Global block

bissplus@gmail.com

Global Menu

ശബരിമലയുടെ ഇക്കണോമിക്സ്

കെ എല്‍ മോഹനവര്‍മ്മ 

കേരളം ഈ വര്‍ഷം തീരെ അപ്രതീക്ഷിതമായ രണ്ടു ഇക്കണോമിക്ക് ദുരന്തങ്ങള്‍ക്ക് വേദിയായി. രണ്ടും കേരളീയ സമൂഹത്തെ വല്ലാതെ ഉലച്ചു. ആദ്യത്തേത് പ്രക്യതി നല്‍കിയതും രണ്ടാമത്തേത് നാം തന്നെ സ്യഷ്ടിച്ചതും ആയിരുന്നു. വെള്ളപ്പൊക്കവും ശബരിമല സംഘര്‍ഷവും. വെള്ളപ്പൊക്കത്തിന്, പതിവു പോലെ നാം സര്‍ക്കാരിന്റെയോ നമ്മളുടെ തന്നെയോ ചില വീഴ്ച്ചകളെ ചൂണ്ടിക്കാട്ടാമായിരുന്നെങ്കിലും ആരും അത് ദൈവമൊഴികെ ആരു വിചാരിച്ചാലും തടുത്തു നിര്‍ത്താമായിരുന്നു എന്ന്  പറയുകില്ല. എന്നാല്‍ ശബരിമലയിലെ പ്രശ്നത്തിന് നാമല്ലാതെ മറ്റാരും കാരണക്കാരല്ലെന്ന് നമുക്കറിയാം. വേണമെങ്കില്‍ നമ്മുടെ സിസ്റ്റത്തെയോ സര്‍ക്കാരിനെയോ നമ്മെത്തന്നെയോ കുറ്റം പറയാം. അത്ര മാത്രം.
ഇന്ത്യ ആധുനികകാലത്ത് അനൂഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങള്‍ രണ്ടായിരുന്നു. ബംഗാള്‍ ക്ഷാമവും ഇന്ത്യ–പാകിസ്ഥാന്‍ വിഭജനസമയത്തെ കൂട്ടക്കൊലകളും. ആദ്യത്തേതില്‍ മരിച്ചവരുടെ എണ്ണം ഇരുപതു ലക്ഷത്തിലേറെ  ആയിരുന്നു. രണ്ടാമത്തേതില്‍ കണക്കില്ല. പക്ഷെ പത്തു ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഇടയ്ക്കായിരുന്നുവെന്ന് എല്ലാ കണക്കന്മാരും സമ്മതിക്കുന്നുണ്ട്. പിന്നെ ഒന്നര കോടിയോളം ജനം വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നു. 
ബംഗാള്‍ ക്ഷാമത്തില്‍ പ്രക്യതിയായിരുന്നു വില്ലന്‍.  വിഭജനക്കൊലകളില്‍ നമ്മളും.
1943 ലാണ് ബംഗാള്‍ ക്ഷാമം. എഴുപത്തഞ്ചു  കൊല്ലമേ ആയുള്ളു.  അന്ന് ഈ കാലത്ത് ഭക്ഷണം കിട്ടാതെയും മലേറിയായും പട്ടിണിയും പരിസര മാലിന്യവും ചികിത്സയോ മരുന്നോ ലഭിക്കാതെയും ആണ് ജനം മരണപ്പെട്ടത്. ആയിരക്കണക്കിന് ഗ്രാമങ്ങള്‍ വിജനമായി. കോടിക്കണക്കിന് ജനം നിരാലംബരായി. ഈ ക്ഷാമം വരുത്തിവച്ച സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ കാര്‍ഷിക ഗ്രാമീണ സംസ്‌ക്കാരത്തില്‍ നിന്ന് ഇന്നും ആധുനികതയുമായി സമവായം കണ്ടെത്താനാകാതെ വലയുന്ന ബംഗാളിലെ പാവപ്പെട്ട ഗ്രാമീണന് ഒരു ദൗര്‍ബല്യമായി നിലനില്‍ക്കുന്നു. നാം ഇവിടെ നമ്മുടെ ചുറ്റും തന്നെ ഉദാഹരണം കാണുന്നുണ്ടല്ലോ. ഇന്ത്യയുടെ ബൗദ്ധികമായ ഔന്നത്യം അംഗീകരിക്കപ്പെട്ട വിവേകാനന്ദ സ്വാമികളുടെയും രബിന്ദ്രനാഥടാഗോറിന്റെയും പിന്നീട് പിന്നാലെ വന്ന മഹാരഥന്മാരുടെയും വിപ്‌ളവകാരികളുടെയും ചിന്തകരുടെയും നാടായ ബംഗാളിലെ ഗ്രാമങ്ങളില്‍ ഇന്നും ദാരിദ്ര്യം ഒരു സഹവാസിയാണ്. കേരളത്തിലെ ഒരു മാതിരി എല്ലാ അവിദഗ്ധ തൊഴിലുകളും ഏറ്റെടുത്തിരിക്കുന്ന ബംഗാളി ഭയ്യാമാര്‍ ഇതിന് സാക്ഷികളാണല്ലോ. 
