Global block

bissplus@gmail.com

Global Menu

സ്വസ്ഥമായ റിട്ടയര്‍മെന്റിന് അടല്‍ പെന്‍ഷന്‍ യോജന

റിട്ടയര്‍മെന്റിന് സാധാരണക്കാര്‍ ഇത്രയധികം ചിന്തിച്ചു തുടങ്ങിയത് സമീപകാലത്താണെന്നു തോന്നുന്നു. ഈയൊരു സംഗതി കണക്കിലെടുത്താണ് എന്‍.പി.എസ്. എന്ന സ്‌കീം അവതരിപ്പിച്ചത്. ഈ സ്‌കീമില്‍ക്കൂടി ലഭിക്കുന്ന പെന്‍ഷന്‍ കൃത്യമായി മുന്‍കൂട്ടി പറയാനാവില്ല എന്നതായിരുന്നു ന്യൂനത. ഇതു പരിഹരിക്കാനെന്നവണ്ണമാണ് എ.പി.വൈ(അടല്‍ പെന്‍ഷന്‍ യോജന) എന്ന സ്‌കീം നിലവില്‍ വന്നത്.

ഗവണ്‍മെന്റ് ജോലിയോ വന്‍കിട കമ്പനി ജോലിയോ ഇല്ലാത്തവര്‍ക്കും വാര്‍ധക്യകാലത്ത് പെന്‍ഷന്‍ ലഭ്യമാക്കണം. ഓരോ അംഗത്തിനും അയാളുടെ പ്രായത്തിനനുസരിച്ച് എത്ര തുകയാണ് പ്രതിമാസ/ത്രൈമാസ/അര്‍ധവാര്‍ഷിക തവണകളായി അടയ്‌ക്കേണ്ടതെന്നും അങ്ങനെ അടയ്ക്കുന്നപക്ഷം അംഗം 60 വയസെത്തുമ്പോള്‍ എത്ര തുകയാണ് പെന്‍ഷന്‍ ലഭിക്കുകയെന്നും ഈ സ്‌കീമില്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.
എ.പി.വൈ. എന്ന സ്‌കീമില്‍ അംഗങ്ങളാകാന്‍ വേണ്ടുന്ന കുറഞ്ഞ പ്രായ പരിധി 18 വയസും ഉയര്‍ന്ന പരിധി 40 വയസുമാണ്. ഈ സ്‌കീമില്‍ ചേരാന്‍  വിദേശ ഇന്ത്യക്കാരൊഴികെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കു സാധിക്കും
1000, 2000, 3000, 4000, 5000 എന്നിങ്ങനെയുള്ള അഞ്ചു പ്രതിമാസ പെന്‍ഷന്‍ തുകയില്‍ ഏതു വേണമെങ്കിലും അംഗത്തിനു തിരഞ്ഞെടുക്കാം.
ഷെഡ്യൂള്‍സ്/ദേശസാസല്‍ക്കൃത ബാങ്കുകളിലെ പോസ്റ്റ് ഓഫീസിലോ ഒരു സേവിംഗ്‌സ് അക്കൗണ്ട്  ഉണ്ടായിരിക്കണം. ആധാര്‍ എന്ന കെ.വൈ.സി. രേഖയാണ് ഉപഭോക്താവിനു നല്‌കേണ്ടിവരുന്ന മറ്റൊരു സംഗതി.
