Global block

bissplus@gmail.com

Global Menu

മികവിന്റെ മാതൃകയായി മോഡല്‍ ഫിനിഷിങ് സ്‌കൂള്‍

ഒരു മുന്‍നിര മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടക്കുന്നു. അക്കാദമിക തലത്തില്‍ മിടുക്കനായ ഒരു മലയാളി വിദ്യാര്‍ത്ഥിയുടെ ഊഴമെത്തി. അവന്‍ നെഞ്ചത്തടുക്കി പിടിച്ച ഒരു ഫയലും ചുമലില്‍ ഒരു ബാഗുമൊക്കെയായി അഭിമുഖം നടക്കുന്ന മുറിയിലേക്ക്.... അവിടെ വിശാലമായ ഇന്റര്‍വ്യൂ പാനലിനെ വിഷ് ചെയ്ത ശേഷം... ബാഗ് വയ്ക്കാനുളള സ്ഥലം തിരഞ്ഞു. പിന്നെ ആകെ ഒരു പരവേശം.... പാനല്‍ അംഗങ്ങളുടെ പുരികം ചുളിഞ്ഞു...... പിന്നീട് സംഭവിച്ച കാര്യം പറയാതിരിക്കുകയാണ് ഭേദം. സര്‍ട്ടിഫിക്കറ്റുകളില്‍ ഇവനെക്കാള്‍ സ്‌കോര്‍ ചെയ്ത മറ്റൊരു ഉദ്യോഗാര്‍ത്ഥിയുമില്ല.... പക്ഷേ ആപ്റ്റിറ്റിയൂഡില്‍ പരാജയപ്പെട്ടു. ഇതാണ് മിക്ക മലയാളി ഉദ്യോഗാര്‍ത്ഥികള്‍ക്കും സംഭവിക്കുന്നത്. എഴുത്തുപരീക്ഷയെന്ന കടമ്പ നിസ്സാരമായി കടക്കും. ഇന്റര്‍വ്യൂ എത്തുമ്പോള്‍ ദാ കിടക്കുന്നു. പിന്നെ കരച്ചിലും പിഴിച്ചിലും പാനലിനെ കുറ്റം പറയലും... മുട്ടുന്യായങ്ങള്‍ നിരത്തലും. ആരും തങ്ങളുടെ വീഴ്ചയെന്തെന്ന് പരിശോധിക്കാറില്ല. പ്രശ്‌നം ആപ്റ്റിറ്റിയൂഡിലും ആശയവിനിമയത്തിലുമാണ്. ഈ വക കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ വളരെ പിന്നിലാണ്. പുസ്തകത്തിലുളളത് പഠിക്കും. എന്നാല്‍ അത്യാവശ്യം വേണ്ട ചിലത് പഠിക്കുകയില്ല. ടെക്‌നോപാര്‍ക്ക് എന്ന ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് ആരംഭിക്കുകയും അവിടെ ജോലി നേടുന്നതില്‍ അഭ്യസ്തവിദ്യരായ മലയാളികള്‍ എന്തുകൊണ്ടു പിന്നോക്കം പോകുന്നു എന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് സര്‍ക്കാരിന് മനസ്‌സിലായത്. അങ്ങനെയാണ് ഐടി രംഗത്ത് ജോലി നേടാന്‍ മലയാളികളെ പ്രാപ്തരാക്കുന്നതിനായി ഒരു പരിശീലനപദ്ധതി എന്ന ആശയം ഉരുത്തിരിയുന്നത്. ആ ആശയത്തിന്റെ സഫലീകരണമാണ് തിരുവനന്തപുരം ശാസ്ത്രസാങ്കേതിക ക്യാമ്പസിനുളളിലെ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍. 

