Global block

bissplus@gmail.com

Global Menu

113 വര്‍ഷത്തെ പാരമ്പര്യം എന്നെന്നും ജനപക്ഷത്ത് കാനറ ബാങ്ക്.....

തിളങ്ങുന്ന ഇന്ത്യയ്ക്ക് കൂട്ടായി കാനറബാങ്ക്

10,00,000 കോടി ബിസിനസുമായി കാനറാ ബാങ്ക്......

അമരത്ത് അസാമാന്യപാടവവുമായി ടി.എന്‍.മനോഹരന്‍

 

തയ്യാറാക്കിയത്: ജിജു ജോര്‍ജ് എബ്രഹാം,അശോക് കുമാര്‍.ആര്‍, ആഷിഖ്, ബി.ആര്‍.ശുഭലക്ഷ്മി

 

ജൂണ്‍ 26 ബുധനാഴ്ച, മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ചെന്നൈയില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച....പത്മശ്രീ ജേതാവും ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ജീനിയസ്‌സും കാനറാ ബാങ്ക് ചെയര്‍മാനുമായ ടി.എന്‍.മനോഹരന്‍ ചൗധരിയാണ് മുമ്പില്‍. ഊഷ്മളമായ സ്വീകരണം....കാഴ്ചയില്‍ മാത്രമല്ല വാക്കിലും ഓരോ ചലനങ്ങളിലും ലാളിത്യം.... അദ്ദേഹവുമായുളള ഒരു അഭിമുഖം എത്രയോ നാളായി ബിസിനസ് പ്ലസിന്റെ സ്വപ്നമാണ്....ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തോടെ ഹസ്തദാനം....ഇരിക്കാന്‍ പറഞ്ഞ് അദ്ദേഹം അഭിമുഖത്തിനായി തയ്യാറായി. തിരക്കിനിടയിലും കാനറാ ബാങ്കിന്റെ നാള്‍വഴികളെയും നേട്ടങ്ങളെയും കുറിച്ചും ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ കുറിച്ചും ഈ മേഖലയിലെ പുതുപ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.  

 

കൈവെച്ച മേഖലകളിലെല്ലാം സ്തുത്യര്‍ഹമായ വിജയം കൊയ്ത ഇന്ത്യയിലെ Top Succesful Persons -ല്‍ മുന്‍നിരയിലുളള ടി.എന്‍.മനോഹരന്‍ ചൗധരിയുമായി ബിസിനസ് പ്ലസ് അസോസിയേറ്റ് എഡിറ്റര്‍ ജിജു ജോര്‍ജ് എബ്രഹാം നടത്തിയ അഭിമുഖത്തില്‍ നിന്ന്......

 

2019 മേയില്‍ റിസര്‍വ്വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) കോര്‍പറേറ്റ് വായ്പകളുടെ സെക്കന്‍ഡറി മാര്‍ക്കറ്റിന്റെ സാധ്യതയെ കുറിച്ച് പഠിക്കുന്നതിനായി ഒരു ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിച്ചു. പ്രസ്തുത ആറംഗ ദൗത്യസംഘത്തിന്റെ തലവനെന്ന നിലയില്‍ കാര്യങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?

 

വാസ്തവത്തില്‍ ഇന്ത്യയില്‍ കോര്‍പറേറ്റ് ലോണുകളുടെ സെക്കന്‍ഡറി മാര്‍ക്കറ്റ് വളരെ പരിമിതമാണ്. അതെക്കുറിച്ച് പറയും മുമ്പ് എന്താണ് പ്രൈമറി മാര്‍ക്കറ്റ് എന്ന് ആദ്യം പറയാം. ബാങ്കുകള്‍ നേരിട്ട് വായ്പ നല്‍കുന്നതിനെയാണ് പ്രൈമറി മാര്‍ക്കറ്റ് എന്നു പറയുന്നത്. എന്‍ബിഎഫ്‌സി (NBFC) കളും മറ്റും ഇത്തരത്തില്‍ കസ്റ്റമര്‍ക്ക് നേരിട്ട് വായ്പ നല്‍കിവരുന്നു.  പ്രൈമറി മാര്‍ക്കറ്റില്‍ ചിലപ്പോഴൊക്കെ സിന്‍ഡിക്കേഷനും നടക്കുന്നു. ഉദാഹരണമായി സഹസ്രകോടികളുടെ വായ്പകളുടെ കാര്യം വരുമ്പോള്‍ ഒരു ബാങ്കിന് ഒറ്റയ്ക്ക് അതു നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ അഞ്ചോ ആറോ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പ നല്‍കുക. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ക്കൊക്കെ അത്തരത്തിലാണ് വായ്പ അനുവദിച്ചത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വായ്പകള്‍, ഊര്‍ജ്ജം, സ്റ്റീല്‍  തുടങ്ങിയ വന്‍കിട മേഖലകള്‍ എന്നിവയുടെ കാര്യത്തിലെല്ലാം അത്തരത്തിലാണ് കോര്‍പറേറ്റ് ലോണുകള്‍ അനുവദിക്കപ്പെടുന്നത്. വായ്പകളുടെ കാര്യത്തില്‍ പ്രൈമറി മാര്‍ക്കറ്റ് മാത്രമാണുളളത്. ബാങ്കില്‍ നിന്ന് നേരിട്ട് അപേക്ഷകനിലേക്ക്. സെക്കന്‍ഡറി മാര്‍ക്കറ്റ് ഇല്ല. വായ്പകള്‍ ഗ്രേഡ് ചെയ്യാനാവില്ല. അതായത് അവ വില്‍ക്കാന്‍ കഴിയില്ല. നിലവില്‍ വായ്പകള്‍ വില്‍ക്കപ്പെടുന്നത് കിട്ടാക്കടത്തിന്റെ (എന്‍പിഎ-നോണ്‍ പെര്‍ഫോമിംഗ് അസെറ്റ്‌സ്) കാര്യത്തില്‍ മാത്രമാണ്. എആര്‍സി (അസെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി)കള്‍ ഇത്തരം കിട്ടാക്കടങ്ങള്‍ വാങ്ങി പ്രശ്‌നം പരിഹരിക്കുന്നു.  ഓഹരികള്‍ക്കും (Share) ബോണ്ടുകള്‍ക്കും ഇന്ത്യയില്‍ സെക്കന്‍ഡറി മാര്‍ക്കറ്റ് ഉണ്ട്. ഉദാഹരണമായി ടാറ്റ, റിലയന്‍സ്, മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഇഷ്യൂവില്‍ ഒരാള്‍ വാങ്ങുന്നു....അയാള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നു...അയാള്‍ വേറൊരാള്‍ക്ക് വില്‍ക്കുന്നു അങ്ങനെ. അതായത് കമ്പനികളില്‍ നിന്ന് നേരിട്ടല്ലാതെയും ഓഹരികള്‍ വാങ്ങാം വില്‍ക്കാം. ഇതാണ് സെക്കന്‍ഡറി മാര്‍ക്കറ്റ്. വായ്പകള്‍ക്ക് ഇത്തരത്തില്‍ സെക്കന്‍ഡറി മാര്‍ക്കറ്റ് ഇല്ല. 

