Global block

bissplus@gmail.com

Global Menu

റിവേഴ്‌സ് മോര്‍ഗേജ്

മനോജ് തോമസ്

റിട്ടയര്‍മെന്റ് പ്‌ളാനിങ്ങിനെക്കുറിച്ചൊക്കെ സമീപകാലത്താണ് ശ്രദ്ധയില്‍പ്പെടുന്നത്. പത്രങ്ങളിലും ഇതരമാധ്യമങ്ങളിലുമൊക്കെ സമീപകാലത്ത് റിട്ടയര്‍മെന്റ് പ്‌ളാനിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ മുന്‍പ് ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ശ്രദ്ധിക്കാമായിരുന്നു. ഇന്നിപ്പോള്‍ വൈകിപ്പോയി. റിട്ടയര്‍മെന്റിന് ഇനി ബാക്കിയുള്ളത് ഏഴു വര്‍ഷം മാത്രം. എടുത്ത ഭവനവായ്പ്പയുടെ തിരിച്ചടവു കഴിഞ്ഞിട്ട് ഇനിയൊന്നിനും പണം മിച്ചമില്ല. റിട്ടയര്‍മെന്റ് എന്ന ആവശ്യത്തിനു വേണ്ട മുന്‍കരുതല്‍ നടത്താനാകാതെപോയ ഒരാളുടെ വാക്കുകളാണ് മുകളില്‍ കൊടുത്തത്.
റിട്ടയര്‍മെന്റിനായി ഒന്നും കരുതാനാകാതെപോയവര്‍, വളരെ ആവേശത്തോടെ ഇക്കാര്യത്തിനായി നിക്ഷേപം തുടങ്ങിയെങ്കിലും മറ്റു ചില അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ കാരണം ഇത് ഇടയ്ക്കുവെച്ച് ഉപേക്ഷിക്കേണ്ടി വന്നവര്‍, മോശമായ ചില നിക്ഷേപമാധ്യമങ്ങള്‍ തിരഞ്ഞെടുത്തതു വഴി റിട്ടയര്‍മെന്റ് പ്‌ളാനിങ്ങ് പൊളിഞ്ഞുപോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുണ്ട്. ഇവരും വൈകിയിട്ടില്ല എന്നോര്‍മ്മിപ്പിക്കാനാണ് 2007-ല്‍ ഗവണ്‍മെന്റ് റിവേഴ്‌സ് മോര്‍ഗേജ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.
ഭവനമെന്ന എക്കാലത്തെയും വലിയ സാമ്പത്തികലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള തത്രപ്പാടിലാണ് സാധാരണക്കാര്‍. മറ്റു സാമ്പത്തികലക്ഷ്യങ്ങള്‍ മറന്നുപോവുകയോ ബോധപൂര്‍വം വിസ്മരിക്കുകയോ ചെയ്യുന്നത്. കടവും മറ്റുമെടുത്ത് ഭവനമെന്ന സ്വപ്നം സാമാന്യം ഭംഗിയായി പൂര്‍ത്തീകരിക്കുന്നയാള്‍ പിന്നീട് ഇതിന്റെ ലോണ്‍ തിരിച്ചടയ്ക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. ഒടുവില്‍ ബിസിനസോ ജോലിയോ അവസാനിപ്പിച്ച് വിശ്രമജീവിതം ആരംഭിച്ചു തുടങ്ങുമ്പോഴാവും വരുമാനസ്രോതസ് നിലച്ചല്ലോ എന്ന വസ്തുതയും തന്റെ ചിരകാലസ്വപ്നമായിരുന്ന വീട് കേവലം ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ് ആയിപ്പോയല്ലോ എന്നും ഒരാള്‍ തിരിച്ചറിയുക. ഉയരുന്ന ജീവിതച്ചെലവുകള്‍, വാര്‍ദ്ധക്യകാലത്തു വേണ്ടിവരുന്ന ഉയര്‍ന്ന ചികിത്‌സാച്ചെലവുകള്‍, മക്കള്‍ നല്ലനിലയിലാണെങ്കില്‍ കൂടി പണത്തിന് അവരെ സമീപിക്കാനുള്ള മടി-റിട്ടയര്‍മെന്റിനു ശേഷം ആസ്വദിക്കേണ്ട വാര്‍ധക്യകാല വിശ്രമജീവിതത്തിന്റെ മനോഹാരിത തല്ലിക്കെടുത്തുന്ന കാര്യങ്ങള്‍തന്നെയാണിത്