സാങ്കേതികമേഖലയില്‍ നവനവങ്ങളായ പല ആശയങ്ങള്‍ക്കും ഹരിശ്രീ കുറിച്ച സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത് കേരളത്തിലാണ്. സമ്പൂര്‍ണ്ണ സാക്ഷര സംസ്ഥാനമെന്ന ഖ്യാതി നിലനിര്‍ത്തുന്ന കേരളം ഉന്നത യോഗ്യതയുളള അഭ്യസ്തവിദ്യരുടെ കാര്യത്തിലും മുന്നിലാണ്. എന്നാല്‍, തങ്ങളുടെ യോഗ്യതക്കനുസൃതമായ ഉദ്യോഗങ്ങള്‍ നേടിയെടുക്കുന്നതില്‍ മലയാളികള്‍ എന്നും പിന്നിലാണ്. ഈ സാഹചര്യത്തില്‍ പുതിയ കാലഘട്ടത്തിലെ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ നേടിയെടുക്കുന്നതില്‍ മലയാളി ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി വികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ഐഎച്ച്ആര്‍ഡി) സംസ്ഥാന വിവരസാങ്കേതിക വകുപ്പിന്റെയും (ഐടി ഡിപ്പാര്‍ട്ടുമെന്റ്) കീഴില്‍ 2008-ലാണ് മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ (എംഎഫ്എസ്) സ്ഥാപിതമായത്. ഇന്‍ഫോസിസിന്റെ മൈസൂരിലുളള മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ സന്ദര്‍ശിച്ച് വിശദമായി പഠിച്ച ശേഷമാണ് എംഎഫ്എസ് ആരംഭിച്ചത്.  2008 ഫെബ്രുവരി 29ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. തൊഴില്‍ സാധ്യതാ വികസന പദ്ധതി (എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം)യാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളിന്റെ പ്രധാന ദൗത്യം. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഐടി വമ്പന്മാരുടെ പിന്തുണയോടെയാണ് തൊഴില്‍ സാധ്യതാ വികസന പദ്ധതിക്ക് രൂപം നല്‍കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന പരിചയക്കുറവുകള്‍ പരിഹരിക്കുന്നതിനും ഉദ്യോഗദാതാക്കള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ ഉദ്യോഗാര്‍ത്ഥികളെ പാകപ്പെടുത്തുന്നതിനുമാണ് തൊഴില്‍ സാധ്യതാ വികസന പദ്ധതി തയ്യാറാക്കിയത്.  2008 മെയ് മാസത്തില്‍ ആദ്യബാച്ചിന്റെ ക്ലാസ് ആരംഭിച്ചു. ആദ്യബാച്ചിലെ 70% പേരും ഇന്ത്യയിലെ വിവിധ ഐടി കമ്പനികളില്‍ ജോലി നേടുകയും ചെയ്തു. ഐടി രംഗത്ത് മലയാളികള്‍ക്ക് ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മോഡല്‍ ഫിനിഷിങ് സ്‌കൂളിന്റെ പ്രവര്‍ത്തനമണ്ഡലം ഇന്ന് വളരെ വിശാലമാണ്... റിസള്‍ട്ടാകട്ടെ അമ്പരിപ്പിക്കുന്നതും.

പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 80% പ്ലേസ്‌മെന്റ് ആണ് ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നേട്ടം. 2017ന് ശേഷം പുതിയകാലത്തിന് അനുയോജ്യമായ കോഴ്‌സുകളിലൂടെയും കാലോചിതമായ പ്രവര്‍ത്തനങ്ങളിലൂടെയും മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നേട്ടങ്ങളുടെ പുതുചക്രവാളങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു.  കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഭാഷാപ്രാവീണ്യം, സോഫ്റ്റ്‌വെയര്‍ രൂപീകരണം, ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ്, റോബോട്ടിക് ശാസ്ത്രം, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗാം തുടങ്ങി വിവിധങ്ങളായ നിരവധി കോഴ്‌സുകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുളളത്.  കേന്ദ്രസര്‍ക്കാരിന്റെ ദേശീയ നഗര ഉപജീവനപദ്ധതി (NULM) പ്രകാരം സൗജന്യ പരിശീലന കോഴ്‌സുകളും നടത്തിവരുന്നു. ഈ ഹ്രസ്വകാല പരിശീലനം യുവതീയുവാക്കളില്‍ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്നു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയിച്ചവര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഈ കോഴ്‌സുകള്‍ വളരെ പ്രയോജനപ്രദമാണ്. 60 മണിക്കൂര്‍ മുതല്‍ 1000 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുളള കോഴ്‌സുകളുണ്ട്. പഠനത്തില്‍ പിന്നോക്കം പോകുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുളള പ്രത്യേക പരിശീലനവും മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ലഭ്യമാണ്. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുളള പ്രഗത്ഭരായ അധ്യാപകരുടെ സേവനം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്.  

