Global block

bissplus@gmail.com

Global Menu

നമുക്ക് സമ്പന്നരാകാം

കെ എല്‍ മോഹനവര്‍മ്മ

ഏറ്റവും വലിയ സമ്പത്ത് എന്താണ് ? 
മിക്കവാറും എല്ലാ തത്വശാസ്ത്രങ്ങളും മതങ്ങളും ബുദ്ധിജീവികളും ചരിത്രാതീതകാലം മുതല്‍ അന്വേഷിച്ചിരുന്നതും ഇന്നും ഒരു പ്രഹേളികയായി അവശേഷിക്കുന്നതും ഈ ചോദ്യത്തിന്റെ ഉത്തരമാണ്. ഒരു ലക്ഷത്തോളം വ്യത്യസ്തസ്വഭാവമുള്ള ജീനുകള്‍ മനുഷ്യജീവിക്ക് ഉണ്ടാകാമെന്നും അവയില്‍ വെറും നാല്‍പ്പത്തിയേഴെണ്ണമേ നമ്മളിലോരോരുത്തര്‍ക്കും ഉള്ളതെന്നും അവയുടെ മിക്സിംഗില്‍ നമ്മുടെ ശരീരവും മനസ്‌സും സ്വാഭാവികമായും തികച്ചും വ്യത്യസ്തമായിരിക്കും എന്നത് ഇന്ന് ശാസ്ത്രം ഒരു മാതിരി അംഗീകരിച്ച സത്യമാണ്. ഈ നാല്‍പ്പത്തിയേഴില്‍ ഇരുപത്തിമൂന്നെണ്ണം നമുക്ക് അമ്മയില്‍നിന്നും അഛനില്‍നിന്നും ലഭിക്കുന്നതാണെന്ന് എല്ലാ ശാസ്ത്രജ്ഞരും സമ്മതിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ള ഒരെണ്ണത്തിന്റെ ഉറവിടം കണ്ടുപിടിക്കാനിരിക്കുന്നതേയുള്ളു. തല്‍ക്കാലം എളുപ്പത്തിന് ദൈവം തന്നതെന്നും പറയാം. എന്തായാലും ഒന്നു തീര്‍ച്ചയാണ്. നാമെല്ലാം വ്യത്യസ്തരാണ്. 
പക്ഷെ സമ്പത്തു നേടണമെന്ന കാര്യത്തില്‍ നാമെല്ലാം ഒരേ അഭിപ്രായക്കാരാണ്. സമ്പത്തു വേണം. പരിമിതമായ നമ്മുടെ ജീവിതകാലത്ത് കഴിയുന്നത്ര സമ്പാദിക്കണം. സുഖിക്കണം. പക്ഷെ ഒരു കുഴപ്പമേയുള്ളു. നമുക്കോരോരുത്തര്‍ക്കും സമ്പത്ത് വ്യത്യസ്തമാണ്. 
അധികാരം, പണം, പ്രശസ്തി, പദവി ഇവയൊക്കെയാണ് ഈ സമ്പത്തിന്റെ രൂപങ്ങളായി പുരാണം പറയുന്നത്. 
പക്ഷെ ഇവയില്‍ സമ്പത്തിനെ ഒതുക്കുന്നത് ശരിയാകുകില്ല. 
ചില സത്യകഥകള്‍ പറയാം. എന്നിട്ട് നമുക്കു സ്വയം തീരുമാനിക്കാം. നമ്മള്‍ എത്രത്തോളം സമ്പന്നരാണെന്ന്. 