ഒരു നിശ്ചിത പ്രതിമാസ 'വരുമാനം' താമസിച്ചുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ ഈടിന്മേല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു ലഭിക്കുന്നു. ഏറ്റവും ലളിതമായി റിവേഴ്‌സ് മോര്‍ഗേജിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഭവനവായ്പ എന്താണോ അതിനു നേരെ വിപരീതമാണ് റിവേഴ്‌സ് മോര്‍ഗേജ് എന്നു വേണമെങ്കില്‍ പറയാം. വീടു പണിയാനോ വാങ്ങാനോ നിങ്ങള്‍ക്ക് ഒരു തുക ബാങ്കില്‍ നിന്ന് ലഭിച്ചു. ആ തുക കൊണ്ട് നിങ്ങള്‍ വീടു പണിയുകയോ വാങ്ങുകയോ ചെയ്യുകയും ലോണ്‍ തുക പലിശയടക്കം പ്രതിമാസത്തവണകാളായി(ഇ.എം.ഐ) ബാങ്കില്‍ അടച്ചുതീര്‍ക്കുകയും ചെയ്യുന്നതാണ് ഭവനവായ്പ
എന്നാല്‍, റിവേഴ്‌സ് മോര്‍ഗേജില്‍ നിങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീട് നിങ്ങള്‍ ബാങ്കില്‍ പണയപ്പെടുത്തുന്നു. അതിനു ബദലായി ബാങ്ക് നിങ്ങള്‍ക്ക് പ്രതിമാസം ഒരു തുക ഒരു നിശ്ചിത കാലയളവിലേക്കു നല്കിക്കൊണ്ടിരിക്കും. റിട്ടയര്‍മെന്റു കാലത്ത്, വരുമാനം നിലച്ചിരിക്കുന്ന സമയത്ത് അങ്ങേയറ്റം അനുഗ്രഹമായ ഈ സ്‌കീം നമ്മുടെ നാട്ടില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയതിനു കാരണങ്ങളുണ്ട്.
പണപ്പെരുപ്പം മൂലം ചെലവുകള്‍ എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും റിവേഴ്‌സ് മോര്‍ഗിലൂടെ ലഭിക്കുന്ന മാസവരുമാനം ലോണ്‍ കാലാവധി തീരുംവരെ മാറ്റമില്ലാതെ തുടരുന്നു.
ബാങ്കുകള്‍ ഈയൊരു സ്‌കീം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ എന്തുകൊണ്ടോ തെല്ലു വിമുഖത കാട്ടുന്നു
തങ്ങളുടെ പൈതൃകസമ്പത്തു ലഭിക്കാതെ പോയേക്കുമോ എന്ന ആശങ്കയില്‍ അനന്തരാവകാശികള്‍ തങ്ങളുടെ മാതാപിതാക്കളെ ഈയൊരു ലോണ്‍ എടുക്കുന്നതില്‍ നിന്നും നിരുത്‌സാഹപ്പെടുത്തുന്നു. ആളുകളുടെ ചിന്താഗതി കാലത്തിനൊപ്പം മാറുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് മികച്ചൊരു വരുമാനസ്രോതസ്‌സായ റിവേഴ്‌സ് മോര്‍ഗേജിനെക്കുറിച്ച് അതുകൊണ്ടു തന്നെ അറിഞ്ഞിരിക്കണം
ചെറുപ്പക്കാരനായ ഒരാള്‍പോലും ബാങ്കില്‍ നിന്ന് ലോണെടുക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ കേള്‍ക്കുമ്പോള്‍ തെല്ലൊന്നമ്പരക്കും. പ്രായംകൂടിയ ഒരാളുടെ കാര്യം പറയുകയും വേണ്ട. എന്നാല്‍, ഭവനവായ്പയ്ക്കു വേണ്ടുന്ന ഏതാണ്ട് നടപടിക്രമങ്ങള്‍ മാത്രമേ ഇവിടെയും ആവശ്യമുള്ളൂ എന്നറിഞ്ഞിരിക്കുക
സ്വന്തമായി വാങ്ങിയതും സ്വയം താമസിക്കുന്നതുമായ വീടുകളുടെ ഈടിന്മേലാണ് ഈ ലോണ്‍ ലഭിക്കുക. പൈതൃകമായി ലഭിച്ച സ്വയം താമസിക്കുന്ന വീടിനും ചില നിബന്ധനകള്‍ക്കു വിധേയമായി ലോണ്‍ ലഭ്യമാകും
ഈ ലോണ്‍ എടുക്കുന്നവര്‍ക്കു പ്രതിമാസം ഇത്ര വരുമാനം വേണം എന്ന യാതൊരു നിഷ്‌കര്‍ഷയും ഈ സ്‌കീമിലില്ല
വിവിധ ബാങ്കുകള്‍ പരമാവധി നല്കുന്ന വായ്പയും/പലിശയും/കാലാവധിയും ഈ സ്‌കീമില്‍ വ്യത്യസ്തമാണ്. ആയതിനാല്‍ ഇക്കാര്യങ്ങള്‍ ബാങ്കില്‍ നിന്ന് കൃത്യമായി ചോദിച്ചറിയുക. ഇന്ത്യക്കാരായ 60 വയസ്‌സിനു മുകളിലുള്ള ആളുകള്‍ക്കാണ് ഈ ലോണ്‍ ലഭ്യമാക്കുക. ബാങ്കുകള്‍ നടത്തുന്ന വാല്വേഷന്റെ അടിസ്ഥാനത്തിലാണ് പരമാവധി നല്കാവുന്ന ലോണ്‍തുക നിജപ്പെടുത്തുക. ബാങ്കുകള്‍ മാര്‍ജിന്‍ കിഴിച്ച ശേഷമാണ് ഈ തുക നിജപ്പെടുത്തുന്നത്.
