Global block

bissplus@gmail.com

Global Menu

വ്യക്തിത്വവും ഫോബിയയും

ജോബിന്‍ എസ്. കൊട്ടാരം

പ്രത്യേക സാഹചര്യങ്ങളോടോ, വസ്തുക്കളോടോ ഉള്ള അകാരണമായ ഭയമാണ് സ്‌പെസിഫിക് ഫോബിയ എന്നറിയപ്പെടുന്നത്. ഭക്ഷണം, ധ്യാനം, വ്യായാമം, യോഗാഭ്യാസം മുതലായവ വഴിയും ഫോബിയായെ ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ സാധിക്കും
യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അകാരണമായ ഭയത്തെയാണ് ഫോബിയ എന്നു പറയുന്നത്. ദുര്‍ഭീതി എന്നര്‍ത്ഥമുള്ള 'ഫോര്‍ബോസ്'  എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഫോബിയ എന്ന വാക്കുണ്ടായത്
എന്റെ വാക്കുകള്‍ക്ക് ആല്‍പ്‌സ് പര്‍വ്വതം തടസ്സമായാല്‍ ആ പര്‍വ്വതം ഇനി അവിടെ വേണ്ട എന്നു പറഞ്ഞ വിശ്വവിഖ്യാത പോരാളി നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഒരു പൂച്ചയെ കണ്ടാല്‍ പേടിച്ചു വിറയ്ക്കുമായിരുന്നു. പ്രശസ്ത ടെന്നീസ് താരമായ ആന്ദ്രേ ആഗസിക്ക് എട്ടുകാലി ഫോബിയായാണ് ഉണ്ടായിരുന്നത്.
വ്യോമയാന രംഗത്ത് വെന്നിക്കൊടി പാറിച്ച അമേരിക്കന്‍ ബിസിനസ് മാഗ്‌നറ്റ് ഹോവാര്‍ഡ് ഹ്യൂസ് വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയായിരുന്നു. ഹോളിവുഡ് സിനിമാ സംവിധായകന്‍, നിര്‍മ്മാതാവ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപ ചിലവഴിച്ച മനുഷ്യസ്‌നേഹി എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ഹോവാര്‍ഡ് ഹ്യൂസിന്റെ ഫോബിയ രോഗാണുക്കളോടുള്ള ഭയമായിരുന്നു.
രോഗാണുക്കളില്‍ നിന്നും രക്ഷപ്പെടുവാന്‍ സമുദ്ര മധ്യത്തില്‍ ഒരു ദ്വീപ് വാങ്ങി അണുനാശിനി പൂരിതമായ ഒരു വീട് പണിയിച്ച് ഇയാള്‍ അവിടെ താമസമാക്കി. വസ്ത്രത്തിലൂടെ രോഗാണുക്കള്‍ തന്നെ ആക്രമിച്ചാലോ എന്നു ഭയന്ന്  പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ അവിടെ താമസിച്ചത്. കുളിച്ച് വൃത്തിയായി മാത്രമേ ജോലിക്കാര്‍ക്ക് ഇയാളുടെ അടുക്കലേക്ക് വരുവാന്‍ സാധിക്കുമായിരുന്നുള്ളു
രോഗാണുക്കളെ ഭയന്ന് ഭക്ഷണംപോലും നേരാംവണ്ണം കഴിക്കുവാന്‍ ഹോവാര്‍ഡ് ഹ്യൂസിനായില്ല. താന്‍ കഴിക്കുവാന്‍ പോകുന്ന ആപ്പിളിനുള്ളില്‍ രോഗാണുക്കള്‍ പതിയിരുപ്പുണ്ടോ എന്ന് അദ്ദേഹം ഭയന്നു. നഖം വെട്ടിലും, തലമുടി വെട്ടുന്ന കത്രികയിലുമൊക്കെ രോഗാണുക്കളെ പ്രതീക്ഷിച്ച ഹോവാര്‍ഡ് ഹ്യൂസ് നീണ്ട നഖങ്ങളും മുറിക്കാത്ത മുടിയുമായാണ് തന്റെ അവസാന കാലഘട്ടം ചിലവഴിച്ചത്. ഭക്ഷണം വേണ്ട രീതിയില്‍ കഴിക്കുവാനാകാതെ മയക്കുമരുന്നിനടിമപ്പെട്ട് വെറും നാല്പത്തിയൊന്ന് കിലോ ഭാരവുമായാണ് ഇദ്ദേഹം മരണത്തിലേക്ക് നടന്നടുത്തത്.
ലിയാനര്‍ഡോ ഡി കാപ്രിയോ അഭിനയിച്ച 'ദ ഏവിയേറ്റര്‍'എന്ന സിനിമ ഹോവാര്‍ഡ് ഹ്യൂസിന്റെ ജിവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
അമേരിക്കന്‍ സൈക്യാട്രിസ്റ്റ് സൊസൈറ്റി 1994-ല്‍ പുറത്തിറക്കുകയും 2004-ല്‍ വിപുലപ്പെടുത്തുകയും ചെയ്ത ഡയഗ്‌നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസ്ഓര്‍ഡേര്‍ഡ് IV-(DSM-IV)   പ്രകാരം ഫോബിയാകളെ പ്രധാനമായും മൂന്നായാണ് തരംതിരിച്ചിരിക്കുന്നത്.
സ്‌പെസിഫിക് ഫോബിയ (speciffic phobia), സോഷ്യല്‍ ഫോബിയ (social phobia), അഗോറാഫോബിയ(Agora Phobia) എന്നിവയാണിവ.
പ്രത്യേക സാഹചര്യങ്ങളോടോ വസ്തുക്കളോടോ ഉള്ള അകാരണമായ ഭയമാണ് സ്‌പെസിഫിക് ഫോബിയ എന്നറിയപ്പെടുന്നത്. പാമ്പിനോടും, എട്ടുകാലിയോടുമുള്ള ഭയം, രക്തത്തോടുള്ള ഭയം, പ്രസവത്തോടുള്ള ഭയം, വിവാഹം കഴിക്കാനുള്ള ഭയം, കാറ്റിനോടുള്ള ഭയം, ശസത്രക്രിയയോടുള്ള  ഭീതി, ശവകല്ലറകളോടുള്ള ഭീതി, കുപ്പിച്ചില്ലിനോടുള്ള ഭീതി, തീയോടുള്ള ഭീതി തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.  

Post your comments