ഇന്ത്യയും പാകിസ്ഥാനും സ്വാതന്ത്യം നേടിയ വീരഗാഥകള്‍ക്കിടയില്‍ നാം വിഭജനം മൂലം മരണപ്പെട്ട ഇരുപതു ലക്ഷത്തോളം സാധാരണ ഇന്ത്യക്കാരെ ഒരു കഥയിലൊതുക്കുകയാണ്. ആരും ഇക്കൂട്ടരെ ത്യാഗീകളായിപ്പോലും 
കണക്കാക്കുന്നില്ല. സ്മ്യതി മണ്ഡപമോ ഓര്‍മ്മപ്പെടുത്തലുകളോ പോലും ഉണ്ടാകുന്നില്ല. ഗാന്ധിജയന്തി പ്രസംഗങ്ങളില്‍ ആരും ഗാന്ധിജി ഇന്ത്യയുടെ വിഭജനത്തിനെ അവസാനനിമിഷം വരെ എതിര്‍ത്തിരുന്നു എന്ന സത്യം പറയാറില്ല. ഒരു രാഷ്ര്ടീയ തീരുമാനം ഏതു വിധം സമൂഹത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു എന്നതിന് ഉത്തമോദാഹരണമാണ് ഇന്ത്യ പാകിസ്ഥാന്‍ വിഭജനം.  ഇന്നും വിഭജനത്തിന്റെ ആ തീപ്പൊരികള്‍ കശ്മീരായും അതിര്‍ത്തി സംഘര്‍ഷമായും നില നില്‍ക്കുന്നു. ഇരു രാഷ്ടങ്ങളിലെയും സഹസ്രാബ്ദങ്ങളായി അയല്‍ക്കാരായി  ഒന്നിച്ചു ജീവിച്ച പാവപ്പെട്ടവരുടെ സമൂഹത്തിന് ലഭിക്കേണ്ട സമഗ്രവികസനം  ആയുധ നിര്‍മ്മാണമേഖലയിലെ  പ്രഗത്ഭരായ വിദേശ സ്വദേശി ഭീമന്മാര്‍ കൈയടക്കിയിരിക്കുന്നു. മതത്തിന്റെ പേരു കാട്ടിയുള്ള സ്പര്‍ദ്ധ നില നിര്‍ത്താന്‍ ഇരു ഭാഗത്തും അധികാരമോഹത്തിന് ഇന്നും കഴിയുന്നു എന്നുള്ളതാണ് ദു:ഖകരമായ സത്യം.          
