Global block

bissplus@gmail.com

Global Menu

ചൈന കുതിക്കുമ്പോള്‍ ഇന്ത്യ?

 ഇന്ത്യ- ചൈന ബന്ധത്തെ മുന്‍നിറുത്തി ഒരവലോകനം

കെ.കെ ശ്രീനിവാസന്‍

മോദിഭരണത്തിന്റെ അഞ്ചുവര്‍ഷത്തിലേക്കുള്ള നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഇക്കാലമത്രയായ മോദി ഭരണവേളയില്‍ ഇന്ത്യയുടെ വിദേശനയം അന്തര്‍ദേശീയ രാഷ്ര്ടീയത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയം ബാക്കി.  ധനമൂലധന ശേഷിയുടെ പിന്‍ബലത്തില്‍ തങ്ങളുടേതായ നവലോകക്രമം നൃഷ്ടിച്ചെടുക്കുന്നതിലുള്ള ദൗത്യത്തിലാണ് ചൈന. അമേരിക്കയെ പോലും വെല്ലുന്ന ആഗോള സാമ്പത്തിക മേധാവിത്വ സംസ്ഥാപനത്തിനായുള്ള ചൈനീസ് ശ്രമങ്ങള്‍ക്ക് മുന്നില്‍ സാമ്പത്തിക ശക്തി തെളിയിക്കുവാന്‍ വെമ്പുന്ന ഇന്ത്യക്ക് പിടിച്ചുനില്‍ക്കുവാനാകുമോയെന്ന ചോദ്യമുയരുന്നുണ്ട്. മോദി സര്‍ക്കാരിന്റെ വിദേശ നയമാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. മോദിയുടെ വിദേശനയം പക്ഷേ ഈ ഉത്തരം നല്‍കുവാന്‍ പ്രാപ്തമാണോയെന്ന പരിശോധന ആവശ്യപ്പെടുന്നു.

ഇന്ത്യ- ചൈന ബന്ധം

ഇന്ത്യ- ചൈന ബന്ധത്തില്‍ മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെയ്പ്പുകള്‍ പ്രകടമല്ല. 2017 ജൂണ്‍ മധ്യത്തില്‍ ഇന്ത്യ-ഭൂട്ടാന്‍ -ചൈന അതിര്‍ത്തിയിലെ ദോക്ക് ലാം മേഖലയെ ചൊല്ലി ഇരു രാഷ്ടങ്ങളും യുദ്ധത്തിന്റെ വക്കോളമെത്തി. മേഖലയിലെ ചൈനീസ് റോഡ് നിര്‍മ്മാണത്തിന്  ഇന്ത്യ തടസ്സവാദമുന്നയിച്ചതായിരുന്നു കാരണം. എന്നാല്‍ 2017 ആഗസ്റ്റ് 28ന് ഇരു രാഷ്ര്ടങ്ങളും യുദ്ധസമാന അന്തരീക്ഷത്തില്‍ വ്യാപൃതരാകേണ്ടതില്ലെന്ന് എടുത്തുപറയത്തക്ക നയതന്ത്ര നീക്കങ്ങളില്ലാതെ തന്നെ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയിത്  കേവലം സന്തുലിത ബലാബലത്തിലൂന്നിയുള്ള നയതന്ത്ര വിജയമായി പരിഗണിക്കപ്പെടേണ്ടതല്ല.  