ഒരു അമ്മൂമ്മയുടെ തൊണ്ണൂറാം പിറന്നാളാഘോഷം. ചടങ്ങില്‍ പങ്കെടുക്കാന്‍ അവിടെ അവരെക്കാള്‍ പ്രായം കൂടിയ മൂന്ന് അമ്മൂമ്മമാര്‍ കൂടി ഉണ്ടായിരുന്നു. വാര്‍ദ്ധക്യസഹജമായ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമതയിലെ കുറവല്ലാതെ മറ്റൊരു അസുഖവും അവരില്‍ ആര്‍ക്കും ഉള്ളതായി കണ്ടില്ല. നാല്പതമ്പതു വയസ്‌സു പ്രായമുള്ള അനവധി പേര്‍ തങ്ങളുടെ പ്രഷര്‍, ഷുഗര്‍, ഹാര്‍ട്ട്, വ്യായാമം, ഭക്ഷണം, കലോറി, സോഡിയം, തുടങ്ങിയവയുടെ അക്കക്കണക്കുകളും 
നാട്ടിലെയും വിദേശത്തെയും ആശുപത്രികളുടെയും ഡോക്ടറന്മാരുടെയും മിടുക്കും പ്രശസ്തിയും ഫീസും താരതമ്യം ചെയ്ത് ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഈ മൂന്നു പേരും ഗൗരവമായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത് ലേറ്റസ്റ്റ് ടെലിവിഷന്‍ സീരിയലുകളിലെ കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു. അവരുടെ സംഭാഷണം ശ്രദ്ധിച്ച ഒരു ഡോക്ടര്‍ പേരമകള്‍ അത്ഭുതത്തോടെ അവരുടെ ഈ ആരോഗ്യത്തിന്റെ രഹസ്യം മോഡേണ്‍ ടെക്കി ശൈലിയില്‍ പരതി. ഭക്ഷണം, ഉറക്കം, രോഗങ്ങള്‍, മരുന്നുകള്‍, ആക്ടിവിറ്റികള്‍, പാരമ്പര്യം എല്ലാം തിരക്കി ചാര്‍ട്ടുണ്ടാക്കി. 
നാലുപേര്‍ക്കും കോമണായ നാലു സ്വഭാവവിശേഷങ്ങളുണ്ടായിരുന്നു.
ഒന്നാമത്തേത്, രുചിയുള്ള നല്ല ഭക്ഷണം ഇഷ്ടമാണ്. വയറു നിറയെ കഴിക്കും.
പണ്ടത്തെ അത്രയും കഴിക്കാന്‍ വയ്യ. എന്നാലും സാരമില്ല. തികട്ടുന്നതുവരെ സുഖമായി തട്ടും. ഏകാദശിക്ക് വ്രതമുണ്ട്. പക്ഷെ നിരാഹാരമല്ല. ഗോതമ്പും പഴവര്‍ഗ്ഗവും പാലും.        
രണ്ട്, ഫോണില്‍ സംസാരിക്കുകയാണ് പ്രധാന ഹോബി. കാഴ്ച്ച കുറവായതിനാല്‍ ലാന്‍ഡ് ലൈനാണ് പ്രിയം. പ്രിയപ്പെട്ടവരുടെ നമ്പറുകളും അവര്‍ ഫ്രീയായി ഇരിക്കുന്ന സമയവും കാണാപ്പാഠമാണ്. വീട്ടിലെ മക്കളും കൊച്ചു മക്കളുമെല്ലാം രാവിലെ ഒമ്പതിനു മുമ്പ് തന്നെ സ്‌കൂളും ആഫീസുമായി സ്ഥലം വിടും. 
മൂന്നു നാലു മണിവരെ സുഖമാണ്. ശല്യമില്ല. ഫോണ്‍ ഫ്രീ. മിക്ക ദിവസവും സംസാരം നിലയ്ക്കാതെ തുടരും. തന്റെ പ്രായക്കാരായ എല്ലാവരുടെയും വിവരം അപ്ഡേറ്റു ചെയ്യും. കമന്റുകള്‍ പരസ്പരം കൈമാറും. ചിരിക്കും. ഒരുപാട് നിര്‍ദ്ദോഷമായ പരദൂഷണം പകരും.  
മൂന്നാമത്തേത്, കഴിയുന്നത്ര നേരം എല്ലാവരും ടി വി കാണും. സ്വന്തം മുറിയില്‍ ശല്യമില്ലാതെ കാണാന്‍ ടി വി സെറ്റുണ്ട്. പ്രോഗ്രാമുകളില്‍ സീരിയലാണ് പ്രിയം. രണ്ടാമത് സിനിമയും. ഭക്തി സിനിമ തന്നെ വേണമെന്നില്ല. സ്വല്പം എക്സ് ആയാലും വിരോധമില്ല.   
നാലാമത്, ദിവസവും അമ്പലത്തില്‍ പോകും. അവിടെ സ്ഥിരം ഭക്തജന കൂട്ടുകാരുണ്ട്. അവരുമായി കാണും. സംസാരിക്കും. 
എന്നോട് ഇക്കഥ ഡോക്ടര്‍ ടെക്കി പറഞ്ഞപ്പോള്‍ ഞാന്‍ സമാധാനിപ്പിച്ചു. 
