Global block

bissplus@gmail.com

Global Menu

പാരമ്പര്യത്തിന്റെ പകിട്ടോടെ ഖാദി

ഭാരതീയരുടെ മനസ്‌സില്‍ ശക്തമായ ഒരു സ്ഥാനം ഖാദിക്കുണ്ട്. ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളവും വളരെ അഭിമാനകരമാണ്. നമ്മുടെ പാരമ്പര്യം, സംസ്‌കാരം, ചരിത്രം ഇവയെല്ലാം ഖാദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളില്‍  ഖാദിക്ക് പ്രധാനമായ സ്ഥാനമുണ്ട്. ഖാദി ഗ്രാമ വ്യവസായങ്ങളുടെ വികസനത്തിനും ഉന്നമനത്തിനുമായുള്ള ഖാദി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ബിസിനസ്‌സ് പ്‌ളസിനോട് മനസ്‌സ് തുറക്കുന്നു.

പാരമ്പര്യതനിമയില്‍ 
നമ്മുടെ സംസ്‌കാരത്തിന്റെയും ദേശീയതയുടെയും ഭാഗമാണ് ഖാദി. പരമ്പരാഗതമായ രീതിയിലുള്ള ഒരു വ്യവസായമായതിനാല്‍ കാര്യമായ രീതിയിലുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഒരു മേഖലയാണ് ഖാദി. തുച്ഛമായ മുതല്‍മുടക്കില്‍ നിരവധി പേര്‍ക്ക് ജോലി നല്‍കുവാന്‍ സാധിക്കുന്ന ഒരു പ്രസ്ഥാനമാണ്. സാധാരണ ജനങ്ങളുമായി നല്ല ബന്ധമുള്ള ഒരു മേഖലയാണിത്. നിരവധി സ്ത്രീകള്‍ ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂല്‍ നൂല്‍ക്കുന്നതും മറ്റും വളരെ ക്ഷമയോടെ ചെയ്യുന്ന ഒന്നാണ്. അതിനാലാകാം സ്പിന്നിങ്, വീവിങ്ങ് ഇതിലോക്കെ സ്ത്രീകളാണധികവും ഉള്ളത്. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഖാദി ബോര്‍ഡ് ഒരു വലിയ അഭയസ്ഥാനം പോലെയാണ്. വളരെ സാധാരണക്കാരായിട്ടുള്ള ഒരു ജനവിഭാഗവും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ഇവരുടെ ഒരു ഉന്നമനമാണ് ഖാദി വസ്ത്രങ്ങള്‍ വാങ്ങുമ്പോഴും അവ ധരിക്കുമ്പോഴും ഉണ്ടാകുന്നത്. 
മുതിര്‍ന്ന തലമുറയാണ് ഇപ്പോള്‍ കൂടുതലായി ഈ ഉത്പന്നങ്ങള്‍ അധികവും ഉപയോഗിക്കുന്നത്. യുവതലമുറയും ഖാദി വസ്ത്രങ്ങളില്‍ താത്പര്യമുള്ളവരാണ്. ഖാദി വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ലഭിക്കുന്ന കംഫര്‍ട്ടബിലിറ്റി വളരെ പ്രധാനമാണ്. യുവജനതയ്ക്ക് ഉപയോഗിക്കുവാനുള്ള ആകര്‍ഷകമായ വസ്ത്രങ്ങള്‍ ഖാദിയിലുണ്ട്.  വസ്ത്രങ്ങളിലെ പുതുമ, ഡിസൈനിലെ പുതുമ ഇവയെല്ലാം ഖാദിയെ യുവ തലമുറയിലും ആകര്‍ഷകമാക്കുന്നു. പുതിയ ഡിസൈനുകളുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഉണ്ടാക്കി ആകര്‍ഷകമായ രീതിയില്‍ വിപണനം ചെയ്യുവാനുള്ള ശ്രമങ്ങളുണ്ട്. വിവിധ ഫംഗ്ഷനുകള്‍ക്കു ധരിക്കാവുന്ന ഖാദി വസ്ത്രങ്ങള്‍ ഉണ്ട്. വിവാഹങ്ങള്‍ക്കും  ഉപയോഗിക്കാവുന്ന മനോഹരമായ ഖാദി വസ്ത്രങ്ങള്‍ ഉണ്ട്. വളരെ മനോഹരമായ സാരികളാണ് ഖാദിക്കുള്ളത്. ധരിക്കുമ്പോള്‍ അഭിമാനകരമായ ഫീല്‍ ഉളവാക്കുന്നതാണ് ഖാദിയുടെ വസ്ത്രങ്ങള്‍. ഖാദിയുടെ ഒരു സാരി വാങ്ങുമ്പോള്‍ അത് ഉത്പാദിപ്പിച്ച ആളുകള്‍ക്കുള്ള ഒരു കൈത്തങ്ങാണത്. ഖാദി വളരെ വലിയ രീതിയില്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഖാദി ഷോറൂമുകള്‍ നവീകരിക്കണം. 

പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും

കാലങ്ങളോളം തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്നവയാണ് ഖാദി. മനുഷ്യ നിര്‍മ്മിതമാണ് ഖാദി. ഇവയുടെ ഉത്പാദനത്തിന് കറണ്ട് വേണ്ട. വെള്ളത്തിന്റെ ഉപയോഗം വളരെ കുറവാണ്. ഖാദി വസ്ത്രങ്ങള്‍ എത്ര വര്‍ഷം കഴിഞ്ഞാലും ഫേയ്ഡാവുകയില്ല. വേറെ അപകടകരമായ രാസവസ്തുക്കള്‍ ഒന്നും ചേരുന്നതല്ല. അതിനാല്‍ സ്‌കിന്‍ അലര്‍ജി പോലുള്ളവ ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്നില്ല. ഇവയെല്ലാം ഖാദിയുടെ പ്രധാന പ്രത്യേകതകളാണ്. മറ്റു വസ്ത്രങ്ങളില്‍ നിന്നും ഖാദിക്ക് മഹത്തായ ഒരു സ്ഥാനം നല്‍കുന്നതും ഈ പ്രത്യേകതകളാണ്. ഖാദി മേഖലയില്‍ ഉത്പാദനവും പുനരുദ്ധരിക്കണം. ആധുനിക വിപണന രീതികളും ഷോ റൂമുകളിലെ ജീവനക്കാരുടെ ഉപഭോക്താക്കളോടുള്ള സൗഹാര്‍ദ്ദപരമായ പെരുമാറ്റവും വില്‍പ്പനയില്‍  മെച്ചമുണ്ടാക്കും. ഫാഷന്‍ ഡിസൈനിംഗില്‍ പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ച് വസ്ത്രത്തിന്റെ ഡിസൈനുകളും ഖാദി വസ്ത്രങ്ങളിലെ ബ്രാന്‍ഡിങ്ങും ഈ മേഖലയെ മികച്ചതാക്കും.
മറ്റൊന്ന് വില്ലേജ് ഇന്‍ഡസ്ട്രീസാണ്. നാട്ടിന്‍പുറങ്ങളില്‍ വളരെ സാധാരണക്കാരായ ഉള്ള ആളുകളാണ് ഇതുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്നത്. ചെറിയ നിക്ഷേപം മതി ഇതിന്. ചെറിയ നിക്ഷേപത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ഗ്രാമ വ്യവസായങ്ങള്‍. ഈ മേഖലയില്‍ ഉന്നമനമുണ്ടാകുമ്പോള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും ജീവിതനിലവാരത്തില്‍ മെച്ചമുണ്ടാകും. ഏറ്റവും മികച്ച തേനാണ് ഖാദി നല്‍കുന്നത്. ചില കമ്പനികളുടെയൊക്കെ കൃത്രിമമായ രീതിയില്‍ നിര്‍മിക്കുന്ന തേന്‍  വിപണിയിലുണ്ട് . എന്നാല്‍ വളരെ പ്രകൃതിദത്തമായ തേനാണ് ഖാദിയിലുള്ളത്. ഈ ഉത്പന്നങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ ഡിമാന്റ് ഉണ്ട്. ഖാദിയുടെ ഈ ഉത്പന്നങ്ങളില്‍ ഒന്നു പോലും വില്പനയില്ലാതെ കെട്ടിക്കിടക്കുന്നതല്ല. ഇത്തരത്തില്‍ വളരെ മേന്മയുള്ള ഉത്പന്നങ്ങളാണ് ഖാദിക്കുള്ളത്. 
പൂര്‍ണമായും മനുഷ്യനിര്‍മിതമായ ഉല്‍പ്പന്നമാണ് ഖാദി. ഇതേ രീതിയില്‍ മെഷീനില്‍ നിര്‍മ്മിച്ച വസ്ത്രങ്ങള്‍ക്ക് ഖാദി എന്ന പേരില്‍ പലരും വിപണിയില്‍ വില്‍ക്കുന്നുണ്ട്. കൈകളിലൂടെ അവരുടെ കരവിരുതിലൂടെ ഖാദി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ എത്രത്തോളം കഷ്ടപ്പാടുകള്‍ ഉണ്ടാകും. മെഷീനിലൂടെ  ഇത്തരം വസ്ത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ രീതിയിലുള്ള ഒരു കഷ്ടപ്പാടും ഉണ്ടാകുന്നില്ല. ഖാദിയുടെ കളറും ഡിസൈനും യന്ത്രവല്‍കൃതമായി അവര്‍ നിര്‍മ്മിക്കുന്നു. ഈ വസ്ത്രങ്ങള്‍ ഖാദിയുടെ പേരില്‍ വില്‍ക്കുന്നുണ്ട്. ഉപഭോക്താക്കള്‍ വിചാരിക്കുന്നത് അവ യഥാര്‍ത്ഥ ഖാദി ഉത്പന്നങ്ങള്‍ എന്നാണ്. ഖാദി ഉല്പന്നങ്ങളേക്കാള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറവാണ്. അതിനാല്‍ ഉപഭോക്താക്കള്‍ അത് വാങ്ങുന്നു. ഒറിജിനലും ഡ്യൂപ്‌ളിക്കേറ്റും ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല . ഇതാണ് ഈ മേഖലയിലെ പ്രധാന ചലഞ്ച്. ഇതിന്  ഒരേയൊരു പ്രതിവിധി ഖാദി വസ്ത്രങ്ങള്‍ വാങ്ങിക്കുന്നവര്‍ ഖാദിയുടെ അംഗീകൃത ഖാദി ഷോറൂമുകളില്‍ നിന്ന് വാങ്ങിക്കുകയെന്നതാണ്. ഖാദിയുടെ ഓരോ ഉല്‍പ്പന്നത്തിലും ഓരോ ജീവിതമുണ്ട്. ഇത് ഉത്പാദിപ്പിക്കുന്നവരുടെ പ്രയാസങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയുണ്ട്. ഇന്ത്യയുടെ ചരിത്രവും ഖാദിയുടെ ചരിത്രവും ഒന്നാണ്. സഹനത്തിന്റെയും ക്ഷമയുടെയും ഒക്കെ ഒരു സന്ദേശമാണ് ഖാദിയിലുള്ളത്.

Post your comments