Global block

bissplus@gmail.com

Global Menu

ഫോസ് യങ് പ്രൊഫഷണല്‍ മീറ്റ് 2019

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐസിഫോസ്) സംഘടിപ്പിച്ച ദ്വിദിന 'ഫോസ് യങ് പ്രൊഫഷണല്‍ മീറ്റ് 2019'  (എഫൈ്വപിഎം) സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പദ്ധതികളുടെ മികച്ച ആസൂത്രണത്തിനായി വിപുലമായ വിവരശേഖരം ആവശ്യമുണ്ടെന്നും ഇത്തരമൊരു വിവരശേഖരം പൊതുജനങ്ങള്‍ക്കും നയകര്‍ത്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വിവര സമ്പാദനവും വിവര പ്രദാനവും ഒന്നുപോലെ നടക്കണം. ഈ ലക്ഷ്യത്തോടെയാണ് എഫ്‌വൈപിഎം സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും എഫ്‌വൈപിഎം ലക്ഷ്യമിടുന്നുവെന്ന് ഐസിഫോസ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ് പറഞ്ഞു. ഐസിഫോസ് പ്രോഗ്രാം മേധാവി ആര്‍ ശ്രീനിവാസന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ. ആര്‍. ആര്‍ രാജീവ്  സ്വാഗതവും സമ്പത്ത്കുമാര്‍ നന്ദിയും പറഞ്ഞു. 

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ  പ്രാധാന്യം  മുന്‍നിര്‍ത്തി 'ഇന്‍ഡസ്ട്രി 4.0' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം. ഇതിനെ അടിസ്ഥാനമാക്കി ശില്പശാലകളും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്. ഗവേഷണ ഐടി മേഖലകളിലേയും സര്‍വകലാശാലകളിലേയും പ്രതിനിധികളാണ്  പങ്കെടുക്കുന്നത്. ഓപ്പണ്‍ സോഴ്‌സ് ആര്‍ക്കിടെക്ചര്‍ ആര്‍ഐഎസ്സിവി, കുട്ടി പൈ എന്നിവയിലെ ശില്പശാലകളാണ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ നടന്നത്. അറിവുകളും നൈപുണ്യവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ് കമ്പനികളേയും യുവ ഉദ്യോഗസ്ഥരേയും ഇപ്പോള്‍ ബിരുദം നേടിയവരേയും വിദ്യാര്‍ത്ഥികളേയുമാണ് രണ്ടാംദിനത്തില്‍ അണിനിരത്തിയത്. 

സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളെ എങ്ങനെ സംരംഭങ്ങളാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് നയിച്ച ശില്പശാലയും ശ്രദ്ധേയമായി. 'ഇന്‍ മെമ്മറി ഓഫ് ഔട്ട്‌ഡേറ്റഡ്  ടെക്‌നോളജീസ്' എന്ന ചര്‍ച്ചയില്‍ 'ഇന്‍ഡസ്ട്രി 4.0 ടെക്‌നോളജി' അവതരിപ്പിച്ചു. ഡേറ്റ അനലിറ്റിക്‌സ്, സൈബര്‍ സുരക്ഷ, മെഷീന്‍ ലേണിംഗ്, സുപ്രധാന സാങ്കേതിക വിദ്യകളായ ആഐഎസ്സിവി, ലോറാ വാന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് സംഭാവന നല്‍കിയ വിദ്യാര്‍ത്ഥികളേയും യുവ ഉദ്യോഗസ്ഥരേയും ബിരുദധാരികളേയും ആദരിക്കുന്നതിനുള്ള ഫോസ് കോണ്‍ട്രിബ്യൂഷന്‍ പുരസ്‌കാര ദാനത്തിനും ഐസിഫോസ് സമ്മേളനത്തില്‍ തുടക്കമിട്ടു. 

          

Post your comments