Global block

bissplus@gmail.com

Global Menu

മനോബലത്തെക്കാള്‍ വലിയ ഔഷധമുണ്ടോ?

കിഷോര്‍ തമ്പി

പ്‌ളസീബോ-യഥാര്‍ത്ഥത്തില്‍ ഒരു മരുന്നാണ്, പക്ഷെ മരുന്നാണോ എന്ന് ചോദിച്ചാല്‍ അതല്ല. രോഗിയുടെ തൃപ്തിക്കുവേണ്ടി നല്‍കുന്ന ഔഷധത്തെയാണ് പ്‌ളസീബോ എന്ന് പറയാനാകുക. ശരിക്കും രോഗത്തിനുള്ള മരുന്നല്ലെങ്കില്‍ പോലും ചില മരുന്നുകളുടെ പ്രയോഗം രോഗം മാറ്റിയേക്കാം
ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു രംഗമുണ്ട് മലയാള സിനിമയില്‍. 'വധു ഡോക്ടറാണ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ വധു ഡോക്ടര്‍ തന്നെയാണ്. പക്ഷെ ഒരു മൃഗഡോക്ടറാണെന്ന് മാത്രം. തന്നെ തേടിവരുന്ന ഒരു സാധാരണ മനുഷ്യന്റെ രോഗം ഈ ഡോക്ടര്‍ മാറ്റിയത് മൃഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുപയോഗിച്ചാണ്. ഡോക്ടറില്‍ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്ന ആ രോഗിക്ക് ശരിയായ മരുന്നല്ലങ്കില്‍കൂടി രോഗശമനം വന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ പ്‌ളസീബോ എഫക്ട് കാണിച്ചുതരുന്നത്. രോഗാവസ്ഥയില്‍ നാമുപയോഗിക്കുന്ന മരുന്ന് നമുക്ക് സുഖം പ്രാപിക്കുന്നതിനാണെന്ന് വിശ്വസിക്കുമ്പോള്‍ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ രോഗം ശമിപ്പിക്കുന്നതിന് തയ്യാറാകുന്നു. മരുന്ന് ഫലപ്രദമല്ലെങ്കില്‍ കൂടി എളുപ്പത്തില്‍ രോഗം മാറുകയും ചെയ്യുന്നു.
മനസ്‌സിന് ചില അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതിനും ഇത് തെളിവാണ്. ഇനി തൊഴിലിടങ്ങളില്‍ ഇതെങ്ങനെയെന്ന് നോക്കാം
1958 കാലഘട്ടത്തില്‍ ഹെന്റി എ ലാന്‍ഡ്‌സ്‌ബെര്‍ഗെര്‍, താന്‍ 1924-32 കാലത്ത്  കണ്ടെത്തിയ ചില നീരീക്ഷണങ്ങള്‍ ലോകത്തോട് പങ്കുവെച്ചു. ഹത്തോണ്‍ വര്‍ക്ക്‌സ്(ചിക്കാഗോക്ക് പുറത്തു ഒരു വെസ്‌റ്റേണ്‍ ഇലക്ട്രിക് ഫാക്ടറിയില്‍ നടത്തിയ പരീക്ഷണം). 'ഹത്തോണ്‍ എഫക്ട് എന്ന ഒരു നൂതന നിരീക്ഷണം തന്നെ(നിരീക്ഷകപ്രഭാവം) അദ്ദേഹം കണ്ടെത്തി.
വ്യക്തിയുടെ അവബോധത്തെ നിരീക്ഷിച്ച് സ്വഭാവത്തില്‍ വ്യത്യാസം വരുത്താമെന്ന് അദ്ദേഹം  കണ്ടെത്തി. പ്രചോദനം നല്‍കുന്നതിലൂടെ തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാമെന്നും ഇതിലൂടെ അദ്ദേഹം മനസ്‌സിലാക്കി.
ചുരുക്കത്തില്‍, തങ്ങളെ പരിഗണിക്കുകയും താത്പര്യമുണ്ടെന്നും തൊഴിലാളികളില്‍ തോന്നലുണ്ടായാല്‍ അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തുക്കുമെന്നും ഹെന്റി കണ്ടെത്തി. ഇന്‍ക്രിമെന്റിനെയും ബോണസിനെയുംകാള്‍ ശക്തി ഇത്തരം ചില വികാരങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് ഹെന്റിയുടെ തിയറി പറയുന്നത്. വ്യക്തിയുടെ മനസ്‌സില്‍ തൊഴിലിടത്തിന് ഇടം നേടാന്‍ കഴിഞ്ഞാല്‍ തൊഴിലാളികള്‍ ഏറ്റവും ഊന്നല്‍ നല്‍കുക ശമ്പളത്തെക്കാളുപരി തൊഴിലിനായിരിക്കുമെന്ന് സാരം. ഇതിലൂടെ ഉല്‍പ്പാദന ക്ഷമത ഇരട്ടിയിലേറെയായി വര്‍ധിക്കുന്നതായും കാണാം
ഫലപ്രദമായി മാനുഷിക ബന്ധം കൈകാര്യം ചെയ്യാനുള്ള നിരവധി വശങ്ങളുണ്ട്. ഒരു കമ്പനിയുടെ എച്ച് ആറിന്റെ ഏറ്റവും വലിയ റോള്‍ എന്തെന്നാല്‍ ഒരു വ്യക്തിയെ അവന് ക്ഷേത്രത്തില്‍ എത്തിച്ചപോലുള്ള തോന്നല്‍ യാന്ത്രികമായി ഉണ്ടാക്കുക എന്നതാണ്. അതവന്റെ വ്യക്തിപരമായും വൈജ്ഞാനികപരമ്യവുമായ വികാസങ്ങള്‍ക്ക് വഴിയൊരുക്കും.
കരുണ ചില സമയങ്ങളില്‍ ഒരു ഔഷധത്തിന്റെതായ ഗുണം ചെയ്യുന്നു.
ഒരു തെളിഞ്ഞ പ്രഭാതത്തില്‍ നമുക്ക് എന്താണ് അനുഭവപ്പെടുക? ദിനത്തില്‍ നമ്മള്‍ എങ്ങനെ പെരുമാറും? നമ്മുടെ മാനസികാവസ്ഥയെ ഏതെങ്കിലും വിധത്തില്‍ ഇത് ബാധിക്കുന്നുണ്ടോ? ഒരു മേഘാവൃതമായ ദിവസമാണോ? ഇത് നമ്മെ വിഷമിപ്പിക്കുകയും ചെയ്യുന്നു.അപ്പോള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളാണ് നമുക്കേറ്റവും നല്ല ഔഷധമായി മാറുന്നത്. ഊര്‍ജ്ജസ്വലരായിരിക്കുന്നവരോടൊപ്പം ജോലി ചെയ്യുമ്പോള്‍  യാന്ത്രികമായി നമുക്കും മാറ്റങ്ങളുണ്ടാകുന്നു. അസുഖമുള്ള ഒരാളോട് ഊര്‍ജ്ജസ്വലരായി സംസാരിക്കുമ്പോള്‍ അയാളുടെ രോഗത്തില്‍ നേരിയ ശമനമെങ്കിലും കാണാതിരിക്കില്ല.
ഒന്നു ചിന്തിച്ചാല്‍ നമുക്കും മരുന്നാകാം മറ്റുള്ളവരെ സ്വാധീനിക്കുകയും അവര്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തുകൊണ്ട് 'പ്‌ളസീബോ' ആയി മാറാന്‍ നമുക്ക് കഴിയും

Post your comments