ഇന്ത്യയിലെ ചൈനീസ് നിക്ഷേപം എട്ട് ബില്യണ്‍ ഡോളറിന് മുകളിലാണ്. പോയ വര്‍ഷത്തെ കണക്ക് പ്രകാരം ഇരു രാഷ്ര്ടങ്ങള്‍ തമ്മിലുള്ള വ്യാപാരത്തില്‍  88.44 ബില്ലണ്‍ ഡോളറിന്റെ വളര്‍ച്ച. ചൈനയുമായുള്ള വ്യാപാരത്തില്‍ 52 ബില്യണ്‍ ഡോളര്‍ കമ്മിയിലാണ് ഇന്ത്യ. ഈ വ്യാപാരക്കമ്മി കുറയ്ക്കുന്നതിനെ മുന്‍നിറുത്തി ഇനിയും ഇന്ത്യയില്‍ ചൈന നിക്ഷേപമിറക്കണമെന്ന നിലപാടിലാണ് ഇന്ത്യ. ഇത്തരമൊരു സാമ്പത്തികാധിഷ്ഠിത താല്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേവലം ഒരു റോഡുനിര്‍മ്മാണ തര്‍ക്കം യുദ്ധത്തിലേക്ക് വഴിമാറുന്നുവെന്നു വന്നാലത് ഇരു രാഷ്ര്ടങ്ങളുടെയും സമ്പദ് വ്യവസ്ഥക്കുമേല്‍ വരുത്തിവയ്ക്കാവുന്ന ആഘാതം ഒട്ടുമേ  ചെറുതായിരിക്കില്ല. 
രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ധന മൂലധന കൊടുക്കല്‍ –വാങ്ങലുകള്‍ ശരവേഗത്തിലാണ്. അതില്‍ നിന്നുള്ള വന്‍ വ്യാപാര വാണിജ്യ വരുമാനത്തിലും ലാഭത്തിലും ഒപ്പം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലുമാണ് കണ്ണ്. അതിനാല്‍ തന്നെ പരസ്പര സര്‍വ്വനാശത്തിന്റെ യുദ്ധ സാധ്യതകള്‍ക്ക് പണ്ടേപോലെ ഇടമില്ലെന്നതിന്റെ പ്രതിഫലനമാണ് പൊടുന്നനെയുള്ള ദോക്ക് ലാം പ്രശ്‌നപരിഹാര. ഇവിടെയാണ് ദോക്ക് ലാം പ്രശ്‌നപരിഹാരം മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമെന്ന നിലയില്‍ പരിഗണിക്കപ്പെടാതെപോകുന്നത്. ഇന്ത്യ ചൈന സാമ്പത്തിക താല്പര്യങ്ങളാണ് മുഖ്യമായും ദോക്ക് ലാം തര്‍ക്ക ശമനത്തില്‍ പ്രതിപ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് സാരം. 
ബല്‍റ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് 
കുമിഞ്ഞുകൂടുന്ന ധനമൂലധന പിന്‍ബലത്തിലുള്ള പുത്തന്‍ ചൈനീസ് സാമ്രാജ്യത്വത്തിന്റെ തന്ത്രപ്രധാന താല്പര്യാധിഷ്ഠിത സ്വപ്ന പദ്ധതിയാണ് ബല്‍റ്റ് ആന്റ് റോഡ് ഇനീഷ്യറ്റീവ് (ബിആര്‍ ഐ). ധനമൂലധനം ഭൂഖണ്ഡാന്തര വിപണിയിലെത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. ദക്ഷിണ പൂര്‍വ്വേഷ്യ, പേര്‍ഷ്യന്‍ ഗള്‍ഫ്, വടക്കേ അമേരിക്ക, യുറോപ്പ്, ആഫ്രിക്കയെ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ 71 രാഷ്ര്ടങ്ങള്‍ ഭാഗഭാക്കാകുകയാണ്. ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന പദ്ധതി ആഗോള ജിഡിപിയുടെ 30 ശതമാനം പങ്കുപറ്റി  ലോകത്തിന്റെ പകുതിയോളം ജനസംഖ്യയെ ബന്ധിപ്പിക്കുന്നു. ഇതിനെതിരെ പക്ഷേ ആഗോള രാഷ്ര്ടീയ മണ്ഡലങ്ങളില്‍ ഇതിനകം തന്നെ ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാഷ്ര്ടങ്ങളെ വായ്പാ കെണിയലകപ്പെടുത്തുന്ന ചൈനീസ് നയതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വിലയിരുത്തലിനെ ശരിവയ്ക്കുംവിധമുള്ള റിപ്പോര്‍ട്ടുകളാണ് പ്രത്യേകിച്ചും ഇന്ത്യയുടെ തൊട്ടടുത്ത അയല്‍ രാഷ്ടങ്ങളില്‍ നിന്ന് കേള്‍ക്കുന്നത്. 