ശരീരത്തിനും മനസ്‌സിനും വേണ്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണവും നല്ല വാര്‍ത്തകളും മതി. ഒപ്പം നമ്മെ നാമായി അംഗീകരിക്കുന്ന കുടുംബവും സമൂഹവും വേണം. പക്ഷെ നീ ഇക്കാര്യം പരസ്യമാക്കേണ്ട. ഡോക്ടറന്മാരും മരുന്നു കമ്പനികളും മെഡിക്കല്‍ 
മാഫിയായും നിന്നെ വധിക്കും. 
വേറൊരു കഥ.  
അബദ് അല്‍ റഹ് മാന്‍ മൂന്നാമന്‍ തെക്കു പടഞ്ഞാറന്‍ യൂറോപ്പിലെ ഇന്നത്തെ സ്പെയിന്‍, പോര്‍ച്ചുഗല്‍, ജിബ്രാള്‍ട്ടര്‍ ഏരിയായിലെ അമീറും കര്‍ദോബായിലെ കാലിഫും ആയിരുന്നു. പത്താംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഒരു പൂര്‍ണ്ണ അധികാരിയുടെ എല്ലാ സവിശേഷതകളും സ്വാംശീകരിച്ച് ആഡംബരജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം ജീവിതത്തെക്കുറിച്ച് ഒരു അപഗ്രഥനം നടത്തിയത് രസകരമാണ്. അദ്ദേഹം പറഞ്ഞു. 
ഞാന്‍ 50 വര്‍ഷം വിജയകരമായി, സമാധാനപരമായി രാജ്യഭാരം നിര്‍വഹിച്ചു. പ്രജകള്‍ക്ക് എന്നെ ആത്മാര്‍ത്ഥമായി ഇഷ്ടമായിരുന്നു. ശത്രുക്കള്‍ക്ക് ഭയമായിരിരുന്നു. സഖ്യരാഷ്ര്ടങ്ങള്‍ക്ക് ബഹുമാനമായിരുന്നു. ധനവും, പുരസ്‌ക്കാരവും, ശക്തിയും, ആനന്ദവും എന്റെ വിളിപ്പാടിലായിരുന്നു. ഒരു മാനുഷിക സുഖവും എന്റെ കൈവിരലിന്റെ ഞൊടിക്കപ്പുറമായിരുന്നില്ല. സ്വപ്നങ്ങള്‍ക്കപ്പുറത്തെ സ്വര്‍ഗ്ഗീയ സന്തോഷം കിട്ടാനുള്ള എല്ലാ സൗകര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ കണക്കു കൂട്ടി നോക്കി. എന്റെ ഈ അമ്പതു വര്‍ഷത്തില്‍ എത്ര നാള്‍ എനിക്കു യഥാര്‍ത്ഥ്യവും കറയില്ലാത്തതുമായ സന്തോഷം കിട്ടി എന്ന്. അത്ഭുതം! അത് വെറും പതിനാലു ദിവസം മാത്രം ആയിരുന്നു. 
അബദ് അല്‍ റഹ്മാന്റെ പ്രശ്നം, അദ്ദേഹം വിചാരിച്ചതുപോലെയോ കണക്കു കൂട്ടിയതുപോലെയോ സന്തോഷം ആയിരുന്നില്ല. അത് ദു:ഖത്തിന്റേതായിരുന്നു. ദു:ഖമെന്നു പറയാന്‍ പറ്റില്ല. ഒരു സന്തോഷമില്ലായ്മ.
സൂക്ഷിച്ചു നോക്കിയാല്‍ നമ്മുടെ ഏവരുടേയും സ്ഥിതി ഇതുതന്നെയാണ്.                  
സന്തോഷമില്ലായ്മയേയും ദു:ഖത്തെയും നാം ഒന്നു പോലെ കാണുന്നു.   
കുഴപ്പം നമ്മുടെ സന്തോഷം എന്താണന്നതിനെക്കുറിച്ചുള്ള കണക്കു കൂട്ടലാണ്. നമുക്കു ലഭിച്ച പാരമ്പര്യമായ വിജ്ഞാനവും പിന്നെ നാം പഠിച്ച പുസ്തകങ്ങള്‍ കൈമാറിയ അറിവും കൂടി നമ്മുടെ സന്തോഷത്തിന് രൂപം നല്‍കിയിരിക്കുകയാണ്. നമ്മെ ആ സന്തോഷം കിട്ടാന്‍ വേണ്ടി ആര്‍ത്തിയോടെ ഈ വിജ്ഞാനം പിന്നില്‍ നിന്ന് തള്ളി വിടുകയാണ്. അതു ലഭിക്കാത്തപ്പോള്‍ നാം ദു:ഖിതരാണ്. വെളിച്ചം ദു:ഖമാണുണ്ണീ, എന്നു പോലും പാടിക്കളയും.