18 വയസില്‍ ഈ പദ്ധതിയില്‍ അംഗമാകുന്ന ഒരാള്‍ക്കു 60 വയസു പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം ലഭിക്കേണ്ടുന്ന പെന്‍ഷന്‍ തുക 1,000 രൂപയാണെങ്കില്‍, അയാള്‍ പ്രതിമാസം എ.പി.വൈ അക്കൗണ്ടില്‍ അടയ്‌ക്കേണ്ടുന്ന തുക കേവലം 42 രൂപ മാത്രമാണ്. ഇതേയാള്‍ക്കു പ്രതിമാസം പെന്‍ഷനായി വേണ്ടുന്നത് 5,000 രൂപയാണെങ്കില്‍, പ്രതിമാസ തവണകള്‍ 42 രൂപയില്‍ നിന്നും 210 രൂപയായി ഉയരും. 60 വയസു പൂര്‍ത്തിയാകുമ്പോള്‍ 42 രൂപ അടയ്ക്കുന്നയാളുടെ പെന്‍ഷന്‍ ഫണ്ട് ഏകദേശം 1.70 ലക്ഷം രൂപയായും 210 രൂപ അടയ്ക്കുന്നയാളുടെ തുക ഏകദേശം 8.5 ലക്ഷം രൂപയയായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18 വയസു മുതല്‍ 40 വയസുവരെ പ്രായമുള്ളവര്‍, 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കാന്‍ പ്രതിമാസം എത്ര തുകയാണ് എ.പി.വൈ. അക്കൗണ്ടില്‍ അടയ്‌ക്കേണ്ടതെന്നും അങ്ങനെ അടയ്ക്കുമ്പോള്‍ എത്ര തുകയാണ് പെന്‍ഷന്‍ ഫണ്ടില്‍ പ്രതീക്ഷിക്കാവുന്നതെന്നും മറ്റുമുള്ള കൃത്യമായ ചാര്‍ട്ട് ള്‍ള്‍ള്‍.ഷഹറനഴദ.ഷറപവ.നസ.യഷ  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഈ ചാര്‍ട്ടനുസരിച്ചുള്ള പ്രതിമാസ തവണകള്‍ എത്രയെന്നു തിരിച്ചറിഞ്ഞ്, ആ തുക തങ്ങളുടെ ബജറ്റില്‍ വകയിരുത്തിക്കഴിഞ്ഞാല്‍ എ.പി.വൈ അക്കൗണ്ട് തുടങ്ങാന്‍ നിങ്ങള്‍ക്കു ബാങ്കിനെ സമീപിക്കാം. ലളിതമായ ഒരു ആപ്‌ളിക്കേഷന്‍ ഫോറം പൂരിപ്പിച്ചു നല്കി ഇതില്‍ വരിക്കാരാകുന്ന ഓരോരുത്തര്‍ക്കും എ.പി.വൈ.യില്‍ അംഗങ്ങളായതിനു തെളിവായി രസീത് ലഭിക്കും. അംഗത്തിനു ലഭിക്കുവാന്‍ പോകുന്ന പെന്‍ഷന്‍, മാസത്തവണകള്‍, തവണകള്‍ അടയ്‌ക്കേണ്ട തീയതി ഇവയെല്ലാം ഈ രസീതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. മാസത്തവണകള്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും ഈ അക്കൗണ്ടിലേക്കു നിര്‍ദ്ദിഷ്ട തീയതിയില്‍ മാറ്റുവാനുള്ള നിര്‍ദ്ദേശം ബാങ്കിനു നല്കാവുന്നതാണ്. ഈ തീയതിയില്‍ നിങ്ങളുടെ സേവിംങ്‌സ് അക്കൗണ്ടില്‍ ഈ തുക ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം. താമസിച്ചുള്ള തവണ അടയ്ക്കലുകള്‍ക്ക് 100 രൂപയ്ക്കു പ്രതിമാസം ഒരു രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്നറിഞ്ഞിരിക്കുക.
ഇങ്ങനെ 60 വയസുവരെ മാസത്തവണകള്‍ അടയ്ക്കുന്ന ഒരംഗത്തിന് 60 വയസു പൂര്‍ത്തിയാകുന്നതോടെ നിര്‍ദ്ദിഷ്ട പെന്‍ഷന്‍ പ്രതിമാസം ലഭിച്ചു തുടങ്ങും. വളരെ ലളിതമായൊരു ഫോറം പൂരിപ്പിച്ചു നല്കുക എന്നതുമാത്രമാണ് ഇവിടെ ചെയ്യാനുള്ളത്. അംഗം ജീവിച്ചിരിക്കുന്നിടത്തോളം കാലം ലഭിക്കുന്ന ഈ പെന്‍ഷന്‍ തുക, അതുപോലെ അംഗത്തിന്റെ മരണശേഷവും പങ്കാളിക്കു ലഭിക്കുന്നു എന്നതാണ് സവിശേഷത. പങ്കാളിയുടെയും മരണശേഷം പെന്‍ഷന്‍ ഫണ്ടിലെ തുക (അംഗം 60 വയസു പൂര്‍ത്തിയായപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്ന തുക) നോമിനിക്കു ലഭ്യമാകും. 