നമുക്ക് നമ്മുടെ തുടക്കത്തില്‍ പറഞ്ഞ കേരള ദുരന്തങ്ങളിലേക്കു തിരിച്ചു വരാം. വെള്ളപ്പൊക്കത്തിന്റെയും ശബരിമലയിലേയും പ്രശ്നങ്ങള്‍ വരുത്തിയ വ്യക്തിപരവും ദൂരവ്യാപകവുമായ സാമ്പത്തിക നഷ്ടം  ഒരിക്കലും ഇക്കണോമിക്ക് അക്കക്കണക്കുകളില്‍ ഒതുക്കാവുന്നതിനും ഊഹോപാഹങ്ങള്‍ക്കും അപ്പുറമാണ്. ഒരു സാമ്പത്തിക വിദഗ്ദ്ധനും അത് കണക്കാക്കാനുള്ള പാണ്ഡിത്യം ഇന്നില്ല. പക്ഷെ അതുപോലെ ഈ ദുരന്തങ്ങളില്‍ നിന്ന് നാം നേടിയതും നാമറിയാതെ നമുക്കു ലഭിക്കുന്നതുമായ തിരിച്ചറിവിന്റെ ഇക്കണോമിക്ക് മൂല്യവും അക്കക്കണക്കുളുടെ വലകള്‍ക്കപ്പുറമാണ്. പ്രധാനമായും ഈ പ്രശ്നങ്ങള്‍ നമ്മളില്‍ ഒളിഞ്ഞിരുന്ന ഐക്യത്തെയും ദൗര്‍ബല്യത്തെയും തുറന്നു കാട്ടാന്‍ സഹായിച്ചു എന്നത് ഒരു തരത്തില്‍ വരും കാലത്തേക്കുള്ള ആശയപരമായ മൂലധന ഇന്‍പുട്ടാണ്. നമ്മുടെ വ്യക്തിപരമായ പ്രയോറിറ്റികള്‍ക്കു വരുത്താവുന്ന മാറ്റം നമ്മുടെ ഇക്കോണോമിക്ക് വളര്‍ച്ചയുടെ വേഗത കൂട്ടുകയും ചെയ്തേക്കാം. 
നമുക്കു ശബരിമല കാര്യമെടുക്കാം. ഹൈന്ദവസംസ്‌ക്യതിയുടെ ഭാഗമായി ഇന്ന് വിശ്വസിക്കപ്പെടുന്നെങ്കിലും ശബരിമലയിലെ അയ്യപ്പന്‍ മലയാളിയുടെ ജാതിമതാദികള്‍ക്കതീതമായ സങ്കല്‍പ്പമാണ്. 
മലയാളിയുടെ മാത്രമായ ചില സ്വത്തുക്കളുണ്ട്. 
            എഴുത്തിനിരുത്ത്. 
            വിഷുക്കൈനീട്ടം. 
            അതുപോലെയാണ് അയ്യപ്പനും.. 
            എന്റെ ബാല്യകാലത്ത്, 1936 ലാണ് ഞാന്‍ ജനിച്ചത്, മദ്ധ്യ തിരുവിതാംകൂറിലെ ചെന്നിത്തലയിലാണ് വളര്‍ന്നത്, പന്തളവും ശബരിമലയുമായി അടുത്ത ബന്ധവും പുലര്‍ത്തി യിരുന്നു. ഇക്കാലത്തേതുപോലെയല്ല. അന്ന് ശബരിമലയ്ക്കു പോകുക എന്നു വച്ചാല്‍ നാല്‍പ്പത്തൊന്നു ദിവസത്തെ കഠിനവ്രതം. ആ ദിനങ്ങളില്‍ ദുഷ്പ്രവര്‍ത്തികള്‍ പോയിട്ട് ദുഷ്ചിന്തകള്‍പോലും പാടില്ല. പൂര്‍ണ്ണ ബ്രഹ്മചര്യം. വ്രതഭംഗം ഉണ്ടായി എന്നു നേരിയ സംശയം ഉണ്ടായാല്‍ മതി പെരിയ സ്വാമി ആ പാപിയുടെ മാല ഊരിയ്ക്കും. മകരവിളക്കിന് ഏഴെട്ടു ദിവസം മുമ്പെയാണ് ഇരുമുടിക്കെട്ടുമായി തീര്‍ത്ഥയാത്ര തുടങ്ങുന്നത്. കാല്‍ നടയായേ യാത്ര പാടുള്ളു. കായലും ആറും കടക്കാന്‍ വള്ളമാകാം. എരുമേലി പേട്ട തുള്ളി കരിമല കയറി വിധി പ്രകാരം  വിരി വിരിച്ച് സ്വയം പാകം ചെയ്ത ഭക്ഷണം കഴിച്ച് 
