Global block

bissplus@gmail.com

Global Menu

ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ 1000 കോടിയുടെ ഹൈപ്പര്‍ ഡേറ്റ സെന്റര്‍ പാര്‍ക്ക്; റാക് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ആയിരം കോടി രൂപയുടെ ഹൈപ്പര്‍ ഡേറ്റ സെന്റര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പ്രമുഖ ഡേറ്റ സെന്റര്‍ സേവന ദാതാവായ റാക് ബാങ്ക് ഡേറ്റാ സെന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി (ആര്‍ബിഡിസി) സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി. 
കഴിഞ്ഞ വര്‍ഷം നടന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയുടെ അനന്തരഫലമായ പദ്ധതിയുടെ ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായരും ആര്‍ബിഡിസി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ റെഡ്ഡിയും ഒപ്പുവച്ചു.

വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് ലോകോത്തര ഡേറ്റാ സെന്റര്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഹൈപ്പര്‍ ഡേറ്റ സെന്റര്‍ പാര്‍ക്ക് സംസ്ഥാന ഐടി വ്യവസായത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയ്ക്കും നൂതന കണ്ടുപിടുത്തങ്ങള്‍ക്കും സഹായകമാകുന്ന തരത്തില്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ റാക് ബാങ്കിന് അഭിമാനമുണ്ടെന്ന് റാക് ബാങ്ക് ചെയര്‍മാന്‍ അനില്‍ റെഡ്ഡി പറഞ്ഞു. ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വികസനത്തിനായുള്ള ലക്ഷ്യസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുക മാത്രമല്ല ലോകത്തെ ബന്ധിപ്പിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകളിലുള്‍പ്പെടുത്തി കേരളത്തെ ഉയര്‍ത്തിക്കാട്ടുമെന്നും റാക് ബാങ്കിന്റെ സ്‌പെഷ്യലിസ്റ്റ് മാനേജ്‌മെന്റ് ടീം മേധാവി കൂടിയായ അനില്‍ റെഡ്ഡി വ്യക്തമാക്കി. 

ഐടി പാര്‍ക്കുകളെ കേന്ദ്രീകരിച്ച നൂതന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. കൊച്ചിയിലും ആലപ്പുഴയിലുമുള്ള പ്രാദേശിക നൈപുണ്യത്തിന് ആര്‍ബിഡിസി ശക്തിപകരും. സംരംഭക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഡേറ്റാ സെന്റര്‍ രൂപീകരിക്കുന്നതിനു പുറമേ ഏതെങ്കിലും സ്ഥലത്തെ ഡേറ്റ സെന്ററുകള്‍ പ്രകൃതിദുരന്തങ്ങളില്‍ പ്രവര്‍ത്തനരഹിതമായാല്‍ പകരം പ്രവര്‍ത്തിക്കുന്ന ഡിസാസ്റ്റര്‍ റിക്കവറി സംവിധാനവും സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസും മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവരങ്ങള്‍ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കണമെന്ന ഇന്ത്യയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ ഡിജിറ്റല്‍ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതിയുടെ കടന്നുവരവെന്ന് അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന ഉന്നതാധികാര ഐടി കമ്മിറ്റി ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എസ്.ഡി ഷിബുലാലാണ് ഹാഷ് ഷ്യൂച്ചറിന്റെ അനുബന്ധമെന്ന നിലയില്‍  അമേരിക്കയില്‍ നടന്ന ഗ്‌ളോബല്‍ കണക്ടിന്റെ ഭാഗമായി ബൃഹദ് പദ്ധതിയെ സംസ്ഥാനത്തിലേക്കെത്തിച്ചത്. ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ ഉപയോക്താക്കളുള്ള  അംഗീകൃത ഡേറ്റാ സെന്റര്‍ പ്‌ളാറ്റ്‌ഫോമും   ക്‌ളൌഡ്,  ഉള്ളടക്കം എന്നിവ പ്രദാനം ചെയ്യുന്ന 2013ല്‍ സ്ഥാപിതമായതുമായ സ്ഥാപനമാണ്  റാക് ബാങ്ക് ഡേറ്റാ സെന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ക്ലൗഡ് ദാതാക്കളുടേയും ആഗോള സംരംഭങ്ങളുടേയും ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി  ഹൈപ്പര്‍ ഡേറ്റ സെന്റര്‍ പാര്‍ക്ക് റാക് ബാങ്ക് നിര്‍മ്മിക്കുന്നുണ്ട്. ലോകോത്തര ഡേറ്റാ സെന്ററുകളുടെ ഇന്ത്യന്‍ വിപണിയിലെ ആവശ്യകത നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണിത്. വിപണിക്കനുസൃതമായി ഗുണമേന്‍മയോടെ എപ്പോഴും പ്രാപ്യമായ കരുത്തുള്ള  അടിസ്ഥാന സൌകര്യങ്ങള്‍ക്കുവേണ്ടിയാണ് റാക് ബാങ്ക് നിക്ഷേപം  നടത്തുന്നത്.

 

Post your comments