Global block

bissplus@gmail.com

Global Menu

യശോവര്‍ദ്ധന്‍ ബിര്‍ല കരുതിക്കൂട്ടി കുടിശ്ശികവരുത്തുന്നയാളെന്ന് യുസിഒ ബാങ്ക്

മുംബൈ: ഒരു ബിസിനസുകാരന് കിട്ടാവുന്ന ഏറ്റവും നാണംകെട്ട അടിയേറ്റു തരിച്ചു നില്‍ക്കുകയാണ് ഇന്ത്യയിലെ വന്‍ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ യാഷ് ബിര്‍ല ഗ്രൂപ്പിന്റെ ചെയര്‍മാനായ യശോവര്‍ദ്ധന്‍ ബിര്‍ല. കരുതിക്കൂട്ടി കുടിശ്ശിക വരുത്തുന്നവരുടെ (വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍) കാറ്റഗറിയിലാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുസിഒ ബാങ്ക് യാഷ് ബിര്‍ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ബാങ്ക് പരസ്യപ്പെടുത്തുകയും ചെയ്തു. ബിര്‍ല സൂര്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലെടുത്ത 67 കോടി രൂപയുടെ വായ്പ തിരിച്ചടവില്‍ വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയെന്നു മാത്രമല്ല, ബാങ്കിന്റെ മുന്നറിയിപ്പുകള്‍ തീര്‍ത്തും അവഗണിക്കുന്ന രീതിയിലാണ് കമ്പനി പ്രതികരിച്ചതെന്നും യുസിഒ ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. 

ഇന്ത്യയിലെ വന്‍ ബിസിനസ് കുടുംബാംഗമായ യശോവര്‍ദ്ധന്‍ ബിര്‍ല മാതാപിതാക്കള്‍ ഒരു വിമാനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് 23ാം വയസ്സിലാണ് യാഷ് ബിര്‍ല ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. ബിര്‍ല സൂര്യ ലിമിറ്റഡ്, സെനിത്ത് സ്റ്റീല്‍, ബിര്‍ല ശ്ലോക എഡ്യുടെക്, ബിര്‍ല പവര്‍ തുടങ്ങി ഒരു ഡസനോളം കമ്പനികളാണ് യാഷ് ബിര്‍ല ഗ്രൂപ്പിന് കീഴിലുളളത്. ഇതില്‍ മിക്കവാറും എല്ലാ കമ്പനികളും ഇപ്പോള്‍ നഷ്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം ഫണ്ടുകള്‍ വകമാറ്റിയതിന്റെ പേരില്‍ ബിര്‍ല ശ്ലോക ഇന്‍ഫോടെക്, ബിര്‍ല കോട്‌സിന്‍, സെനിത്ത് ബിര്‍ല എന്നീ കമ്പനികള്‍ അന്വേഷണവും നേരിട്ടിരുന്നു. ഇതിനു പിന്നാലെ കമ്പനിയിലെ സ്ഥിരനിക്ഷേപകര്‍ തങ്ങളുടെ പണം മടക്കിക്കിട്ടുന്നില്ലെന്ന പരാതിയുമായി എത്തിയതും വാര്‍ത്തയായി. ഈ തിരിച്ചടികളുടെ പിന്നാലെയാണ് ഇപ്പോള്‍ ബാങ്കിന്റെ വക 'കരുതിക്കൂട്ടി കുടിശ്ശികവരുത്തുന്നയാളെ'ന്ന സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചിരിക്കുന്നത്. ഇത് യാഷ് ബിര്‍ല ഗ്രൂപ്പിനെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. സ്ഥിരമായി ബാങ്കിന്റെ അറിയിപ്പുകള്‍ അവഗണിക്കുക, അടയ്ക്കാന്‍ കഴിവുണ്ടായിട്ടും നിരന്തരം വായ്പാ കുടിശ്ശിക വരുത്തുക, ബാങ്കിനെ അറിയിക്കാതെ ആസ്തികള്‍ വിറ്റഴിക്കുക ഇതൊക്കെയാണ് വായ്പക്കാരനെ വില്‍ഫുള്‍ ഡിഫാള്‍ട്ടറായി പ്രഖ്യാപിക്കുന്നതിലേക്ക് ബാങ്കിനെ നയിക്കുന്നത്.

യുസിഒ ബാങ്ക് യാഷ് ബിര്‍ലയുടെ കുടുംബ ബാങ്കാണെന്നതാണ് ഇതിലെല്ലാം രസകരം. യശോവര്‍ദ്ധന്‍ ബിര്‍ലയുടെ പിതാവ് അശോക് ബിര്‍ലയുടെ മുത്തശ്ശന്‍ രാമേശ്വര്‍ദാസ് ബിര്‍ലയുടെ സഹോദരനായ ഘനശ്യാം ദാസ് ബിര്‍ലയാണ് യുസിഒ ബാങ്ക് സ്ഥാപിച്ചത്. അതായത് സ്വന്തം കുടുംബം വക ബാങ്കില്‍ നിന്നുതന്നെ മോശം സര്‍ട്ടിഫിക്കറ്റ് വാങ്ങി വാര്‍ത്തകളില്‍ നിറയുകയാണ്  യശോവര്‍ദ്ധന്‍. 

 

Post your comments