 

എന്നാല്‍ വികസിത രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും വായ്പകള്‍ക്ക് ഒരു സെക്കന്‍ഡറി മാര്‍ക്കറ്റ് ഉണ്ടാവണം എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യമിടുന്നത്. എങ്ങനെ ഇത്തരത്തില്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റ് വികസിപ്പിക്കാം എന്നതിനെ കുറിച്ച് പഠിക്കുവാനാണ് ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിരിക്കുന്നത്. മിച്ചം ഫണ്ടുകള്‍ (Surplus funds) ഉളള ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് കോര്‍പറേറ്റ് ലോണുകള്‍ വാങ്ങാം. ബോണ്ടുകളിലും ഓഹരികളിലും മാത്രം മുതല്‍ മുടക്കുന്നതിന് പകരം ഗുഡ് ലോണ്‍സ്  ഏറ്റെടുക്കാം. സ്വദേശികളും വിദേശികളുമായ നിക്ഷേപകര്‍ക്കും ഇത്തരത്തില്‍ ലോണുകള്‍ വാങ്ങാം. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ഇതിലേക്കെത്തുമ്പോള്‍ മാര്‍ക്കറ്റ് വിപുലമാകും. മാര്‍ക്കറ്റ് എത്രമാത്രം വിപുലമാകുന്നോ അത്രയും ഗുണം ചെയ്യും. അത്തരത്തില്‍ സെക്കന്‍ഡറി മാര്‍ക്കറ്റ് ഉണ്ടാവുമ്പോള്‍, ഇപ്പോള്‍ കാനറാ ബാങ്ക് ഒരു വായ്പ നല്‍കി. അത് ഒരു കാലഘട്ടം വരെ കൃത്യമായി തിരിച്ചടവുളള ഗുഡ് ലോണ്‍ ആയിരുന്നു. പിന്നീട് ചില പ്രശ്‌നങ്ങള്‍ വന്നുപെട്ടു എന്നിരിക്കട്ടെ ബാങ്കിന് ആ വായ്പ വില്‍പനയ്ക്ക് വയ്ക്കാം. ഡിസ്‌കൗണ്ടുകളോടു കൂടിയോ മൂല്യത്തിന്റെ അടിസ്ഥാനത്തിലോ കഴിവുളള ബാങ്കുകള്‍ക്കോ, ഫണ്ടുകള്‍ക്കോ, നിക്ഷേപകര്‍ക്കോ അത് വാങ്ങാം. വായ്പയെടുത്തയാള്‍ തിരിച്ചടയ്ക്കുന്നതിന് വേണ്ടി നീണ്ട കാത്തിരിപ്പ് വേണ്ടി വരുന്നില്ല. ഇത്തരത്തില്‍ തങ്ങളുടെ പ്രൈമറി ലോണുകള്‍ വിറ്റഴിച്ച് കിട്ടുന്ന തുക ഉപയോഗിച്ച് കൂടുതല്‍ സ്റ്റാര്‍ട്ട്അപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (SMEs ) എന്നിവയ്ക്ക് ഫണ്ട് ചെയ്യാം. തത്ഫലമായി മാര്‍ക്കറ്റില്‍ സര്‍ക്കുലേഷനും ലിക്വിഡിറ്റിയും ഉണ്ടാവുന്നു. ലോണ്‍സ് ഫ്ളോട്ടിംഗ് ആയി മാറുന്നു. ഇത് സാമ്പദ്‌വ്യവസ്ഥയ്ക്ക് വളരെ ഗുണം ചെയ്യും. ഇതു തന്നെയാണ് ആര്‍ബിഐ ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യവും.

 

കൃത്യമായ തിരിച്ചടവുളള വായ്പക(ഗുഡ് ലോണ്‍സ്)ള്‍ വാങ്ങാന്‍ ആളുണ്ടാവും...എന്നാല്‍ കിട്ടാക്കടങ്ങള്‍ വാങ്ങുന്നതുകൊണ്ട് എന്താണ് നേട്ടം? അത് റിസ്‌കല്ലേ?

 

നിലവില്‍ എആര്‍സികള്‍ (Asset Reconstructon Companies) മാത്രമാണ് കിട്ടാക്കടം (NPA/Sick Loans) വാങ്ങുന്നത്. അതുകൊണ്ടുതന്നെ അവര്‍ ചില ഉപാധികളും മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ സെക്കന്‍ഡറി മാര്‍ക്കറ്റ് സാധ്യമായാല്‍ എല്‍ഐസി, പെന്‍ഷന്‍ ഫണ്ട്, വന്‍കിട നിക്ഷേപകര്‍, വിദേശബാങ്കുകളുടെ ഇന്ത്യന്‍ ശാഖകള്‍ തുടങ്ങിവയവര്‍ക്ക് കിട്ടാക്കടങ്ങള്‍ വാങ്ങാം. റിസ്‌ക് പരിശോധിച്ച് എത്ര ഡിസ്‌കൗണ്ട് ചോദിക്കണം എന്നും  മറ്റും കണക്കുകൂട്ടിയ ശേഷമാണ് അവര്‍ വായ്പകള്‍ വാങ്ങുക. ഉദാഹരണത്തിന് 10000 കോടി രൂപയുടെ ഒരു വായ്പ വില്‍പനയ്ക്ക് വയ്ക്കുന്നുവെന്നിരിക്കട്ടെ. ചിലര്‍ 60% വില പറയും, ചിലര്‍ 65% പറയും. ഇനിയൊരാള്‍ 85% വില പറയുന്നുവെന്നിരിക്കട്ടെ. ബാങ്ക് അയാള്‍ക്ക് ഈ വായ്പ വില്‍ക്കുന്നു. അതായത് 10,000 കോടിയുടെ വായ്പ 8500 കോടി രൂപയ്ക്ക്  വില്‍ക്കുന്നു. വില്‍ക്കുന്ന ബാങ്കിന് 85% മാത്രമാണ് ലഭിക്കുന്നത്. 15% നഷ്ടം വരുന്നു. എന്നിരുന്നാലും സാധാരണഗതിയില്‍ കിട്ടാക്കടം തിരിച്ചുപിടിക്കുമ്പോഴുളള റിസ്‌കും സമയനഷ്ടവും ഒഴിവാകുന്നു. ഇനി വാങ്ങിയ കമ്പനിയുടെ അഥവാ നിക്ഷേപകന്റെ കാര്യമെടുക്കാം. 15% ഡിസ്‌കൗണ്ടിനാണ് വാങ്ങിയത്.  ഇതേ വായ്പ 90%ത്തിന് അതായത് 9000 കോടി രൂപയ്ക്ക് മറിച്ചുവില്‍ക്കാന്‍ കഴിഞ്ഞാല്‍ ഹ്രസ്വകാലത്തിനുളളില്‍ 5% (500 കോടി) ആണ് നേട്ടം. 

 

ടാസ്‌ക് ഫോഴ്‌സിനെ കുറിച്ച് വിശദീകരിക്കാക്കാമോ?

 

മേയ് 29നാണ് ആറംഗ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ട് ആര്‍ബിഐ വിജ്ഞാപനം ഇറക്കിയത്. മൂന്നുമാസമാണ് കാലാവധി. ഓഹരികള്‍ , ബോണ്ടുകള്‍ എന്നിവയ്‌ക്കെന്ന പോലെ കോര്‍പറേറ്റ് വായ്പകള്‍ക്കും ഒരു മാര്‍ക്കറ്റ് ഉണ്ടാക്കുകയാണ് പ്രധാനലക്ഷ്യം. അത്തരമൊരു മാര്‍ക്കറ്റ് എങ്ങനെ സാധ്യമാക്കാം, പ്രവര്‍ത്തനഘടന എങ്ങനെ എന്നിവയെ കുറിച്ചൊക്കെ വ്യക്തമായ ചിത്രം തയ്യാറാക്കേണ്ടതുണ്ട്.  ജൂണ്‍ 3-ന് ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം ചേര്‍ന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ യോഗം ചേരുന്നുണ്ട്. ജൂണ്‍ 25നും ജൂലായ് രണ്ടിനും ഇത്തരത്തില്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വിദേശ-സ്വദേശ നിക്ഷേപകര്‍, എആര്‍സികള്‍, SEBI, IRDA തുടങ്ങിയ റെഗുലേറ്റര്‍മാര്‍ എന്നിവരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് അവരുടെ അഭിപ്രായങ്ങള്‍ ആരായുന്നു. അതോടൊപ്പം തന്നെ രാജ്യാന്തരതലത്തിലുളള മികച്ച മാതൃകകളും പഠനവിധേയമാക്കുന്നു. ഉദാഹരണമായി അമേരിക്കയില്‍ ഇതെങ്ങനെ നടക്കുന്നു, യൂറോപ്പില്‍ പ്രത്യേകിച്ചും ലണ്ടന്‍ മാര്‍ക്കറ്റില്‍ ഇത് എങ്ങനെ സുഗമമായി മുന്നോട്ടുപോകുന്നു തുടങ്ങി എല്ലാം വിശദമായി പഠിക്കുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനഘടനയെ കുറിച്ചും പ്‌ളാറ്റ്‌ഫോമിനെ കുറിച്ചും രൂപരേഖ തയ്യാറാക്കുക. ആഗസ്റ്റ് അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. 