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഈ സ്‌കീമില്‍ അംഗങ്ങളാകുന്നവര്‍ തങ്ങളുടെ പങ്കാളിയുടെയും നോമിനിയുടെയും പേര്  നല്കിയിരിക്കണം. പങ്കാളിയുടെ പേരുതന്നെ നോമിനിയായി നിര്‍ദേശിക്കുന്നൊരു പ്രവണത ചിലരിലെങ്കിലും കണ്ടുവരുന്നുണ്ട്. 60 വയസു പൂര്‍ത്തിയാകുമ്പോഴുള്ള പെന്‍ഷന്‍ ഫണ്ടിലെ തുക അംഗത്തിന്റെയും പങ്കാളിയുടെയും കാലശേഷം കൈമാറുന്നത് നോമിനിക്കായിരിക്കും എന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്. എ.പി.വൈ.യില്‍ അംഗമാകുമ്പോള്‍ വിവാഹം കഴിക്കാതിരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്നൊരാള്‍ക്ക് പിന്നീട് പങ്കാളിയുടെ പേരു നിര്‍ദേശിക്കാനുള്ള സൗകര്യവുമുണ്ട്.
പദ്ധതി തുടങ്ങിയതിനുശേഷം ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ ഈ സ്‌കീമില്‍ വരുത്തിയിട്ടുണ്ട്. കാലക്രമേണ ഇനിയും മെച്ചമായവ ആളുകളുടെ പ്രതികരണം അറിഞ്ഞശേഷം ഉണ്ടായേക്കാം. അത്തരത്തില്‍ ചില സമീപകാല പരിഷ്‌ക്കാരങ്ങള്‍ ഇവിടെ പറയാതെ വയ്യ.
60 വസിനു മുന്‍പ് എ.പി.വൈ.അംഗത്തിനു മരണം സംഭവിക്കുകയാണെങ്കില്‍, മരിച്ചുപോയ അംഗം ജീവിച്ചിരിക്കുന്നുവെങ്കില്‍ 60 വയസ് എന്നാകുമായിരുന്നോ അന്നുവരെ ഇതേ അക്കൗണ്ടില്‍ മാസത്തവണകള്‍ തുടര്‍ന്നുകൊണ്ടു പോകാനു അവസരം അംഗത്തിന്റെ പങ്കാളിക്കു ലഭ്യമാണ്.
അതിനുശേഷം പങ്കാളിയുടെ മരണംവരെ നേരത്തെ നിശ്ചയിക്കപ്പെട്ട പെന്‍ഷന്‍ ലഭ്യമാക്കാം. പങ്കാളിയുടെയും മരണശേഷം പെന്‍ഷന്‍ ഫണ്ടിലെ തുക നോമിനിക്കു കൈമാറപ്പെടും.
അംഗങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ്, മാസത്തവണകള്‍ മുതലായ വിവരങ്ങള്‍ എ.പി.വൈ. വരിക്കാരന് എസ്.എം.എസിലൂടെ ലഭിച്ചുതുടങ്ങിയതാണ് ജനപ്രിയമായ മറ്റൊരു പരിഷ്‌ക്കാരം. അംഗത്തിന്റെ അഡ്രസ്, ഫോണ്‍ നമ്പര്‍, നോമിനിയുടെ പേര് ഇവയൊക്കെ എപ്പോള്‍ വേണമെങ്കിലും മാറ്റാനുള്ള സൗകര്യവും ലഭ്യം
60 വയസുവരെയുള്ള ലോക്ക്-ഇന്‍ പീരിയഡ് ആണ് ചിലരെങ്കിലും എടുത്തുപറയുന്ന ഒരു ന്യൂനത. എന്നാല്‍, അംഗത്തിന്റെ മരണമോ മാരകമായ രോഗങ്ങളോ വരുന്നപക്ഷം ഇതില്‍ നിന്നു പിന്‍മാറാനുള്ള അവസരം ലഭ്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ തങ്ങളുടെ പെന്‍ഷന്‍ ഫണ്ടിലെ നാളിതുവരെയുള്ള തുക അംഗത്തിനു ലഭിക്കും
ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ റെക്കറിങ്ങ് ഡെപ്പോസിറ്റിലോ ഒക്കെ നിക്ഷേപിച്ച് ലിക്വിഡിറ്റി നഷ്ടപ്പെടാതെ തങ്ങള്‍ക്ക് ഇതിനെക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിയും എന്നവകാശപ്പെടുന്നവരോടു പറയാനുള്ളത് ഒന്നു മാത്രം. വാര്‍ധക്യത്തില്‍, മറ്റു പലരുടെയും ആഗ്രഹപ്രകാരവും ഉപദേശപ്രകാരവും ജീവിക്കേണ്ടിവരുന്ന ഭൂരിഭാഗത്തിനും റിട്ടയര്‍മെന്റ് പ്‌ളാനിംങ്ങിനായി ഈ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിനെ ആശ്രയിക്കാവുന്നതു തന്നെയാണ്.
