Global block

bissplus@gmail.com

Global Menu

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നാലുവര്‍ഷത്തിനുളളില്‍ 1000 കോടി

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 1,000 കോടിയിലേറെ രൂപയുടെ നിക്ഷേപമെത്തിക്കാനുളള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. കൊച്ചിയില്‍ നടന്ന ''സീഡിങ് കേരള' സംഗമത്തിനിടെ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, എക്‌സീഡ് ഇലക്ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്, സ്‌പെഷ്യല്‍ ഇന്‍സെപ്റ്റ് ഫണ്ട് എന്നീ നാലു നിക്ഷേപക സ്ഥാപനങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഏഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വി.സി.) നിക്ഷേപകരില്‍ നിന്നായിരിക്കും ഫണ്ട് എത്തുക. നഷ്ടസാധ്യത കണക്കിലെടുക്കാതെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വിവിധ വികസന ഘട്ടങ്ങളില്‍ നടത്തുന്ന നിക്ഷേപത്തിനാണ് ഏഞ്ചല്‍ നിക്ഷേപം എന്നു പറയുന്നത്. ധനപരമായ നിക്ഷേപത്തിനു പുറമെ വിദഗ്ദ്ധ പങ്കാളിത്തവും ഏഞ്ചല്‍ നിക്ഷേപത്തിന്റെ പരിധിയില്‍ വരും.

ഏഞ്ചല്‍, വി.സി. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ''ഫണ്ട് ഓഫ് ഫണ്ട്' മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഷം 15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപമായി നല്‍കുക. ആദ്യ ഘട്ടത്തില്‍ ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്ന് അടുത്ത നാലു വര്‍ഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 

ഏഞ്ചല്‍, വി.സി. നിക്ഷേപകര്‍ ഇതില്‍നിന്ന് എത്ര ഉയര്‍ന്ന തുകയുടെ നിക്ഷേപ വാഗ്ദാനമാണ് നല്‍കുന്നതെന്നതായിരുന്നു മാനദണ്ഡം. നാല് ഫണ്ടുകള്‍ ചേര്‍ന്ന് 1,000 കോടിയില്പരം രൂപയുടെ നിക്ഷേപ സാധ്യതകളാണ് നല്‍കിയതെന്ന് ഐ.ടി. സെക്രട്ടറി പറഞ്ഞു.

ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ തിരഞ്ഞെടുത്തത്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ വാഗ്ദാനം ചെയ്ത തുകയുടെ 25 ശതമാനമെങ്കിലും നിക്ഷേപം നടത്തണമെന്നതാണ് കരാര്‍. അതിനാല്‍ തന്നെ 250-300 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Post your comments