സി-ഡാകിന്റെ സഹകരണത്തോടെ നൂതന സാങ്കേതിക കോഴ്‌സുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുളള കോഴ്‌സുകളാണ് പ്രധാനമായും സി-ഡാകിന്റെ സഹകരണത്തോടെ നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാകും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യം കൂടുതലാണ്.  കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വ്യക്തിത്വവികസന ക്ലാസുകളും ഇവിടെ നടത്തിവരുന്നു. വിവിധ അഭിമുഖങ്ങള്‍ക്കായി കുട്ടികളെ സജ്ജരാക്കാന്‍ ഫിനിഷിങ് സ്‌കൂളിലെ ക്ലാസുകള്‍ വലിയ പങ്കുവഹിക്കുന്നു. ആശയവിനിമയ പരിശീലനത്തിലൂടെയും വ്യക്തിത്വവികസന ക്ലാസുകളിലൂടെയും മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ ഉദ്യോഗാര്‍ത്ഥികളിലും വിദ്യാര്‍ത്ഥികളിലും ആത്മവിശ്വാസം വളര്‍ത്തുകയും അവരെ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സജ്ജരാക്കുകയും ചെയ്യുന്നു. അന്തര്‍മുഖരായിരുന്ന തങ്ങള്‍ക്ക് മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ പ്രദാനം ചെയ്ത ആത്മവിശ്വാസം വളരെ  വലുതാണെന്ന് വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും മാത്രമല്ല, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ലഭിക്കാന്‍ സഹായകമായ കോഴ്‌സുകളും മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നടത്തി വരുന്നു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, മോട്ടോര്‍ വാഹനവകുപ്പ്, വനംവകുപ്പ് തുടങ്ങി നിരവധി വകുപ്പുകളിലെ ജീവനക്കാര്‍ക്കായുളള പരിശീലനപരിപാടികളും ഫിനിഷിങ് സ്‌കൂള്‍ ക്യാമ്പസില്‍ സംഘടിപ്പിക്കപ്പെടുന്നു. ലൈബ്രറി കൗണ്‍സിലിന്റെ നാലാമത്തെ ട്രെയിനിംഗ് പ്രോഗ്രാമിനാണ് ഇക്കഴിഞ്ഞ ജൂണ്‍ 25-ാം തീയതി മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ വേദിയായത്.  ഇവിടെ വച്ച് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തുമ്പോള്‍ തങ്ങള്‍ക്ക് അധികം സമ്മര്‍ദ്ദമില്ലെന്ന് ലൈബ്രറി കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോജോ.ടി.ജോണ്‍ പറയുന്നു. സമയക്രമം കൃത്യമായി പാലിക്കുന്നു എന്നു മാത്രമല്ല താമസം, ഭക്ഷണം തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഫിനിഷിങ് സ്‌കൂള്‍ അധികൃതര്‍ ചിട്ടയോടെ ചെയ്തു തരുന്നുണ്ടെന്നും മികച്ച രീതിയില്‍ സമയബന്ധിതമായി തങ്ങള്‍ക്ക് പരിശീലനപരിപാടി നടത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോഴ്‌സുകള്‍

1.എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം

2.കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം

3.പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

4.ബി.ടെക് പരാജയപ്പെട്ടവര്‍ക്ക് റെമഡിയല്‍ കോച്ചിംഗ് (പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പും പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികവര്‍ഗ്ഗ വികസനവകുപ്പും ഫണ്ട് അനുവദിച്ചിട്ടുണ്ട്.  56 പട്ടികജാതി വിദ്യാര്‍ത്ഥികളും 12 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുമാണ് നിലവില്‍ ഇത്തരത്തില്‍ പരിശീലനം നേടുന്നത്)

5.ദേശീയ പിന്നോക്കവിഭാഗ ധനകാര്യവികസന കോര്‍പറേഷന്റെ (NBCFDC) പദ്ധതി പ്രകാരമുളള തൊഴിലധിഷ്ഠിത പരിശീലനപരിപാടി.

6. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ നഗര ഉപജീവനപദ്ധതി (NULM) പ്രകാരമുളള നൈപുണ്യവികസനകോഴ്‌സുക. (ഈ പദ്ധതിപ്രകാരമുളള സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയര്‍, ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് കോഴ്‌സുകളുടെ 2019ലെ ക്‌ളാസുകള്‍ ഈ മാസം ആരംഭിക്കും)

7.വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായുളള പരിശീലനകോഴ്‌സുകള്‍. (മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ ഇ-ഗവേണന്‍സ് പരിശീലനം, കേരളസ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗ്, ജിഎസ്ടി വകുപ്പിന്റെ ഉബുണ്ടു ട്രെയിനിംഗ്, കൃഷി വകുപ്പിന്റെ പിഎഫ്എംഎസ് ട്രെയിനിംഗ് എന്നിങ്ങനെ)

8.ആര്‍ട്‌സ്&സയന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുളള സ്‌കോളര്‍ സപ്പോര്‍ട്ടിംഗ് പ്രോഗ്രാം

9. എഐസിടിഇ-എഫ്ഡിപി-സ്റ്റുഡന്റ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം
 
10.തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുളള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം. (21 ബാച്ച് പരിശീലനം  പൂര്‍ത്തിയാക്കി. 22-ാമത്തെ ബാച്ചിന്റെ പരിശീലനം നടക്കുന്നു)

11. അക്കാദമിക് പ്രോജക്ട്‌സും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും

12. വിദേശഭാഷാ പരിശീലനം

ഭാഷാ പ്രാവീണ്യം മുതല്‍ക്കൂട്ട്

വിവിധ ഭാഷാപ്രാവീണ്യം ഒരു ഉദ്യോഗാര്‍ത്ഥിയെ സംബന്ധിച്ച് മുതല്‍ക്കൂട്ടാണ്. ഇതിനായി ഭാഷാ പഠന കോഴ്‌സും മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ നടപ്പിലാക്കി വരുന്നു. അക്ഷരമാല മുതലുളള പാഠ്യപദ്ധതിയാണ് ഇവിടെ നടപ്പിലാക്കി വരുന്നത്. ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ചൈനീസ്, ജാപ്പനീസ് ഭാഷകളാണ് പഠിപ്പിക്കുന്നത്. തുടക്കക്കാര്‍ക്കായി 60 മണിക്കൂര്‍ ബേസിക് കോഴ്‌സുമുണ്ട്. 
 
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ആശയവിനിമയത്തില്‍ വീഴ്ച പറ്റുന്നുവെന്നത് വസ്തുതയാണ്. ഇത്തരക്കാര്‍ക്കായി മോഡല്‍ ഫിനിഷിങ്് സ്‌കൂള്‍ നടത്തിവരുന്ന കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം വന്‍ വിജയമാണ്. ചുരുങ്ങിയ ചെലവില്‍ കുറഞ്ഞ കാലയളവില്‍ മികച്ച തൊഴില്‍ പരിശീലനമാണ് ലക്ഷ്യമെങ്കില്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളിലേക്ക് വരാം. ഫിനിഷിങ് സ്‌കൂള്‍ എന്നു പറയുമ്പോള്‍ മലയാളിയെ സംബന്ധിച്ച് ഒരു ആശയക്കുഴപ്പമുണ്ട്. അത് അറിവില്ലായ്മ കൊണ്ടാണ്. 'ഫിനിഷിങ് സ്‌കൂള്‍' എന്നത് യുറോപ്യന്‍ കണ്‍സെപ്റ്റാണ്. ഔപചാരിക 

വിദ്യാഭ്യാസത്തിനു ശേഷം ജോലിക്ക് പ്രാപ്തരാക്കുന്ന പരിശീലനം നല്‍കുക എന്നതാണ് ഇതിന്റെ ആശയം. ഈ ആശയം സഫലമാക്കുന്ന കേരളസര്‍ക്കാര്‍ സ്ഥാപനമാണ് തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ്് സ്‌കൂള്‍. മികവിന്റെ മാതൃകയായി മോഡല്‍ ഫിനിഷിങ്് സ്‌കൂള്‍ ജൈത്രയാത്ര തുടരുകയാണ്....