 

ആര്‍ബിഐ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ 

 

1. Shri T.N. Manoharan, Chairman, Canara Bank                                            -Chairperson 

2. Shri. V.G. Kannan, Chief Executive, Indian Bank's Association                   -Member

3. Shri Bahram Vakil, Founding Partner, AZB and Partners                             -Member

4. Dr. Anand Srinivasan, Additional Director (Research) CAFRAL                   -Member

5. Dr. Sajjid Z. Chinoy, Chief India Economist, J P Morgan                               -Member

6. shri Abizer Diwanji, Head - Restructuring & Turnaround Services, Ey India  -Member

 

സമീപകാലത്തുതന്നെ ലോണ്‍ മാര്‍ക്കറ്റ് എന്നത് യാഥാര്‍ത്ഥ്യമാകുമോ?

 

നോക്കൂ, ഒരു ടാസ്‌ക് ഫോഴ്‌സിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുക, മികച്ച മാതൃകകള്‍ പഠനവിധേയമാക്കുക, അതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക എന്നത് എളുപ്പമാണ്. എന്നാല്‍, ഞങ്ങള്‍ ഈ നിയോഗത്തെ അത്ര ലളിതമായിട്ടല്ല കാണുന്നത്. അതായത് ലണ്ടന്‍ അതല്ലെങ്കില്‍ അമേരിക്കന്‍ സാഹചര്യങ്ങളില്‍ അനുയോജ്യമായത് ഇന്ത്യയ്ക്ക് യോജ്യമാകണമെന്നില്ല. ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്‍.അംബേദ്കര്‍ ചെയ്തതുപോലെ മറ്റുളള രാജ്യങ്ങളില്‍ നിന്ന് ആശയങ്ങള്‍ കടമെടുത്ത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാക്കി മാറ്റേണ്ടതുണ്ട്. ആര്‍ബിഐ ടാസ്‌ക് ഫോഴ്‌സിന് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുളളത്. 

 

1) ഉദ്ദിഷ്ടകാര്യം സാധിക്കുക...അതായത് കോര്‍പറേറ്റ് വായ്പകള്‍ക്ക് സെക്കന്‍ഡറി മാര്‍ക്കറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കുക.

 

2. ഈ പ്രക്രിയയും ഇതിനുവേണ്ട നടപടിക്രമങ്ങളും ലളിതമായിരിക്കണം. അതായത് ഉപയോക്തൃസൗഹൃദപരമായിരിക്കണം (Userfriendly). 

 

3. പ്രായോഗികമായിരിക്കണം. അതായത് ചില നടപടിക്രമങ്ങള്‍ എത്ര ലഘുവാണെങ്കിലും ചില കുരുക്കുകള്‍ ഉണ്ടാകും. ഉദാഹരണമായി ബാങ്കിന് ഒരു ലോണ്‍ വില്പനയ്ക്ക് വയ്ക്കണമെങ്കില്‍ വായ്പയെടുത്തയാളുടെ സമ്മതം തേടണം എന്നുണ്ടെന്നിരിക്കട്ടെ. അയാള്‍ ആ ചട്ടം മുതലാക്കി സമ്മതം നല്‍കുന്നത് നീട്ടിക്കൊണ്ടുപോയാല്‍.....ബാങ്കിന്റെ വില്പനാനീക്കം വിജയിക്കില്ല. അതുകൊണ്ടുതന്നെ പദ്ധതി പ്രായോഗികമാകണമെങ്കില്‍ ബാങ്കുകള്‍ ഒരു നിശ്ചിത കരാര്‍ (standardised agreement) പാലിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ടാസ്‌ക് ഫോഴ്‌സിനും ചില പ്രത്യേക ഉപാധികള്‍ (spicified clauses) മുന്നോട്ടു വയ്‌ക്കേണ്ടതുണ്ട്. അതായത് ഏതെങ്കിലും ഒരു ബാങ്ക് തങ്ങള്‍ അനുവദിച്ച ഒരു വായ്പ ഒരു വര്‍ഷത്തിനു ശേഷം വില്പനയ്ക്ക് വയ്ക്കുകയാണെങ്കില്‍ കടക്കാരന്റെ അഥവാ വായ്പയെടുത്ത ആളിന്റെ സമ്മതം deemed consent മാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍ വായ്പയെടുത്ത ആള്‍ക്ക് വില്പന തടയാന്‍ കഴിയില്ല. വന്‍കിട വായ്പകളുടെ കാര്യത്തില്‍ വായ്പയെടുത്ത ആളിന്റെ സമ്മതം ആവശ്യമാണെങ്കിലും അയാള്‍ക്ക് അത് 30 ദിവസത്തില്‍ കൂടുതല്‍ വൈകിപ്പിക്കാന്‍ സാധ്യമല്ല. സെക്കന്‍ഡറി മാര്‍ക്കറ്റ് എന്നത് യാഥാര്‍ത്ഥ്യമായി കഴിഞ്ഞാല്‍ പത്തെണ്ണത്തില്‍ ഒരെണ്ണം പരാജയപ്പെട്ടേക്കാം. എന്നാല്‍ ബാക്കി ഒന്‍പതും വിജയമാണ്. അതാണ് നാം കണക്കിലെടുക്കേണ്ടത്. 

 

സമീപകാലത്തായി കിട്ടാക്കടം പെരുകുകയാണ്. സര്‍ക്കാരും ബാങ്കുകളും ബിസിനസുകാരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലേ? 

കിട്ടാക്കട (NPA)ത്തെ കുറിച്ചുളള പൊതുവായ ധാരണ മനപൂര്‍വ്വം വായ്പ തിരിച്ചടയ്ക്കാത്തതാണ് എന്ന രീതിയിലാണ്. എന്നാല്‍ അത് ശരിയല്ല. കിട്ടാക്കടത്തില്‍ 30-40 ശതമാനം  മാത്രമാണ് മനപൂര്‍വ്വം വീഴ്ചവരുത്തുന്നത്. എന്നാല്‍ 70-60 ശതമാനം കിട്ടാക്കടവും ബിസിനസ് തകര്‍ച്ച, സാമ്പത്തികമാന്ദ്യം തുടങ്ങി ന്യായമായ കാരണങ്ങള്‍ മൂലമുണ്ടായവയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നോട്ടുനിരോധനവും ജിഎസ്ടിയുമൊക്കെ ഇതിന് കാരണമായിട്ടുണ്ടാകാം. പക്ഷേ അവയെല്ലാം വളരെ ചുരുങ്ങിയ കാലം മാത്രം രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ സ്വാധീനിച്ച പരിഷ്‌കാരങ്ങളാണ്. ഇന്ന് അതൊക്കെ നാം മറികടന്നുകഴിഞ്ഞു. എന്നാല്‍ ഇന്ത്യ മാത്രമല്ല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിക്കവാറും എല്ലാ സമ്പദ്‌വ്യവസ്ഥകളും മാന്ദ്യത്തിലാണ്്. ആഗോളതലത്തില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴോട്ടുപോയി. ഈ മാന്ദ്യം വായ്പാ തിരിച്ചടവിനെ ബാധിക്കുന്നത് സാധാരണമാണ്. 

ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കിട്ടാക്കടം ഇപ്പോള്‍ ഒരു തരം ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. നേരത്തേ വന്‍ തുക വായ്പയെടുത്തവരാണ് വീഴ്ച വരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത് മല്യയ്ക്ക് ആകാമെങ്കില്‍ തങ്ങള്‍ക്കെന്താ എന്ന രീതിയിലാണ്. വായ്പയെടുത്തവരുടെ  മനോഭാവത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള വായ്പാ ഇളവുകളും എഴുതിത്തളളലുമാണ്. ഈ അടുത്തകാലത്ത് പൂനെയിലെ ഒരു കര്‍ഷകന്‍  വായ്പ തിരിച്ചടയ്ക്കുന്നതിനായി 14 ലക്ഷത്തിന്റെ ചെക്ക് ബ്രാഞ്ച് മാനേജര്‍ക്ക് കൈമാറി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കക്ഷി മടങ്ങിയെത്തി ആ ചെക്ക് തിരികെ ചോദിച്ചു. കാരണം ചോദിച്ചപ്പോള്‍ അടുത്തദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ വായ്പ എഴുതിത്തളളുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കുന്നുണ്ട്. അതു കഴിഞ്ഞ് വായ്പ അടയ്ക്കാം എന്നായിരുന്നു മറുപടി. പറഞ്ഞുവന്നത് ആ രീതിയില്‍ ആളുകളുടെ മനോഭാവം മാറിയിരിക്കുന്നു എന്നാണ്. കേരളത്തില്‍ തന്നെ വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം കഴിഞ്ഞ് ജോലിയിലൊക്കെ പ്രവേശിച്ച ശേഷവും വായ്പ തിരിച്ചടവ് മുടക്കുന്നവരുണ്ട്. കാരണം ചോദിക്കുമ്പോള്‍ തങ്ങളുടെ അസോസിയേഷന്‍ ഉടനെ അടയ്‌ക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മറുപടി. വായ്പ അടയ്ക്കാത്തവര്‍ക്കും അസോസിയേഷന്‍ എന്നതാണ് സ്ഥിതി. 

കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് എന്തുപറയുന്നു? കാനറാ ബാങ്ക് കിട്ടാക്കടവുമായി ബന്ധപ്പെട്ട് എന്തൊക്കെ മുന്‍കരുതലുകളാണ് എടുത്തിട്ടുളളത്?

കിട്ടാക്കടം (NPA) കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ആര്‍ബിഐയും ബാങ്കുകള്‍ സ്വന്തം നിലയിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കാനറാ ബാങ്കിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എല്ലാ ബോര്‍ഡ് യോഗങ്ങളിലും റിസ്‌ക് മാനേജ്‌മെന്റ് കമ്മറ്റി യോഗങ്ങളിലും ഞങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ മോണിട്ടര്‍ ചെയ്യുന്നുണ്ട്. ഏത് സെക്ടറാണ് നന്നായി പോകുന്നത്, ഏത് സെക്ടറാണ് റിസ്‌കിന്റെ ലക്ഷണങ്ങള്‍ കാട്ടുന്നത് അഥവാ വീഴ്ച വരുത്തുന്നത്,  ഏതൊക്കെ സെക്ടറില്‍ കൂടുതല്‍ വായ്പ നല്‍കാം ഏത് സെക്ടറിലാണ് വായ്പ അനുവദിക്കല്‍ കുറയ്‌ക്കേണ്ടത് എന്നിങ്ങനെ കാര്യങ്ങള്‍ വിലയിരുത്തുന്നു. ഏതെങ്കിലും ഒരു പ്രത്യേക സെക്ടറില്‍ ഒരു പരിധിയില്‍ കൂടുതല്‍ വായ്പ അനുവദിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. വായ്പാ ചട്ടക്കൂട് സെക്ടര്‍ തലത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ക്കുളളിലാണ്.  ഒരു ഉദാഹരണം പറയാം...കാനറാ  ബാങ്ക് ആസ്ഥാനം ബംഗളുരുവിലാണ്. കിംഗ്ഫിഷറിന്റെ ആസ്ഥാനവുമതേ. എന്നാല്‍ ഞങ്ങള്‍ കിംഗ്ഫിഷറിന് വായ്പ നല്‍കിയിട്ടില്ല. ഇത് ബാങ്ക് സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമാണ്. ഇതുപോലെ എല്ലാ ബാങ്കുകളും തനതായ ഒരു പ്രവര്‍ത്തനഘടന കൊണ്ടുവരേണ്ടതുണ്ട്. റെഗുലേറ്ററി നിയന്ത്രണങ്ങളും കനറാ ബാങ്ക് കൃത്യമായി പാലിച്ചുപോരുന്നുണ്ട്. ഞങ്ങളുടെ 21 സര്‍ക്കിളുകളിലും വച്ച്  കിട്ടാക്കടം ഏറ്റവും കുറവ് രാജസ്ഥാനിലാണ്. അവര്‍ വായ്പ തിരിച്ചടവില്‍ കഴിയുന്നതും വീഴ്ച വരുത്താതെ ശ്രദ്ധിക്കുന്നു. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാകാം. കാനറാ ബാങ്കിന് സ്വന്തമായി ഒരു ഇന്റേണല്‍ ഇവാല്വേഷന്‍ മെക്കാനിസമുണ്ട്....ഞങ്ങള്‍ കമ്പനിതലത്തിലും സെക്ടര്‍തലത്തിലും ഇത്തരത്തില്‍ നിരന്തരമായി വിലയിരുത്തുന്നു. 

നിലവില്‍ കിട്ടാക്കടവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടോ?

തീര്‍ച്ചയായും 2018-ല്‍ ഈ വിഷയത്തില്‍ ഒരു ശുചീകരണം തന്നെ നടന്നു. 2018-19 ആയപ്പോഴേക്കും ബാങ്കുകള്‍ അസെറ്റ് ക്വാളിറ്റിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങി. മാത്രമല്ല വണ്‍ ടൈം സെറ്റില്‍മെന്റിലും മറ്റും കൂടുതല്‍ വിശാലമായ സമീപനം കാട്ടിത്തുടങ്ങി. മാത്രമല്ല, 2016-ല്‍ ഐബിസി (Isolvency and Bankruptucy Code) നിലവില്‍ വന്നു. ആര്‍ബിഐയുടെ നിര്‍ദ്ദേശമെന്തെന്നാല്‍ ആരെങ്കിലും തുടര്‍ച്ചയായി വായ്പ തിരിച്ചടവില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്ന് കണ്ടാല്‍ ഐബിസി പ്രയോഗിക്കാമെന്നാണ്. അതായത് വന്‍തുക ബിസിനസ് വായ്പയെടുത്ത ശേഷം തിരിച്ചടവില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് കമ്പനിയുടെ നിലവിലെ മാനേജ്‌മെന്‍ിനെ മാറ്റാന്‍ അധികാരമുണ്ട്. പിന്നീട് ആ ലോണ്‍ ലേലത്തിന് വയ്ക്കും. താല്പര്യമുളളവര്‍ ആ ലോണ്‍ ഏറ്റെടുക്കും എന്നിട്ട് അവര്‍ ആ ബിസിനസ് മുന്നോട്ടുകൊണ്ടുപോകും. അതായത് വായ്പ എടുത്ത് മുടക്കിയ ആള്‍ക്ക് ബിസിനസ് നഷ്ടമാകും. നേരത്തേ വായ്പ എടുത്തയാള്‍ക്ക് നടപടികള്‍ വൈകിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമല്ല. 180-270 ദിവസത്തിനുളളില്‍ നടപടി പൂര്‍ത്തിയാക്കിയിരിക്കണം. ഐബിസി നിലവില്‍  വന്നതോടെ വായ്പയെടുത്ത് മുങ്ങിയാല്‍ ബിസിനസ് തന്നെ നഷ്ടമാകുമെന്ന് അറിയാവുന്നതിനാല്‍ വായ്പ സ്വീകര്‍ത്താക്കള്‍ മാറി ചിന്തിച്ചുതുടങ്ങി. ഇത് ഒരു നല്ല നീക്കമാണ്. 

ഇന്ത്യയിലിപ്പോള്‍ ബാങ്ക് ലയനത്തിന്റെ കാലമാണല്ലോ? ഇത് ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ മാറ്റിമറിക്കുമോ?

വളരെ പ്രസക്തിയുളള ഒരു ചോദ്യമാണിത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ചോദ്യങ്ങളാണുയരുന്നത്. ബാങ്കുകളുടെ ലയനം ആവശ്യമാണോ എന്നതാണ് ആദ്യത്തെ ചോദ്യം.  അതെ, എന്നാണ് എന്റെ ഉത്തരം. കാരണം ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിര സാമ്പത്തികശക്തിയായി മാറുകയാണ്. പക്ഷേ, മറ്റ് രാജ്യങ്ങളിലെ ബാങ്കുകളുമായി തട്ടിച്ചുനോക്കിയാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ വളരെ ചെറുതാണ്. എസ്ബിഐയും കാനറാ ബാങ്കുമൊക്കെ വലിയ ബാങ്കുകളാണെന്ന് നാം ചിന്തിക്കും. എന്നാല്‍ ആഗോളതലത്തില്‍ നോക്കിയാല്‍ നമ്മള്‍ വളരെ ചെറുതാണ്. ചൈനയിലെ ഏറ്റവും വലിയ പത്ത് ബാങ്കുകളില്‍ പത്താമത്തേതിനെക്കാളും ചെറുതാണ് നമ്മുടെ എസ്ബിഐ എന്നു പറയുമ്പോഴാണ് കാര്യം വ്യക്തമാകുക. എസ്ബിടി, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ് തുടങ്ങി എല്ലാ സബ്‌സിഡിയറി ബാങ്കുകളും എസ്ബിഐയില്‍ ലയിച്ച് ഒറ്റബാങ്കായി മാറിയ ശേഷമാണ് ലോകത്തെ 50 വന്‍ ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐക്ക് ഇടംപിടിക്കാനായത്. അതായത് ആഗോളബാങ്കിംഗ് ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കണെങ്കില്‍ ലയനം ഒഴിവാക്കാനാകില്ല. 

