Global block

bissplus@gmail.com

Global Menu

കിറ്റെക്‌സ് കാഴ്ചകള്‍

കിഴക്കമ്പലം ടെക്സ്റ്റൈല്‍സ് എന്ന വാക്ക് അത്ര പരിചിതമായിരിക്കില്ല മലയാളികള്‍ക്ക്. എന്നാല്‍ അതിന്റെ ചുരുക്ക രൂപമായ കിറ്റെക്‌സ് ഒരു ശരാശരി മലയാളിക്ക് ഏറെ പരിചിതമാണ്. കിറ്റെക്‌സ് എന്ന പേര് കേള്‍ക്കുമ്പോള്‍ കിറ്റെക്‌സ് ലുങ്കികളായിരിക്കും മനസ്‌സില്‍ തെളിയുക. ശിശുക്കളുടെ വസ്ത്രനിര്‍മാണ രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവും കയ്യാളുന്ന കേരളത്തിന്റെ സ്വന്തം കമ്പനിയാണ് കിറ്റെക്‌സ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യതൊഴില്‍ ദാതാക്കളാണ് കിറ്റെക്‌സ്.  
വ്യവസായരംഗത്ത് ഏറെ പ്രശസ്തിയും അംഗീകാരവും നേടിയ കമ്പനിയാണ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്. പതിനയ്യായിരത്തിലേറെ തൊഴിലാളികളുണ്ട് കിറ്റെക്‌സ് എന്ന സ്ഥാപനത്തില്‍ മാത്രമായി.  തെക്കേ ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉണ്ട്. ഇതില്‍ ഒരു മിനി ആസാം ഉണ്ട്. മിനി ബംഗാള്‍ ഉണ്ട്. ഇങ്ങനെ 22 സംസ്ഥാനങ്ങളുടെ മിനി വേര്‍ഷന്‍ ഉണ്ട്. ഒരു വീട്ടില്‍ തന്നെ അച്ഛന്‍ അമ്മ മക്കള്‍ ഉണ്ടെകില്‍ നാലു പേരും നാല് ക്യാരക്ടര്‍ ആയിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കുടുംബങ്ങളില്‍ നിന്നും ആളുകളെ കൂട്ടിയിണക്കി സമാധാനപരമായി നിലനിര്‍ത്തുവാന്‍ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല. തൊഴിലാളികള്‍ സംതൃപ്തരാണ്. ഇതാണ് കിറ്റെക്‌സിന്റെ വിജയം. ജോലിക്കാര്‍ക്ക് പരാതികളില്ല. മറ്റു സ്വകാര്യ കമ്പനികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളവും ആനുകൂല്യവും ഉണ്ട്. വിശേഷാവസരങ്ങളില്‍ ബോണസുണ്ട്. ഞായറാഴ്ചയ്ക്കും പൊതുഅവധി ദിവസങ്ങള്‍ക്കും പുറമേ ഓണത്തിനും ക്രിസ്മസിനും ഈസ്റ്ററിനും ഏഴ് ദിവസം വീതം അവധിയുണ്ട്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമില്ലാത്ത കമ്പനിയാണിത്. ഒരിക്കല്‍ ഒരു രാഷ്ര്ടീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്പനിയില്‍ യൂണിയനുണ്ടാക്കാനായി സമരങ്ങള്‍ക്കായുള്ള ശ്രമങ്ങളുണ്ടായി. എന്നാല്‍ ജീവക്കാര്‍ അവരുടെ കൂടെ നിന്നില്ല. അങ്ങനെ സമരം പൊളിയുകയും അവര്‍ പിന്മാറുകയും ചെയ്തു. 