വേറൊരു കഥ.   
അലക്സാണ്ടര്‍ ലോകം കണ്ട ഏറ്റവും ശക്തനും ധനികനും 
ജേതാവുമായ ചക്രവര്‍ത്തിയായിരുന്നു. അദ്ദേഹം തന്റെ മരണത്തിനു ശേഷം സെമിത്തേരിയിലേക്കു നടത്തേണ്ട വിലാപയാത്രയെക്കുറിച്ച് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 
ഒന്ന്. രാജ്യത്തെ എല്ലാ വിദഗ്ദ്ധ ഡോക്ടറന്മാരും ശവമഞ്ചത്തെ അനുഗമിക്കണം.      
രണ്ട്. തന്റെ സ്വന്തം ശേഖരത്തിലെ എല്ലാ സ്വര്‍ണ്ണവും രത്നവും വില പിടിച്ച വസ്തുക്കളും ശവമഞ്ചം കൊണ്ടുപോകുന്ന പാതയില്‍ വിതറണം.  
മൂന്ന്. തന്റെ ഇരുകൈകളും ശവമഞ്ചത്തിന് പുറത്തേക്ക് എല്ലാവരും കാണത്തക്കവിധം കൈപ്പത്തി തുറന്ന് വച്ചിരിക്കണം. 
ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കി. 
ഒന്ന്. എത്ര വിദഗ്ദ്ധരായ വൈദ്യന്മാര്‍ വിചാരിച്ചാലും മരണത്തെ തോല്‍പ്പിക്കാന്‍ പറ്റില്ല. 
രണ്ട്. എത്ര ധനം നേടിയാലും അവ എനിക്ക് ഇവിടെ ഉപേക്ഷിച്ചേ പോകാന്‍ പറ്റൂ. 
മൂന്ന്. ഞാന്‍ വന്നപോലെ പോകുകയാണ്. എന്റെ കൈ തുറന്നിരിക്കുകയാണ്. കൈയില്‍ ഒന്നുമില്ല. 
അദ്ദേഹം പറഞ്ഞു. 
ജീവിതത്തില്‍ നമുക്ക് സ്വന്തമായി ലഭിക്കുന്ന ഏക സ്വത്ത് സമയമാണ്. അതിന് ക്യത്യത ഉണ്ട്. നാം എത്ര ശ്രമിച്ചാലും പ്രാര്‍ത്ഥിച്ചാലും അതിന് പരിമിതിയുണ്ട്. ആ സ്വത്ത് നാം നശിപ്പിക്കരുത്. 
അലക്സാണ്ടര്‍ മുപ്പത്തിരണ്ടാം വയസ്‌സില്‍ മരിച്ചു. പക്ഷെ ആ മുപ്പത്തി രണ്ടു കൊല്ലം കൊണ്ട് അദ്ദേഹം മൂവായിരം കൊല്ലം കൊണ്ട് സാധാരണക്കാര്‍ ചെയ്യാത്തത്ര കര്‍മ്മം ചെയ്തു. നമുക്കത്രയും പറ്റില്ല. പക്ഷെ നാം വിചാരിച്ചാല്‍ നമ്മുടെ സമയം നമുക്കു അക്കക്കണക്കില്‍ പെടാത്ത സമ്പത്തായി സന്തോഷം കൈവരിക്കാനായി ഉപയോഗിക്കാം.
എന്റെ ഒരു അനുഭവം പറയാം. 
