലുകാരന്‍ നേടിയതു ഒരു കോടി മുപ്പത്തെട്ടു ലക്ഷം രൂപ. ഇപ്പോഴും ഗ്രിഫിന്റെ അക്കൗണ്ടിലേക്ക് പണം എത്തിക്കോണ്ടേയിരിക്കുന്നു. 2018 ജൂണ്‍ മുതലാണ് മുമ്പാണ് ന്യൂയോര്‍ക്ക് സ്വദേശിയായ ഗ്രിഫിന്‍ സ്പികോസ്‌കി  ഫോട്ട്നൈറ്റ് എന്ന ഗെയിം കളിച്ചു തുടങ്ങുന്നത്. ആ ഗെയിമില്‍ ജേതാവായി നിന്ന ഒരാളെ തോല്‍പ്പിിക്കുന്നതിന്റെ വീഡിയോ ഗ്രിഫിന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ കഥ മാറി. സബ്സ്‌ക്രൈബര്‍ ഡൊണേഷന്‍ വഴിയും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വഴിയും സ്പോണ്‍സര്‍ഷിപ്പ്  വഴിയും പണം ഒഴുകിയെത്തിത്തുടങ്ങി. ഗ്രിഫിന്റെ യുട്യൂബ് ചാനലിന് ഇപ്പോള്‍ പത്തു ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. ഗ്രിഫിന്‍ സ്‌കൂളിലെ ക്ലാസുകള്‍ക്കു ശേഷം ദിവസവും എട്ടു മണിക്കൂറോളമാണ് ഗെയിമിങ്ങിനായി ചെലവഴിക്കുന്നത്. അവധിദിവസങ്ങളില്‍ ഇതു പതിനെട്ടു മണിക്കൂര്‍ വരെ നീളും. ഇത്ര ചെറുപ്പത്തിലെ വളരെയധികം പണം വന്നു ചേര്‍ന്നതിനാല്‍ ഇപ്പോഴൊരു ഫിനാന്‍ഷ്യല്‍ അഡൈ്വസറേയും ഗ്രിഫിന്‍ നിയമിച്ചിട്ടുണ്ട്.

അഡിക്ഷന്‍ ആപത്ത്

എന്തിനോടും അമിതമായ ആസക്തി നല്ലതല്ല. ആ കരുതല്‍ വീഡിയോ ഗെയിം കളിക്കുന്നവര്‍ക്കും കളിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും  ഉണ്ടാവണം. അണുകുടുംബങ്ങളിലെ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സ്‌കൂള്‍ അവധി ദിനങ്ങള്‍ വല്യ തലവേദനയാണ്. അവര്‍ വീടിന് പുറത്തിറങ്ങി കളിച്ച് അപകടത്തില്‍ പെടുമോ? മോശം കൂട്ടുകെട്ടില്‍ പെടുമോ എന്നൊക്കെയുളള ചിന്തയാണ് അവരെ കുഴക്കുന്നത്. അതിനാല്‍ ഒരു സ്മാര്‍ട്ട് ഫോണോ, ടാബോ, കമ്പ്യൂട്ടറോ വാങ്ങിനല്‍കി വീഡിയോ ഗെയിമുകളുടെ ലോകത്ത് അവരെ വ്യാപൃതരാക്കി വീടടച്ചുപൂട്ടി ജോലിക്കുപോകുന്നു. കുട്ടികളാകട്ടെ പതിയെ പതിയെ ഭക്ഷണവും ദിനചര്യകളും പോലും ഉപേക്ഷിച്ച് ഗെയിമുകളുടെ ലോകത്ത് കുടുങ്ങുന്നു. ഒടുവില്‍ മറ്റൊന്നിലും താല്പര്യമില്ലാത്ത സഹജീവികളോട് കരുതലില്ലാത്ത സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട അപകടകരമായ അവസ്ഥയിലെത്തുമ്പോഴാണ് മാതാപിതാക്കള്‍ മക്കളെ ശ്രദ്ധിക്കുക.  ഉടന്‍ കുട്ടികളെയും കൊണ്ട് കൗണ്‍സലിംഗ് വിദഗ്ദ്ധരെയും സൈക്കാട്രസ്റ്റിനെയും മറ്റും കാണാനുളള നെട്ടോട്ടമായി. ലഭിക്കുന്ന ഉത്തരം ഒന്നാണ് കുട്ടി ഗെയിം അഡിക്ട് ആണ്. എന്താണ്  ഗെയിം അഡിക്ഷന്‍? കളിയോടുള്ള താത്പര്യം ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥയെയാണ് ഗെയിം അഡിക്ഷന്‍ എന്നു പറയുന്നത്. ഏത് സമര്‍ത്ഥനായ കുട്ടിയും ഗെയിം അഡിക്റ്റഡ് ആയേക്കാം. ഹൈപ്പര്‍ ആക്ടിവിറ്റി ഉള്ള കുട്ടികളില്‍ ഗെയിം അഡിക്ഷന് സാധ്യത കൂടുതലാണ്. 

ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കുന്ന ഗെയിമിനേക്കാള്‍ ഓണ്‍ലൈന്‍ കളികളാണ് കൂടുതല്‍ അപകടകാരികള്‍. ഇവ കളിച്ചിരുന്ന് മണിക്കൂറുകള്‍ കടന്നുപോകുന്നത് കുട്ടികളല്ല കളിക്കമ്പക്കാരായ മുതിര്‍ന്നവര്‍ പോലും അറിയില്ല. ഉറക്കക്കുറവ്, മൈഗ്രെയ്ന്‍, ക്ഷീണം, വിളര്‍ച്ച, പഠന വൈകല്യങ്ങള്‍, കൈകാലുകള്‍ക്കും നടുവിനും കഴുത്തിനും വേദന പോഷകക്കുറവ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ക്കൊപ്പം വിഷാദം, ദേഷ്യം, കരുണയില്ലായ്മ, വ്യക്തിശുചിത്വത്തില്‍ താത്പര്യക്കുറവ്, അനാവശ്യമായ അസ്വസ്ഥത, കള്ളം പറയുക, കൂട്ടുകാര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാന്‍ മടി. തുടങ്ങിയവ ഗെയിം അഡിക്ഷന്റെ ലക്ഷണങ്ങളാണ്. ഇത് അവഗണിച്ചാല്‍ കുട്ടികള്‍ കടുത്ത വിഷാദരോഗികളോ, ആക്രണോത്സുകരോ ആയി മാറിയേക്കാം. 

മരണക്കളി വേണ്ട

വിനോദത്തിനായി കണ്ടെത്തിയവ വിപത്തായി മാറുന്നതിന് മുമ്പും ലോകം സാക്ഷിയായിട്ടുണ്ട്. വീഡിയോ ഗെയിമുകളുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ലാഭക്കൊതി മൂത്തും മറ്റ് ലക്ഷ്യങ്ങളോടെയും ആളെക്കൊല്ലി ഗെയിമുകള്‍ കമ്പനികള്‍ ഇറക്കാന്‍ തുടങ്ങി. അത്തരത്തില്‍ അടുത്തകാലത്ത് വാര്‍ത്തയായ ഗെയിമുകളാണ് പോക്കെമോന്‍, ബ്ലൂവെയില്‍ തുടങ്ങിയവ. അത്യധികം അപകടകാരിയായ ഒരു വീഡിയോ ഗെയിം ആണ് പോക്കെമോന്‍. ലോകത്തെ ഏറ്റവും കൂടുതല്‍ വിജയിച്ച രണ്ടാമത്തെ വീഡിയോ ഗെയിമാണിത്. ഗൂഗിള്‍ മാപ്പ്് ആപ്ലിക്കേഷന്‍ വഴിയാണ് പോക്മോന്‍ ഗെയിം ലഭ്യമാവുക. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുസരിച്ച പോക്കെമോനായിരിക്കും ഗെയിമില്‍ പ്രത്യക്ഷപ്പെടുക.   നടന്നുകൊണ്ട് പോക്‌മോനെ തിരയുകയും, പോക്‌മോനെ കണ്ടെത്തി പിന്നീട് ഗെയിം  കളിക്കുകയുമാണ്. ഗൂഗിള്‍ മാപ്പും, ജി.പി.എസും ഉപയോഗിച്ച് നടക്കുന്ന ഒരു ഗെയിം എന്നതും പ്രത്യേകതയാണ്. നടുറോഡിലൂടെയും നാല്‍ കവലയിലൂടെയും, ട്രാഫിക്കിലൂടെയും, റോഡിലൂടെയും പോക്ക്‌മോനെ തിരഞ്ഞു പോകുന്നവര്‍ വാഹനമിടിച്ച് മരിക്കുകയാണ്. 2014ല്‍ റഷ്യയില്‍ ഉടലെടുത്ത ബ്ലൂവെയില്‍ ഗെയിമാകട്ടെ അമ്പതാം ദിവസം കളിക്കുന്നയാളുടെ ആത്മഹത്യയിലാണ് അവസാനിക്കുക. ഇത്തരം മരണക്കളികള്‍ നിരോധിക്കപ്പെടണം. കളി മാനസികോല്ലാസത്തിനുളളതാണ്......ആളെക്കൊല്ലാനുളളതല്ല. 