റിവേഴ്‌സ് മോര്‍ഗേജ്
റിട്ടയര്‍മെന്റ് പ്‌ളാനിങ്ങിനെക്കുറിച്ചൊക്കെ സമീപകാലത്താണ് ശ്രദ്ധയില്‍പ്പെടുന്നത്. പത്രങ്ങളിലും ഇതരമാധ്യമങ്ങളിലുമൊക്കെ സമീപകാലത്ത് റിട്ടയര്‍മെന്റ് പ:ഹാനിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് ഒട്ടേറെ പറഞ്ഞുകേള്‍ക്കുന്നു. പത്തിരുപതു വര്‍ഷങ്ങള്‍ മുന്‍പ് ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ശ്രദ്ധിക്കാമായിരുന്നു. ഇന്നിപ്പോള്‍ വൈകിപ്പോയി. റിട്ടയര്‍മെന്റിന് ഇനി ബാക്കിയുള്ളത് ഏഴു വര്‍ഷം മാത്രം. എടുത്ത ഭവനവായ്പ്പയുടെ തിരിച്ചടവു കഴിഞ്ഞിട്ട് ഇനിയൊന്നിനും പണം മിച്ചമില്ല. റിട്ടയര്‍മെന്റ് എന്ന ആവശ്യത്തിനു വേണ്ട മുന്‍കരുതല്‍ നടത്താനാകാതെപോയ ഒരാളുടെ വാക്കുകളാണ് മുകളില്‍ കൊടുത്തത്.
റിട്ടയര്‍മെന്റിനായി ഒന്നും കരുതാനാകാതെപോയവര്‍, വളരെ ആവേശത്തോടെ ഇക്കാര്യത്തിനായി നിക്ഷേപം തുടങ്ങിയെങ്കിലും മറ്റു ചില അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ കാരണം ഇത് ഇടയ്ക്കുവെച്ച് ഉപേക്ഷിക്കേണ്ടി വന്നവര്‍, മോശമായ ചില നിക്ഷേപമാധ്യമങ്ങള്‍ തിരഞ്ഞെടുത്തതു വഴി റിട്ടയര്‍മെന്റ് പ:ഹാനിങ്ങ് പൊളിഞ്ഞുപോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുണ്ട്. ഇവരും വൈകിയിട്ടില്ല എന്നോര്‍മ്മിപ്പിക്കാനാണ് 2007-ല്‍ ഗവണ്‍മെന്റ് റിവേഴ്‌സ് മോര്‍ഗേജ് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.