പമ്പയിലെത്തി സ്നാനം ചെയ്ത് വേണം മല കയറി പതിനെട്ടാം പടിയിലെത്തി അയ്യപ്പനെ നേരിട്ടു കണ്ടു അനുഗ്രഹം വാങ്ങാന്‍. ലേശം വ്രതഭംഗം വന്നാല്‍ അയ്യപ്പന്റെ ചൈതന്യം ഭക്തനിലേക്ക് പകരുകയില്ല. പത്തു പതിനഞ്ചു ദിവസമെടുക്കും തിരികെ വന്ന് മാലയൂരി ഭക്തര്‍ സ്വന്തം കുടുംബജീവിതത്തിലേക്ക് മടങ്ങാന്‍. ഈ സമയത്ത് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനയായിരിക്കും, അയ്യപ്പസ്വാമീ, രക്ഷിക്കണേ, ഇവരാരും ചെന്ന് കടുവയുടെ മുന്നില്‍ പെടരുതേ, പമ്പാതീരത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഒറ്റയാന്‍ കൊമ്പനാന വന്ന് ഇവരെ ചവുട്ടിക്കൊല്ലരുതേ. ഈ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടായിരിക്കണം, മല കയറുന്നവര്‍ പോയതു പോലെ ശരിക്കു തിരിച്ചു വരുന്നത്. ശീലക്കേടു കാട്ടി വ്രതഭംഗം വരുത്തി ജീവന്‍ നഷ്ടപ്പെട്ട ഓരോ കൊല്ലത്തേയും പുതിയ പുതിയ കഥകള്‍ വിവരിക്കുന്നത് കേട്ടിരുന്നത് എന്റെ ബാല്യകാലത്തെ ആവേശമായിരുന്നു. 
1950 കളുടെ തുടക്കം മുതല്‍, പ്രത്യേകിച്ചും അമ്പലം കത്തി പൂതുക്കിപ്പണിയലോടെ എന്റെ പഴയ സ്വകാര്യ ശബരിമലയുടെ രൂപഭാവങ്ങള്‍ മാറി. 
ശബരിമല ദര്‍ശനത്തിലെ ആചാരങ്ങളും മാറി മറിഞ്ഞു. ആഘോഷങ്ങളും ആചാരം മാറിയാലും അതിനു പ്രതിവിധിയുണ്ട് എന്ന വിശ്വാസവും ശബരിമലയ്ക്ക് ഒരു വന്‍തീര്‍ത്ഥാടന സ്പോട്ടിന്റെ രൂപം വരുത്തി. ശബരിമല അയ്യപ്പന്‍ ഉത്തരേന്ത്യന്‍  ഹൈന്ദവ സമൂഹത്തിലെ ആരാധനാമൂര്‍ത്തിയല്ലെങ്കിലും ഓരോ വര്‍ഷവും മെല്ലെ നോണ്‍ മലയാളി തീര്‍ത്ഥാടകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഒരു അഡ്വെഞ്ചര്‍ ടെമ്പിള്‍ ടൂറിസം. ഇന്ത്യന്‍ ടെമ്പിള്‍ ടൂറിസത്തിലെ അഡ്വെഞ്ചര്‍ നിറഞ്ഞ ഗംഗോത്രി–അമര്‍നാഥ്– വൈഷ്ണവദേവി യാത്രകളെക്കാളും ആയാസം കുറഞ്ഞതും അതേ സമയം ആര്‍ക്കും വരാവുന്നതുമായ സ്പോട്ട്. ഇന്ത്യയിലെ ഇന്നത്തെ ടോപ്പ് ടെമ്പിള്‍ ടൂറിസകേന്ദ്രങ്ങള്‍ തിരുപ്പതിയും മുംബായിയിലെ സിദ്ധി വിനായക് ക്ഷേത്രവുമാണ്. അവയ്ക്കില്ലാത്ത ഒരു ആകര്‍ഷണീയത ശബരിമലയ്ക്കുണ്ട്. മല ചവിട്ടുന്ന അതേ സമയം ഹിമാലയത്തിലെ   തീര്‍ത്ഥാടന അഡ്വെഞ്ചറിന് വരാവുന്ന അപകട സാദ്ധ്യത തീരെയില്ലാത്ത ഏരിയാ. പിന്നെ കേരളത്തിലെ ആകര്‍ഷകമായ ഭൂപ്രക്യതി ആസ്വദിക്കുന്ന ബോണസ്‌സും. 