ലാംഗ്വേജ് സ്‌കില്ലുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ ആക്‌സന്റ് അല്ല നമ്മുടെ കുട്ടികളുടെ യഥാര്‍ത്ഥ പ്രശ്‌നം. നാലുപേരുടെ മുന്നില്‍ സംസാരിക്കാനുളള ഭയമാണ്. ആത്മവിശ്വാസമില്ലാത്ത ഒരാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ ശരീരഭാഷ അത് വെളിവാക്കും. മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റിന് ചേരുന്ന കുട്ടികള്‍ക്ക് ലാംഗ്വേജ് ട്രെയിനിംഗിന് പുറമെ ആത്മവിശ്വാസവും വളര്‍ത്തുന്ന രീതിയിലാണ് കോഴ്‌സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൃത്യനിഷ്ഠ കര്‍ശനമാണ്. പല കുട്ടികളും തുടക്കത്തില്‍ ഒരു ലക്ഷ്യവുമില്ലാതെ, എന്‍ജിനീയറിംഗിനൊക്കെ നിരവധി സപ്ലിയുമായി വന്നവരാണ്. ജയിക്കാമെന്ന വിശ്വാസം പോലും പലര്‍ക്കുമില്ലായിരുന്നു. എന്നാല്‍, ഇന്ന് അവര്‍ പരാജയപ്പെട്ട വിഷയങ്ങളൊക്കെ എഴുതിയെടുത്ത് നാളെയെ കുറിച്ച് മികച്ച സ്വപ്നങ്ങള്‍ കാണുന്നു. അവര്‍ക്ക് ഇപ്പോള്‍ ഒരു സ്വപ്നമുണ്ട്. ഉദാഹരണമായി ഒരു കാര്യം പറയാം. ഇവിടെ കോഴ്‌സിന്റെ തുടക്കത്തില്‍ കുട്ടികളോട് പത്ത് ലക്ഷ്യങ്ങള്‍ എഴുതി നല്‍കാന്‍ പറയാറുണ്ട്.  ഫിനിഷിങ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങി ജോലി നേടിയ ശേഷം ഈയിടെ ഇവിടെ വന്ന ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞത് 'സാര്‍ ആ പത്ത് ലക്ഷ്യങ്ങളില്‍ ഒന്‍പതും ഞാന്‍ കൈപ്പിടിയിലൊതുക്കി ഇനി ഒരെണ്ണം മാത്രമാണുളളത്' എന്നാണ്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍ പ്രാപ്തരാക്കിയാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നിന്ന് പുറത്തുവിടുന്നത് - മനേക്ഷ്.പി.എസ്, ഓഫീസ് ഇന്‍ ചാര്‍ജ്ജ്, മോഡല്‍ ഫിനിഷിങ് സ്്കൂള്‍

മോഡല്‍ സ്‌കൂളിനെക്കുറിച്ച് വിദ്യാര്‍ഥികളുടെ വാക്കുകളിലൂടെ... 

