Global block

bissplus@gmail.com

Global Menu

ഡിജിറ്റല്‍ രാജ്യമാക്കാന്‍ തുനിഞ്ഞിറങ്ങി കേന്ദ്രം; ക്യാഷ്ബാക്ക് ഓഫറുകളെ പ്രോത്സാഹിപ്പിക്കും

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച്‌ ജിഎസ്ടി കൗണ്‍സില്‍. ഭീം യുപിഐ, റുപേ കാര്‍ഡ് എന്നീ മാര്‍ഗ്ഗങ്ങളീലൂടെ പണമിടപാട് നടത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊത്തം ജിഎസ്ടി തുകയുടെ 20 ശതമാനം കാഷ്ബാക്ക് ഓഫര്‍ നല്‍കാനാണ് കഴിഞ്ഞ ദിവസം ചേ‍ര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചത്.

പരമാവധി 100 രൂപയാണ് ഇത്തരത്തില്‍ കാഷ് ബാക്ക് ഓഫറായി ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം.

പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനങ്ങളെ ആശ്രയിച്ചാണെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി. ഉത്ത‍ര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷണ ഘട്ടത്തിന്റെ ഭാ​ഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചു.

ഭീം യുപിഐ, റുപേ കാര്‍ഡ് ഇടപാടുകളുടെ ജിഎസ്ടിയില്‍ 20 ശതമാനം ഉപയോക്താവിന് തിരിച്ചു നല്‍കുന്നതിനു വേണ്ട സജ്ജീകരണങ്ങള്‍ നടത്തുന്നതിനും ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിനും കുറച്ച്‌ സമയമെടുക്കും. പരീക്ഷണ ഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ജിഎസ്ടി വരുമാനത്തില്‍ ചെലുത്തുന്ന സ്വാധീനം വിലയിരുത്താനാകുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

Post your comments