Global block

bissplus@gmail.com

Global Menu

പ്രായത്തെ തോല്‍പ്പിക്കാം മനസുണ്ടെങ്കില്‍

ജോബിന്‍ എസ്. കൊട്ടാരം

 

1914 ഡിസംബര്‍ പത്താം തീയതി സമയം വൈകുന്നേരം അഞ്ചരമണി

നിരവധി കണ്ടിപിടുത്തങ്ങള്‍ നടത്തിയ വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസന്റെ പരിക്ഷണ ശാലയില്‍ പൊടുന്നനെ ഒരു തീപിടുത്തമുണ്ടായി

പരീക്ഷണശാല സ്ഥിതിചെയ്യുന്ന ന്യൂജഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള പത്തിലധികം കെട്ടിടങ്ങളിലേക്ക് തീ ആളിപടര്‍ന്നു.

ഇന്നത്തെ 230 കോടി യു.എസ്. ഡോളറിനു തുല്യമായ സാമ്പത്തിക നഷ്ടമാണ്  നിനച്ചിരിക്കാതെയുണ്ടായ തിരിച്ചടിയില്‍ എഡിസനുണ്ടായത്. പരീക്ഷണശാല സ്ഥിതി ചെയ്യുന്ന കോംപ്‌ളക്‌സിന്റെ പകുതിയിലധികവും കത്തിയമര്‍ന്നു. വര്‍ഷങ്ങളായി തുടര്‍ന്നു വന്ന പരീക്ഷണങ്ങളുടെ കാതലായ രേഖകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പല പരീക്ഷണങ്ങളും പരിസമാപ്തി ഘട്ടത്തിലുമായിരുന്നു. സാധാരണക്കാര്‍ തളര്‍ന്നു പോകുന്ന അവസ്ഥ.

പക്ഷെ എഡിസന്റെ പ്രതികരണം വ്യത്യസ്ത തരത്തിലായിരുന്നു. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകനായ ചാള്‍സ് എഡിസണ്‍ 1961 ല്‍ റീഡേഴ്‌സ് ഡൈജസ്റ്റ് മാസികയിലെഴുതിയ ലേഖനത്തില്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്.

'തീ ആളിപ്പടരുന്നത് നോക്കി നിന്ന 24 വയസുകാരനായ എന്റെയടുക്കലേക്ക് ശാന്തനായി അച്ഛന്‍ നടന്നു വന്നു. എന്നിട്ട് ഒരു കുഞ്ഞിന്റേതുപോലുള്ള നിഷ്‌കളങ്ക ശബ്ദത്തില്‍ പറഞ്ഞു. വേഗം പോയി നിന്റെ അമ്മയെയും കൂട്ടുകാരെയും വിളിച്ചു കൊണ്ടു വരിക. ഇത്തരത്തിലുള്ള ഒരു വന്‍ തീ പിടുത്തം ഒരിക്കലും അവര്‍ കണ്ടിട്ടുണ്ടാവുകയില്ല'

ചാള്‍സ് വിഷമത്തോടെ പ്രതികരിച്ചപ്പോള്‍ എഡിസണ്‍ പറഞ്ഞു. നമ്മുടെ പോരായ്മകളും, അപൂര്‍ണ്ണതകളും കത്തി ചാമ്പലായിരിക്കുന്നു. എനിക്കിപ്പോള്‍ 67 വയസ്‌സുണ്ട്. എങ്കിലും നാളെ മുതല്‍ നമ്മള്‍ വീണ്ടും ഒന്നില്‍ നിന്ന് ആരംഭിക്കും'

തോല്ക്കാന്‍ മനസ്‌സില്ലാത്ത മനുഷ്യനെ തോല്പിക്കാന്‍ ബാഹ്യ ശക്തികള്‍ക്കോ, പ്രതിസന്ധികള്‍ക്കോ പരാജയങ്ങള്‍ക്കോ ആകില്ലെന്ന തിരിച്ചറിവാണ് എഡിസന്റെ ജീവിതം നമുക്ക് പകര്‍ന്നു തരുന്നത്.

വലിയ കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുന്നത് സ്വാഭാവികം. അതിനെ അതിജീവിക്കുന്നവരാണ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറുന്നത്.

നഷ്ടം സംഭവിച്ചതിന്റെ മൂന്നിലൊന്നേ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ.

പക്ഷെ മൂന്നാഴ്ചയ്ക്കുള്ളില്‍ പരീക്ഷണ ശാലയുടെ ഭാഗികമായ പ്രവര്‍ത്തനം എഡിസണ്‍ പുനരാരംഭിച്ചു. സുഹൃത്തായ ഹെന്റി ഫോര്‍ഡില്‍ നിന്നും പണം കടം വാങ്ങി. ജോലിക്കാര്‍ ഡബിള്‍ ഷിഫ്റ്റില്‍ ജോലി ചെയ്ത് സ്ഥാപനത്തോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിച്ചു. പിറ്റേ വര്‍ഷം 100 കോടി ഡോളറിന്റെ വരുമാനവുമായി സ്ഥാപനം വീണ്ടും ശക്തമായ തിരിച്ച്‌വരവ് നടത്തി.

