Global block

bissplus@gmail.com

Global Menu

ശബരിമല...?

ശബരിമലയില്‍ ഒരു വര്‍ഷം 5 കോടി അയ്യപ്പഭക്തര്‍ എത്തും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ അതും വെറും 120 ദിവസം കൊണ്ടു മാത്രം. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇക്കൊല്ലത്തെ ശബരിമല സീസണിനെകുറിച്ച് ആശങ്കയുളവാക്കിയിട്ടുണ്ട്. പുണ്യപൂങ്കാവനമായ ശബരിമലയ്ക്കുണ്ടായ വിവാദങ്ങള്‍ വിശ്വാസിക്കും അവിസ്വാസിക്കും വേദന ഉളവാക്കുന്നതാണ്. കെ.എസ്.ആര്‍.ടി.സി. യും ദേവസ്വം ബോര്‍ഡും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ നിലനില്പിന് അവര്‍ ശബരിമല എന്ന പൂങ്കാവനത്തോട് കടപ്പെട്ടിരിക്കുന്നു. നടവരവ്, കാണിക്ക, അപ്പം, അരവണ വരുമാനവും മാത്രമല്ല അതിനെക്കാള്‍ എത്രയോ വലിയ നന്മകളാണ് അയ്യപ്പഭക്തര്‍ നല്‍കുന്നത്. ശബരിമല സീസണ്‍ മാത്രം ആശ്രയിച്ച് കഴിയുന്ന അനേകായിരം പേര്‍ ഉണ്ട്. ആദിവാസികള്‍ മുതല്‍ മിനറല്‍ വാട്ടര്‍ കമ്പനിവരെ, കോണ്‍ട്രാക്ടര്‍ മുതല്‍ ഹോട്ടല്‍ തൊഴിലാളി വരെ ഡോളി ചുമക്കുന്നവര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെ, ശാന്തി മുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വരെ. ശബരിമലയിലെ വരുമാനം കൊണ്ടാണ് കേരളത്തിലെ ആയിരത്തോളം ക്ഷേത്രങ്ങള്‍ നിത്യപൂജ നടത്തുന്നത്. ശബരിമലയുടെ ചൈതന്യത്തിന് കോട്ടം തട്ടിയാല്‍ അത് കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും
വിവാദങ്ങള്‍ ശബരിമലയെ അശാന്തമാക്കുമ്പോള്‍ കഴിഞ്ഞ 3 മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. മഹാപ്രളയവും യുവതീപ്രവേശ വിവാദവുമാണ് ദേവസ്വംബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചത്.
നിറപുത്തരി മുതല്‍ തുലാമാസ പൂജവരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 13.11 കോടി രൂപ കിട്ടിയപ്പോള്‍ ഇത്തവണ ലഭിച്ചത് 4.79 കോടി രൂപമാത്രം. പ്രളയത്തെ തുടര്‍ന്നു ചിങ്ങമാസ പുജയ്ക്കു ഭക്തര്‍ ഇല്ലായിരുന്നു. യുവതീപ്രവേശ വിവാദത്തിനുശേഷം ഭണ്ഡാരത്തില്‍ കാണിയ്ക്ക ഇടരുതെന്നും വഴിപാട് സാധനങ്ങള്‍ വാങ്ങിനല്‍കിയാല്‍ മതിയെന്നുമുള്ള പ്രചാരണം ശക്തമാണ്. അതിനാല്‍ കാണിക്കയില്‍ 'സ്വാമിശരണം' എന്നെഴുതിയ പേപ്പറുകള്‍ ഏറെയായിരുന്നു. തുലാമാസ പൂജാദിനത്തില്‍ ലഭിച്ചത് 2.67 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 5.62 കോടി ലഭിച്ചു.
വരുമാനത്തില്‍ ഈ ഇടിവ് ഇപ്പോള്‍ത്തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ദേവസ്വം ബോര്‍ഡിന് ബുദ്ധിമുട്ട് ഉണ്ടാക്കും. ലഭ്യമായ കണക്കുകള്‍പ്രകാരം 2017-18 ല്‍ ശബരിമല ഉള്‍പ്പെട്ട ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള വരുമാനം 680 കോടി രൂപയാണ്. ബോര്‍ഡിന് കീഴിലുള്ള 1243 ക്ഷേത്രങ്ങളില്‍ ചിലവിനെക്കാള്‍ വരുമാനം ഉള്ളത് 61 ക്ഷേത്രങ്ങള്‍ മാത്രമാണ്. ഈ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണ് ബാക്കി 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 4000 പെന്‍ഷന്‍കാര്‍, 6000 ജീവനക്കാരും ദേവസ്വംബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്ര ചിലവുകള്‍ക്കായി പോയവര്‍ഷത്തെ നീക്കിയിരുപ്പ് 678 കോടിയാണ്. 
വിശ്വാസത്തിന്റെ കണക്ക് എടുക്കുകയല്ല ഇവിടെ വിവാദം ഉണ്ടാക്കുന്നവരും ഇതെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ശബരിമല വിവാദം തുടര്‍ന്നാല്‍ അത് നവകേരള സൃഷ്ടിക്ക് ആഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തെക്കാള്‍ ദോഷം ചെയ്യും എന്ന് ബന്ധപ്പെട്ടവര്‍ മനസ്‌സിലാക്കും എന്ന് പ്രത്യാശിക്കുന്നു.

 

Post your comments