ബാങ്ക് ലയനവുമായി ബന്ധപ്പെട്ട് ഉയരുന്ന രണ്ടാമത്തെ ചോദ്യമെന്നു പറയുന്നത് ലയനത്തിനുളള ശരിയായ സമയം ഇതാണോ എന്നതാണ്. അതിനുളള ഉത്തരം അല്ല എന്നാണ്. കാരണം ആദ്യം നമ്മള്‍ ബാങ്കുകളെ ശക്തിപ്പെടുത്തണം. അതായത്  മൂലധനപര്യാപ്തത, അസെറ്റ് ക്വാളിറ്റി മെച്ചപ്പെടുത്തല്‍ തുടങ്ങിയവയിലൂടെ ബാങ്കുകളെ സാമ്പത്തികമായി മെച്ചപ്പെടുത്തണം. അതിനുശേഷമാകണം ലയനം. എന്തായാലും കേന്ദ്രസര്‍ക്കാര്‍ ബാങ്കുകളുടെ ലയനം ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്. 2017-ഏപ്രിലില്‍ എസ്ബിഐ ലയനം. 2019 ഏപ്രിലില്‍  വിജയബാങ്ക്, ദേന ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചു. ഘട്ടം ഘട്ടമായുളള ഈ ലയനം തുടര്‍ന്നാല്‍ 2020-2024 ല്‍ ഇന്ത്യയില്‍ ആറ് വലിയ ബാങ്കുകള്‍ മാത്രമേ ഉണ്ടാകുകയുളളു. ബാങ്കുകളുടെ ലയനം സേവനങ്ങളെ ഒരു രീതിയിലും ബാധിക്കില്ല. 

സാങ്കേതികവിദ്യ അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്നു.... അതിന്റെ ഗുണഫലങ്ങളോടൊപ്പം തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടങ്ങിയവ വര്‍ദ്ധിക്കുന്നു. ബാങ്കിംഗ് രംഗത്തും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണ്. കാനറ ബാങ്ക് എന്ത് മുന്‍കരുതലാണ് എടുത്തിട്ടുളളത്?

ടെക്‌നോളജി അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിംഗ് മേഖലയെടുത്താല്‍ ഡിജിറ്റല്‍വത്കരണം അതിന്റെ ഉച്ചസ്ഥായിയിലാണ്. നോട്ടുനിരോധനകാലത്താണ് ഈ പ്രക്രിയ വന്‍ വേഗതയാര്‍ജ്ജിച്ചത്. 2018 നവംബര്‍ 9 (നവംബര്‍ 8 അര്‍ദ്ധരാത്രിക്കായിരുന്നു നോട്ടുനിരോധനം നിലവില്‍ വന്നത്) മുതല്‍ ഡിസംബര്‍ 31 വരെയുളള 50 ദിവസങ്ങളില്‍ ഡിജിറ്റല്‍ പണകൈമാറ്റം ഓണ്‍ലൈന്‍ പേമെന്റ്  എന്നിവയെ കുറിച്ചുളള അവബോധം ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ 2-3 ദശാബ്ദക്കാലത്ത് നേടിയെടുക്കാനാവാത്ത നേട്ടമാണ് ഈ 50 ദിവസങ്ങള്‍ക്കുളളിലുണ്ടായത്. നിലവില്‍ കാനറാ ബാങ്കിന്റെ 74% കസ്റ്റമര്‍മാരും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരാണ്. അതുകൊണ്ടു തന്നെ ബാങ്കിംഗ് രംഗത്ത് മാത്രമല്ല ഇതര മേഖലകളിലും സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ഇത് ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നതുകൊണ്ടുളള പ്രശ്‌നങ്ങളുമേറെയാണ്. പുതിയ തരം തട്ടിപ്പുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഈയിടെ ബാംഗ്ലൂരില്‍ ഒരു വിദേശി രണ്ട് മുന്ന് എടിഎമ്മുകളില്‍ കയറിയിറങ്ങി. അതിനിടയില്‍ അയാള്‍ എടിഎമ്മുകളില്‍ ഒരു ചിപ് വച്ചു. വൈകുന്നേരം വന്ന് ആ ചിപ്പുകള്‍ തിരിച്ചെടുത്തു. അത്രയും സമയത്തിനിടയില്‍ ഈ എടിഎമ്മുകള്‍ ഉപയോഗിച്ച എല്ലാ ഇടപാടുകാരുടെയും വിവരങ്ങള്‍ ആ ചിപ്പിലേക്ക് പകര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് അലെര്‍ട്ട് മെസേജ് ലഭിച്ചു. കാനറാ ബാങ്ക് ടീം നടത്തിയ പരിശോധനയില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. തട്ടിപ്പ് നടത്തുന്നതിനു മുമ്പ് അയാള്‍ പിടിയിലായി. എങ്കിലും ഈ എടിഎമ്മുകളില്‍ ഇടപാട് നടത്തിയ ഞങ്ങളുടെ 300 കസ്റ്റമര്‍മാരുടെയും കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്തു. 48 മണിക്കൂറിനുളളില്‍ അവര്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഞങ്ങള്‍ അത്തരത്തില്‍ വിജിലന്റാണ്. ബാങ്കിംഗ് മേഖലയിലെ ഓണ്‍ലൈന്‍  തട്ടിപ്പുകള്‍ താരതമ്യേന കുറവാണ്. 3-5 % വരെ എന്നതാണ് നിലവിലെ സ്ഥിതി. ഇതിനിടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ്.

കാനറാ ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പെര്‍ഫോമന്‍സിനെ കുറിച്ച് ചുരുക്കിപ്പറയാമോ?

ഓവറോള്‍ പെര്‍ഫോമന്‍സിനെ കുറിച്ച് പറയുകയാണെങ്കില്‍ 2019 മാര്‍ച്ച് 31ന് ഞങ്ങളുടെ ബിസിനസ് 10,00,000 കോടി കവിഞ്ഞു. 2015-ല്‍ ഞാന്‍ ചെയര്‍മാന്‍ പദവിയിലെത്തുമ്പോള്‍ ഇത് 8,00,000 കോടി ആയിരുന്നു. അതായത് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ 25 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായി.  2019 മാര്‍ച്ച് 31ന് മൊത്തം ബിസിനസ് 1043000 കോടിയാണ്. അതില്‍ തന്നെ ഗ്രോസ് ഇന്‍ അഡ്വാന്‍സസ് 4,44,000 കോടി രൂപയും ഡെപ്പോസിറ്റുകള്‍ 5,99,000 കോടി രൂപയുമാണ്.  പ്രവര്‍ത്തനലാഭം (ഓപ്പറേറ്റിംഗ് പ്രോഫിറ്റ്) 10591 കോടി രൂപയും നെറ്റ് പ്രോഫിറ്റ് 347 കോടി രൂപയുമാണ്. ഞങ്ങളുടെ നെറ്റ്  ഇന്ററെസ്റ്റ് 2.42 ശതമാനത്തില്‍ നിന്ന് 2.63 ശതമാനമായി മെച്ചപ്പെട്ടു. മാത്രമല്ല നെറ്റ് എന്‍പിഎ 2017-18-ല്‍ 7.48% ആയിരുന്നത് 2018-19 ആയപ്പോഴേക്കും 5.37% ആയി കുറയ്ക്കുവാന്‍ സാധിച്ചു. 2018-19ല്‍ ഇന്ത്യയിലെ 20 പൊതുമേഖലാ ബാങ്കുകളില്‍ കേവലം അഞ്ചെണ്ണമാണ് ലാഭം നേടിയത്. 2019-20ല്‍ ഞങ്ങള്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണ്   ലക്ഷ്യമിടുന്നത്. അടുത്ത ഒന്നര വര്‍ഷത്തിനുളളില്‍ മാര്‍ക്കറ്റില്‍ 7000 കോടി രൂപ മൂലധനം ശേഖരിക്കുകയാണ് ലക്ഷ്യം. ഇതില്‍ ആയിരം കോടി രൂപ കാനറാ ബാങ്ക് ജീവനക്കാര്‍ക്കുതന്നെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ശേഖരിക്കുവാനും 6000 കോടി രൂപ കടപ്പത്രങ്ങളിലൂടെ (Bonds) ശേഖരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊക്കെ കാരണം ജീവനക്കാരാണ്. Canarites ന്റെ (കാനറാ ബാങ്ക് ജീവനക്കാര്‍) അടിസ്ഥാനമൂല്യങ്ങള്‍ അത്രയ്ക്ക് ശക്തമാണ്. 