നേപ്പാള്‍, ശ്രീലങ്ക, ബര്‍മ്മ , മാലിദ്വീപ്, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ബല്‍റ്റ് ആന്റ് റോഡ് പദ്ധതി പങ്കാളികളാണ്. കോടാനുകോടി ഡോളര്‍ വായ്പകളാണ് ചൈന ഇവര്‍ക്ക് നല്‍കിയിട്ടുളളത്. ശ്രീലങ്കയും നേപ്പാളുമൊക്ക തിരിച്ചടവ് വിഴ്ചയിലകപ്പെട്ട് ചൈനീസ് അധിനിവേശത്തിലേക്ക് വഴുതിവീഴുകയാണ്. വായ്പാ തിരച്ചടവ് വീഴ്ചയിലകപ്പെട്ടതോടെ ശ്രീലങ്കയുടെ 1.5 ബില്യന്‍ ഡോളര്‍ ഹംബന്തോട്ട തുറമുഖ പദ്ധതി  ഇതിനകം തന്നെ ചൈനയുടെ കൈപ്പിടിയിലായി.
നേപ്പാളും ചൈനീസ് വായ്പാ പട്ടികയില്‍. ഹിമാലയന്‍ മേഖലയില്‍ ടിബറ്റന്‍ അതിര്‍ത്തി വരെ 72.25 കി.മീറ്ററില്‍ റെയില്‍പാതാ പദ്ധതി. നേപ്പാളിന്റെ വിനോദ സഞ്ചാര മേഖലക്കടക്കം ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്  2.4 ബില്യണ്‍ ഡോളര്‍ പദ്ധതി. എന്നാല്‍  പ്രതീക്ഷിക്കപ്പെടുമ്പോലെ വിജയകരമാകില്ലെന്നതിനാല്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ ചൈനയുടെ കടകെണിയില്‍ നേപ്പാളും അകപ്പെട്ടേക്കുമെന്ന ആശങ്കകള്‍ ഇപ്പോഴെ ശക്തിപ്പെട്ടിരിക്കുകയാണ്.
ബലൂച് തീവ്രവാദ കേന്ദ്രമായ ബലൂചിസ്ഥാനെ ഉള്‍പ്പെടുത്തി പാക്ക് െൈചന സ്വപ്ന പദ്ധതി പുരോഗമിക്കുകയാണ്. പ്രതിരോധ തന്ത്രപ്രധാന  പാക്ക് തുറമുഖമായ ഗ്വാദറില്‍നിന്നു തുടങ്ങി ചൈനയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സിന്‍ജിയാങ്ങിലെ കാഷ്ഗര്‍വരെ നീണ്ടുകിടക്കുന്ന  സാമ്പത്തിക ഇടനാഴിയാണ് ഈ പദ്ധതി. റോഡുകള്‍, റയില്‍പ്പാതകള്‍, എണ്ണ പ്രകൃതി വാതക പൈപ്പ് ലൈന്‍, വാര്‍ത്താവിനിമയ സൗകര്യ വികസനം തുടങ്ങിയവ
ഇതിലുള്‍പ്പെടുന്നു. ബിആര്‍ഐയിലെ 62 ബില്യണ്‍ ഡോളറിന്റെ ചൈന പാക്ക് ഇക്കണോമിക്ക് കോറിഡോറി (സിപിഇസി)ന്റെ ഭാഗമാണിത്. ചൈനയുടേയതാണ് ഇതിന്റെ 80 ശതമാനം വായ്പയും.
ഇക്കണോമിക്ക് കോറിഡോറില്‍ അഫ്ഗാനിസ്ഥാനെയുള്‍പ്പെടുത്തിയതോടെ അഫ്ഗാനും 50 ബില്യണ്‍ ഡോളറിന്റെ ചൈനയുടെ വായ്പാ സ്വീകര്‍ത്താവായി. 7.3 ബില്യണ്‍ ഡോളര്‍  ക്വാക്ക് പ്യൂ ആഴക്കടല്‍ തുറമുഖ പദ്ധതി രാജ്യത്തെ വന്‍ കടകെണിലകപ്പെടുത്തുമെന്നതിനാല്‍ വായ്പ 1.3 ബില്യണാക്കി കുറക്കുവാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ബര്‍മ്മീസ് ഭരണകൂടം. 2016 ഒകേ്ടാബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ഡാക്ക സന്ദര്‍ശനവേളയില്‍ വായ്പയടക്കമുള്ള 25 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവക്കപ്പെട്ടു. ഇതോടെ  ബംഗ്‌ളാദേശും ചൈനയുടെ കടക്കാരായി. 