ഇന്നു വരെ ശബരിമല ഗ്ളോബല്‍ പോയിട്ട് നാഷണല്‍ ടൂറിസത്തിന്റെ പോലും കണക്കില്‍ ഗൗരവമായി വന്നിട്ടില്ല. ഒരു കാര്യം തീര്‍ച്ചയാണ്. ഇന്ന് ശബരിമല പെട്ടെന്ന് ലോകപ്രശസ്തി നേടി. വരും കാലത്ത് വാര്‍ത്തകള്‍ നെഗറ്റീവോ പോസിറ്റിവോ എന്നത് ഒരു പ്രശ്നമായിരിക്കില്ല. എറണാകുളത്തെ ശിവക്ഷേത്രം പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത അമ്പലവിശ്വാസികളല്ലാത്ത എന്റെ  കൊച്ചിവാസികളായ പല സുഹ്യത്തുക്കളും തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രം രത്ന സ്വര്‍ണ്ണ അറകളുടെ വിവരം സുപ്രിം കോടതി വഴി പുറത്തു വന്ന് പ്രശസ്തമായപ്പോള്‍ ഓടിപ്പോയി അവിടെ ദര്‍ശനം നടത്തി. കംബോഡിയായിലെ അംഗോര്‍വട് വിഷ്ണു ക്ഷേത്രം ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. 
ഇന്ന് കണ്സ്യൂമറിസം എന്ന പുതിയ അത്യാകര്‍ഷകമായ മതം നാമറിയാതെ നമ്മെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരും കാലത്ത് തീര്‍ച്ചയാണ്, ആ മതത്തിലെ പ്രധാന ആചാരം ഭക്ഷണവും വിനോദവുമായിരിക്കും. വിനോദത്തിലെ ഒരു പ്രധാന ഐറ്റം ടൂറിസവും. ഇന്ന് ഏറെ വിലക്കുകള്‍ കല്‍പ്പിക്കുന്ന മിക്ക ആചാരങ്ങളും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കു മുന്നില്‍ അടിയറവു പറയും. ഈ മാറ്റം അനിവാര്യമാണ്. 
ശബരിമല സംഘര്‍ഷം ശരിക്കും ഇപ്പോള്‍ പെട്ടെന്ന് ഒരു ടൂറിസ്റ്റ് ആര്‍ഷണമെന്ന നിലയില്‍ ആഗോളവും ദേശീയവുമായ റേറ്റിംഗില്‍ ശബരിമലയുടെ സ്ഥാനം എത്ര പടികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ക്യത്യമായി കണക്കാക്കാന്‍ നമുക്ക് മാപിനികളില്ല. പക്ഷെ ഒന്ന് തീര്‍ച്ചയാണ്. ശബരിമല ദര്‍ശനത്തിനു വരുന്ന ജനത്തിരക്ക് ജ്യോമട്രിക്ക് പ്രപ്രോര്‍ഷനിലാകും ഓരോ കൊല്ലവും വര്‍ദ്ധിക്കുക.  
പതിവു എതിര്‍പ്പുകള്‍ക്കു ശേഷം വിമാനത്താവളങ്ങളും റിസോര്‍ട്ടുകളും ആകര്‍ഷകമായ അനവധി ആഘോഷങ്ങളും ഭൂപ്രക്യതിയുടെ പ്രത്യേകത നിലനിര്‍ത്തിക്കൊണ്ട് ശബരിമലയുടെ ചുറ്റും ഉയര്‍ന്നു വരും. കേരളത്തിലെ ഇക്കോണമിയുടെ  ഒരു സുപ്രധാന സ്രോതസ്‌സായി കേന്ദ്രമായി ശബരിമല മാറും. 
ശബരിമല ദൈവത്തിന്റെ നാട് എന്ന ടൂറിസ്റ്റ് തല വാചകം അന്വര്‍ത്ഥമാകും. നമ്മുടെ ദൈവം നമ്മുടെ മാത്രമായ അയ്യപ്പനാണല്ലോ. 

Post your comments