കിഴക്കമ്പലത്തിന്റെ സമൃദ്ധിയും സമ്പന്നതയും കിറ്റെക്‌സിലെ കാഴ്ചകളിലുമുണ്ട്. തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ ഭക്ഷണം നല്‍കുന്നു. മത്സ്യവും മാംസവുമായി വിഭവ സമൃദ്ധമായ ഭക്ഷണമാണ് നല്‍കുന്നത്.  ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനു സമാനമായ മെനു ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യാമുള്ള ഭക്ഷണം എടുത്തു കഴിക്കാനുള്ള സ്വാതന്ത്യവുമുണ്ട്. കാന്റീനില്‍ ഭക്ഷണം തയ്യാറാക്കാന്‍ മെഷീനുകളുടെ സഹായമുണ്ട്. നാല്‍പതു പേര്‍ മാത്രമാണു ജോലിക്കുള്ളത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളാണ് ഇവിടെയുള്ളത്. പാത്രം കഴുകാനും ചോറും കറിയും വയ്ക്കാനുമൊക്കെ ആധുനിക സാങ്കേതിക വിദ്യയിലുള്ള  യന്ത്രങ്ങളാണുള്ളത്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായതിനാല്‍ ഭക്ഷണത്തിലും ഈ വൈവിധ്യം കാണുവാന്‍ സാധിക്കും. ദോശ, ഇഡ്ധലി, ചപ്പാത്തി, അപ്പം എന്നിങ്ങനെ വിഭവങ്ങള്‍ . ഉച്ചയ്ക്ക് ചിക്കന്‍ ഉണ്ടാകും. തെക്കേ ഇന്ത്യക്കാര്‍ക്കായി തോരന്‍, സാമ്പാര്‍, മെഴുക്കുപുരട്ടി, അച്ചാര്‍ എന്നിവയും വടക്കേ ഇന്ത്യക്കാര്‍ക്കായി ചപ്പാത്തിയും സബ്ജിയും ദാല്‍ കറിയും. വൈകിട്ട് ചായയും ചെറുകടിയും. അത്താഴത്തിനു ചോറിനൊപ്പം മീന്‍. ഒരേ സമയം 1200 ഇഡലികളാണ് ഇഡലി മേക്കറില്‍ നിന്നുണ്ടാകുന്നത്.  ബ്രെഡും സാന്‍വിച്ചുകളും ബിസ്‌ക്കറ്റുകളുമൊക്കെ അവനില്‍ തയാറാക്കാം. 9500 തൊഴിലാളികള്‍ക്ക് സൗജന്യ താമസസൗകര്യവുമുണ്ട്. പൂര്‍ണമായും ശീതീകരിച്ച ആദ്യത്തെ ഗാര്‍മെന്റ് ഫാക്ടറിയാണിത്. 60 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു കിറ്റെക്‌സ് ക്യാംപസ്. മുമ്പ് ഓണത്തിനു മാത്രമാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി എത്തിയതോടെ ബിഹുവും ദീപാവലിയും നവരാത്രിയും ബൈശാഖിയുമെല്ലാം ഇവര്‍ ആഘോഷിച്ചു.
നവജാതശിശുക്കള്‍ മുതല്‍ രണ്ടുവയസ്‌സ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ഇവിടെ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. നവജാതശിശുക്കള്‍ക്കുള്ള വസ്ത്രമായതിനാല്‍ അതിന്റേതായ കരുതലുണ്ടാകണം. എക്‌സ്‌പോര്‍ട്ട്.