"കോളജിലെ മിസ് പറഞ്ഞാണ് മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ സോഫ്റ്റ്‌സ്‌കില്‍ ഡെവലപ്‌മെന്റ്  കോഴ്‌സിനെ കുറിച്ച് അറിയുന്നതും ഇതില്‍ ചേരുന്നതും. ഇവിടെ വന്നപ്പോഴാണ് നമ്മെളന്തായിരുന്നു എന്ന് മനസ്‌സിലായത്. ഒരു സദസ്‌സിന് മുന്നില്‍ സംസാരിക്കുന്നതൊന്നും ആദ്യമൊന്നും എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. സിലബസ് കണ്‍ജസ്റ്റഡ് ആയതുകൊണ്ട് പാഠ്യവിഷയം മാത്രം പഠിച്ചു പോകുക എന്നതായിരുന്നു രീതി. ഇവിടെ വന്ന് ക്ലാസില്‍ പങ്കെടുത്തു കഴിഞ്ഞപ്പോള്‍ അന്തര്‍മുഖത്വം നീങ്ങി. ഇപ്പോള്‍ ഒരു സദസ്സിനെയൊക്കെ കൂളായി അഭിമുഖീകരിക്കാന്‍ കഴിയും. അക്കാദമിക തലത്തില്‍ ലഭിക്കുന്നത് അറിവ് മാത്രമാണ്. എന്നാല്‍, അറിവ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ...അത് നമുക്ക് ഗുണകരമായ രീതിയില്‍ അപ്ലൈ ചെയ്യാന്‍ കഴിയണം. അതിനുളള കഴിവ് ഫിനിഷിങ് സ്‌കൂളില്‍ നിന്ന് ലഭിച്ചു. എന്റെ ഉളളില്‍ ഒളിച്ചിരുന്ന എന്നെ കണ്ടെത്താന്‍ കഴിഞ്ഞു. ഇവിടെ മനേക്ഷ് സാറും അധ്യാപകരും ഒക്കെ വളരെയേറെ പിന്തുണ നല്‍കുന്നു. ക്ലാസുകളും മികച്ചു നില്‍ക്കുന്നു"- കൃഷ്‌ണേന്ദു, ബി.എ ഇംഗ്‌ളീഷ്, എന്‍എസ്എസ് കോളജ്, കരമന

"ഞാന്‍ ചെന്നൈയിലാണ് പ്ലസ്ടുവരെ പഠിച്ചത്. ഡിഗ്രിക്കാണ് കേരളത്തില്‍ വന്നത്. എനിക്ക് സ്‌റ്റേജ് ഫിയറൊക്കെ ഉണ്ടായിരുന്നു. മാത്രമല്ല പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഡിഗ്രി കഴിയണം പിന്നെ എന്തെങ്കിലും ജോലിക്കുളള പരീക്ഷയൊക്കെ എഴുതാം എന്നായിരുന്നു ചിന്ത. മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ ക്ലാസില്‍ പങ്കെടുത്തു കഴിഞ്ഞപ്പോള്‍ ഞാന്‍ പാടേ മാറി. ആദ്യമൊക്കെ ഞാന്‍ ഒരു കംഫര്‍ട്ട് സോണില്‍ നിന്നാണ് ചിന്തിച്ചിരുന്നത്. മനേക്ഷ് സര്‍ പറഞ്ഞത് നമ്മള്‍ എപ്പോഴും കംഫര്‍ട്ട് സോണ്‍ വിട്ട് പ്രവര്‍ത്തിക്കണമെന്നാണ്. ഞാന്‍ അങ്ങനെ ചെയ്തു. ഇപ്പോള്‍ എനിക്ക് ഒരു സ്വപ്നമുണ്ട്. ഇന്ത്യയിലെ മികച്ച ഐഐഎമ്മുകളിലൊന്നില്‍ എംബിഎ ചെയ്യണമെന്നാണ് ആഗ്രഹം. നേരത്തേ മലയാളം നന്നായി അറിയാത്തതിനാല്‍ ഞാന്‍ അധികം ആരോടും സംസാരിക്കാതെ മാറിനില്‍ക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. ഞാനത് കെയര്‍ ചെയ്യാറില്ല. അറിയാവുന്ന പോലെ പറയും. കോണ്‍ഫിഡന്‍സ് ലെവല്‍ വളരെ കൂടിയിട്ടുണ്ട്. അതിന് മോഡല്‍ ഫിനിംഷിങ്് സ്‌കൂളിനോടും ഇവിടത്തെ ട്രെയിനേഴ്‌സിനോടും വളരെ താങ്ക്ഫുള്‍ ആണ്" -സ്‌നേഹ, എന്‍എസ്എസ് കോളജ്, കരമന