മാലിദ്വീപ് ചൈനീസ് ചൊല്‍പ്പടിയിലായി. അബ്ദുള്ള യമീന്‍ പ്രസിഡന്റായതോടെയാണ് ഇന്ത്യയുടെ പരമ്പരാഗത സഖ്യ രാജ്യമായ മാലിദ്വീപ് ചൈനീസ് പക്ഷത്തേക്ക് കൂടുമാറുന്നത്. ബി ആര്‍ഐ പ്രകാരുള്ള വന്‍കിട പദ്ധതികള്‍ക്കായി 2.5 ബില്യണ്‍ ഡോളര്‍ വായ്പ മാലിദ്വീപ് ചൈനയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. മാലിദ്വീപിന്റെ 70 ശതമാനം വായ്പകളും ചൈനയില്‍ നിന്ന്. ഇതിലുടെ മാലിദ്വിപിന്റെ പരമാധികാരവും സ്വാതന്ത്രൃവും ചൈനക്ക് അടിയറവക്കപ്പെട്ടിരിക്കുന്നുവെന്നാണ് മുന്‍ പ്രസിഡന്റ് അബ്ദുള്‍ നഷിദ് ഉയര്‍ത്തുന്ന ആരോപണം. ദക്ഷിണേഷ്യയിലെ ഭൂട്ടാനെക്കൂടി സ്വാധീനിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കുന്ന തിരക്കിലാണ് ചൈന. ഇതുകൂടി സാധ്യമാകുന്നിടത്ത് ചൈനീസ് പിന്‍ബലത്തില്‍ സാര്‍ക്ക് അംഗ രാഷ്ര്ടങ്ങളടക്കം ഇന്ത്യയെ ഒറ്റപ്പെടുത്തി വലയം ചെയ്യുന്നവസ്ഥ പൂര്‍ണമാകും.
ചൈനയുടെ ബിആര്‍ഐക്കൊപ്പം ആസൂത്രണം ചെയ്യപ്പെട്ട മാരിടൈം സില്‍ക്ക് റൂട്ട് പദ്ധതിയും ലോക ശ്രദ്ധയിലാണ്. ദക്ഷിണപുര്‍വ്വേഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം, അറേബ്യന്‍ ഉപദ്വിപ്, സോമാലിയ, ഈജിപ്ത് തുടങ്ങിയവയെ കണിചേര്‍ത്ത കടല്‍മാര്‍ഗമെന്നതാണ് ചൈനീസ് മാരിടൈം സില്‍ക്ക് റൂട്ട്. സൗത്ത് ചൈന കടല്‍, മലാക്ക ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, പേര്‍ഷ്യന്‍ ഗള്‍ഫ്, ചെങ്കടല്‍ എന്നിവയടങ്ങുന്നതാണ് സില്‍ക്ക് റൂട്ട്. ഇന്ത്യന്‍ മഹാസമുദ്രം താണ്ടി ചെങ്കടല്‍ പിന്നിട്ട് സൂയസ് കനാലിലേക്ക് ചൈനീസ്  പ്രവേശനമൊരുക്കുകയാണ് ഈ പദ്ധതി.  ഇവിടെയാണ് ആഫ്രിക്കന്‍ വന്‍കരയുടെ കഴിക്കന്‍ മുനമ്പിലെ രാജ്യമായ ജീബൂട്ടിയില്‍ ബിആര്‍ഐയുടെ ഭാഗമായി ചൈന അതിന്റെ ആദ്യ വൈദേശിക സൈനീക താവളത്തിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചുവെന്നത് ശ്രദ്ധേയമാകുന്നത്.  ഭൂഖണ്ഡാന്തര വാണിജ്യവ്യാപാര ബാന്ധവത്തിന്റെയും തന്ത്രപ്രധാന മേധാവിത്വത്തിന്റെയും പുതുപുത്തന്‍ കടല്‍ കര മാര്‍ഗമാണ് ഈ പദ്ധതി ചൈനയ്ക്കായി തുറക്കുന്നത്. ആഗോള ശാക്തിക സന്തുലിതാവസ്ഥയില്‍ അമേരിക്കയെ പോലും വെല്ലാവൂന്ന ചൈനീസ് മേല്‍കൈ ശക്തിപ്പെടുന്നതിന്റെ അടയാളമായും മാറുകയാണ് ജിബൂട്ടി സൈനീക താവളവും ഇതോടൊപ്പം3.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ 48 സ്വക്‌യര്‍ കി.മിറ്ററില്‍ പണിതുയര്‍ത്തപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലയും.