ഉദാഹരണത്തിന്, ബാങ്കിന്റെ വാല്വേഷന്‍ അനുസരിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന പ്രോപ്പര്‍ട്ടിക്ക് 20 ശതമാനം മാര്‍ജിനാണ് ബാങ്ക് നിഷ്‌ക്കര്‍ഷിക്കുന്നതെന്നു കരുതുക. അങ്ങനെയെങ്കില്‍ മാര്‍ജിനായ നാലു ലക്ഷം രൂപ കിഴിച്ചതിനുശേഷമുള്ള 16 ലക്ഷം രൂപയാവും ബാങ്കുകള്‍ പ്രതിമാസ റിവേഴ്‌സ് മോര്‍ഗേജ് ഇന്‍സ്റ്റാള്‍മെന്റിനായി പരിഗ ണിക്കുക. 10.75 ശതമാനം പലിശ ഈടാക്കുന്ന ഒരു ബാങ്ക് പത്തുവര്‍ഷക്കാലാവധിയില്‍ പ്രതിമാസം നല്കുന്ന തുക 7488 രൂപയായിരിക്കും. വിവിധ കാലയളവുകളിലേക്കുള്ള തുക ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 60 വയസ്‌സു കഴിഞ്ഞയാള്‍ക്ക് ഒറ്റയ്‌ക്കോ ജിവിതപങ്കളിയോടു ചേര്‍ന്നോ ഈ ലോണ്‍ എടുക്കാവുന്നതാണ്. പങ്കാളിയെക്കൂടി ഉള്‍പ്പെടുത്തി ലോണ്‍ എടുക്കാനാണെങ്കില്‍ പങ്കാളിക്ക് 58 വയസ്‌സു കഴിഞ്ഞിരിക്കണം
ഈ ലോണിനായി നല്കുന്ന വീടിനു മറ്റു യാതൊരു ബാധ്യതകളും ഉണ്ടായിരിക്കരുത്
റിട്ടയര്‍മെന്റ് പ്‌ളാനിങ്ങിനായി ഒന്നും കരുതിവച്ചിട്ടില്ലാത്തവര്‍ക്കും തന്റെ അധ്വാനം മുഴുവന്‍  വീടിനായി ചെലവഴിച്ചുപോയി എന്നു പരിതപിക്കുന്നവര്‍ക്കും ആശ്വാസം തന്നെയാണ് റിവേഴ്‌സ് മോര്‍ഗേജ്!
മുന്‍കൂട്ടി തിരിച്ചടച്ചാല്‍ പിഴയൊന്നും ഈടാക്കാത്ത ഈ ലോണ്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടച്ച  ് ആധാരം തിരികെ വാങ്ങാവുന്നതാണ്. ഇനി തിരിച്ചടയ്ക്കാന്‍ ഉദ്യേശമില്ലാത്തവര്‍ക്ക് ഈ ലോണെടുത്ത അവസാന പങ്കാളിയും മരണപ്പെടുകയോ, ഈ വീടു വില്ക്കാന്‍ തീരുമാനിക്കുകയോ, ഈ വീട്ടില്‍ നിന്നും സ്ഥിരമായി മറ്റെങ്ങോട്ടേക്കെങ്കിലും മാറാന്‍ തീരുമാനിക്കാന്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഈ ലോണ്‍ തിരിച്ചടയ്‌ക്കേണ്ടി വരുക. ലോണെടുത്ത ആളുകള്‍ക്കോ അവര്‍ മരണപ്പെട്ടാല്‍ അനന്തരാവകാശികള്‍ക്കോ ഈ തുക അടച്ച് ലോണ്‍ തീര്‍ത്ത് ആധാരം തിരികെ നല്കാന്‍ ബാങ്ക് അവസരം നല്കും. ലോണടച്ച് ആധാരം തിരികെയെടുക്കാന്‍ ആരും സന്നദ്ധത പ്രകടിപ്പിക്കുന്നില്ലെങ്കില്‍ വീടു വിറ്റ് ലോണ്‍ തുക വസൂലാക്കാനുള്ള അധികാരം ബാങ്കിനുണ്ടായിരിക്കും. ലോണ്‍ തിരിച്ചടച്ചതിനുശേഷമുള്ള തുക അനന്തരാവകാശികള്‍ക്കു തന്നെ ലഭിക്കും
വലിയ പ്രോപ്പര്‍ട്ടി സ്വന്തം പേരില്‍ ഉണ്ടായിരിക്കുകയും ദൈനംദിനച്ചെലവുകള്‍ക്കു പണമില്ലാതെ വിഷമിക്കുകയും ചെയ്യുന്ന ഒട്ടേറെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരുംകാലങ്ങളില്‍ റിവേഴ്‌സ് മോര്‍ഗേജ് തുണയാവും എന്നുതന്നെ പ്രതീക്ഷിക്കാം

Post your comments