ഭവനമെന്ന എക്കാലത്തെയും വലിയ സാമ്പത്തികലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള തത്രപ്പാടിലാണ് സാധാരണക്കാര്‍. മറ്റു സാമ്പത്തികലക്ഷ്യങ്ങള്‍ മറന്നുപോവുകയോ ബോധപൂര്‍വം വിസ്മരിക്കുകയോ ചെയ്യുന്നത്. കടവും മറ്റുമെടുത്ത് ഭവനമെന്ന സ്വപ്നം സാമാന്യം ഭംഗിയായി പൂര്‍ത്തീകരിക്കുന്നയാള്‍ പിന്നീട് ഇതിന്റെ ലോണ്‍ തിരിച്ചടയ്ക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. ഒടുവില്‍ ബിസിനസോ ജോലിയോ അവസാനിപ്പിച്ച് വിശ്രമജീവിതം ആരംഭിച്ചു തുടങ്ങുമ്പോഴാവും വരുമാനശ്രോതസ് നിലച്ചല്ലോ എന്ന വസ്തുതയും തന്റെ ചിരകാലസ്വപ്നമായിരുന്ന വീട് കേവലം ഡെഡ് ഇന്‍വെസ്റ്റ്‌മെന്റ് ആയിപ്പോയല്ലോ എന്നും ഒരാള്‍ തിരിച്ചറിയുക. ഉയരുന്ന ജീവിതച്ചെലവുകള്‍, വാര്‍ദ്ധക്യകാലത്തു വേണ്ടിവരുന്ന ഉയര്‍ന്ന ചികിത്‌സാച്ചെലവുകള്‍, മക്കള്‍ നല്ലനിലയിലാണെങ്കില്‍ കൂടി പണത്തിന് അവരെ സമീപിക്കാനുള്ള മടി-റിട്ടയര്‍മെന്റിനു ശേഷം ആസ്വദിക്കേണ്ട വാര്‍ധക്യകാല വിശ്രമജീവിതത്തിന്റെ മനോഹാരിത തല്ലിക്കെടുത്തുന്ന കാര്യങ്ങള്‍തന്നെയാണിത്
ഒരി നിശ്ചിത പ്രതിമാസ 'വരുമാനം' താമസിച്ചുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ ഈടിന്മേല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു ലഭിക്കുന്നു. ഏറ്റവും ലളിതമായി റിവേഴ്‌സ് മോര്‍ഗേജിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഭവനവായ്പ എന്താണോ അതിനു നേരെ വിപരീതമാണ് റിവേഴ്‌സ് മോര്‍ഗേജ് എന്നു വേണമെങ്കില്‍ പറയാം. വീടു പണിയാനോ വാങ്ങാനോ നിങ്ങള്‍ക്ക് ഒരു തുക ബാങ്കില്‍ നിന്ന് ലഭിച്ചു. ആ തുക കൊണ്ട് നിങ്ങള്‍ വീടു പണിയുകയോ വാങ്ങുകയോ ചെയ്യുകയും ലോണ്‍ തുക പലിശയടക്കം പ്രതിമാസത്തവണകാളായി(ഇ.എം.ഐ) ബാങ്കില്‍ അടച്ചുതീര്‍ക്കുകയും ചെയ്യുന്നതാണ് ഭവനവായ്പ
എന്നാല്‍, റിവേഴ്‌സ് മോര്‍ഗേജില്‍ നിങ്ങള്‍ താമസിച്ചുകൊണ്ടിരിക്കുന്ന വീട് നിങ്ങള്‍ ബാങ്കില്‍ പണയപ്പെടുത്തുന്നു. അതിനു ബദലായി ബാങ്ക് നിങ്ങള്‍ക്ക് പ്രതിമാസം ഒരു തുക ഒരു നിശ്ചിത കാലയളവിലേക്കു നല്കിക്കൊണ്ടിരിക്കും. റിട്ടയര്‍മെന്റു കാലത്ത്, വരുമാനം നിലച്ചിരിക്കുന്ന സമയത്ത് അങ്ങേയറ്റം അനുഗ്രഹമായ ഈ സ്‌കീം നമ്മുടെ നാട്ടില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയതിനു കാരണങ്ങളുണ്ട്.
പണപ്പെരുപ്പം മൂലം ചെലവുകള്‍ എല്ലാ വര്‍ഷവും ഉയരുന്നുണ്ടെങ്കിലും റിവേഴ്‌സ് മോര്‍ഗിലൂടെ ലഭിക്കുന്ന മാസവരുമാനം ലോണ്‍ കാലാവധി തീരുംവരെ മാറ്റമില്ലാതെ തുടരുന്നു.