ചൈനയെ പിടിച്ചുകെട്ടാനാകതെ
മോദിയുടെ ആക്ട് ഈസ്റ്റ് പോളസി
2014 നവംബറില്‍ രൂപംകൊടുത്ത ആക്ട് ഈസ്റ്റ് പോളസിയിലൂന്നതാണ് മോദി സര്‍ക്കാരിന്റെ വിദേശ നയം. 1991 ല്‍ നരസിംഹറാവു സര്‍ക്കാര്‍ വേളയില്‍ പ്രധാനമായും ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെ ത്വരിതപ്പെടുത്തുന്നതിനെ മുന്‍നിറുത്തി രൂപം കൊടുത്ത ലുക്ക് ഈസ്റ്റ്  പോളസിയെ ചുവടുപിടിച്ചാണ് ആക്ട് ഈസ്റ്റ് പോളസി. മ്യാന്മാര്‍, മംഗോളിയ, വിയറ്റ്‌നാം, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്തി മേഖലയിലെ ചൈനീസ് ആധിപത്യ ശ്രമങ്ങളെ തടയിടുകയെന്നതാണ് ആക്ട് ഈസ്റ്റ് പോളസിയുടെ ഊന്നല്‍. 
സൗത്ത് ചൈന കടല്‍ മേഖലയെ അന്തരാഷ്ര്ട കടല്‍മാര്‍ഗമായി ചൈന അംഗീകരിക്കണമെന്ന ദക്ഷിണ പുര്‍വ്വേഷ്യന്‍ രാഷ്ര്ടങ്ങളുടെ ആവശ്യത്തിനൊപ്പമാണ് മോദിയുടെ ആക്ട് ഈസ്റ്റ് പോളസി. പക്ഷേ ബിആര്‍ഐയിലൂടെ ഇന്ത്യയുടെ തൊട്ട അയല്‍ രാജ്യങ്ങളെ കടകെണിയിലകപ്പെടുത്തി വരുതിയിലാക്കിയുള്ള ഈ മേഖലയിയിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാന്‍  ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി പോരതാനും. 
ബിആര്‍ഐ മാരിടൈം സില്‍ക്ക് റൂട്ട് പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യന്‍ മഹാസമുദ്ര മേഖല (ഇന്ത്യപസിഫിക്ക്)യില്‍ 18 നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറാറെടുപ്പിലാണ് ചൈന . ഇന്ത്യന്‍ മഹാസമുദ്ര തീരത്താണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കണ്ടെയ്‌നര്‍ തുറമുഖങ്ങള്‍. ആഗോള പെട്രോളിയം വ്യാപാരം പകുതിയിലധികവും ഈ തുറമുഖങ്ങളെ കേന്ദ്രീകരിച്ചാണ്. ഈ സമുദ്രത്തിലൂടെ  വര്‍ഷവും 9.84 ബില്ല്യണ്‍ ടണ്‍ ചരക്ക് നീക്കം കണക്കാക്കപ്പെടുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം17 ശതമാനത്തില്‍ നിന്ന് 2030 ല്‍ 28 ശതമാനമായി ഉയര്‍ന്നേക്കും . ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഈ വന്‍ വ്യാപാര – വാണിജ്യത്തോടൊപ്പം പ്രതിരോധ തന്ത്രപ്രധാന സാധ്യതകളില്‍ തന്നെയാണ് ചൈനയുടെ കണ്ണ്.