എട്ടാം ക്‌ളാസില്‍ പഠിക്കുന്ന സമയത്ത് എന്റെ ആദ്യത്തെ ജോലിയായി അച്ഛന്‍ ഏല്‍പ്പിച്ചത് തൊഴിലാളികള്‍ ഉപയോഗിക്കുന്ന കക്കൂസുകള്‍ കഴുകുകയായിരുന്നു. ഇത് സാധ്യമല്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം എന്നെ കണ്‍വിന്‍സ് ചെയ്യിച്ചു പല ദിവസങ്ങളിലായി കക്കൂസുകള്‍ കഴുകുന്ന ജോലി ഞാന്‍ ചെയ്തു. ഇതായിരുന്നു കരിയറിലെ ആദ്യത്തെ ജോലി. കുറച്ചു കാലം ഈ കക്കൂസ് കഴുകുന്ന ജോലിയില്‍ തുടര്‍ന്നു. അത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു നിനക്ക് പ്രൊമോഷന്‍ തരികയാണ്. ഞാന്‍ കരുതിയത് ഓഫീസ് ജോലി ആയിരിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹം ചൂലെടുത്ത് കയ്യില്‍ തന്നു. എന്നിട്ട് പറഞ്ഞു  ഫാക്ടറിയുടെ ഫേ്‌ളാര്‍ ക്‌ളീന്‍ ചെയ്യാന്‍. എന്തായാലും പഴയ കക്കൂസ് കഴുകുന്ന ജോലിയെക്കാള്‍ നല്ല ജോലിയാണല്ലോ ലഭിച്ചതെന്നു കരുതി. ചെയ്യുവാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ ഒരു ബുദ്ധിമുട്ട് മനസ്‌സിലായത്. ഫേ്‌ളാര്‍ ക്‌ളീന്‍ ചെയ്യുന്ന എന്നെ എല്ലാ ആളുകളും മുഖത്ത് വല്ലാത്ത സഹതാപത്തോടെ നോക്കുകയായിരുന്നു. ഞാന്‍ അച്ഛനോട് പറഞ്ഞു എനിക്ക് പഴയ ജോലി തന്നെ മതി. ആളുകള്‍ നോക്കി കളിയാക്കുന്നു. അദ്ദേഹം ചൂലെടുത്തു. കൂടെ നിന്ന് ഫേ്‌ളാര്‍ ക്‌ളീന്‍ ചെയ്തു. അദ്ദേഹം എന്നെ വീണ്ടും കണ്‍വിന്‍സ് ചെയ്യിച്ചു. ഏതാണ്ട് ഒന്നര വര്‍ഷക്കാലത്തോളം ക്‌ളീനിംഗ് ജോലി ചെയ്തു. അതിനു ശേഷം അവിടെനിന്ന് കണ്‍ സ്ട്രക്ഷന്‍ വര്‍ക്കിലേക്ക്. രണ്ടരവര്‍ഷക്കാലം കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്. അതിനു ശേഷം മെഷീന്‍ മെക്കാനിക്ക് ആയിട്ട് ഏതാണ്ട് 200 മെഷീന്‍ ഫിറ്റ് ചെയ്യാനായിട്ട് എന്നെ ഏല്‍പിച്ചു. അവിടെനിന്ന് കാലാന്തരത്തില്‍ സൂപ്പര്‍വൈസറായി. പിന്നീട് ഡയറക്ടറായി. എക്‌സിക്യൂട്ടീവ് ഡയറക്ടറായി. ചെറുപ്പകാലം മുതല്‍ പഠിച്ച ഏറ്റവും വലിയ പാഠം ഇതാണ്. ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഏറ്റവും മോശമായ ഉള്ള ജോലിയില്‍ തുടങ്ങി ഏറ്റവും നല്ലതിലേക്ക്  കൊണ്ടുവന്നത്. ഓരോ ജോലിയിലും അവരനുഭവിക്കുന്ന വേദന  അനുഭവിക്കുന്ന പ്രയാസങ്ങള്‍ എന്താണെന്ന് മനസ്‌സിലാക്കിയത് .ആ ഒരു ട്രെയിനിംഗ് ആയിരിക്കാം ഇതുപോലെ ഒരു പ്രസ്ഥാനത്തിന്റെ പ്രഥമ സ്ഥാനത്ത് ഇരിക്കുവാന്‍ എന്നെ പ്രാപ്തനാക്കിയതും.  

സാബു എം  ജേക്കബ്
എം.ഡി, കിറ്റെക്്‌സ് ഗാര്‍മെന്റ്‌സ്

 

Post your comments