"ഞാന്‍ കുസാറ്റിന്റെ എന്‍ജിനീയറിംഗ് ബിരുദമാണ് ചെയ്തത്. ആദ്യമൊന്നും എനിക്ക് സിലബസ് പിന്തുടരാന്‍ സാധിച്ചില്ല. അതുകാരണം പരീക്ഷകളില്‍ പരാജയപ്പെട്ടു. സപ്ലി വന്നു. നിരാശബാധിച്ച് ഉഴപ്പാന്‍ തുടങ്ങി. അവസാനവര്‍ഷ പരീക്ഷയും കഴിഞ്ഞതോടെ എനിക്ക് ഇരുപതോളം സപ്ലി ഉണ്ടായിരുന്നു. പത്രത്തില്‍ നിന്ന് മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ റെമഡിയല്‍ കോച്ചിംഗിനെ കുറിച്ചറിഞ്ഞ് ആ കോഴ്‌സിന് ചേര്‍ന്നു. ഇനി എനിക്ക് രണ്ട് പേപ്പര്‍ മാത്രമേ എഴുതിയെടുക്കാനുളളു. ഇപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ട്. ഫിനിഷിങ് സ്‌കൂളില്‍ വന്നതുകൊണ്ടാണ് ഇത് സാധ്യമായത്"- ആര്യ സുരേഷ്, തിരുവനന്തപുരം

"ഞാന്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുകയാണ്. അവിടെ നൈറ്റ് ഷിഫ്റ്റിലാണ് ജോലി. ഡേ ടൈമില്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ക്‌ളാസ് അറ്റന്‍ഡ് ചെയ്യുന്നു. എക്‌സാം അടുത്തു വരികയാണ്. വിജയിക്കാനാകുമെന്ന നല്ല ആത്മവിശ്വാസമുണ്ട്"- ദീപക് വര്‍ഗ്ഗീസ്, കോട്ടയം

 

''ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ ഒരു പദ്ധതിയാണ് മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ വഴി നടപ്പിലാക്കിവരുന്ന റെമഡിയല്‍ കോച്ചിംഗ്. എന്‍ജിനീയറിംഗ് കോഴ്‌സ് പരാജയപ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് തോറ്റ വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗ് നല്‍കി അവരെ കോഴ്‌സ് പാസാക്കി ജോലി നേടിക്കൊടുക്കുക എന്നതാണ് പദ്ധതി. ഈ പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുക, സര്‍ക്കാരുമായി ബന്ധപ്പെട്ട് ഭരണാനുമതി നോടിക്കൊടുക്കുക എന്നിവയാണ് പട്ടികജാതി വികസന വകുപ്പ്  ചെയ്യുന്നത്. നിലവില്‍ 56 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ കോച്ചിംഗിനായി ചേര്‍ന്നിട്ടുളളത്. ഇതില്‍ 10 പേര്‍ക്ക് പ്ലേസ്‌മെന്റ് നേടിക്കൊടുക്കാനായാല്‍ പോലും വലിയ കാര്യമാണ്. ഇതിന് സമാന്തരമായി കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് നിലവില്‍ ബിടെക് കോഴ്‌സ് ചെയ്യുന്ന ബാക്ക് പേപ്പേഴ്‌സ് ഉളള കുട്ടികള്‍ക്കും ഇത്തരത്തില്‍ റെമഡിയല്‍ കോച്ചിംഗ് നല്‍കിവരുന്നു. ഇത് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒന്‍പത് സര്‍ക്കാര്‍ കോളജുകളിലും മൂന്ന് എയിഡഡ് കോളജുകളിലും ഉള്‍പ്പെടെ 12 എന്‍ജിനീയറിംഗ് കോളജുകളിലായി ഏകദേശം 1600 കുട്ടികളെ പാസ്‌സാക്കാനുളള പദ്ധതി തയ്യാറായിട്ടുണ്ട്. പദ്ധതിക്ക് ഈ മാസം തുടക്കമാകും''-പി.എം.അലി അസ്ഗര്‍ പാഷ ഐ.എ.എസ്, ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് 

 

 

 

 

 

 

Post your comments