എന്നും രാവിലെ മൂന്നു മണിക്കു ഞാനുണരും. വര്‍ക്കു ചെയ്യുന്നത് മൂന്നു മുതല്‍ ആറു വരെയാണ്. കഥ–നോവല്‍–കോളം രചന, പത്രംവായന, കത്തുകള്‍ വായന–മറുപടി, മെയില്‍ എല്ലാം ഈ സമയം ചെയ്തു തീര്‍ക്കും. കമ്പ്യൂട്ടറിലായതു കാരണം പത്തിരുപതു മണിക്കൂര്‍ മുമ്പു വേണ്ടിവന്നിരുന്ന പണി മൂന്നു മണിക്കൂറില്‍ തീരും.  നേരം പരുപരാ വെളുക്കുമ്പോള്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്ത് ഞാന്‍ ഒരോ തുള്ളി ഇളനീര്‍ക്കുഴമ്പ് കണ്ണിലൊഴിക്കും. പ്രായം എമ്പത്തിരണ്ടായി. അതു കാരണം കണ്ണിനെ കൂടുതല്‍ ദ്രോഹിക്കാന്‍ പാടില്ല. ഞാന്‍ പകല്‍സമയം വായന കഴിയുന്നതും ഒഴിവാക്കും. 
കുറച്ചുനാള്‍ മുമ്പ് ഒരു അപകടം സംഭവിച്ചു. 
ഇളനീര്‍ക്കുഴമ്പൊഴിച്ചപ്പോള്‍ കുപ്പിയുടെ അടപ്പ് നേരെ കണ്ണില്‍ കുത്തി വീണു. വേദന തോന്നി. അല്പം കഴിഞ്ഞപ്പോള്‍ കണ്ണു ചുമന്നു. സ്വല്പം നീരു വന്ന മട്ട്. ഒമ്പതു മണിയായപ്പോഴേക്ക് കുറയുന്നതിനു പകരം വേദന കൂടി. കണ്ണു ചുമന്നു. ഡോക്ടറെ കാണണം. എന്റെ സുഹ്യത്ത് നേത്രരോഗവിദഗ്ദ്ധന്‍ രാജു വൈറ്റിലയിലാണ്. രാവിലെ ഓഫീസ് സമയം. അവിടം വരെ പോകാന്‍ ഈ കൊച്ചി മെട്രോ നിര്‍മ്മാണ ബേ്‌ളാക്കില്‍ ഒരു മണിക്കൂര്‍ വേണം. തിരിച്ചു വരാന്‍ ഒരു മണിക്കൂര്‍. അവിടെ പരിശോധനയും മരുന്നൊഴിച്ച് കാത്തിരുപ്പും എല്ലാം കൂടി രണ്ടു മണിക്കൂര്‍. ആകെ നാലു മണിക്കൂറും പണച്ചിലവും ടെന്‍ഷനും.
ഞാനൊരു വിദ്യ ചെയ്തു. 
എന്റെ ഫോണെടുത്ത് നന്നായി ചുമന്നിരുന്ന കണ്ണിന്റെ സെല്‍ഫി എടുത്തു. അത് രാജുവിന്റെ ഫോണിലേക്ക് കൈമാറി. പിന്നെ സ്‌ക്കൈപ്പിലൂടെ അന്യോന്യം നോക്കി പരിശോധന നടത്തി. ആകെ ഒരു മിനിട്ടേ എടുത്തുള്ളു. 
രാജു പറഞ്ഞു. 
സാരമില്ല വര്‍മ്മാജി. നല്ല തണുത്ത വെള്ളം ഇടയ്ക്ക് ഒഴിച്ചാല്‍ മതി. പിന്നെ രണ്ടു ദിവസം കുഴമ്പ് ഒഴിക്കേണ്ട. 
എന്റെ ജീവിതത്തിന് മൂന്നു മണിക്കൂറും അമ്പത്തെട്ടു മിനിട്ടും സമയം ഞാന്‍ ലാഭിച്ചു. ഞാനതില്‍ കുറെ സമയം നല്ല പാട്ടുകാരന്‍ കൂടിയായ രാജുവിന്റെ പുതിയ പാട്ടുകളുടെ ലിംക് വാങ്ങി യു ട്യൂബിലൂടെ കേട്ടു. 
രാജുവിനും എനിക്കും അന്യോന്യം സന്തോഷം പകരാന്‍ സാധിച്ചു.  
ആധുനിക ടെക്നോളജി നാമറിയാതെ നമ്മുടെ സമയം സന്തോഷകരമായി വലുതാക്കാനുള്ള ആപ്സുമായി കാത്തിരിക്കുകയാണ്. അമ്മൂമ്മമാരുടെ സ്വന്തം ടി വി സെറ്റും ഫോണും പോലെ. നമുക്കും സമ്പന്നരാകാം. 

Post your comments