ശ്രീലങ്കന്‍ ഹാംന്തോട്ട തുറമുഖ പദ്ധതിയില്‍ നിന്ന് ആരംഭിച്ച ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്ര ആധിപത്യ സംസ്ഥാപനത്തിനെതിരെ  മോദിയുടെ ആക്ട് ഈസ്റ്റ് നയതന്ത്രങ്ങള്‍ക്ക് പക്ഷേ കാര്യമായ ചലനങ്ങളുണ്ടാക്കാനായിട്ടില്ല. അതേസമയം ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ ചൈനീസ് ആധിപത്യത്തിന് തടയെന്ന നിലയില്‍ 2015ല്‍ അസംപ്ഷന്‍ ദ്വീപില്‍ സീഷെല്‍സ് ഭരണകൂടവുമായി ഇന്ത്യന്‍ നാവിക താവള നിര്‍മ്മാണ കരാറിലെത്തിയെന്നത് ശ്രദ്ധേയം. കരാറിന്റെ അന്തിമ അനുമതിയുമായി ബന്ധപ്പെട്ട  അനിശ്ചിതാവസ്ഥ മാറ്റിയെടുക്കുന്നതില്‍ പക്ഷേ മോദി സര്‍ക്കാരിന്റെ നയതന്ത്ര ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ലതാനും. ഇതൊക്ക പറയുമ്പോഴും ഇറാനിലെ ചബ്ബാര്‍ തുറമുഖ പദ്ധതി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് വെല്ലുവിളിക്കെതിരെ ചെറിയ ആശ്വാസമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.  ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യന്‍ വ്യാപാര പ്രതിരോധ സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള  തുറമുഖമാണ് ഇറാന്റെ തെക്കുപടിഞ്ഞാറന് മേഖലയില്‍ നിര്‍മ്മിക്കുന്ന ചബ്ബാര്‍. 500 മില്യണ്‍ ഡോളര്‍. ചെലവില്‍ ഇന്ത്യയാണ് ഈ തുറമുഖം നിര്‍മ്മിക്കുന്നത്. തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോഴുള്ള 25 മില്യണ്‍ ടണ്‍ തുറമുഖ വ്യാപാര ശേഷി 85 മില്യണ്‍ ടണായി ഉയരുമെന്നത് ഇന്ത്യക്ക് ആശ്വാസമായേക്കുമെന്ന പ്രതീക്ഷ ശ്രദ്ധേയം.
നെഹ്രുവിന്റേതടക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വിദേശ നയത്തിന്റെ കാതല്‍ അന്തര്‍ ദേശീയ രാഷ്ര്ടീയത്തില്‍ ഇന്ത്യന്‍ കയ്യൊപ്പില്‍ ഒരു നവലോകക്രമമെന്നതായിരുന്നു. മോദിയുടെ ആകട് ഈസ്റ്റ് പോളസി പക്ഷേ ഇന്ത്യന്‍ വിദേശനയത്തെ ഒരു പ്രത്യേക മേഖലയിലേക്ക് ചുരുക്കികളഞ്ഞുവെന്ന് പറയേണ്ടിവരും. അതേസമയം ഇപ്പറഞ്ഞ മേഖലയിലെ ചൈനീസ് സ്വാധീനത്തെ മറികടക്കുവാനുള്ള ശ്രദ്ധേയമായ നയതന്ത്ര മികവ് പ്രകടിപ്പിക്കുന്നതില്‍  മോദി സര്‍ക്കാര്‍ മുന്നിലെന്ന് പറയുവാനും വയ്യ.

* ലേഖകന്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ  കൗണ്‍സില്‍ റിസര്‍ച്ച്  ഫെല്ലോയും  പാണഞ്ചേരിന്യൂസ്.കോം എഡിറ്ററുമാണ്

Post your comments