ഏറ്റവും വിലയേറിയ ഗെയിം

ലോകത്തിലെ ഏറ്റവും വിലയേറിയ ഗെയിമാണ് ഹാലോ ഇന്‍ഫിനിറ്റ്. 2018ല്‍ നടന്ന ഇലക്ട്രോണിക് എന്റര്‍ടൈന്‍മെന്റ് എക്സ്പോയില്‍ മൈക്രോസോഫ്റ്റിന്റെ ഗെയിം സ്റ്റുഡിയോ 343 ഇന്‍ഡസ്ട്രീസ് ഒരു പ്രധാന പ്രോജക്ട് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചിരുന്നു. ഹാലോ ഇന്‍ഫിനിറ്റ് എന്ന ലോകത്തിലെ ഏറ്റവും വിലയേറിയ ഗെയിം മൈക്രോസോഫ്റ്റ് സ്റ്റുഡിയോയുടെ ഭാഗമായി പുറത്തിറങ്ങുമെന്നാണ് അറിയിച്ചത്. വീഡിയോ ഗെയിം വിപണിയില്‍ത്തന്നെ ഏറ്റവും പണച്ചെലവുള്ള പ്രോജക്ടാണ് എക്സ്ബോക്സ് എക്സ്‌ക്ലൂസിവിലൂടെ പുറത്തിറങ്ങുന്ന ഹാലോ ഇന്‍ഫിനിറ്റ്. ഏകദേശം 500 മില്ല്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റും 343 ഇന്‍ഡസ്ട്രീസും ഗെയിമിന്റെ അണിയറപ്രവര്‍ത്തന ചെലവായി നിശ്ചയിച്ചിരിക്കുന്നത്. ജര്‍മന്‍ വെബ്സൈറ്റായ എക്സ് ബോക്സ് ഡൈനാസ്റ്റിയാണ് വിവരം പുറത്തുവിട്ടത്. ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ 5, റെഡ് ഡെഡ് റെഡംപ്ഷന്‍ 2 എന്നീ ഗെയിമുകളാണ് ചെലവില്‍ ഹാലോ ഇന്‍ഫിനിറ്റിനു തൊട്ടുപിന്നാലെയുള്ളവ.

ഉപയോക്താക്കള്‍ക്കും ഗെയിം വികസിപ്പിക്കാം

മൈക്രോസോഫ്റ്റ് പുതിയ ഗെയിമുകള്‍ നിര്‍മ്മിക്കാനും നിലവില്‍ ഉള്ളവ വിപുലമാക്കുന്നതിനും അതിന്റെ എക്‌സ് ബോക്‌സ് 360 ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. എക്‌സ് ബോക്‌സ് ലൈവ് സര്‍വീസിലൂടെ ഉപയോക്താക്കള്‍ നിര്‍മ്മിച്ച ഗെയിമുകള്‍ വില്പന നടത്തുന്ന സംവിധാനം ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ വെളിപ്പെടുത്തി. ഗെയിം വികസിപ്പിച്ചവരുമായി 70 ശതമാനം വരുമാനം പങ്ക് വയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. എക്‌സ് എന്‍ എ ക്രിയേറ്റേഴ്‌സ് ക്ലബില്‍ വര്‍ഷം 99 ഡോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പ് ഗെയിം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ എടുക്കേണ്ടതുണ്ട്. മൂന്ന് വ്യത്യസ്ത വിലകളില്‍ ഗെയിം എക്‌സ് ബോക്‌സ് ലൈവ് മാര്‍ക്കറ്റ് പ്ലേസില്‍ വില്പനയ്ക്ക് ലഭ്യമാക്കും പരസ്യങ്ങള്‍ കൊണ്ടുള്ള വരുമാനത്താല്‍ നിലനില്‍ക്കുന്ന പല വെബ്‌സൈറ്റുകളെയും താങ്ങിനിര്‍ത്തുന്നത് ഉപയോക്താക്കള്‍ നല്‍കുന്ന ഉള്ളടക്കങ്ങളാണ്. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവ വീഡിയോകളും സോഫ്റ്റ്‌വെയറുകളും സൗജന്യമായി നല്‍കുന്നുണ്ട്. എന്നാല്‍, ഇവര്‍ വരുമാനം ഉപയോക്താക്കളുമായി പങ്ക് വയ്ക്കുന്നില്ല.

 

Post your comments