കേരള സര്‍ക്കിളിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് പറയാമോ?

കാനറാ ബാങ്കിന് ഇന്ത്യയിലാകെ 21 സര്‍ക്കിളുകളാണുളളത്. ഓരോ സര്‍ക്കിളും വലിപ്പത്തിലും ബിസിനസിലും വിഭിന്നമാണ്. ഞങ്ങള്‍ ഈ 21 സര്‍ക്കിളുകളെയും എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ശാഖകളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ബിസിനസ്‌സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ബാംഗളുരു, ഡല്‍ഹി, ചെന്നൈ, തിരുവനന്തപുരം (കേരള) തുടങ്ങി 11 വലിയ സര്‍ക്കിളുകളാണ് എ ഗ്രൂപ്പിലുളളത്. പത്ത് ചെറിയ സര്‍ക്കിളുകള്‍ ബി ഗ്രൂപ്പിലും. കേരള സര്‍ക്കിളിനെ ഞങ്ങള്‍ തിരുവനന്തപുരം സര്‍ക്കിള്‍ എന്നാണ് വിളിക്കുന്നത്. പ്രളയത്തിനു ശേഷവും 2018-19ലെ നാലു പാദവര്‍ഷങ്ങളിലും (ക്വാര്‍ട്ടര്‍) ബിസിനസില്‍ തുടര്‍ച്ചയായി ഒന്നാമതെത്തിയത് തിരുവനന്തപുരം സര്‍ക്കിള്‍ ആണ്. ബാക്കി എല്ലാ സര്‍ക്കിളുകളെയും തിരുവനന്തപുരം സര്‍ക്കിള്‍ പിന്തളളി. മികച്ച സര്‍ക്കിള്‍ ഏതെന്ന് നിര്‍ണ്ണയിക്കുന്നത് CV Ratio, loans, deposits, recovery, priority sector, agriculture loans, Education loans, SME loans തുടങ്ങി 24 പരാമീറ്ററുകള്‍ പരിശോധിച്ചാണ്. ഇതില്‍ മിക്കവാറും എണ്ണത്തിലും തിരുവനന്തപുരം സര്‍ക്കിള്‍ നേട്ടം കൊയ്തു. തീര്‍ച്ചയായും അതിന്റെ ക്രെഡിറ്റ് ഗ്രൗണ്ട് സ്റ്റാഫിനുളളതാണ്. അതോടൊപ്പം തന്നെ അവരുടെ സര്‍ക്കിള്‍ മേധാവിയെ കുറിച്ചും എടുത്തു പറയേണ്ടതുണ്ട്. വളരെ    ചുറുചുറുക്കുളള വ്യക്തിയാണ് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ.മായ. വളരെ നല്ല വ്യക്തിത്വം. നല്ല പ്രായോഗികബുദ്ധിയുളള വനിതയാണവര്‍. കേരള സര്‍ക്കിളിലെ ഓരോ ബ്രാഞ്ചിലും ഓരോ ജീവനക്കാരിലും അവരുടെ ശ്രദ്ധപതിയുന്നു. സമര്‍ത്ഥരായവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരില്‍ നിന്ന് മികച്ച റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. 2018 നവംബറില്‍ ഞാന്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ കേരളത്തിലെ മിടുക്കരായ 100 കാനറാബാങ്ക് ബ്രാഞ്ച് മാനേജര്‍മാരെ അവര്‍ അവിടെ എത്തിച്ചു. ഞാനവര്‍ക്ക് ഒരു മണിക്കൂര്‍ മോട്ടിവേഷണല്‍ ക്‌ളാസ് എടുത്തു. കസ്റ്റമറുടെ തൃപ്തിയല്ല (customer satisfaction) കസ്റ്റമറുടെ ആനന്ദമാണ് (customer delight) നമ്മുടെ ലക്ഷ്യമെന്ന് ഞാന്‍ അവരോട് പറഞ്ഞു. കാനറാ ബാങ്കിനെ സംസ്ഥാനത്തെ ലീഡ് ബാങ്കായി അംഗീകരിക്കുന്നതില്‍ കേരള സര്‍ക്കാരിനോടും നന്ദിയുണ്ട്. കേരള സര്‍ക്കിള്‍ നന്നായി പോകുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. 

പ്രളയാനന്തരം കേരളത്തിന് പ്രഖ്യാപിച്ച മോററ്റോറിയം നീട്ടുമോ?

ചില പ്രത്യേക സാഹചര്യങ്ങളിലാണ് മോററ്റോറിയം പ്രഖ്യാപിക്കുന്നത്. ഉദാഹരണമായി കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയം. കേരളത്തിലെ ലീഡ് ബാങ്കാണ് കാനറ ബാങ്ക്. കാനറ ബാങ്ക് ഉള്‍പ്പെടെ എല്ലാ ബാങ്കുകളുടെയും അധികൃതര്‍ പങ്കെടുത്ത യോഗത്തില്‍ ചില വായ്പകള്‍ക്ക് 6 മാസവും മറ്റു ചിലതിന് ഒരു വര്‍ഷവും മോററ്റോറിയം പ്രഖ്യാപിച്ചു. അത് കേരളത്തിലെ കസ്റ്റമേഴ്‌സിന് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം പ്രളയക്കെടുതിയെ ഏതാണ്ട് അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് മനസ്‌സിലാക്കാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ മോററ്റോറിയം നീട്ടുക എന്നത് സാധ്യമല്ല. 

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണം നിലനിര്‍ത്തിയ സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയില്‍ എന്തൊക്കെ പരിഷ്‌ക്കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്?

നിലവിലെ പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകും എന്നതാണ് പ്രധാന കാര്യം. മാത്രമല്ല മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ഇടത്തര സംരംഭങ്ങള്‍,  മൈക്രോ ഇന്‍ഡസ്ട്രികള്‍ തുടങ്ങിയവയ്ക്ക് മികച്ച ഫണ്ടിംഗ് ലഭിക്കുന്നതിനുളള കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ട്. പലിശ ഇളവ് ഉള്‍പ്പെടെ പ്രഖ്യാപിക്കുകയുണ്ടായി. കയറ്റുമതി ബിസിനസുകള്‍ക്ക് 3-5% വരെ പലിശ ഇളവ് അനുവദിച്ചു. ഇതിനു പുറമെ 59 മിനിട്ട് വായ്പ പദ്ധതി കൊണ്ടുവന്നു. ഇത് മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണ്. ഉദാഹരണമായി കാനറാ ബാങ്കിന് ഈ സ്‌കീം പ്രകാരം 3000 വായ്പാ അപേക്ഷകളാണ് ലഭിച്ചത്. 2778 എണ്ണത്തിന് ഞങ്ങള്‍ അപ്രൂവല്‍ നല്‍കി. 862 എണ്ണം വിതരണം ചെയ്തു. 217 കോടിയാണ് 59 മിനിട്ട് വായ്പാ പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയാണ് മോദി സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരെല്ലാം അക്കൗണ്ട് തുറക്കണമെന്നാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ആഹ്വാനം ചെയ്തതും ലക്ഷ്യമിട്ടതും. അതും വിജയം കണ്ടു. ഈ പദ്ധതി നടപ്പില്‍ വന്ന് ഇതുവരെ കാനറാ ബാങ്കില്‍ മാത്രം 70 ലക്ഷം അക്കൗണ്ടുകളാണ്  തുറന്നത്. ഇതില്‍ 5.5% കസ്റ്റമര്‍മാര്‍ 84 കോടി രൂപ വായ്പയും എടുത്തു. മറ്റൊരു നല്ല കാര്യം എല്ലാ പൊതുമേഖലാ കമ്പനികളും അവരുടെ പര്‍ച്ചേസിന്റെ 25% മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരില്‍ നിന്ന് വാങ്ങണമെന്ന നിബന്ധനയാണ്. ഇതില്‍ തന്നെ 3% വനിതാ സംരംഭകരില്‍ നിന്നായിരിക്കണമെന്ന നിര്‍ദ്ദേശം വനിതാസംരംഭകര്‍ക്ക് പ്രചോദനമാകുന്നു. 