ബാങ്കുകള്‍ ഈയൊരു സ്‌കീം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ എന്തുകൊണ്ടോ തെല്ലു വിമുഖത കാട്ടുന്നു
തങ്ങളുടെ പൈതൃകസമ്പത്തു ലഭിക്കാതെ പോയേക്കുമോ എന്ന ആശങ്കയില്‍ അനന്തരാവകാശികള്‍ തങ്ങളുടെ മാതാപിതാക്കളെ ഈയൊരു ലോണ്‍ എടുക്കുന്നതില്‍ നിന്നും നിരുത്‌സാഹപ്പെടുത്തുന്നു. ആളുകളുടെ ചിന്താഗതി കാലത്തിനൊപ്പം മാറുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് മികച്ചൊരു വരുമാനശ്രോതസായ റിവേഴ്‌സ് മോര്‍ഗേജിനെക്കുറിച്ച് അതുകൊണ്ടു തന്നെ അറിഞ്ഞിരിക്കണം
ചെറുപ്പക്കാരനായ ഒരാള്‍പോലും ബാങ്കില്‍ നിന്ന് ലോണെടുക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ കേള്‍ക്കുമ്പോള്‍ തെല്ലൊന്നമ്പരക്കും. പ്രായംകൂടിയ ഒരാളുടെ കാര്യം പറയുകയും വേണ്ട. എന്നാല്‍, ഭവനവായ്പയ്ക്കു വേണ്ടുന്ന ഏതാണ്ട് നടപടിക്രമങ്ങള്‍ മാത്രമേ ഇവിടെയും ആവശ്യമുള്ളൂ എന്നറിഞ്ഞിരിക്കുക
സ്വന്തമായി വാങ്ങിയതും സ്വയം താമസിക്കുന്നതുമായ വീടുകളുടെ ഈടിന്മേലാണ് ഈ ലോണ്‍ ലഭിക്കുക. പൈതൃകമായി ലഭിച്ച സ്വയം താമസിക്കുന്ന വീടിനും ചില നിബന്ധനകള്‍ക്കു വിധേയമായി ലോണ്‍ ലഭ്യമാകും
ഈ ലോണ്‍ എടുക്കുന്നവര്‍ക്കു പ്രതിമാസം ഇത്ര വരുമാനം വേണം എന്ന യാതൊരു നിഷ്‌കര്‍ഷയും ഈ സ്‌കീമിലില്ല
വിവിധ ബാങ്കുകള്‍ പരമാവധി നല്കുന്ന വായ്പയും/പലിശയും/കാലാവധിയും ഈ സ്‌കീമില്‍ വ്യത്യസ്തമാണ്. ആയതിനാല്‍ ഇക്കാര്യങ്ങള്‍ ബാങ്കില്‍ നിന്ന് കൃത്യമായി ചോദിച്ചറിയുക. ഇന്ത്യക്കാരായ 60 വയസിനു മുകളിലുള്ള ആളുകള്‍ക്കാണ് ഈ ലോണ്‍ ലഭ്യമാക്കുക. ബാങ്കുകള്‍ നടത്തുന്ന വാല്വേഷന്റെ അടിസ്ഥാനത്തിലാണ് പരമാവധി നല്കാവുന്ന ലോണ്‍തുക നിജപ്പെടുത്തുക. ബാങ്കുകള്‍ മാര്‍ജിന്‍ കിഴിച്ച ശേഷമാണ് ഈ തുക നിജപ്പെടുത്തുന്നത്.
