Global block

bissplus@gmail.com

Global Menu

ഇത്തിഹാദിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കരാര്‍ ഐബിഎസ് സോഫ്റ്റ്‌വെയറിന്

മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനും യുഎഇയുടെ ദേശീയ വിമാനക്കന്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ആഗോള ഗതാഗത മേഖലയിലെ പ്രമുഖ സോഫ്‌റ്റ്വെയര്‍ കന്പനിയായ   ഐബിഎസ് സോഫ്‌റ്റ്വെയറുമായി കരാറിലേര്‍പ്പെട്ടു. ഇത്തിഹാദിന്റെ ശൃംഖലയില്‍ പുതിയ നിയന്ത്രണസംവിധാനം കൊണ്ടുവരാനും ഹബ് മാനേജ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനും ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കാനുമാണ് ഈ കരാര്‍. 

ഐബിഎസ് വികസിപ്പിച്ചെടുത്ത രണ്ട് സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനപ്പെടുത്തി  ഇത്തിഹാദിന്റെ സമയനിഷ്ഠയും  കാര്യശേഷിയും പ്രവര്‍ത്തന ക്ഷമതയും മെച്ചപ്പെടുത്താനും വിമാനശൃംഖല സമന്വയിപ്പിക്കാനും ഹബ് കണക്ടിവിറ്റി കൂട്ടാനും സഹായിക്കും.  ഇതിലൂടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിലടക്കം യാത്രക്കാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. വിമാനങ്ങളെ കൃത്യതയോടെ നിയോഗിക്കാനും ഇത്തിഹാദിന്റെ ആഗോള ശൃംഖലയില്‍ അവയെ കൃത്യമായി നിരീക്ഷിക്കാനും സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓപ്പറേഷന്‍ കണ്‍ട്രോള്‍ ടീമിന് ജാഗ്രതാ സന്ദേശങ്ങളടക്കം നല്‍കി സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കാനും ധൃതഗതിയില്‍ തീരുമാനങ്ങളെടുക്കാനും ഈ സോഫ്‌റ്റ്വെയറുകളിലൂടെ കഴിയും. ഐഫ്‌ളൈറ്റ് നിയോ ഓപ്‌സ്, ഐഫ്‌ളൈറ്റ് നിയോ ഹബ്‌സിസ്റ്റംസ് എന്നിവയാണ് ഈ സോഫ്റ്റ്‌വെയറുകള്‍. 

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യകാല കന്പനികളിലൊന്നായി തുടക്കമിട്ട് ആഗോള തലത്തിലേയ്ക്ക് വളര്‍ന്ന ഐടി സ്ഥാപനമാണ് ഐബിഎസ്. ഇന്ന് കേരളത്തില്‍ കൊച്ചിയടക്കം ലോകത്തിന്റെ വിവിധ നഗരങ്ങളില്‍ ഐബിഎസിന് ഓഫീസുകളുണ്ട്. ലോകപ്രശസ്തമായ നിരവധി കന്പനികള്‍ ഐബിഎസിന്റെ  സോഫ്റ്റ്വൈയര്‍ ഉപയോക്താക്കളാണ്. 
 
ഐബിഎസുമായുളള പങ്കാളിത്തത്തിലൂടെ അവരുടെ ആധുനിക സാങ്കേതികവിദ്യ തങ്ങളുടെ കണ്‍ട്രോള്‍ സെന്ററുകളുമായി സംയോജിപ്പിച്ച് ഏറ്റവും മികച്ച സേവനം യാത്രക്കാര്‍ക്ക് നല്‍കാനുള്ള കടമ നിറവേറ്റാനാവുമെന്ന് ഇത്തിഹാദിന്റെ എയര്‍പോര്‍ട്‌സ് ആന്‍ഡ് നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ജോണ്‍ റൈറ്റ് പറഞ്ഞു. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാനും സമയനിഷ്ഠ ഉറപ്പാക്കാനും തടസ്സങ്ങളുണ്ടാകുന്‌പോള്‍ സര്‍വീസുകള്‍ കാര്യക്ഷമമാക്കാനും കഴിയും. അബുദാബിയില്‍ രണ്ട് റണ്‍വേകള്‍ക്കിടയില്‍ നിര്‍മ്മിക്കുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസുകളുടെ കണക്ഷന്‍ സമയം വീണ്ടും കുറയ്ക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഐബിഎസിന് ഇത്തിഹാദുമായി  മികച്ച ബന്ധമാണുള്ളതെന്നും സുശിക്ഷിതമായ ബിസിനസ് രീതികള്‍ക്ക് പേരുകേട്ട ഒരു വിമാനക്കന്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളെ സ്വീകരിക്കുന്നത് വലിയ അംഗീകാരമാണെന്നും ഐബിഎസ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. ഇത്തിഹാദിന് സര്‍വീസ് ക്ഷമത കൈവരിക്കാനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും അതിലൂടെ കൂടുതല്‍ വളര്‍ച്ച നേടാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വ്യോമയാന മേഖലയില്‍ ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഐഫ്‌ളൈറ്റ് നിയോ വിമാനക്കന്പനികളുടെ വിമാനങ്ങളും ഹബ്ബുകളും കൈകാര്യം ചെയ്യുന്നതില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വിവിധ സാഹചര്യങ്ങളില്‍ തത്സമയ  വിവരങ്ങള്‍ സംയോജിപ്പിക്കാനും അതിലൂടെ  പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും തടസ്സങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

 

Post your comments