മുദ്രാ ലോണിനെ കുറിച്ചു പറയാമോ?

മുദ്രാലോണ്‍ വളരെ നല്ല ഒരു പദ്ധതിയാണ്. വളരെ പതുക്കെ പ്രചാരം നേടി വന്‍വിജയമായി മാറിയ പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം 2017-18ല്‍ കാനറാ ബാങ്കിന്റെ ടാര്‍ജറ്റ് തുക 6900 കോടിയായിരുന്നു. എന്നാല്‍ 513769 അക്കൗണ്ടുകളിലൂടെ 7435.28 കോടി രൂപ വിതരണം ചെയ്യാനായി. അതായത് ലക്ഷ്യമിട്ടതിനേക്കാള്‍ 107% കൂടുതല്‍. 2018-19 ല്‍ ആകട്ടെ ടാര്‍ജറ്റ് തുക 8100 കോടിയായിരുന്നു. എന്നാല്‍ 10297കോടി രൂപ വിതരണം ചെയ്യാനായി. ടാര്‍ജറ്റിനേക്കാള്‍ 127% കൂടുതല്‍. പദ്ധതി മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നു. 

കാര്‍ഷിക, വ്യവസായരംഗങ്ങള്‍ ബാങ്കുകളില്‍ നിന്ന് കൂടുതല്‍ മുദുസമീപനം അര്‍ഹിക്കുന്നില്ലേ?

കാനറാ ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ ഈ മേഖലകളോട് ഉദാരമായ സമീപനമാണുളളത്. കാര്‍ഷികമേഖലയ്ക്കായി രണ്ടു തരം വായ്പാ പദ്ധതികളാണുളളത്.ഒന്ന് ഫാം ക്രെഡിറ്റ് അതായത് കൃഷിക്കായുളള വായ്പകള്‍, ട്രാക്ടര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ക്കായുളള വായ്പകള്‍, ഡെവലപ്‌മെന്റ് ലോണുകള്‍, കിണര്‍ നിര്‍മ്മാണം തുടങ്ങി ജലസേചന സംബന്ധിയായ വായ്പകള്‍, ക്ഷീരകര്‍ഷകര്‍ക്കുളള വായ്പകള്‍, കോഴിവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയവയ്ക്കുളള വായ്പകള്‍ എന്നിങ്ങനെ. ഈ വിഭാഗത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 3-4 ലക്ഷം വരെ ഈട് കൂടാതെയുളള വായ്പ നല്‍കിവരുന്നു.  രണ്ടാമത്തേത് വിളവ് സംഭരിക്കാനും മറ്റുമുളളതാണ്. സര്‍ക്കാരും കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പറേറ്റുകളോട് പറഞ്ഞത് കാര്‍ഷികമേഖലയില്‍ വലിയ നിക്ഷേപം നടത്താനാണ്. ഈ രംഗത്ത് ഫണ്ട് വരുമ്പോള്‍ കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിക്കും. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങളില്‍ മൂന്നിലൊന്നും പാഴായിപ്പോകുകയാണ്. സമയത്ത് അവ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാത്തതും സംഭരിച്ചുവയ്ക്കാനുളള സംവിധാനങ്ങളുടെ അഭാവവും ആണ് കാരണം. കോര്‍പറേറ്റുകള്‍ ഈ രംഗത്തെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കാണാനാകും.

ഇനി വിദ്യാഭ്യാസ വായ്പകളെ കുറിച്ചു പറയാം 

കാനറാ ബാങ്ക് വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ വഴികാട്ടിയാണ്. ഉന്നത വിദ്യാഭ്യാസത്തിനും വിദേശവിദ്യാഭ്യാസത്തിനും തുടങ്ങി നിരവധി വിദ്യാഭ്യാസ വായ്പകളാണ് ഞങ്ങള്‍ നല്‍കിവരുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി 4 ലക്ഷം രൂപവരെ മാര്‍ജിനില്ലാതെ വായ്പ നല്‍കിവരുന്നു. അതില്‍ കൂടിയ തുകയ്ക്ക് 5% മാര്‍ജിന്‍ ചുമത്തിയിട്ടുണ്ട്. വിദേശപഠനത്തിനുളള വായ്പകള്‍ക്ക് 15% ആണ് മാര്‍ജിന്‍. ഈടോ ആള്‍ജാമ്യമോ ഇല്ലാതെ 7.5 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നല്‍കുന്നു. 

സമ്പദ്‌വ്യവസ്ഥയില്‍ സഹകരണബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും പങ്ക്?

ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ സഹകരണബാങ്കുകളും എന്‍ബിഎഫ്‌സികളും വളരെ സ്വാധീനം ചെലുത്തുന്നു. ബാങ്കുകളിലേക്ക് എത്തിപ്പെടാന്‍ പറ്റിയ സാഹചര്യമില്ലാത്തവരിലേക്ക് ഈ സ്ഥാപനങ്ങള്‍ എത്തുന്നു. പ്രമുഖബാങ്കുകള്‍ സഹകരണബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും വന്‍തുക നിശ്ചിതശതമാനം പലിശയ്ക്ക് വായ്പ നല്‍കുകയും അവര്‍ അത് ജനങ്ങള്‍ക്ക് വായ്പ നല്‍കുകയും ചെയ്തുവരുന്നു. കാനറാ ബാങ്ക് സഹകരണബാങ്കുകളെയും എന്‍ബിഎഫ്‌സികളെയും പിന്തുണയ്ക്കുന്ന കൂട്ടത്തിലാണ്. 

കാനറാബാങ്ക് വിജയകരമായി മുന്നോട്ടുകുതിക്കുകയാണ്.... ഈ വളര്‍ച്ചയില്‍ താങ്കളുടെ സംഭാവനകള്‍?