മൂന്നു വര്‍ഷം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ മലയാളി വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായ ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞത് കടങ്ങളെല്ലാം വീട്ടും, താന്‍ ശക്തമായി തിരിച്ചുവരുമെന്നാണ്.'

75 വയസ്‌സുകാരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത് ദുബായില്‍ പുതിയ ജ്വല്ലറി തുറക്കുക എന്നുള്ളതാണ് തന്റെ ഉടനടിയുള്ള നീക്കമെന്നാണ്.

പരാജയം ആദ്യമായി അല്ല രുചിക്കുന്നതെന്നും ഒന്നുമില്ലായ്മയില്‍ നിന്നും ബിസിനസ് കെട്ടിപ്പടുക്കിയ അനുഭവം മുമ്പുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരതന്‍ സംവിധാനം ചെയ്ത വൈശാലി അടക്കമുള്ള ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായും, നടനായും, അക്ഷരശ്‌ളോക പരിപാടികള്‍ സംഘടിപ്പിച്ചും സാംസ്‌ക്കാരിക വേദികളില്‍ കൂടി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ഓട്ടോ പൈലറ്റ് മോഡില്‍ ബിസിനസ് പോകണമെന്നാഗ്രഹിച്ചപ്പോള്‍ ബിസിനസിലെ തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നേതൃനിരയിലുള്ളവര്‍ക്ക് നല്കി. ചില തീരുമാനങ്ങള്‍ പിഴച്ചു. അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചു.

പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരുമെന്നാണ് ജോലിക്കാരനായിരിക്കെ സമാന്തരമായി ബിസിനസ് ആരംഭിച്ച് ഒരു വലിയ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഈ സംരംഭകന്‍ ആത്മ വിശ്വാസത്തോടെ പറയുന്നത്.

ആളുകള്‍ റിട്ടയര്‍മെന്റിനായി തിരഞ്ഞെടുക്കുന്ന അറുപത്തിയഞ്ചാമത്തെ വയസ്‌സിലാണ് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ഹോട്ടല്‍ വ്യവസായ രംഗത്തേക്ക് കടന്നു വന്ന് വെന്നിക്കൊടി പാറിച്ചത്.

പത്മഭൂഷന്‍ അടക്കമുള്ള ബഹുമതികള്‍ നല്കി രാജ്യം ആദരിച്ച മഹാപ്രതിഭ കൂടിയായിരുന്നു ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍

പുതിയൊരു തുടക്കത്തിന് പ്രായം ഒരു തടസ്‌സമാണെന്നു വിശ്വസിക്കുന്നവരുടെയിടയില്‍, ലക്ഷ്യങ്ങളും, സ്വപ്നങ്ങളുമുള്ളവര്‍ക്ക് പ്രായം ഒരു തടസ്‌സമല്ല എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നു നല്കി.

പതിനാലാമത്തെ വയസില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്, ഇരുപതാമത്തെ വയസ്‌സില്‍ സന്യാസിയാകുവാന്‍ ആഗ്രഹിച്ച്, ഒടുവില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്ന്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി മറാത്ത ലൈറ്റ് ഇന്‍ഫന്ററിയില്‍ നിന്നും 1951 ല്‍ ക്യാപ്റ്റനായി വിരമിച്ച കൃഷ്ണന്‍ നായര്‍ ഭാര്യാപിതാവിനൊപ്പം കൈത്തറി രംഗത്താണ് തന്റെ ബിസിനസ് ജൈത്രയാത്ര ആരംഭിച്ചത്.

ജര്‍മ്മനിയിലെ കെംപിന്‍സ്‌കി ഗ്രൂപ്പുമായി ചേര്‍ന്ന് തന്റെ ബ്രാന്‍ഡിന് മികച്ച പരിവേഷം സൃഷ്ടിക്കുവാനും അദ്ദേഹത്തിനായി.

നമ്മള്‍ ഇവിടെ കണ്ട മൂന്നു വ്യക്തികളും 65 വയസ്സ് പിന്നിട്ടവരായിരുന്നു. പ്രവര്‍ത്തിക്കുവാനുള്ള ഊര്‍ജ്ജവും ഉത്‌സാഹവുമുണ്ടെങ്കില്‍ പ്രായം ഒന്നിനുമൊരു തടസ്‌സമല്ല.

Post your comments