ഉദാഹരണത്തിന്, ബാങ്കിന്റെ വാല്വേഷന്‍ അനുസരിച്ച് 20 ലക്ഷം രൂപ വിലമതിക്കുന്ന പ്രോപ്പര്‍ട്ടിക്ക് 20 ശതമാനം മാര്‍ജിനാണ് ബാങ്ക് നിഷ്‌ക്കര്‍ഷിക്കുന്നതെന്നു കരുതുക. അങ്ങനെയെങ്കില്‍ മാര്‍ജിനായ നാലു ലക്ഷം രൂപ കിഴിച്ചതിനുശേഷമുള്ള 16 ലക്ഷം രൂപയാവും ബാങ്കുകള്‍ പ്രതിമാസ റിവേഴ്‌സ് മോര്‍ഗേജ് ഇന്‍സ്റ്റാള്‍മെന്റിനായി ബാങ്കുകള്‍ പരിഗണിക്കുക. 10.75 ശതമാനം പലിശ ഈടാക്കുന്ന ഒരു ബാങ്ക് പത്തുവര്‍ഷക്കാലാവധിയില്‍ പ്രതിമാസം നല്കുന്ന തുക 7488 രൂപയായിരിക്കും. വിവിധ കാലയളവുകളിലേക്കുള്ള തുക ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. 60 വയസു കഴിഞ്ഞയാള്‍ക്ക് ഒറ്റയ്‌ക്കോ ജിവിതപങ്കളിയോടു ചേര്‍ന്നോ ഈ ലോണ്‍ എടുക്കാവുന്നതാണ്. പങ്കാളിയെക്കൂടി ഉള്‍പ്പെടുത്തി ലോണ്‍ എടുക്കാനാണെങ്കില്‍ പങ്കാളിക്ക് 58 വയസു കഴിഞ്ഞിരിക്കണം
ഈ ലോണിനായി നല്കുന്ന വീടിനു മറ്റു യാതൊരു ബാധ്യതകളും ഉണ്ടായിരിക്കരുത്
റിട്ടയര്‍മെന്റ് പ:ഹാനിങ്ങിനായി ഒന്നും കരുതിവച്ചിട്ടില്ലാത്തവര്‍ക്കും തന്റെ അധ്വാനം മുഴുവന്‍  വീടിനായി ചെലവഴിച്ചുപോയി എന്നു പരിതപിക്കുന്നവര്‍ക്കും ആശ്വാസം തന്നെയാണ് റിവേഴ്‌സ് മോര്‍ഗേജ്!
മുന്‍കൂട്ടി തിരിച്ചടച്ചാല്‍ പിഴയൊന്നും ഈടാക്കാത്ത ഈ ലോണ്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടത്ത് ആധാരം തിരികെ വാങ്ങാവുന്നതാണ്. ഇനി തിരിച്ചടയ്ക്കാന്‍ ഉദ്യേശമില്ലാത്തവര്‍ക്ക് ഈ ലോണെടുത്ത അവസാന പങ്കാളിയും മരണപ്പെടുകയോ, ഈ വീടു വില്ക്കാന്‍ തീരുമാനിക്കുകയോ, ഈ വീട്ടില്‍ നിന്നും സ്ഥിരമായി മറ്റെങ്ങോട്ടേക്കെങ്കിലും മാറാന്‍ തീരുമാനിക്കാന്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഈ ലോണ്‍ തിരിച്ചടയ്‌ക്കേണ്ടി വരുക. ലോണെടുത്ത ആളുകള്‍ക്കോ അവര്‍ മരണപ്പെട്ടാല്‍ അനന്തരാവകാശികള്‍ക്കോ ഈ തുക അടച്ച് ലോണ്‍ തീര്‍ത്ത് ആധാരം തിരികെ നല്കാന്‍ ബാങ്ക് അവസരം നല്കും. ലോണടച്ച് ആധാരം തിരികെയെടുക്കാന്‍ ആരും സന്നദ്ധത പ്രകടിപ്പിക്കുന്നില്ലെങ്കില്‍ വീടു വിറ്റ് ലോണ്‍ തുക വസൂലാക്കാനുള്ള അധികാരം ബാങ്കിനുണ്ടായിരിക്കും. ലോണ്‍ തിരിച്ചടച്ചതിനുശേഷമുള്ള തുക അനന്തരാവകാശികള്‍ക്കു തന്നെ ലഭിക്കും
വലിയ പ്രോപ്പര്‍ട്ടി സ്വന്തം പേരില്‍ ഉണ്ടായിരിക്കുകയും ദൈനംദിനച്ചെലവുകള്‍ക്കു പണമില്ലാതെ വിഷമിക്കുകയും ചെയ്യുന്ന ഒട്ടേറെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരുംകാലങ്ങളില്‍ റിവേഴ്‌സ് മോര്‍ഗേജ് തുണയാവും എന്നുതന്നെ പ്രതീക്ഷിക്കാം.

Post your comments