2015-ലാണ് ഞാന്‍ കാനറാ ബാങ്ക് ചെയര്‍മാന്‍ പദവിയിലെത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്ത് നടത്തിയ ചില അഴിച്ചുപണികളുടെ ഫലമായാണ് നിയമനം. അതുവരെയുണ്ടായിരുന്ന ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ എന്ന പദവി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഒരാള്‍ ഇരട്ടപ്പദവി വഹിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ മാനേജിംഗ് ഡയറക്ടര്‍ അധികാരശ്രേണി (hierarchy) അനുസരിച്ചും ചെയര്‍മാന്‍ പുറത്തുനിന്നുളള വ്യക്തിയും ആയിരിക്കണമെന്ന് നിശ്ചയിച്ചു. അങ്ങനെയാണ് 2015 ആഗസ്റ്റില്‍ ഞാന്‍ ഈ പദവിയിലെത്തുന്നത്. 2018 ആഗസ്റ്റ് വരെയായിരുന്നു കാലാവധി. പിന്നീട് അത് രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കി. അതിനുമുമ്പ് നഷ്ടത്തിലായ സത്യം കമ്പ്യൂട്ടേഴ്‌സിനെ (സത്യം അഴിമതിയെ തുടര്‍ന്ന്) കൈപിടിച്ചുകയറ്റാന്‍ ഞാന്‍ ഒരു ചെറിയ പങ്കുവഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവാം എനിക്ക് ബാങ്കിംഗ് മേഖലയ്ക്കായി സംഭാവന ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയത്. ചുമതലയേറ്റ ഉടന്‍  ബാങ്കിനെ പുനക്രമീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നേരത്തേ കാനറാ ബാങ്കില്‍ ഹെഡ് ഓഫീസ്, സര്‍ക്കിള്‍ ഓഫീസുകള്‍, ബ്രാഞ്ചുകള്‍ എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ഉണ്ടായിരുന്നത്. ഓരോ സര്‍ക്കിളിനും 150-200 ബ്രാഞ്ചുകള്‍ വരെ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. മോണിറ്റര്‍ ചെയ്യാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് ഞാന്‍ ഒരു തലം കൂടി സൃഷ്ടിച്ച് നാലു തലത്തിലാക്കി. അതായത് ഹെഡ് ഓഫീസ്, സര്‍ക്കിള്‍ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍, ബ്രാഞ്ചുകള്‍. അങ്ങനെ വരുമ്പോള്‍ ഒരു റീജിയണല്‍ ഓഫീസിനു കീഴില്‍ 45-50 ബ്രാഞ്ചുകളേ വരുന്നുളളു. ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാനും വളരെ എളപ്പം.  ഒരു ബ്രാഞ്ചും നഷ്ടത്തിലേക്ക് പോകുന്നില്ല. വായ്പകള്‍ നല്‍കി സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങളെന്നും മുന്നിലുണ്ട്. ഒപ്പം ഞങ്ങള്‍ അസെറ്റ് ക്വാളിറ്റി സംബന്ധിച്ച് ജാഗരൂകരുമാണ്. കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് പ്രധാനം.കൂടുതല്‍ ഉപഭോക്തൃസൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും പ്രാധാന്യം നല്‍കുന്നു. 

പ്രളയസഹായം

2018 ആഗസ്റ്റ് രണ്ടാം വാരത്തില്‍ ഒരു ദിവസം തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ.മായ എന്നെ വിളിച്ചു പറഞ്ഞു 'സര്‍ എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു'. ഞാന്‍ കാരണം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- സര്‍ കേരളം പ്രളയക്കെടുതിയിലാണ്. നിരവധി പേര്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. കാനറാ ബാങ്കാണ് സംസ്ഥാനത്തെ ലീഡ് ബാങ്ക്. ആ സ്ഥിതിക്ക് എന്തെങ്കിലും ചെയ്യണം. എനിക്ക് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, പൊതുമേഖലാ സ്ഥാപനത്തിന്റേതായ ചില നിയന്ത്രണങ്ങള്‍ കാരണം സാധിക്കുന്നില്ല. എനിക്ക് സാഹചര്യം മനസ്സിലായി ഉടനെ തന്നെ ഞാന്‍ ഒരു പ്രത്യേക അക്കൗണ്ട് തുറന്നു. തുടര്‍ന്ന് കാനറ ബാങ്ക് മാനേജ്‌മെന്റ് ജീവനക്കാര്‍ക്കായി ഒരു സര്‍ക്കുലര്‍ ഇറക്കി കേരളത്തെ സഹായിക്കണമെന്നുളളവര്‍ക്ക് അവരുടെ ഒരു ദിവസത്തെ ശമ്പളം നല്‍കാം. സമ്മതമാണെന്നറിയിച്ചാല്‍ അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. തുടര്‍ന്ന് ഞാന്‍ വ്യക്തിപരമായി എല്ലാ കാനറാ ബാങ്ക് ജീവനക്കാര്‍ക്കും സന്ദേശമയച്ചു. ആദ്യമായി ഞാന്‍ തന്നെ ഒരു ലക്ഷം രൂപ ആ അക്കൗണ്ടിലിട്ടു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 48 മണിക്കൂറിനുളളില്‍ 5 കോടി രൂപയാണ് ആ അക്കൗണ്ടിലെത്തിയത്. ആഗസ്റ്റ് 23ന് ഞാന്‍ കേരളത്തിലെത്തി, ഞങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.വി.ഭാരതിയും ഞാനും ജി.കെ.മായയും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആ തുക കൈമാറി. ഒരാഴ്ചയ്ക്കു ശേഷം ഞാന്‍ വീണ്ടും ആ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അതില്‍ വീണ്ടും മൂന്നരക്കോടി രൂപ കൂടി വന്നതായി കണ്ടു. അതില്‍ നിന്ന് രണ്ടു കോടി രൂപ കുടകിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കൈമാറി. ഒന്നരക്കോടി വീണ്ടും കേരളത്തിനു നല്‍കി. ആകെ 6.5 കോടി രൂപയാണ് കാനറാ ബാങ്ക് ജീവനക്കാര്‍ പ്രളയബാധിത കേരളത്തിന് നല്‍കിയത്.

കാന്‍ഡി

കാനറ ബാങ്കിന്റെ ഡിജിറ്റല്‍ ശാഖയാണ് കാന്‍ഡി (CANDI) എന്നറിയപ്പെടുന്നത്. അതായത് പേപ്പര്‍രഹിത, ജീവനക്കാരില്ലാത്ത ശാഖ. എല്ലാം നിയന്ത്രിക്കുന്നത് കമ്പ്യൂട്ടറാണ്. ആര്‍ക്കു വേണോ ഈ ശാഖയിലെത്തി അക്കൗണ്ട് തുടങ്ങാം. ആദ്യം ചെയ്യേണ്ടത് ഐഡി കാര്‍ഡ് സ്‌കാന്‍ ചെയ്യുക എന്നതാണ് അതുവഴി നിങ്ങളുടെ അടിസ്ഥാനവിവരങ്ങള്‍ ബാങ്കിന് ലഭിക്കുന്നു. തുടര്‍ന്ന് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ ഒപ്പ് കമ്പ്യൂട്ടര്‍ ക്യാപ്ച്വര്‍ ചെയ്യുന്നു. റുപേ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇതില്‍ ഏതു വേണമെന്ന് തിരഞ്ഞെടുക്കാം.  അഞ്ച് മിനിട്ടുകൊണ്ട് അക്കൗണ്ട് തുറന്ന് കാര്‍ഡുമായി പോകാം. മാത്രമല്ല ഈ ഡിജിറ്റല്‍ ശാഖകളിലൂടെ പണമിടപാടുകളും  എന്തിന് വായ്പാ അപേക്ഷ പോലും നല്‍കാം. കാന്‍ഡിയിലെ രണ്ട് കമ്പ്യൂട്ടറുകള്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുമായി കണക്ടഡ് ആണ്. ലിങ്കില്‍ ലോഗിന്‍ ചെയ്ത് ഷെയര്‍മാര്‍ക്കറ്റിംഗും നടത്താം. കാന്‍ഡിലെ മറ്റൊരു സവിശേഷത ഒരു റോബോ ആണ്. കസ്റ്റമറിന്റെ സംശയങ്ങള്‍ക്ക് ഈ റോബോ മറുപടി നല്‍കുന്നു. ചെന്നൈയില്‍ കമലഹാസനാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനവേളയില്‍ റോബോയുടെ തലയില്‍ അദ്ദേഹം കൈവച്ചപ്പോള്‍ ഒരു സ്വാഗത പ്രസംഗം തന്നെ അത് നടത്തുകയുണ്ടായി. അത്തരത്തില്‍ നമുക്ക് റോബോയെ പ്രോഗ്രാം ചെയ്യാനാകും.  നിലവില്‍ ബംഗളുരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലാണ് കാന്‍ഡി സംവിധാനമുളളത്. 17 എണ്ണത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. എല്ലാ സര്‍ക്കിളുകളിലും ഇത്തരത്തില്‍ ഒരു ശാഖ സ്ഥാപിക്കുകയാണ് ലക്ഷ്യം. 

വളരെ ചുറുചുറുക്കുളള വ്യക്തിയാണ് കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി.കെ.മായ. വളരെ നല്ല വ്യക്തിത്വം. നല്ല പ്രായോഗികബുദ്ധിയുളള വനിതയാണവര്‍. കേരള സര്‍ക്കിളിലെ ഓരോ ബ്രാഞ്ചിലും ഓരോ ജീവനക്കാരിലും അവരുടെ ശ്രദ്ധപതിയുന്നു. സമര്‍ത്ഥരായവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരില്‍ നിന്ന് മികച്ച റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

 

 

 

Post your comments